‘ദേ, പപ്പയുടെ മുഖത്തേക്ക് തന്നെ നോക്കിയാൽ മരുന്നിന് കയ്പ്പുണ്ടാവൂല..’

buried-thougts-potrait
SHARE

ഗവേഷണ പ്രബന്ധങ്ങളെക്കാളും പഠന ലേഖനങ്ങളെക്കാളും ആത്മകഥകളും ജീവചരിത്രങ്ങളും വായനക്കാരെ സ്വാധീനിക്കുന്നത് അത് എഴുത്തുകാരന്റെ/ എഴുത്തുകാരിയുടെ പച്ചയായ ജീവിതം ആയതുകൊണ്ടാണ്. പുസ്തകത്തിലൂടെ അവർ തന്റെ ജീവിതം ഒരിക്കൽകൂടി ഓരോ വായനക്കാരനു മുമ്പിലും ജീവിച്ചു കാണിക്കുകയാണ്. 

വളരെ ചെറിയ വയസ്സിനുള്ളിൽത്തന്നെ അത്തരം രണ്ട്‌ പുസ്തകങ്ങളിലൂടെ നമുക്കിടയിൽ ജീവിക്കുന്ന എഴുത്തുകാ രനാണ് ജോസഫ് അന്നംകുട്ടി ജോസ്. പുത്തൻ തലമുറയുടെ തിരക്കുപിടിച്ച ജീവിത സാഹചര്യ ങ്ങളിൽ നമ്മുടെയിടയിൽ നിന്നുകൊണ്ടുതന്നെ ജീവിതത്തെ മറ്റൊരു കോണിൽ നിന്ന് വീക്ഷിക്കുന്ന ജോപ്പൻ ‘Buried Thoughts’ ലൂടെയാണ് മുഖ്യധാരാ വായനക്കാരിലേക്ക് എത്തുന്നത്. ഗ്രന്ഥകാരന്റെ രണ്ടാമത്തെ പുസ്തകം ‘ദൈവത്തിന്റെ ചാരന്മാർ’ എഴുതുവാൻ പ്രചോദനമായ ഒന്നാമത്തെ പുസ്തകവും എല്ലാവരും വായിച്ചിരിക്കേണ്ടതാണെന്ന് എനിക്ക് തോന്നുന്നു.

പരമ്പരാഗതമായ ആത്മകഥ, ജീവചരിത്ര ഗ്രന്ഥരചനാ ശൈലിയിൽനിന്ന് വളരെ വ്യത്യസ്തമായിട്ടാണ് ‘Buried Thoughts’ എഴുതിയിരിക്കുന്നത്. ആഖ്യാനങ്ങളുടെ ആധിക്യവും വാക്കുകളുടെ പര്യായപദങ്ങളും ആവശ്യത്തി നും അനാവശ്യത്തിനുമുള്ള ഉപയോഗവുമുള്ള ഒരു ‘സാഹിത്യസൃഷ്ടി’യൊന്നുമല്ല ‘Buried Thoughts’. സാധാരണക്കാരനോട് സംവദിക്കുന്ന ഒരു ജീവിതപുസ്തകം. ഗ്രന്ഥകാരന്റെ നാലുവർഷത്തെ അധ്വാനത്തിന് ശേഷം ഡിസി ബുക്സ് പബ്ലിഷ് ചെയ്ത പുസ്തകത്തിന് 311 പേജുകളിലായി സ്നേഹം, ഓർമ്മകൾ, പിഴവുകൾ, പ്രതീക്ഷ എന്നീ നാലു ഭാഗങ്ങളിലായി ഇരുപത്തഞ്ചോളം അധ്യായങ്ങളാണുള്ളത്.

ജീവിതത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളിൽ ജോപ്പന്റെ എല്ലാമായിരുന്ന, ജോപ്പന്റെ ജീവിതത്തെ സ്‌നേഹംകൊണ്ട് നിറച്ച ഒത്തിരിപ്പേരെയാണ് ആദ്യത്തെ ആറ് അധ്യായങ്ങളിലായി പരിചയപ്പെടുത്തിയിരിക്കുന്നത്. കുഞ്ഞായി രുന്നപ്പോൾ അമ്മയേക്കാൾ തനിക്കൊപ്പം ഉണ്ടായിരുന്ന, വീടിനുചുറ്റുമുള്ള മറ്റു കുട്ടികൾ പാവകളുമായി കളിക്കുമ്പോൾ തന്നോടൊത്ത് ജീവിച്ച മരിയുചേച്ചി. 

സെമിനാരിയിലെ നിയമങ്ങൾക്കിടയിൽ ജീവിതത്തിനു സ്വാതന്ത്ര്യമില്ലാതായിരിക്കുന്നു എന്ന് തോന്നിയപ്പോൾ തിരികെ പോരുകയാണെന്ന് പറഞ്ഞനേരത്ത്‌ കൂടെനിന്ന ഏട്ടൻ. ഒരു മാലാഖയെപ്പോലെ ജീവിതത്തിലേക്ക് കടന്നുവന്ന, ജോപ്പനെ കുറേകൂടി നല്ല മനുഷ്യനാക്കിയ, ജീവിതത്തിലെ ആദ്യത്തെ പ്രണയിനി കാർല. 

ഒരിക്കൽ ഭക്ഷണം ഉണ്ടാക്കി അമ്മയ്ക്ക് സർപ്രൈസ് കൊടുക്കാനൊരുങ്ങി അബദ്ധത്തിൽ അടുക്കളയിൽ കാല് തുടക്കാനിട്ട തുണികൊണ്ട് തുടച്ച പ്ലേറ്റിൽ ചോറ് വിളമ്പിയ അപ്പച്ചൻ. അതേ അപ്പച്ചൻ തന്നെ, അമ്മ ഏട്ടന്റെ കൂടെ ബെംഗളൂരുവിലായിരുന്ന സമയത്ത് ഒരാഴ്ച ജോപ്പനെ ഊട്ടി. നല്ല രുചിയുള്ള ഭക്ഷണങ്ങ ളോടൊപ്പം സ്നേഹവും വിളമ്പിക്കൊടുത്ത് വെറൈറ്റി അനുഭവം ഉണ്ടാക്കിക്കൊടുത്ത അപ്പച്ചൻ. ഇവരൊക്കെയാണ് സ്നേഹത്തിന്റെ പാരമ്യത്തിലൂടെ ജോപ്പനെ കൈപിടിച്ചു വഴി നടത്തിയവർ. 

വളരെ രസകരവും അതുപോലെ സന്തോഷവും സങ്കടങ്ങളും ഒക്കെ നൽകിയ ഒത്തിരി ഓർമകളാണ് 7 മുതൽ 12 വരെയുള്ള അധ്യായങ്ങളിലുള്ളത്. കുട്ടിക്കാലത്ത് ഒരിക്കൽ അമ്മ കാണാതെ ഫ്രിജിൽ നിന്ന് ഐസ്ക്രീം എടുക്കാനൊരുങ്ങിയപ്പോൾ ഫ്രീസർ ഫ്ലോറിൽ നാവ് കുടുങ്ങിയ ജോപ്പൻ ഡോക്ടറെ കാണാൻ ചെന്നപ്പോൾ രോഗം എന്താണെന്ന് വായകൊണ്ട് പറയാൻ പറ്റാതെ, എഴുതിക്കൊടുക്കേണ്ടി വന്നു. 

ഡോ.ആന്റണി സാറിനെ ജീവിതത്തിൽ ഏറ്റവും കൂടുതൽ ചിരിപ്പിച്ച ഒരു രോഗിയായിരുന്നു ജോപ്പൻ. എസ്എസ്എൽസി പരീക്ഷാ സമയത്ത് ഏറ്റവും കൂടുതൽ പ്രയാസം തോന്നിയ കണക്കിന്റെ കാര്യം എളുപ്പമാക്കിക്കൊടുത്തത് കണക്കില്ലാതെ സ്നേഹിച്ച ഡവിസ് സാറായിരുന്നു. വർഷങ്ങളോളം പരസ്പരം ബന്ധപ്പെടാതിരുന്നിട്ടും ഓർമ്മകൾക്ക് മങ്ങലേറ്റ വാർദ്ധക്യത്തിൽ പോലും വീണ്ടെടുക്കാൻ പറ്റുന്ന വിധത്തിൽ അത്രയും നല്ല ഓർമ്മകൾ നൽകിയ ഒരു സ്റ്റുഡന്റായിരുന്നു ഡവിസ് സാറിനു മുമ്പിൽ ജോപ്പൻ. 

നമ്മൾ ജീവിതത്തിൽ ഒരിക്കലും ഇഷ്ടപ്പെടാതിരുന്ന, പരിഗണിക്കാതിരുന്ന ആരെങ്കിലുമൊക്കെയാവും നമുക്ക് ഏറ്റവും ആവശ്യമാവുന്ന സമയത്ത് ഒരുപക്ഷേ നമ്മുടെ കൂടെയുണ്ടാവുക എന്ന് ഓർമ്മിപ്പിക്കുന്നുണ്ട്, ജോപ്പനും കൂട്ടുകാരും ക്രിക്കറ്റ് കളിച്ചപ്പോൾ കിണറ്റിൽപോയ പന്ത് കിണറ്റിലിറങ്ങി എടുത്തു കൊടുത്തതിന് അച്ഛന്റെ കൈയിൽ നിന്നും അടി വാങ്ങി പൊട്ടിക്കരഞ്ഞ സിമിൽ. 

ഒരിക്കൽ നമ്മെ വല്ലാതെ സഹായിച്ചവരുടെ ഒരു ക്ഷണം സ്വീകരിക്കലായിരിക്കും അവർക്ക് ചെയ്‌തുകൊടു ക്കാൻ പറ്റുന്ന ഏറ്റവും നല്ല കൃതജ്ഞത എന്ന് നമുക്ക് കാണിച്ചുതരുന്നുണ്ട്, എറണാകുളത്തുനിന്ന് കണ്ണൂർ വരെ ബസ്സിൽ നിന്നു യാത്ര ചെയ്ത് കൂട്ടുകാരി ധന്യയുടെ കല്യാണത്തിനു പോയ ജോപ്പൻ. ചുറ്റിലുള്ള അപരിചിതരെ പരിചയപ്പെടാത്ത, ഈഗോ കാരണം അവരെ അറിയാൻ ശ്രമിക്കാത്ത അത്രയുംകാലം അവർ നമുക്ക് അപരിചിതർ തന്നെയാണെന്ന് ‘അപരിചിതൻ’ എന്ന അധ്യായവും പറഞ്ഞുതരുന്നുണ്ട്.

ചില നേരത്തെ നമ്മുടെ അശ്രദ്ധയും പിഴവുകളുമൊക്കെ ആരെയെങ്കിലുമൊക്കെ വേദനിപ്പിക്കുന്നതോ ആർക്കെങ്കിലുമൊക്കെ സഹായങ്ങൾ ചെയ്യാനുള്ള നമ്മുടെ അവസരങ്ങളെ നഷ്ടപ്പെടുത്തുന്നതോ ആണെന്ന് Mistakes എന്ന ഭാഗത്തെ 7 അധ്യായങ്ങളിലൂടെ ഗ്രന്ഥകാരൻ ഖേദത്തോടെ ഓർത്തെടുക്കുന്നുണ്ട്. നമ്മുടെ മുന്നിൽ കാണുന്നതല്ല പലരുടെയും യഥാർഥജീവിതം എന്ന് ജോണിന്റെ ക്ലാസ് ടീച്ചർ സ്വന്തം ജീവിതത്തിലൂടെ വായനക്കാരനെ പഠിപ്പിക്കുന്നു. 

തെറ്റുകൾ ചെയ്തിട്ടും അത് ഏറ്റുപറയുന്നതും അതിന് പ്രായശ്ചിത്തമായി വല്ലതും ചെയ്യാൻ മുന്നോട്ട് വരുന്നതുമാണ് ജീവിതത്തിൽ എല്ലാവരെയും നന്മയുടെ വാഹകരാക്കുന്നത്. തെറ്റിദ്ധാരണയുടെ ഫലമായി സംഭവിച്ച പിഴവിന് പ്രായശ്ചിത്തമായി, അർഹമായ വിജയവും അംഗീകാരവും പോലും വേണ്ടെന്നു വെച്ച ഗ്രന്ഥകാരൻ, എവിടെയൊക്കെയോ വീണുടഞ്ഞുപോയ നമ്മുടെ നന്മയുടെ പൊടിപ്പുകൾ വീണ്ടെടുക്കാൻ സഹായിക്കുന്നു.

മറ്റുള്ളവർ എന്ത് കരുതും എന്ന തോന്നൽ ഭീരുത്വത്തിൽ നിന്നുണ്ടാവുന്നതാണ്. ആ തോന്നൽ, അന്യായങ്ങൾക്ക് നേരെ പ്രതികരിക്കാനുള്ള നമ്മുടെ ശേഷിയെപ്പോലും ഇല്ലാതാക്കുന്നതായി പതിനെട്ടാം അധ്യായത്തിലെ ജോപ്പന്റെ കെഎസ്ആർടിസി യാത്രയിൽ നമുക്ക് കാണാം. പുസ്തകത്തിന്റെ ഓരോ അധ്യായം വായിക്കുമ്പോഴും ജോപ്പനെ കൂടുതലായി അടുത്തറിയുകയായിരുന്നു. ഞാനറിയാതെ എന്റെയുള്ളിൽ ഇനിയും എന്തൊക്കെയോ പറയാനുള്ള ഒരു കഥാകാരനായി കുടിയിരിക്കുകയായിരുന്നു.

പുസ്തകത്തിന്റെ അവസാന ഭാഗത്ത് പ്രതീക്ഷ നൽകുന്ന കുറേ അനുഭവങ്ങളാണ്. മരണശയ്യയിൽ കിടക്കുമ്പോൾ തോന്നുന്ന ഒരു കാര്യമാണ് ‘എനിക്ക് കുറച്ചൂടെ നല്ല മനുഷ്യനാവാൻ കഴിഞ്ഞിരുന്നെ ങ്കിലെന്ന്' ’ അപ്പച്ചന്റെ അനിയൻ ജോപ്പനോട് പറഞ്ഞത് പ്രതീക്ഷയുടെ വർത്തമാനമായിട്ടാണ്. ‘മോളേ, ലോലൂ, ദേ പപ്പയുടെ മുഖത്തേക്ക് തന്നെ നോക്കിയാൽ മരുന്നിന് കയ്പ്പുണ്ടാവൂല’ എന്ന് ജോപ്പന്റെ സഹപ്രവർത്തകൻ സെബാസ്റ്റ്യൻ അയാളുടെ മകളോട് പറയുമ്പോൾ ചില മുഖങ്ങൾ നമ്മുടെ ഉള്ളിലേക്ക് കടന്നുവരും. 

ജീവിതത്തിൽ ഏറ്റവും കയ്പ്പേറിയ അനുഭവങ്ങളുണ്ടാകുമ്പോൾ മാത്രം കടന്നുവരുന്ന മുഖങ്ങൾ, നമ്മെ ആശ്വസിപ്പിക്കുന്നവരായിരിക്കുമവർ. സങ്കടങ്ങൾ കൊണ്ട്, വേദനിപ്പിക്കുന്ന അനുഭവങ്ങൾ കൊണ്ട് ജീവിതം നിറമില്ലാതായവർക്ക് നൽകാവുന്ന ഏറ്റവും നല്ല സമ്മാനം പ്രതീക്ഷ നൽകലാണെന്നാണ് റഷ്യക്കാരി റ്റീന അന്ന് ചൈനയിലെ ഒരു ഹോട്ടലിൽ വെച്ച് പരിചയപ്പെട്ടതിന് ശേഷം തന്റെ റൂമിനു നേരെ തിരിയുന്നതിന് മുമ്പ് അവസാനമായി ജോപ്പനോട് പറഞ്ഞത്. ജീവിതത്തിൽ എവിടെയൊക്കെയോ പ്രതീക്ഷ നൽകിയ ‘ഒരൊറ്റക്കുപ്പി ബിയറും’ പുസ്തകത്തിലെന്ന പോലെ ജോപ്പന്റെ ജീവിതത്തിലും ഇടം പിടിച്ചിട്ടുണ്ട്. ഈ പുസ്തകം വായിച്ചു കഴിയുമ്പോൾ അവിടെയും നമുക്ക് ദൈവത്തിന്റെ കുറേ ചാരന്മാരെ കാണാൻ കഴിയും.

ആയിരം പേർ നൽകുന്ന ഉപദേശങ്ങളെക്കാൾ ഫലം ചെയ്യുക ചിലപ്പോൾ ഒരാൾ നൽകുന്ന അനുഭവ മായിരിക്കും എന്നൊരു ചൊല്ലുണ്ട്‌. അത് യാഥാർഥ്യമാക്കുന്നതായിരുന്നു ഈയൊരു വായനാനുഭവം. നല്ല അനുഭവങ്ങളുണ്ടാവാൻ കുറേ ദൂരം യാത്ര ചെയ്യുകയോ ഒരു പാട് പേരെ അറിയുകയോ വേണ്ട. നമ്മൾ ജീവിക്കുന്ന ചുറ്റുപാടിനെ കാണാനും കേൾക്കാനും മൂന്നാമതൊരു കണ്ണും ചെവിയും അനുഭവങ്ങളെ സ്വീകരിക്കാൻ മറ്റൊരു ഹൃദയവും കൂടെ ഉണ്ടായാൽ മതി എന്ന് ഓരോ അധ്യായത്തിലൂടെയും വായനക്കാരനോട് വിളിച്ചു പറയുന്ന ഗ്രന്ഥകാരനോട് സ്നേഹം.

പുസ്തകം വായിച്ചു കഴിഞ്ഞപ്പോൾ ജീവിതത്തിൽ വല്ലാത്ത ‘കരുതൽ’ മനോഭാവം കടന്നുകൂടിയിട്ടുണ്ട്. കണ്ടുമുട്ടുന്നവർ ചെറിയവരാണെങ്കിലും അവരെ പരിഗണിക്കാനും സ്നേഹിക്കാനുമൊക്കെ തോന്നുന്നുണ്ട്.

പിന്നെ, എന്റെ ജീവിതത്തിൽ ഞാൻ പൂർണമായും വായിച്ച ആദ്യത്തെ ഇംഗ്ലിഷ് പുസ്തകവും Buried Thoughts ആണ് ട്ടോ.

പുസ്തകത്തെക്കുറിച്ചെഴുതുമ്പോഴും എഴുത്തുകാരനെക്കുറിച്ച് അമിതമായ പരാമർശം വന്നു പോയിട്ടു ണ്ടെങ്കിൽ ക്ഷമിക്കണം, ജോപ്പൻ എന്റെ ജീവിതത്തെ വല്ലാതെ സ്വാധീനിച്ചത് കൊണ്ടാവാം അങ്ങിനെ സംഭവിക്കുന്നത്.

English Summary : Buried Thoughts Book By  Joseph K Jose 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;