ADVERTISEMENT

ദേശസ്മരണകൾ

മനോരമ ബുക്സ്

വില 160

 

ഓർമകളാണ് മനുഷ്യനെ ജീവിതവുമായി ബന്ധിപ്പിച്ചു നിർത്തുന്നത്. നാടിനെയും വീടിനെയും സ്നേഹങ്ങളെയും കലഹങ്ങളെയും കുറിച്ചൊക്കെയുള്ള ഓർമകൾ അയാളുടെ നാടിന്റെയും അതിന്റെ ജീവിതത്തിന്റെയും അംശങ്ങൾ‌ കൂടി ചേർന്നതാവും. ചില മനുഷ്യരുടെ ഓർമകൾ ചരിത്രത്തിന്റെ ഏടുകൾതന്നെയാവും. അതിലൂടെ ‌കടന്നുപോകുന്ന മറ്റൊരാൾക്ക് ആ ഓർമകൾ ചരിത്രത്തിന്റെ വായനയാണ്. ഉത്തര മലബാറിന്റെ ജീവിതചിത്രങ്ങളും ജീവചരിത്രവുമാണ് മനോരമ ബുക്സ് പ്രസിദ്ധീകരിച്ച ദേശസ്മരണകൾ എന്ന പുസ്തകം. ഉത്തരമലബാറുകാരായ 30 പ്രമുഖരുടെ, സ്വന്തം നാടിനെപ്പറ്റിയുള്ള ഓർമക്കുറിപ്പുകൾ എഡിറ്റ് ചെയ്തത് അനിൽ കുരുടത്താണ്. ‌

 

2003 മുതൽ മനോരമ ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച ഓർമക്കുറിപ്പുകളുടെ സമാഹാരമാണിത്. ടി. പത്മനാഭൻ, സുകുമാർ അഴീക്കോട്, ഇ.കെ.നായനാർ, എം.വി.രാഘവൻ, എം. മുകുന്ദൻ, കണ്ണപ്പെരുവണ്ണാൻ, കൈതപ്രം ദാമോദരൻ നമ്പൂതിരി, കെ.പി.പി. നമ്പ്യാർ, ഇ. അഹമ്മദ്, സി.വി. ബാലകൃഷ്ണൻ, എം.വി. വിഷ്ണു നമ്പൂതിരി, ക്യാപ്റ്റൻ കൃഷ്ണൻ നായർ എന്നിങ്ങനെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മുപ്പതു പേരാണ് ഈ പുസ്തകത്തിൽ അണിനിരക്കുന്നത്. ‘പിറന്ന നാട് ഏതു പാറപ്പുറമാണെങ്കിലും ആ വായു ശ്വസിക്കുന്നവൻ അവിടെ നിറയെ പച്ചപ്പു കാണും.’ – തന്റെ അമ്മിഞ്ഞമ്മയെക്കുറിച്ച് രഘുനാഥ് പലേരിയുടെ ഓർമക്കുറിപ്പിലെ ഈ വരികൾ ദേശസ്മരണകളുടെ പൊതു അടിക്കുറിപ്പായി വായിക്കാം.

 

കുട്ടിക്കാലത്തിന്റെ ഓർമകളും നാടും വീടുമൊക്കെയാണ് ഈ ഓർമക്കുറിപ്പുകളിൽ എഴുത്തുകാർ ഓർത്തെടുക്കുന്നത്. മിക്കതും മനോഹരമായ കുട്ടിക്കാല ഓർമകൾ. ടി. പത്മനാഭനും സുകുമാര്‍ അഴീക്കോടും രാമചന്ദ്രൻ കടന്നപ്പള്ളിയും കെ. രാഘവനുമൊക്കെ അത്തരം ഓർമകൾ പങ്കുവയ്ക്കുന്നു. അതേസമയം, നാട് ഒരു നോവുന്ന ഓർമയായി കൊണ്ടുനടക്കുന്നവരുമുണ്ട്. നാടകകൃത്ത് ഇബ്രാഹിം വെങ്ങര എഴുതുന്നു – ‘നാടകക്കാരനായി തിരിച്ചെത്തിയിട്ടും നാട് എന്നെ അംഗീകരിച്ചില്ല.’

 

കേരള രാഷ്ട്രീയത്തിന്റെ ഗതിവിഗതികളും കേരള ചരിത്രത്തിലെ ചില നിർണായക മുഹൂർത്തങ്ങളുമൊക്കെ ക‍ടന്നുവരുന്നുണ്ട് ചില കുറിപ്പുകളിൽ. പലരുടെയും ഓർമകൾക്ക് സ്വാതന്ത്ര്യ സമരവും കോൺഗ്രസും കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ വളർച്ചയും പശ്ചാത്തലമാകുന്നു. കേളപ്പജിയുടെ നേതൃത്വത്തിൽ വന്ന സ്വാതന്ത്ര്യസമരജാഥ കാണാൻ കല്യാശേരിയിൽ പോയതിന്റെ ആവേശകരമായ ഓർമ പങ്കിടുന്നു ഇ.കെ. നായനാർ. 

 

പ്രിയപ്പെട്ട മയ്യഴിയെപ്പറ്റിയാണ് എം. മുകുന്ദൻ എഴുതുന്നത് – ‘സെമിത്തേരിയുടെ പരിസരത്തൊന്നും വീടുകൾ ഉണ്ടായിരുന്നില്ല. ഇരുട്ടു വീഴുമ്പോൾ ഫ്രഞ്ചുകാരുടെയും സങ്കരവർഗക്കാരുടെയും കോട്ടും കാൽശരായിയും ധരിച്ച പ്രേതങ്ങൾ സെമിത്തേരിയിൽനിന്നു പുറത്തുവരും. വിജനമായ ആ സെമിത്തേരിയുടെ അരികിലെങ്ങും പോകാതിരിക്കാൻ ഞാൻ ശ്രദ്ധിക്കുമായിരുന്നു.’ മുകുന്ദന്റെ ഫിക്‌ഷൻ പോലെതന്നെ വിസ്മയകരമായ കുറിപ്പ്. 

 

നമ്മളിന്നു കാണുന്ന പല പട്ടണങ്ങളുടെയും പഴയ മുഖം ഈ കുറിപ്പുകളിലുണ്ട്. എഴുത്തുകാരുടെ ഓർമകളിലൂടെ സഞ്ചരിച്ച് ചിത്രങ്ങൾ വരച്ചത് പ്രശസ്ത ചിത്രകാരൻ ഹരീന്ദ്രൻ ചാലാടാണ്. ബീഡിക്കമ്പനികളും ഫുട്ബോൾക്കളങ്ങളും പാർട്ടി ഓഫിസുകളും വായനശാലകളും കുളവും കാവും പുഴയുമൊക്കെ നിറയുന്ന, ഉത്തരമലബാറിന്റെ പല കാലഘട്ടങ്ങളുടെ ഒരു ആൽബമാണ് ദേശസ്മരണകൾ. ഏതാണ്ട് ഒരു നൂറ്റാണ്ടു മുമ്പുവരെയുള്ള കാലങ്ങളിലൂടെയാണ് ഈ പുസ്തകത്തിന്റെ വായനക്കാരൻ കടന്നു പോകുന്നത്. വെറുതേ വായിച്ചുപോകുന്നവർക്ക് അനായാസം വായിക്കാവുന്ന മനോഹരമായ ഈ പുസ്തകം, കേരളത്തിന്റെ ചരിത്രത്തിലും രാഷ്ട്രീയത്തിലും താൽപര്യമുള്ളവർക്ക് ഒരുപാട് അറിവുകൾ സമ്മാനിക്കുന്ന ആഴമുള്ള വായന വാഗ്ദാനം ചെയ്യുന്നു...

 

പുസ്തകം ഓൺലൈനായി വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യാം

 

English Summary : Desasmaranakal Edited By  Anil Kurudath

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com