ADVERTISEMENT

നീലപാപ്പാത്തികളോടൊപ്പം

മിനി വിശ്വനാഥൻ

ഇങ്ക്പോട്ട് പബ്ലിഷേഴ്സ് 

വില 200

 

The fragments l have shored

against my ruins.                    

– TS Eliot 

 

തകർച്ചയിൽ നമുക്കു താങ്ങാകുന്ന ഓർമകളുടെ സുഗന്ധത്തെ ഇതിനേക്കാൾ നന്നായി വ്യാഖ്യാനിച്ച വരുണ്ടാകില്ല. നമ്മളെ നമ്മളാക്കിത്തീർത്ത ഇടനാഴികളും പടിവാതിലുകളും മരക്കൂട്ടങ്ങളും ഒറ്റയടിപ്പാതകളും വേലിപ്പടർപ്പകളും നാട്ടുരുചികളും നഷ്ടപ്രണയങ്ങളുമെല്ലാം സൂക്ഷ്മതയോടെ അടയാളപ്പെടുത്തിയിട്ടുള്ള ഓർമകളുടെ അക്ഷയഖനിയിലേക്കുള്ള  തിരിച്ചുപോക്കാണ് ഗൃഹാതുരത. 

 

 

നൊസ്റ്റാൾജിയ എന്ന  ഇംഗ്ലിഷ് വാക്ക് ഉണ്ടാക്കുന്ന  ആനന്ദത്തെ  അതേപടി പകർത്തിവച്ചിട്ടുള്ള പുസ്തകമാണ് നീലപാപ്പാത്തികൾ. മിനി വിശ്വനാഥ് എന്ന ഓൺലൈൻ എഴുത്തുകാരിയുടെ ഗൃഹാതുരമായ ഓർമകളും ഭാവനാസമ്പന്നമായ ചെറുകഥകളും സിദ്ധാർഥ് മുരളിയുടെ ചിത്രവും ചേർത്ത്  ഇങ്ക്പോട്ട് പബ്ലിഷേഴ്സ് 2019 ൽ പ്രസിദ്ധീകരിച്ച  കൃതിയാണ്  നീലപാപ്പാത്തികൾ . 

 

ബാല്യവും കൗമാരവും  യൗവനവും മധ്യവയസ്സും ഇടകലർന്ന സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും കരുതലിന്റെയും ചേർത്തുപിടിക്കലുകളാണ് 203 പേജുകളിലെ 50 തലക്കെട്ടുകളിൽ  മിനി വരച്ചിടുന്നത്. ‘മിനിക്കഥകൾ’ എന്ന് മിനി തന്നെ വിശേഷിപ്പിക്കുന്ന, അവരനുഭവിച്ച ജീവിതവും ഭാവനയിൽ വിരിഞ്ഞ മറ്റു നിരവധി ജീവിതങ്ങളും വേണ്ടത്ര അടുക്കും ചിട്ടയുമില്ലാതെയാണ് അവതരിപ്പിക്കപ്പെട്ടിരുന്നത്. 

 

ക്രമരാഹിത്യം എന്നത് ഒരു പോരായ്മയായി നമുക്ക് അനുഭവപ്പെടാത്ത രീതിയിൽ എഴുത്തിന്റെ സത്യസന്ധതയും അനുഭവങ്ങളുടെ ആത്മാർഥതയും വായനയ്ക്ക് പുതിയ താളം നൽകുന്നു. സംഭവബഹുലമായ  കുട്ടിക്കാലത്തിന്റെ ഓർമയാണ് സമാഹാരത്തിലെ മിക്ക കഥകളുടെയും കരുത്ത്. പോക്കുവെയിൽ, ഒറ്റമരങ്ങൾ, വേനൽ മഴ, എന്നീ ആദ്യകഥകൾ ഭാവനാസമ്പന്നയായ എഴുത്തുകാരിയെ  പരിചയപ്പെടുത്തുന്നു.

 

ദുബായ് നഗരത്തിന്റെ ശാന്തതയും പ്രൗഢിയും പ്രവാസികളുടെ ജീവിതവുമാണ് മർഹബ, പിറന്നാൾ ആഘോഷിക്കുന്ന നഗരം, പ്രവാസം നരകമാവുമ്പോൾ, ഛോട്ടാ ബച്ഛാ, ഒരു അറബിക്കഥ,  മസാഫി എന്നീ കഥകളുടെ കാതൽ. ദുബായ് നഗരത്തിലൂടെ പ്രത്യേകിച്ചും ബുർജ് ഖലീഫയുടെ ആഡംബരത്തിനു മുന്നിൽ പകച്ചുനിൽക്കുന്ന പഴയകോളനിയിലൂടെ  ഈവനിങ് വാക്കിനു പോകുന്ന ആഖ്യാത്യാവിന്റെ ‌കാതിലേക്ക് അലയടിക്കുന്ന പരിദേവനങ്ങളും പരിഭവങ്ങളും പ്രണയവും ദൈന്യതയുമെല്ലാം നിറഞ്ഞ മലയാളി ഫോൺസന്ദേശങ്ങൾ പ്രവാസത്തിന്റെ  മറുകര മറനീക്കികാണിക്കുന്നു.

 

 

ഭാഗ്യപരീക്ഷണത്തിനായി പ്രവാസജീവിതം തിരഞ്ഞെടുത്തവർ, ‘പൈസ വേഗം അയക്കാം കേട്ടോ’ എന്ന് ഫോൺവിളികൾ അവസാനിപ്പിക്കുന്നവർ തുടങ്ങി കഥാപാത്രങ്ങളുടെ മനസ്സുകളെ വ്യക്തമായി വായനക്കാരിലേക്ക് എത്തിക്കുന്ന രീതിയിൽ ആഖ്യാനത്തിൽ കയ്യടക്കം പുലർത്തുവാൻ  മിനിക്ക് സാധിക്കുന്നു.  

 

ഓർമകളുടെ സുഗന്ധമാണ് മിനിയുടെ രചനകളെ കൂടുതൽ ഭാവസാന്ദ്രമാക്കുന്നത്. അച്ഛനുമമ്മയുമൊത്ത് ഗൂഡല്ലൂർക്ക് യാത്രതിരിച്ച മൂന്നരവയസ്സുകാരിക്ക്  ഇന്നും ഗൂഡല്ലൂർ എന്നാൽ എന്നാൽ സാമ്പാറിന്റെയും  മുല്ലപ്പൂവിന്റെയും മണമാണ്. പക്ഷേ അതിനേക്കാളുമധികം അവളെ കൊതിപ്പിച്ചത് ഓർമകളിൽ പൂത്തുലഞ്ഞ ഇലഞ്ഞി മണവും അച്ഛമ്മയുടെ നെറ്റിയിലെ ഭസ്മക്കുറി മണവും ജാനുവമ്മയുടെയും ചീരുവമ്മയുടെയും ചാണകമണവുമാണ്. 

 

 

വാട്ടർടാങ്കിന്റെ ആഴമളക്കാൻ പോയ, പൊലീസ്നായയെ പേടിക്കുന്ന, വയറിനുള്ളിൽ തവളക്കുഞ്ഞിനെ ഒളിപ്പിച്ച കുസൃതിക്കാരി മിനി മുതൽ രണ്ടു പെൺമക്കളുടെ അമ്മയും പലപല ബിസിനസ്സുകളുടെ അനന്തസാധ്യതയെപ്പറ്റി ദേബശാന്തി എന്ന സിംഹളത്തി വീട്ടുജോലിക്കാരിയോടു സംസാരിക്കുന്ന സാങ്കൽപിക മാനേജിങ് ഡയറക്ടറും വരെ എത്രയെത്ര കഥകളാണ് മിനി പറഞ്ഞുവയ്ക്കുന്നത്.

 

 

മിനിയുടെ കഥകളിലൂടെ എഴുത്തിരുത്തലും മീൻ വിൽപനയും മാഞ്ചുവടും മാങ്ങാമധുരത്തിന്റെ  ലഹരിയിലുറങ്ങുന്ന ബാല്യവും സ്കൂളിൽ പോകാൻ മടിക്കുന്ന കുട്ടികളും സ്കൂളിൽനിന്ന് കിട്ടുന്ന ഉപ്പുമാവും ഗുരുവായൂരപ്പനും മുത്തപ്പനും ചേർന്നൊരുക്കുന്ന തണലും വയനാടൻ കുന്നുകളുടെ തണുപ്പും ഒക്കെ നിറഞ്ഞ മലയാളിയുടെ ജൈവപരിസരത്തെ വീണ്ടെടുക്കാനാവുന്നു. 

 

 

ചെടികളും മരങ്ങളും പൂക്കുന്ന, കായ്ക്കുന്ന കാലത്തിലേക്ക്, ബാല്യത്തിന്റെ കുതൂഹലങ്ങളിലേക്ക് നമുക്കു  തിരിഞ്ഞു നടക്കാനാവുന്നു. ദേശങ്ങളുടെ ഉണർത്തുപാട്ടുകളും കാലത്തിന്റെ തിരയിളക്കങ്ങളും നേരിട്ടനുഭവിക്കാനാവുന്നു. കണ്ണൂരിന്റെ ഭാഷത്തനിമയ്ക്ക് വിശദീകരണങ്ങൾ വേണ്ടാത്ത രീതിയിൽ ഹൃദ്യമായ സംവേദനമുണ്ടാകുന്നു. മിനിയുടെ കഥയിൽ പറയുന്നതുപോലെ ‘സ്വപ്നത്തേക്കാൾ എന്തുകൊണ്ടും മനോഹരമാണ് ജീവിത’മെന്നു തിരിച്ചറിയപ്പെടുന്നു.

 

 

ഗൃഹാതുരതയെക്കുറിച്ച് പറയുമ്പോൾ ഓർമിക്കാൻ ഒന്നുമില്ലാതിരുന്ന ബാല്യത്തെക്കുറിച്ചു പൊടിപ്പും തൊങ്ങലും ചേർത്ത് വായനപ്രദമാക്കുന്ന ഔചിത്യബോധമില്ലായ്മയാണത് എന്നു വാദിക്കുന്ന ചിലരെക്കുറിച്ചും മറക്കുന്നില്ല. പക്ഷേ നീലപാപ്പാത്തികൾ മറ്റൊരനുഭവമാണ്. കടന്നുവന്ന വഴികളുടെ നന്മയും ആർദ്രതയും ആനന്ദവും ഓർമിക്കാൻ മിനി നടത്തുന്ന ശ്രമം ഗംഭീരമാണ്. 

 

 

എഡിറ്റിങ്ങിൽ കുറച്ചു കൂടി ശ്രദ്ധിച്ചിരുന്നുവെങ്കിൽ, ചിതറിയ ചിന്തകളിൽനിന്ന് തലക്കെട്ടുകളുടെ ക്രമത്തി ലേക്ക് അടുക്കിയിരുന്നുവെങ്കിൽ മറ്റൊരു തലത്തിലേക്കു കൂടി നീലപാപ്പാത്തികൾക്ക് ചിറകുവിടർത്താ മായിരുന്നു. അവതാരികയിൽ സതീഷ്കുമാർ സൂചിപ്പിക്കുന്നത് പോലെ ‘നാം വായിക്കുന്ന ഓരോ ജീവിതകഥയും നമ്മുടേത് കൂടാതെ നാം ജീവിക്കുന്ന മറ്റൊരു ജീവിതമാണെന്ന്’ നീലപാപ്പാത്തികൾ സാക്ഷ്യപ്പെടുത്തുന്നു.

 

English Summary : Neela Papathikalodoppam Book By Mini Vishwanadhan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com