കവര - ജീവിതത്തിന്റെ നേരെഴുത്ത്

kavara-potrait-image
SHARE

കവര 

കവിതകൾ 

രവീന്ദ്രൻ പാടി 

പ്രസാധനം : അ ബുക്സ്, കാസർകോട്

വില: 80രൂപ 

‘വ്യർഥയാത്രകളെത്ര ചെയ്യുന്നു  നാം 

ജീവിതയാത്രയ്ക്കൊരർഥമുണ്ടാക്കുവാൻ’

അത്യുത്തര കേരളത്തിലെ സഞ്ചാരിയായ കവി രവീന്ദ്രൻ പാടിയുടെ വരികളാണിവ. കവിതാ പുസ്തകവും സഞ്ചിയിലേറ്റി നഗരത്തിരക്കിലൂടെ നിശബ്ദനായി നടന്നു നീങ്ങുന്ന ഈ കവി, തുളുനാട്ടിലെ കാവ്യാസ്വാദകർക്ക് പരിചിത മുഖമാണ്. 

കവിതകളിലൂടെ അറിയാമെങ്കിലും ഒരു പുസ്തകശാലയ്ക്കു മുന്നിൽ വച്ചാണ് രവീന്ദ്രൻ പാടിയെ നേരിട്ട് പരിചയപ്പെടുന്നത്. സഞ്ചിയിൽനിന്ന് കവി ഒരു പുസ്തകമെടുത്ത് നീട്ടി - ‘കവര’. വായിക്കാം എന്നഉ പറഞ്ഞു പിരിഞ്ഞു. മാസങ്ങൾ കഴിഞ്ഞാണ് ‘കവര’ കയ്യിലെടുക്കാനായത്. വായിച്ചു തീർത്തപ്പോൾ പാടിയുടെ വരികൾ കാസർകോട്ടെ ഭാഷാസ്നേഹികളിൽ മാത്രം ഒതുങ്ങിയാൽ പോരാ എന്നു തോന്നി. അതുകൊണ്ടാണ്  ഇങ്ങനെയൊരു കുറിപ്പ്. 

കാസർകോട് ജില്ലയിൽ കവികൾ അനവധി ഉണ്ടെങ്കിലും പലരും എന്തുകൊണ്ടോ ജില്ലയ്ക്കു പുറത്ത് അറിയപ്പെടാതെ പോകുന്നു. മലയാളം, കന്നഡ, തുളു, ബ്യാരി ഉൾപ്പെടെ ഏഴു ഭാഷകൾ സംസാരിക്കുന്ന ജനങ്ങൾ ഇവിടെയുണ്ട്. കന്നടയിലും തുളുവിലും കവിത എഴുതുന്ന നിരവധി പേർ കാസർകോട്ടുകാരായിട്ടുണ്ട്. 

കവിത തന്നെ ജീവിതമാക്കിയ, ജീവിക്കാനായി കവിത എഴുതുന്ന ആളാണ് പാടി. തന്റെ കവിതകൾ മുഖ്യധാരാ പ്രസിദ്ധീകരണങ്ങൾക്ക് കൊടുക്കുന്ന പതിവില്ലാത്ത ഇദ്ദേഹം, പുസ്തകമാക്കുംമുൻപ് സമൂഹമാധ്യമങ്ങളിലൂടെയാണ് രചനകൾ വായനക്കാരിലേക്ക് എത്തിക്കുന്നത്. 

വാക്കുല, ഉയിരാട്ടം, അലഞ്ഞവന്റെ ബോധ്യങ്ങൾ, ടവറിലെ കാക്ക, സ്ഥലജലം, കവര എന്നീ കവിതാ സമാഹാരങ്ങളും വഴിനോക്ക് എന്ന പ്രവാസകുറിപ്പുകളും ആണ് രവീന്ദ്രൻ പാടിയുടെ കൃതികൾ. 

പാടിയുടെ ഏറ്റവും പുതിയ കവിതാ സമാഹാരമാണ് കവര. അമിതമായി സംസാരിക്കുന്നതിനെയാണ് കാസർകോട് പ്രദേശത്ത് കവര എന്നു പറയുന്നത്; പ്രത്യേകിച്ച് കുട്ടികൾ നിഷ്കളങ്കമായി വർത്തമാനം പറയുന്നതിനെ. മിതമായും സാരവത്തായും കവിയുന്ന അർഥത്തിലും ഉരയ്ക്കുന്നതാണ് ഇവിടെ കവര എന്ന് കവി തന്നെ ആമുഖത്തിൽ പറയുന്നുമുണ്ട്. 

ഇരുപത്തെട്ട് കവിതകളും ഇരുന്നൂറിൽ പരം ചുടുക്കു കവിതകളും ചേർന്നതാണ് കവര. ജപ്പാനിലെ ഹൈക്കു പോലുള്ള കുറുംകവിതകൾക്കാണ് ചുടുക്കു കവിതകൾ എന്ന് പറയുന്നത്. ഒന്നോ രണ്ടോ നാലോ വരികളിൽ വലിയ അർഥങ്ങൾ പേറുന്ന ചെറു കവിതകൾ ആണിവ. കുഞ്ഞുണ്ണി മാഷിനെയും ആറ്റൂരിനെയും പോലുള്ളവർ മലയാളത്തിനു പരിചയപ്പെടുത്തിയ ചെറു കവിതകൾ. ചുടുക്കു കവിതകളുടെ സമാഹാരമാണ് പാടിയുടെ ‘ഉയിരാട്ടം’. കന്നടയിലും തുളുവിലും വളരെ സജീവമായ സാഹിത്യരൂപമാണ് ചുടുക്കു. തന്റെ ചുടുക്കു കവിതകളിലൂടെ പാടി, കുറഞ്ഞ വാക്കുകളിൽ വലിയ ലോകത്തെ കാട്ടിത്തരുന്നു. നമ്മൾ കാണാതെ പോയ പലതിനെയും സത്യസന്ധമായ നോട്ടങ്ങളിലൂടെ കവി കണ്ടെത്തുന്നു.  

കവര യിലെ ‘ഏകം’ എന്ന കവിതയിലൂടെ പ്രകൃതിയും പക്ഷിയും മനുഷ്യനും ഒന്നാണെന്നുള്ള തത്വം കവി പറഞ്ഞു വയ്ക്കുന്നു. ‘നീയെന്നിലുറങ്ങുന്നൂ  / നീയെന്നിലുണരുന്നൂ / നമ്മൾ രണ്ടല്ലാത്തതാം എകത്തെ  പുണരുന്നൂ..’

‘ധർമ്മം’ പാടിയുടെ മികച്ച ഒരു സ്ത്രീപക്ഷ കവിതയാണ്. യശോധര നൽകിയ കേസിലെ വിധിയെ തുടർന്ന് ബുദ്ധൻ അറസ്റ്റ് ചെയ്യപ്പെടുന്നു. മരക്കുറ്റി പോലെ ഒരേ ഇരിപ്പ് ജയിലിലും തുടർന്ന ബുദ്ധൻ ധർമ്മമാർഗം തിരയുകയായിരുന്നു എന്നാണ് കവിപക്ഷം.

മഴയുടെ തലോടൽ കൊതിക്കുന്ന വിരഹിയായ യക്ഷനായി ‘മഴയോട്’ എന്ന കവിതയിൽ  കവി മാറുന്നു. 

     

കവിയും കൃതിയും ആർക്കും വേണ്ടാതായി, പേരു മാത്രമേ വേണ്ടൂ എന്നു സങ്കടപ്പെടുന്ന കവി, കവിയുടെ വീട് എന്ന കവിതയിൽ, ‘വായിച്ചില്ലെങ്കിലും / ആരു കേട്ടില്ലെന്നാലും / കവിസൂക്തമീ ഭൂവിൻ  / ഭിത്തിയിൽ തൂങ്ങും, തീർച്ച’ എന്ന പ്രതീക്ഷയും പുലർത്തുന്നു. 

കാല്പനികത വളരെ കുറഞ്ഞതും എന്നാൽ സത്യസന്ധവുമാണ് കവരയിലെ വരികൾ. വെറും പറച്ചിലുകളും ഒറ്റവരി ചിന്തകളും തത്വചിന്താപരമായ കവിതകളും ‘കവര’യിൽ ഉണ്ട്. 

‘കണ്ണു ചെല്ലാത്തിടങ്ങളിൽ ഞാനെൻ 

ചിന്ത കൊണ്ട് തൊടുമല്ലോ 

നിന്നെ!’

‘പ്രളയത്തിലും തകരില്ല പ്രണയത്തിൻ മൺകുടിലുകൾ’

‘പേരാലുപോലെ പടരേണ്ട പ്രണയത്തെ 

ബോൺസായിയാക്കി വീട്ടിലൊതുക്കുന്നു.’

ഇങ്ങനെയെല്ലാമാണ് പ്രണയത്തെ പാടി നിർവചിക്കുന്നത്. 

‘ചില്ലു ഗ്ലാസ്‌ പോൽ

ഉടയുന്ന ജീവിതം 

ചില്ലിട്ടു തൂക്കി നാം 

കാക്കുന്നിതു വൃഥാ’

എന്നു കവി എഴുതുമ്പോൾ ജീവിതത്തിന്റെ നിസാരത വെളിവാകുന്നു. 

വള്ളം മുന്നോട്ടു നീങ്ങാൻ 

വെള്ളം  പിന്നോട്ട് തള്ളണം 

എന്ന സാമാന്യ നിയമവും കവി പറഞ്ഞു വയ്ക്കുന്നു. 

‘കരയ്ക്കു കയറിയടിക്കും 

തിരമാല 

തിരമാലയാണോ 

കടലിൻ പിടച്ചിലോ?’

ചില കവിതകളിൽ വരികൾക്കിടയിലെ പരിഹാസവും തെളിയുന്നു. 

‘എഴുന്നള്ളിച്ചു കൊണ്ട് വന്നത് 

എഴുനേറ്റു നടക്കാൻ കഴിയാത്ത 

ആളെയായിരുന്നു !’

‘പ്രണയവും കവിതയും 

ആധാറുമായി ബന്ധിപ്പിക്കേണ്ടി വരുമോ?’ എന്നാണ് കവിയുടെ സംശയം. 

അരികുവൽക്കരിക്കപ്പെട്ടവരുടെ പക്ഷത്താണ് കവി എപ്പോഴും നില കൊള്ളുന്നത്. സുഹൃത്ത് വാക്കാൽ തെളിച്ച വെട്ടത്തിൽ, കനത്ത രാത്രിയെ  മറികടക്കാം എന്ന ബോധ്യം കവിക്കുണ്ട്. 

‘വെളിച്ചത്തെ കൂടെ നിർത്തി 

ഇരുട്ടിന്റെ ഭരണമെങ്ങും !’

എന്നു രവീന്ദ്രൻ പാടി എഴുതുമ്പോൾ നിർഭയനായ ഒരു കവിയെ നമുക്ക് കാണാം. 

സമൂഹത്തിന് നേരെ പിടിച്ച കണ്ണാടിയാണ് കവരയിലെ വരികൾ. ജീവിതത്തിന്റെ കറുപ്പും വെളുപ്പും ‘കവര’ യിലെ  കവിതകളിൽ കാണാം. 

‘ക്രമപ്പെടുത്തൽ ഒരു വിഷമം പിടിച്ച പണി ആയതു കൊണ്ടാകാം എളുപ്പത്തിന് വേണ്ടി അക്രമം കണ്ടുപിടിച്ചത്’ എന്ന് കവി. 

ഒരു സ്നേഹവാക്കോ ഒരു കൈസഹായമോ ആരിൽനിന്നും വരാമെന്നും കാലം അത്രയ്ക്ക് കെട്ടു പോയിട്ടില്ല, നിരാശ വേണ്ട  എന്നും  കവി പ്രതീക്ഷയോടെ നമ്മോട് പറയുന്നു. 

കാവ്യാന്നം ഭുജിച്ച കാരണം വിശപ്പും ദാഹവും ഏറുന്ന കവി, അക്ഷരങ്ങളുടെ മഹാ വെളിച്ചത്തിൽ വിസ്മയിച്ചു നിൽക്കുന്നു. 

‘എഴുത്തു വേദനയോളം വരുമോ കഴുത്തു വേദന’ എന്നും ‘തിരക്കിട്ടിറങ്ങുമ്പോൾ എന്തോ മറന്നു. മറന്നത് തന്നെത്തന്നെ’ എന്നും കവിയുടെ ആത്മഭാഷണം.

പുസ്തകത്തിനൊടുവിൽ കവിവാക്യം ഇങ്ങനെ. 

‘ഏറുകില്ലൊട്ടും എത്ര പറഞ്ഞാലും 

അതിനാൽ ഞാനല്പം മാത്രം 

പറഞ്ഞു മതിയാക്കുന്നു.

എങ്കിലും പറയാത്തവ

പൊലിപ്പിക്കുവിൻ നിങ്ങൾ 

നിങ്ങൾക്ക് പറ്റുന്നത്ര 

എനിക്ക് പറ്റാത്തതും’

രവീന്ദ്രൻ പാടിയുടെ കവിതകളിൽ ഭാഷ അതിന്റെ ഏറ്റവും ലളിതമായ  മുഖം അണിയുന്നു. ദുർഗ്രഹമായ പദങ്ങളൊന്നും ഇതിൽ കണ്ടെത്താനാവില്ല. ലളിത പദങ്ങൾ കൊണ്ട് കുറഞ്ഞ വരികളിൽ സുന്ദരമായ കവിത രചിക്കുന്ന രസതത്രം ‘കവര’ യിൽ കാണാം. 

കവിയെയും കവിതയെയും വേർതിരിച്ചു കാണാനാവാത്തത്ര ചേർന്ന് നിൽക്കുന്നു രവീന്ദ്രൻ പാടിയും അദ്ദേഹത്തിന്റെ കവിതകളും. അടിമുടി കവിത തന്നെയായ ഈ തുളുനാടൻ കവിയെ ‘കവര’ വായിച്ചു തന്നെ അറിയേണ്ടതുണ്ട്.

‘എന്റെ കവിത നിങ്ങൾ വായിച്ചാൽ മാത്രം മതി 

കാലം വരവു വച്ചോളും’

എന്ന് കവി തന്നെ പറഞ്ഞു വയ്ക്കുന്നുമുണ്ട്.

English Summary :  Kavara Book By Raveendran Paadi

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;