അവര്‍ കൊല്ലപ്പെട്ടതോടെ മൂസ ഒരു അപ്രിയ സത്യം മനസ്സിലാക്കി; മാവോയിസ്റ്റ് ആയതുകൊണ്ടു മാത്രം ഒരാൾ...

the-cliff-hangers-potrait
SHARE

ദ് ക്ലിഫ്ഫ്ഹാങ്ങേഴ്സ് 

സബിന്‍ ഇക്ബാല്‍ 

അലെഫ് ബുക്ക് കമ്പനി 

വില 499 രൂപ 

മൂസ എന്ന 19 വയസ്സുകാരന്‍ മാവോയിസ്റ്റ് അല്ല. മാവോയിസ്റ്റ് എന്നാല്‍ എന്താണെന്നുപോലും പ്ലസ് ടു തോറ്റ, ആ ചെറുപ്പക്കാരന് കൃത്യമായ ധാരണയില്ല. എന്നിട്ടും, തനിക്കു പരിചയമുള്ള വിവേകണ്ണന്‍ എന്ന വിവേകാനന്ദന്‍ നിലമ്പൂരിലെ കാട്ടില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്ത യറിഞ്ഞപ്പോള്‍ അവനു കരയാതിരിക്കാന്‍ ആയില്ല. 

രാവിലെ കയ്യില്‍ കിട്ടിയ ദിനപത്രത്തില്‍നിന്നാണ് അവന്‍ ആ വാര്‍ത്ത അറിഞ്ഞത്, ചിത്രം കണ്ടത്. ഏതാനും ദിവസം മുമ്പ്, പ്രായമേറിയ അമ്മയെ വീട്ടില്‍ തനിച്ചാക്കി ഇരുചക്രവാഹനത്തില്‍ ദീര്‍ഘയാത്രയ്ക്കു പുറപ്പെട്ട വിവേകണ്ണന്‍. പൊലീസ് വെടിവയ്പില്‍ ശരീരമാകെ ഛിന്നഭിന്നമായി അനാഥനായി ഒരു പട്ടിയെപ്പോലെ കാട്ടില്‍ കിടക്കുകയാണ് വിവേകണ്ണന്‍. വിവേകാനന്ദനൊപ്പം അമോലിക എന്ന യുവതിയും കൊല്ലപ്പെട്ടിട്ടുണ്ട്.

തന്റെ യാത്രകളില്‍ അനാവശ്യമായി ഇടപെടാന്‍ ശ്രമിച്ച പൊലീസ് സബ് ഇന്‍സ്പെക്ടറെ പരസ്യമായി ചോദ്യം ചെയ്യാന്‍ ധൈര്യം കാണിച്ച കൊല്‍ക്കത്തക്കാരി യുവതി. ഇരുവരും സിവില്‍ സര്‍വീസ് പരീക്ഷ വിജയിച്ചെങ്കിലും പരിശീലനം പൂര്‍ത്തിയാക്കാതെ മടങ്ങിയവരാണ്. അവര്‍ കൊല്ലപ്പെട്ടതോടെ മൂസ ഒരു അപ്രിയ സത്യം മനസ്സിലാക്കി: മാവോയിസ്റ്റ് ആയതുകൊണ്ടു മാത്രം ഒരാള്‍ കൊല്ലപ്പെടാം. 

പൊലീസിനാല്‍ വേട്ടയാടപ്പെടാം. പട്ടികളെ കൊല്ലുംപോലെ അവരെ കൊന്നുതള്ളാം. ചോദിക്കാനാളില്ല. ആരും ഉത്തരം പറയേണ്ടതില്ല. മൂസ മനസ്സിലാക്കിയ അപ്രിയ സത്യങ്ങളിലൊന്നു മാത്രമാണിത്. അനുഭവങ്ങളില്‍നിന്ന് ഉള്‍ക്കൊണ്ട വിലയേറിയ പാഠം. 

ബീഫ് കഴിച്ചതിന്റെ പേരില്‍ മാത്രം ഒരാള്‍ കൊല്ലപ്പെടാം എന്നും മൂസ മനസ്സിലാക്കുന്നുണ്ട്. റമസാന്‍ മാസത്തില്‍ ഉപവസിക്കേണ്ട സമയത്ത് ഭക്ഷണം കഴിക്കുന്നത് തെറ്റാണെന്ന് സ്വന്തം അനുഭവത്തില്‍നിന്നാണ് ആ ചെറുപ്പക്കാരന്‍ മനസ്സിലാകുന്നത്. മുന്നറിയിപ്പു ലംഘിച്ച് ഭക്ഷണം കഴിച്ചാല്‍ ആ വ്യക്തിയെയും കുടുംബത്തെയും ഒറ്റപ്പെടുത്തുമെന്നും. 

വെളുത്ത നിറക്കാരനാണെങ്കില്‍, അതിന്റെ പേരില്‍ മാത്രം ഒരാള്‍ കൊല്ലപ്പെട്ടേക്കാം. അത്തരം ഒന്നിലധികം സംഭവങ്ങള്‍ക്ക് അയാള്‍ സാക്ഷിയാകുന്നു. ഇസ്‌ലാം മതത്തില്‍ ജനിച്ചതുകൊണ്ടുമാത്രം ഒരാള്‍ ഭീകര വാദിയായി ചിത്രീകരിക്കപ്പെട്ടേക്കാം; ഹിന്ദുവാണെങ്കില്‍ മതമൗലിക വാദിയായി മുദ്രകുത്തപ്പെടാമെന്നും. മൂസ ഈ പാഠങ്ങളൊക്കെ പഠിക്കുന്നത് ക്ലാസ്മുറിയില്‍ നിന്നല്ല. 

ആരെങ്കിലും പറഞ്ഞുകൊടുക്കുന്നതല്ല. വായിച്ചോ കേട്ടോ അറിയുന്നതല്ല. അനുഭവങ്ങളില്‍നിന്ന്. ചിരിപ്പിക്കുകയും കരയിക്കുകയും ചെയ്യുന്ന അനുഭവങ്ങളില്‍നിന്ന്. ആ അനുഭവങ്ങളുടെ പൊള്ളിക്കുന്ന കഥയാണ് ക്ലിഫ്ഫ്ഹാങ്ങേഴ്സ്. സബീന്‍ ഇക്ബാലിന്റെ ആദ്യ ഇംഗ്ലിഷ് നോവല്‍. പ്രസിദ്ധീകരിച്ച് ഏതാനും മാസങ്ങള്‍ക്കകം തന്നെ വിപുലമായി ചര്‍ച്ച ചെയ്യപ്പെടുകയാണ് നോവല്‍. 

വ്യാപകമായി വായിക്കപ്പെടുന്നുമുണ്ട്. നാം ജീവിക്കുന്ന കാലത്തിന്റെ രാഷ്ട്രീയമാണ് ക്ലിഫ്ഫ്ഹാങ്ങേഴ്സിന്റെ കരുത്ത്. മതങ്ങള്‍ സമൂഹത്തില്‍ വിതയ്ക്കുന്ന ശാന്തിയും അശാന്തിയുമാണ് പ്രമേയം. വര്‍ത്തമാനകാല ത്തിന്റെ അന്തസ്സില്ലാത്ത രാഷ്ട്രീയത്തെ മറനീക്കി കാണിക്കുന്നതാണ് സവിശേഷത. കഥയുടെ ഒഴുക്കിനു കോട്ടം തട്ടാതെ സാമൂഹിക പ്രശ്നങ്ങളെ ഉള്‍ക്കൊള്ളിക്കാന്‍ നോവലിനു കഴിഞ്ഞിട്ടുണ്ട്. നിശിതമായി വിമര്‍ശിച്ചും പരിഹസിച്ചും മുന്നേറുന്ന ആത്മവിചാരണ ഈ വര്‍ഷത്തെ മികച്ച പുസ്തകങ്ങളിലൊന്നാക്കി നോവലിനെ ഉയര്‍ത്തുന്നുമുണ്ട്. 

വര്‍ക്കലയാണ് നോവലിന്റെ പശ്ചാത്തലം. വര്‍ക്കലയ്ക്കു സമീപമുള്ള ‘കടലൂര്‍’ എന്ന കടലോരഗ്രാമം. കുത്തനെയുള്ള മലഞ്ചെരിവുകളാണ് വര്‍ക്കല കടലോരത്തിന്റെ പ്രത്യേകത; കേരളത്തിലെ മറ്റു കടല്‍ത്തീരങ്ങളില്‍നിന്നു വര്‍ക്കലയെ വ്യത്യസ്തമാക്കുന്നതും. ഈ കടലോര ഗ്രാമത്തിലെ നാലു ചെറുപ്പക്കാരാണ് നോവലിലെ പ്രധാന കഥാപാത്രങ്ങള്‍. 

മൂസ, ഉസ്മാന്‍, താഹ, ജഹാംഗിര്‍  എന്നിവര്‍. പഠിക്കാന്‍ മിടുക്കരല്ലാത്ത ഇവര്‍ സീസണുകളില്‍ തീരത്തെത്തുന്ന വിദേശികളുടെ സഹായികളായാണ് ജീവിക്കുന്നത്. ക്ലാസ്സ് മുറികളില്‍നിന്നു പഠിക്കാനാവാത്ത ഇംഗ്ലിഷ് വിദേശികളുമായുള്ള സഹവാസത്തിലൂടെ മനസ്സിലാക്കി, അവരില്‍ ആരുടെയെങ്കിലും കാരുണ്യത്തില്‍ കടല്‍ കടക്കാമെന്നു പ്രതീക്ഷിക്കുന്ന നാല്‍വര്‍ സംഘം ക്ലിഫ്ഫ്ഹാങ്ങേഴ്സ് എന്നറിയപ്പെടുന്നു. ഇവരിലൂടെ കടലൂരിന്റെ കഥ പറയുകയാണ് സബിന്‍.

ഗ്രാമത്തില്‍ ഹിന്ദുക്കളും മുസ്‍ലിംകളുമുണ്ട്. സാധാരണ വിശ്വാസികളും മതമൗലിക വാദികളുമുണ്ട്. മുസ്‍ലിം പ്രഭാഷകരുണ്ട്. തീവ്രഹിന്ദുസംഘടനയുടെ പ്രവര്‍ത്തനങ്ങളുണ്ട്. ഇവര്‍ക്കിടയിലാണ് മൂസയുടെയും കൂട്ടരുടെയും ജീവിതം. ഈ നാലു ചെറുപ്പക്കാരുടെയും വര്‍ക്കലയുടെയും കഥയിലൂടെ ഇന്നത്തെ നാടിന്റെ കഥയാണ് പറയുന്നത്. സമാധാനം ഏതു നിമിഷവും നഷ്ടപ്പെട്ടേക്കാവുന്ന ഇന്ത്യൻ ഗ്രാമങ്ങളുടെ കഥ. 

നിസ്സാര പ്രശ്നങ്ങള്‍ വര്‍ഗീയ സംഘര്‍ഷത്തിനു തിരികൊളുത്താവുന്ന അവസ്ഥ. ക്രിമിനല്‍ കേസുകളില്‍ നിരപരാധികളെ കുടുക്കുന്ന പൊലീസ് ക്രൂരതയുടെ അണിയറക്കഥകള്‍. ഏതു പ്രശ്നത്തിലും മുതലെടുപ്പ് നടത്തുന്ന രാഷ്ട്രീയക്കാരുടെ മനസ്സാക്ഷിയില്ലായ്മയുടെ പുതിയ ഉദാഹരണങ്ങള്‍. സ്നേഹത്തിനും കാരുണ്യത്തിനും അതിര്‍ത്തികളില്ലെന്നു തെളിയിക്കുന്ന ജൊനാഥന്‍ എന്ന ചിത്രകാരനെപ്പോലുള്ള വിദേശികളുടെ ഹൃദയവിശാലതയുടെ ആര്‍ദ്രമായ അനുഭവങ്ങള്‍. 

ഒരു പുതുവത്സര രാത്രിയില്‍ സൂസന്‍ എന്ന വിദേശ യുവതി ബലാല്‍സംഗം ചെയ്യപ്പെടുന്നു. അവര്‍ നല്‍കിയ അവ്യക്തമായ വിവരങ്ങളുടെ ചുവടുപിടിച്ച് പ്രതിയെ കണ്ടുപിടിക്കാന്‍ ശ്രമിക്കുന്ന പൊലീസ് സ്വാഭാവികമായും നാല്‍വര്‍ സംഘത്തെ സംശയിക്കുന്നു. മുന്‍പ് അക്രമങ്ങളും അടിപിടിയും ഉണ്ടാക്കിയിട്ടുള്ളവരാണ് നാലുപേരും. ജയിലില്‍ കിടന്നിട്ടുമുണ്ട്. വിദേശികള്‍ക്കൊപ്പമാണ് അവരുടെ യാത്രകള്‍. നാലുപേരില്‍ ഒരാള്‍. അല്ലെങ്കില്‍ അവര്‍ക്കറിയാവുന്ന മറ്റൊരാള്‍ എന്ന നിഗമനത്തിലേക്ക് പൊലീസ് എത്തുന്നതോടെ നിരപരാധിത്വം തെളിയിക്കേണ്ട അധിക ബാധ്യതയും മൂസയുടെയും സംഘത്തിന്റെയും ഉത്തരവാദിത്തമാകുന്നു. 

സംശയമുന നീളുന്നതോടെ അവര്‍ നാലുപേര്‍ നിരന്തരമായി പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കപ്പെടുന്നു. പൊലീസിനെ സമ്മര്‍ദത്തിലാക്കി രാഷ്ട്രീയക്കാരും സര്‍ക്കാരും. നടപടി ഉറപ്പായിരിക്കെ, മൂസയും സംഘവും അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെ മുഖാമുഖം കാണുകയാണ്. നിലനില്‍പിനുള്ള പോരാട്ടത്തിലാണവര്‍.

കടലാണ് കടലൂരിന്റെ ജീവിതത്തിന്റെ താളം നിശ്ചയിക്കുന്നത്. കടല്‍ കാണാതെ ഒരു ദിവസം പോലും ജീവിക്കാനാവത്തവരാണ് കടലൂരുകാര്‍. ഭാഗ്യവും നിര്‍ഭാഗ്യവും അവര്‍ക്കു സമ്മാനിക്കുന്നതും കടല്‍ തന്നെ. കടല്‍ത്തീരത്തെ കാല്‍ പുതഞ്ഞുപോകുന്ന മണലില്‍നിന്ന് ജീവിതം കരുപ്പിടിപ്പിക്കാന്‍ ശ്രമിക്കുന്ന നാലു ചെറുപ്പക്കാര്‍ ഏറ്റുമുട്ടേണ്ടിവരുന്നത് സ്വന്തം കുടുംബത്തോടും സമൂഹത്തോടും മാത്രമല്ല രാജ്യം കടന്നുപോകുന്ന പ്രതിസന്ധികളോടുമാണ്. 

ഇന്ത്യയുടെ തെക്കേയറ്റത്തുള്ള സംസ്ഥാനത്തെ ചെറിയൊരു ഗ്രാമം, രാജ്യം നേരിടുന്ന പ്രതിസന്ധികളുടെ പ്രതീകം തന്നെയാകുന്നു. സബീന്റെ ആദ്യത്തെ നോവല്‍ തന്നെ വലിയൊരു വിജയമായി മാറുന്നതും ഇതുകൊണ്ടുതന്നെ. എഴുത്തിന്റെ മാന്ത്രികതയിലൂടെയാണ് ഏറ്റവും പ്രാദേശികമായ പ്രശ്നങ്ങളെ രാജ്യാന്തര തലത്തിലേക്ക് സബിന്‍ ഉയര്‍ത്തുന്നത്. 200 താഴെ പേജുകള്‍ മാത്രമുള്ള നോവല്‍ സമകാലിക ഭാരതത്തിന്റെ ഇതിഹാസം തന്നെയാകുന്നു. 

നാലു മുസ്‍ലിം ചെറുപ്പക്കാരെ കേന്ദ്രീകരിച്ചാണ് കഥ പറയുന്നതെങ്കിലും മതരപരമായ പക്ഷപാതിത്വം ഒരു വാക്കില്‍ പോലും കണ്ടുപിടിക്കാനാവാത്ത സൂക്ഷ്മതയും നോവലിസ്റ്റിനെ വ്യത്യസ്തനാക്കുന്നു. എല്ലാത്തരം ഭീകരതയ്ക്കും എതിരാണ് ക്ലിഫ്ഫ് ഹാങ്ങേഴ്സ്. മതമൗലിക വാദങ്ങള്‍ക്കെതിരെ മനുഷ്യന്റെ പക്ഷത്താണ് സബിന്‍. മനുഷ്യന്‍ തീര്‍ക്കുന്ന വേലിക്കെട്ടുകളെ അതിജീവിക്കുന്ന കാരുണ്യത്തിനൊപ്പം. സമഭാവനയ്ക്കൊപ്പം. സ്നേഹത്തിനും വിശ്വാസ്യതയ്ക്കുമൊപ്പം. രാഷ്ട്രീയവും മതവും ഇഴചേര്‍ന്നു കിടക്കുകയാണെങ്കിലും ഒറ്റയിരുപ്പില്‍ വായിച്ചുപോകാവുന്നത്ര ലാളിത്യത്തോടെയാണ് സബിന്‍ കഥ പറയുന്നത്. അതാകട്ടെ ഇരുത്തിച്ചിന്തിപ്പിക്കുന്നതും. 

കടലൂരിലെ കടലിനു മുകളിലേക്ക് ഇപ്പോഴും സൂര്യന്‍ ഉദിച്ചുയരുന്നുണ്ട്. സൂര്യരശ്മികള്‍ കടല്‍വെള്ളത്തിനു മുകളില്‍ മുത്തുകള്‍ പോലെ വെട്ടിത്തിളങ്ങുന്നുണ്ട്. വൈകുന്നേരങ്ങളില്‍ കടലിനു ചുവന്ന പൊട്ടു ചാര്‍ത്തി സൂര്യന്‍ ചക്രവാളത്തില്‍ മറയുന്നു. അപ്പോള്‍ ആകാശത്തു പരക്കുന്ന ചുവപ്പില്‍ ചോരയുണ്ട്; കണ്ണീരും. മതമില്ലാത്ത, രാഷ്ട്രീയ പക്ഷപാതിത്വമില്ലാത്ത, പാവം മനുഷ്യന്റെ നിസ്സഹായമായ കണ്ണുനീര്‍. നിരാധാരമായ സങ്കടങ്ങള്‍. നിഷ്കളങ്കമായ സന്തോഷങ്ങള്‍. ക്ലിഫ്ഫ്ഹാങ്ങര്‍ പ്രതിഫലിപ്പിക്കുന്നത് കടലൂരിന്റെ കടലാണ്; ആകാശവും. 

English Summary : The Cliffhangers Novel By Sabin Iqbal

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
FROM ONMANORAMA
;