എന്തിനായിരുന്നു യാത്രകൾ അത്രയും ?; ധ്യാനോന്മാദത്തിന്റെ ഏക്താരകൾ

ekthara.qxp
SHARE

ഏക്താരയുടെ ഉന്മാദം 

ഷൗക്കത്ത്

മാതൃഭൂമി ബുക്സ്

270 രൂപ

പുസ്തകങ്ങൾ വായിക്കാനുള്ളതാണോ? അപൂർവമായെങ്കിലും അനുഭവിക്കാൻ ഉള്ള പുസ്തകങ്ങൾ പിറവിയെടുക്കാറുണ്ട്. പലവുരു മറിഞ്ഞു തീരുമ്പോഴും വായിച്ചു തീരാതെ  അതിലെ താളുകൾ പിന്നെയും പറഞ്ഞുകൊണ്ടിരിക്കും. അവസാനതാളും വായിച്ചു മടക്കുമ്പോഴും വാക്കുകൾക്ക് അപ്പുറം അനുഭവങ്ങളിലേക്ക് പടർന്നു പൊയ്‌ക്കൊണ്ടിരിക്കും. 

ഷൗക്കത്തിന്റെ ആദ്യത്തെ നോവൽ ആയ ഏക്‌താരയുടെ ഉന്മാദം ഒരു തവണ വായിച്ചു മടക്കി വെക്കാനുള്ളതല്ല. സാധാരണ ഒരു നോവൽ വായിച്ചു തീരുമ്പോൾ മറ്റൊരാളോട് പറയാൻ ഒരു കഥ ഉണ്ടാവും. പിന്നെ, എന്നിട്ട്, അങ്ങനെ ഓരോ ചോദ്യങ്ങളിലും തുടരാനായി സംഭവങ്ങളുടെ ഒരു ശൃംഖലയെ വായന നമുക്കായി തന്നിരിക്കും. നമ്മുടെ തോന്നലുകളെ ഇഷ്ടങ്ങളെ ചേർത്തുവെക്കുമ്പോൾ ഇതായിരുന്നു ആ പുസ്തകം എന്നിൽ ചെയ്തതെന്ന് പറഞ്ഞുവെക്കാനാകും. പക്ഷേ എന്തായിരുന്നു ആ വായനയെന്നതിന്‌ വായിക്കൂ എന്ന് പുസ്തകമെടുത്ത് കൊടുത്ത് മാത്രം ഉത്തരം നൽകാവുന്ന ഗണത്തിലാണ് ഈ പുസ്തകം ഉൾപ്പെടുന്നത്. 

യാത്രവിവരണമാണോ ലേഖനമാണോ എന്നൊന്നും തീർച്ചപ്പെടുത്താൻ ആവില്ലെങ്കിലും  അംഗദിന്റെയും ശ്രേയയുടെയും ഡൽഹി മുതൽ ഹിമാലയത്തിലേക്കും തിരിച്ചുമുള്ള യാത്രയെ നോവലായി അവതരിപ്പിച്ചതാണെന്നു എഴുത്തുകാരൻ തന്നെ പറയുന്നു. പക്ഷേ അതിൽ വരുന്ന കഥാപാത്രങ്ങളും സംഭവങ്ങളും  യാഥാർത്ഥ്യത്തിന്റെയും സ്വപ്നത്തിന്റെയും അതിർവരമ്പുകളിൽ എവിടെയോ ആണ് . 

അവർ കഥ പറയുകയാണ്. ചിലപ്പോഴൊക്കെ സഹയാത്രികർ പോലും ഭാഗമാവുകയും ചെയ്യുന്നു.. നിഷേധിയുടെ ശരീരഭാഷയുമായി നക്ഷത്രത്തിളക്കമുള്ള കണ്ണുകളുമായി  കൂട്ടുകാരനുമൊത്ത് ഒരിക്കൽ അംഗദ് കണ്ടുമുട്ടുന്ന ശ്രേയ, പിന്നൊരിക്കൽ അംഗദിനെ തേടി എത്തുന്നത് ഒരു ആവശ്യവുമായാണ്. “എനിക്കറിയണം, കടന്നുവന്ന വഴികൾ. കണ്ടുമുട്ടിയ മനുഷ്യർ, നിന്നിലുള്ളതും നിന്നെയും അറിയണം”.  എന്നാൽ ശ്രേയയിൽ നിന്നും അംഗദിലേക്ക് അറിവിന്റെ ഒരു ഒഴുക്കുണ്ട്; കടലിൽ നിന്നും പുഴയിലേക്കെന്ന പോൽ. പാതി തെളിഞ്ഞും പാതി മറഞ്ഞും തുടരുന്ന ഈ തിരിച്ചൊഴുക്കിൽ ആണ് ശ്രേയയുടെ  നിഷേധിയുടെ മുഖം കരുണാർദ്രമായ ഒരു നിറവാകുന്നത്.  

നായാടികൾ - ഭീകരമനുഷ്യനും സ്നേഹമുള്ള അമ്മയും-  കൊണ്ടുപോയ ഒരു രാത്രിയുടെ കഥയുണ്ട് അംഗദിന്റെ ധ്യാനാത്മകമൗനത്തിനു പിന്നിൽ.  രാത്രിയിൽ ആ അമ്മയുടെ മാറോട് ഒട്ടിക്കിടന്ന് ഉറങ്ങിയ നാലുവയസ്സുകാരൻ അംഗദ് അവിടെ നിന്നെഴുന്നേറ്റ് ആൽമരത്തിന്റെ വേരിൽ കയറി ഇരിക്കുന്നു. അന്നേരം അനുഭവിച്ച ശാന്തമായ നിർവൃതിയാണ് പിന്നീടുള്ള യാത്രയിൽ മുഴുവൻ  കുളിരാർന്നൊരഗ്നിയായ് ഉള്ളിലെരിയുന്നതെന്നാണ് അംഗദ് കഥ തുടങ്ങുന്നത്. 

വ്യവസ്ഥകളോട് സന്ധിചെയ്യാനാവാതെ സൂഫികളിലേക്കും അവധൂതന്മാരിലെക്കും യോഗികളിലേക്കും ബാബമാരിലേക്കും നീളുന്ന യാത്രയിൽ കൂട്ടാവുന്നത് സഹജാവബോധമാണെന്ന് അംഗദിന്റെ ഭാഷ്യം. അതിനു പുറകിൽ മനുഷ്യൻ സൃഷ്ടിച്ച  ശരിതെറ്റുകൾക്ക് അപ്പുറത്തെ സ്നേഹത്തെ അറിയാനുള്ള ശ്രമം കൂടിയുണ്ട്. മനുഷ്യക്കൂട്ടങ്ങളിൽ നിന്ന് അകന്ന് പാർക്കാൻ കൊതിക്കുന്നവർക്കും അതിൻ്റേതായ ഉത്തരമുണ്ട്; മനുഷ്യൻ മാത്രമല്ലല്ലോ പ്രപഞ്ചം.അതുകൊണ്ടാവാം കാടും കാറ്റും ഉള്ളിൽ കരുതാൻ ഉപ്പാപ്പ വഴികാട്ടുന്നത്. .

ശാന്തസുന്ദരമായ ജീവിതമെങ്കിലും അത്രയും ഇഷ്ടമായൊരു ആധിയും നീറ്റലും ശ്രേയക്ക് കൂട്ടായുണ്ടായിരുന്നു. കുഞ്ഞുശ്രേയക്ക് അനുഗ്രഹീതമായ ധന്യതയുടെ ഊർജ്ജവുമായെത്തുന്നത് അമ്മാവനാണ്. സ്വയം ആഴത്തിലറിയണമെന്ന മോഹമുണ്ടായാൽ ആരോടും ചോദിക്കാതെ ഉള്ളിലുണരുന്ന വഴിയിലൂടേ യാത്രചെയ്താൽ മാത്രം മതി എന്ന ദിശാസൂചകമാണ് പിന്നീടുള്ള യാത്രകളുടെയെല്ലാം അന്തർധാരയാവുന്നത്. അമ്മാവൻ പറഞ്ഞ ആളുടെ അടുത്തെത്തുന്നത് അരക്ഷിതമായ സമൂഹത്തിനൊപ്പമാണൊ വെളിച്ചം തേടുന്ന ഹൃദയത്തിനൊപ്പമാണൊ നിൽക്കേണ്ടതെന്ന സംശയത്തിലാണ്. എന്നാൽ രണ്ടിനെയും ചേർത്തുപിടിക്കാനൊരു വഴിയാണ് ശ്രേയയെന്ന കൗമാരക്കാരി തേടുന്നത്,

ശ്രേയ ടിബറ്റിലെ ബുദ്ധിസ്റ്റ് മോണസ്ട്രിയിൽ കഴിഞ്ഞ കുറച്ചു ദിനങ്ങളെ ധ്യാനത്തേക്കാൾ പ്രണയത്തിന്റെ കണക്കിൽ പെടുത്താൻ തോന്നുകയാണ്. ഒരു വിരൽ തൊട്ടുണർത്തുന്ന പ്രണയവും നിനക്കെന്നെ പ്രാപിക്കണമെങ്കിൽ ഈ വിജനതയിൽ ഏത് മരച്ചോട്ടിലും ഞാനതിനു തയ്യാറാണെന്ന ശ്രേയയുടെ സമ്മതവും ഒരു വേള വായനയെ പിടിച്ചു നിർത്തുന്നു. ധ്യാനമനുഭവിച്ച ബോധപ്രിയനോട് നിനക്ക് മടുക്കും എന്ന് പറയുമ്പോഴും പരസ്പരം ഉണർത്തുന്ന പ്രണയത്തെ തള്ളിക്കളയുന്നില്ല. ആരാണ് ഗുരു,  ആരിൽ നിന്നും ആരിലേക്കാണ് ഒഴുക്കെന്ന് അടയാളപ്പെടുത്തുന്ന അനേകം ഇടങ്ങളിൽ ഒന്നാണിത്. ആത്മാവിനെ കുറിച്ച് അന്വേഷിക്കുന്ന ചെറുപ്പക്കാരനോടും ഗുരു തിരിച്ച് ചോദിക്കുന്നത് പ്രേമിച്ചിട്ടുണ്ടൊ എന്നാണ്. 

ഹംസം എന്ന കഥാപാത്രം കൂടെ താമസിച്ചിരുന്ന രാധയെക്കുറിച്ച് പറയുന്നത് അവളുടെ രാഗവുമായ് പാരസ്പര്യത്തിലായപ്പോൾ തനിയെ കഴിയാൻ തോന്നി എന്നാണ്. ബന്ധങ്ങൾ തങ്ങി നിൽക്കാതെ ഒഴുകി നീങ്ങാനുള്ളതാണെന്ന് പറയുമ്പോൾ അംഗദ് അവിടെ എത്തുന്നത് തന്നെ കാണാൻ അല്ല രാധയെ കാണാനാണെന്ന് കൂട്ടി ചേർക്കുകയാണ്. പിരിഞ്ഞു പോവുന്നവരിൽ വീണ്ടും കണ്ടുമുട്ടുമെന്ന് പറഞ്ഞു പിരിയുന്നവരാണ്  അംഗദും രാധയും. അനന്തനിൽ നിന്ന് അറിവും ധ്യാനവും തേടിയെത്തുന്ന സോനയും അവരുടെ കഥയും   ഇതിനു സമാന്തരമായി തോന്നാം, അംഗദിൽ നിന്നും ശ്രേയയിലേക്കുള്ള തിരിച്ചൊഴുക്കു പോലെ ഗുരു പകർന്നു തരാതെ ബാക്കിവെച്ച വെളിച്ചങ്ങളാണ് സോന തനിക്ക് തന്നതെന്ന് വഴിപിരിയും മുമ്പ് അനന്തൻ തിരിച്ചറിയുന്നു. പക്ഷേ ഇനി നമ്മൾ കാണുമോ എന്നുറപ്പില്ലായ്മയിലും പിരിയില്ല എന്ന വിശ്വാസം കൂടിയുണ്ട്. 

കണ്ടുമുട്ടുന്ന  ഗുരുക്കന്മാരെല്ലാം ഇനിയൊരിക്കലും കാണില്ലെന്ന് വഴി പിരിഞ്ഞു പോവുന്നവരോ അല്ലെങ്കിൽ മറ്റൊന്നിലെക്ക് വഴികാട്ടിയാവുന്നവരോ ആകുന്നു.അവർ പറഞ്ഞു നിർത്തുന്നത് ഒഴുകികൊണ്ടെയിരിക്കൂ എന്ന  നിർദ്ദേശത്തിലാണ്. പക്ഷേ ആട്ടിയോടിക്കലുകളോളം എത്തുന്ന ആ പറഞ്ഞുവിടലുകൾ  സ്നേഹത്തിലാണോ ദേഷ്യത്തിലാണോ എന്ന് പലപ്പോഴും തീർച്ചപ്പെടുത്താൻ ആവാതെ പോവുന്നുണ്ട്. ശ്രേയയുടെ അമ്മാവനോട് യോഗി പറയുന്നതും ഇനി നാം കാണാൻ ഇടവരാതിരിക്കട്ടെ എന്നാണ്.

അറിഞ്ഞതിൽ നിന്നും മോചിതരാവാൻ പറഞ്ഞ ജിദ്ദു, സത്യത്തിന്റെ വഴിയിൽ ഒഴുകിയ മൻസൂർ ഹല്ലാജ്, ഹൃദയം പറയുന്നത് മാത്രം കേൾക്കാൻ ചൊല്ലിയ സെന്റ് ഫ്രാൻസിസ്, ജീവിതത്തിന്റെ സാധാരണത്വത്തിൽ സൗന്ദര്യം കാണാൻ പഠിപ്പിച്ച ലാവോത്സു, ബുദ്ധൻ, കൃഷ്ണമീര അങ്ങിനെ  സ്വപ്നതുല്ല്യമായ ചിന്തകളാൽ സ്വന്തം വഴികൾ പങ്കിടാൻ എത്തുന്ന കഥാപാത്രങ്ങൾ ഏറെയുണ്ട്.  പരസ്പരപൂരകങ്ങൾ ആയി തോന്നുന്ന അംഗദും ശ്രേയയും യോജിക്കാതെ പോവുന്ന ഒരേ ഒരിടം ആയി തോന്നിയത് ഓഷൊയുടെ ദർശനങ്ങൾ പറയുന്നിടത്ത് മാത്രമാണ്. അപ്പുറത്തിരിക്കുന്നവരുടെ വേദനയെ അറിയാൻ ശ്രമിക്കാത്ത അവരിലേക്ക് കാരുണ്യമായി നീളാത്ത ഒരാനന്ദവും ശ്രേയയെ ആകർഷിക്കുന്നില്ല.

ഒരു ജന്മത്തിൽ രണ്ടു ജീവിതം ജീവിക്കുന്ന രണ്ടു പേരെ അംഗദ് കണ്ടുമുട്ടുന്നുണ്ട്; ഉപ്പാപ്പയും അജ്ജയും, മരണത്തോളം ചെന്നുള്ള തിരിച്ചു വരവിൽ ഭൗതിക ജീവിതത്തിൻ്റെ സകലപ്രമാണങ്ങളും വിട്ട് മറ്റൊരു തലത്തിലേക്ക് മാറുകയാണവർ.  ഗുരുവിൻ്റെ ശിഷ്യനാണല്ലെ എന്ന് ചോദിക്കുന്ന അജ്ജയോട് അംഗദ് പറയുന്ന ഉത്തരം അങ്ങനെ ഒരു മനുഷ്യൻ്റെ ശിഷ്യനല്ലെന്നാണ്. ദേഷ്യപ്പെട്ട് പോവുന്ന അജ്ജയുടെ

 “ഗുരു മനുഷ്യനാണോ?” എന്ന മറുചോദ്യത്തിൽ അംഗദ് സാഷ്ടാംഗ പ്രണാമം ചെയ്യുന്നു. ഞാൻ നിക്ക് ആരാണാവേണ്ടതെന്ന് ഒരിക്കൽ അംഗദിനോട് ഗുരു ചോദിക്കുന്നുണ്ട്.സുഹൃത്തോ പിതാവോ സംരക്ഷകനോ അതോ ഗുരുവോ എന്നതാണ് ചോദ്യം. ഞാനൊരു സാധാരണമനുഷ്യനാണ്, ആരുടെയും ഗുരുവല്ല എന്നമട്ടിൽ പറയുന്ന ആളിൽ നിന്നും അങ്ങിനെ ഒരു ചോദ്യം കിട്ടുമ്പോൾ ഗുരുവായാൽ മതി എന്നായിരുന്നു ഒരു സംശയവുമില്ലാത്ത അംഗദിന്റെ  മറുപടി. അടഞ്ഞ വാതിലുകൾ തുറന്നു കൊടുത്ത് നീലാകാശങ്ങൾ കാട്ടിക്കൊടുത്ത ദർശനങ്ങളായിരുന്നു അംഗദിനു ഗുരു പകർന്നു കൊടുത്തത്.

തൊട്ടടുത്തിരിക്കുന്ന ആളുടെ കൈ തന്നിലേക്ക് മലർന്നു വന്ന് അതിലേക്ക് കൈ കോർത്ത് പരസ്പരം പങ്കിട്ടൊഴുകുന്ന ഊർജ്ജധാര ഒരു ധ്യാനമായി മാറുന്ന അനുഭവം പങ്കുവെക്കുന്നുണ്ടിതിൽ.. സ്പർശനത്തിലൂടെ നോട്ടത്തിലൂടെ ധ്യാനത്തിൻ്റെ തലങ്ങൾ അനുഭവിപ്പിക്കുന്നവരാണ് ഇതിൽ കഥാപാത്രങ്ങൾ ആയെത്തുന്ന യോഗികളും ബാബമാരും. 

ശരീരത്തിന്റെ ആസക്തികൾക്ക് അപ്പുറത്തേക്ക് സ്പർശത്തെ അനുഭവിപ്പിക്കുന്നവർ മനസ്സിന്റെ അടഞ്ഞ വാതിലുകൾ തുറന്ന് വെളിച്ചം പകരുന്ന ഒന്നിലധികം അവസരങ്ങളിലൂടെ ശ്രേയയും അംഗദും കടന്നു പോവുന്നുണ്ട്. അതിൽ ലൈംഗികതക്കപ്പുറം ആത്മീയ തലത്തിലേക്ക് ഉയരുന്ന സ്ത്രീപുരുഷബന്ധങ്ങൾ സാധാരണ മനുഷ്യന്റെ വായനക്ക് അപ്പുറമാണെന്ന് തോന്നുന്നു. ഞാനോ അവളോ പ്രാണനോ ഗതിയോ ഒന്നുമില്ല. എങ്ങും പരിലസിക്കുന്ന മൗനം മാത്രം വെളിച്ചം മാത്രം എന്ന നിലയിൽ അംഗദിനെഎത്തിക്കുന്നത് നഗരത്തിലെ മൈതാനത്ത് കണ്ട്മുട്ടുന്ന ഒരു സ്ത്രീയാണ്. എന്നാൽ ഇനിയൊരിക്കലും കാണില്ലെന്ന ഉറപ്പിൽ നീ നിന്റെ മൗനത്തെ കാത്തുസൂക്ഷിക്കുക എന്ന്  യാത്രതുടരുകയുമാണ്. ഏക്താരയുടെ ഉന്മാദത്തിൽ, ഏക്താരമീട്ടുന്ന രണ്ടു പേരുണ്ട്. ഒരു രാഗം മാത്രം മീട്ടുന്ന ഹംസവും പട്ടടക്കലിലെ ഡോമിൽ കണ്ടുമുട്ടുന്ന നാദോപാസകനും. ധ്യാനത്തിന്റെ വഴികൾ തേടുന്നവരുടെ ലോകങ്ങൾ എത്ര വ്യത്യസ്തമാണല്ലേ!

തള്ളിപ്പറഞ്ഞിരുന്നതിനെ കൊള്ളാൻ മടി കാണിക്കാത്ത   സമീർ; ഗംഗാമയി ഇങ്ങോട്ട് ഒഴുകി വരുമ്പോൾ എന്തിനാണ് അങ്ങോട്ട് പോവുന്നതെന്ന് ചോദിക്കുന്ന, ഒരിക്കലും ഗംഗോത്രിയിലൊ ഗോമുഖിലൊ പോവാതെ നൂറ്കിലോമീറ്റർ ഇപ്പുറം താമസിക്കുന്ന ഹരീഷ് ഭായ്; ഉത്തരവാദിത്വങ്ങൾ ഇല്ലായിരുന്നെങ്കിൽ യാത്രകൾ ആസ്വദിക്കാൻ ആവുമായിരുന്നില്ല എന്ന് സത്യസന്ധമായി പറയുന്ന മാധവൻ; ജലസമാധിയിലേക്ക് നടന്നുപോയ റഡാർമെക്കാനിക് ദിവാകരൻ;  അതിന്റെ തുടർച്ചയെന്നോണം ആശ്രമത്തിൽ ചേരുന്ന ജോൺസൺ; വഴിയേ എത്തുന്ന ഓരോരുത്തരും കഥയുടെ ഭാഗമെന്നതിലുപരി സ്വയം ഒരു കഥപേറുന്നവരാണ്.

ബുദ്ധിപൂർവ്വം ജീവിക്കുക എന്ന് മാത്രം കേൾക്കുന്നിടത്താണ് ഹൃദയമാണ് വഴി എന്ന കണ്ടെത്തൽ ഈ നോവൽ പങ്കുവെക്കുന്നത്. അറിവിനെ മാനിക്കണമെങ്കിലും ഭരിക്കാൻ അനുവദിക്കരുതെന്ന് പറയുമ്പോൾ ഇത് വരെ കേട്ടതെല്ലാം തള്ളണോ കൊള്ളണോ എന്ന സംശയം ഉണർന്നെന്ന് വരാം.കഥകളൊന്നും വെറും കഥകളല്ലെന്നും ശ്രേയയുടെ അനുഭവങ്ങൾ തൻ്റേതു കൂടിയാണെന്നും അവ തന്നെയും മാറ്റുന്നുണ്ടെന്നും പകർന്നെടുക്കുന്ന അംഗദിനെ പോലെയാവുന്നു വായനക്കൊടുവിൽ നമ്മളും.  ടിക്കറ്റെടുത്തേക്കുതന്നെ പോകണമെന്ന് നാം ആർക്കും വാക്ക് കൊടുത്തിട്ടില്ലല്ലോ എന്ന ചോദ്യത്തിനുത്തരം പോലെ ഹൃദയത്തിന്റെ വഴിയെ യാത്രയാവാം.

 എന്തിനായിരുന്നു യാത്രകൾ അത്രയും ?

ഗുരു അംഗദിനോട് പറയും പോലെ;

എല്ലാ ദർശനങ്ങളും നിന്നിൽനിന്നു കൊഴിഞ്ഞുവീണാലും ആകാശം നോക്കിക്കിടന്ന് നക്ഷത്രങ്ങളോട് സല്ലപിക്കാനുള്ള ഹൃദയം നഷ്ടപ്പെടാതിരിക്കട്ടെ.അതേ നമുക്ക് ജീവിതം തരികയുള്ളു.ബാക്കിയെല്ലാം വെറും അറിവു മാത്രമാണ്, വെറും അറിവു മാത്രം ! 

English Summary : Ektharayude Unmadam Book By Shoukath

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
FROM ONMANORAMA
;