അഘോരിയാകാൻ പുറപ്പെട്ടൊരാളെക്കുറിച്ച്

aghorikalude-idayil-potrait
SHARE

അഘോരികളുടെ ഇടയിൽ

റിഹാൻ റാഷിദ്

സൂചിക ബുക്സ്

വില :120  രൂപ 

അഘോരികൾ എന്ന പേര് പോലും ഒരു നിഗൂഢതയാണ്. ചിത്രങ്ങളിലും കുംഭ മേളയിലെ വിഡിയോയിലും കാണുന്ന നഗ്നരായ സന്ന്യാസിമാരെക്കുറിച്ച് നെഗറ്റീവായും പോസിറ്റിവായും ഒക്കെ അഭിപ്രായങ്ങൾ പലരും സമൂഹമാധ്യമങ്ങളിൽ എഴുതി വിടാറുണ്ട്. എന്നാൽ പലപ്പോഴും ഇവരുടെ സത്യങ്ങളറിയാതെ എന്തും എത്തും പരിഹാസത്തോടെ മാത്രം കാണുന്നവർ പുതിയൊരു ഇരയെക്കിട്ടിയ പോലെ ആനന്ദിക്കുന്നു അത്രയേ ഉള്ളൂ. ഇതിപ്പോൾ സംസാരിക്കേണ്ടി വരുന്നത് റിഹാൻ റാഷിദ് എഴുതിയ ‘‘അഘോരികളുടെ ഇടയിൽ’’വായിച്ച തുകൊണ്ടാണ്. ഈ പുസ്തകം ഒരു ഫിക്‌ഷനാണ് എന്നെടുത്ത് പറയട്ടെ! ജാതകത്തിലെ ഉള്ളുകള്ളി കൾക്കിടയിലെ ജന്മരഹസ്യം മനസ്സിലാക്കുന്നതോടെ അയാൾ ഒരു യാത്രതുടങ്ങുകയാണ്. കൃത്യമായൊരു ലക്ഷ്യമുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്നതാണ് സത്യം. എന്നാൽ അയാളുടെ ഉള്ളിൽ മഹാരുദ്രനെ അന്വേഷിക്കാനുള്ള ഉത്കടമായ ആകാംക്ഷയുണ്ടായിരുന്നു. 

അമ്മയുടെ ഭീതിയും അച്ഛന് താൻ കാരണം സംഭവിച്ചേക്കാവുന്ന ജീവാപായവുമൊക്കെയാണ് അയാളെ പ്രിയപ്പെട്ടവളായ തനുവിൽ നിന്ന് പോലും അകറ്റി യാത്രയ്‌ക്കൊരുക്കുന്ന പ്രധാന ഘടകം. ഏറ്റവുമടുത്ത ഒരു സുഹൃത്ത് തന്നെയായ ബുള്ളറ്റിൽക്കയറി അയാൾ യാത്ര തുടങ്ങുന്നതോടെയാണ് അഘോരികളുടെ ഇടയിൽ തുടങ്ങുന്നത്. ഒരു നോവലാണെങ്കിലും അതിമനോഹരമായൊരു ട്രാവലോഗ് വായിക്കുന്നത് പോലെ ഓരോ സ്ഥലങ്ങളെയും അനുഭവിച്ച് ബുള്ളറ്റിൽ യാത്ര നടത്താം. ഇടയ്ക്കു നിന്നും ദിക്ഷനും ദ്രുപതും എല്ലാം യാത്രയിൽ പങ്കാളികളായിത്തീരാം, പുതിയ പുതിയ അറിവുകൾ കൊണ്ട് ആത്മാവിനെ നിറയ്ക്കാം. 

അഘോരികളെക്കുറിച്ച് അയാൾ വളരെയേറെ കേട്ടിട്ടുണ്ട്, എന്നാൽ അതിലേക്കുള്ള യാത്ര എത്ര കാഠിന്യമേറിയതാണെന്നു ദിക്ഷനും ദ്രുപതും പറഞ്ഞുകൊടുക്കുമ്പോൾ അയാൾ അമ്പരക്കുന്നുണ്ട്. അഴുകിത്തുടങ്ങിയ ശവത്തിൽ നിന്നും മാംസം ഭുജിക്കുന്ന ദ്രുപത് അയാളിൽ അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്.  ശരീരത്തിന് താങ്ങാനാവുന്നതിലധികമുള്ള തണുപ്പ് അയാളെ അവശനാക്കുന്നുണ്ട്, എങ്കിലും അഘോരികളെക്കുറിച്ചുള്ള അറിവ് നേടുന്ന അയാൾക്ക് അതിലേയ്ക്ക് സഞ്ചരിക്കാനുള്ള ഉത്കടമായ ആഗ്രഹമുണ്ട്, അത്ര പെട്ടെന്ന് അവസാനിക്കാത്ത ഒരു മോഹമാണത്. ഒരുപക്ഷേ തന്നിലേക്ക് ജന്മരാജ്യത്താൽ ബന്ധിച്ചിരിക്കുന്നു ഒരു രഹസ്യം കൂടിയാണത്. എന്നാൽ എന്താണ് ജീവിതത്തിലേയ്ക്ക് , സമാധാനത്തിലേയ്ക്ക് സന്തോഷത്തിലേയ്ക്ക് നടക്കാനുള്ള ആ വഴി? അതയാൾക്ക് തിരിഞ്ഞു കിട്ടുന്നത് നോവലിന്റെ ഒടുവിലാണ്. അതും തീരെ പ്രതീക്ഷിക്കാത്ത ഒരിടത്ത് നിന്നും. 

ഗോവയിലെ ഫെനിയുടെ ലഹരിയിൽ മുങ്ങി അവിടുത്തെ കാഴ്ചകളൊക്കെയും കണ്ടു മഹാരാഷ്ട്രയും ഗ്വാളിയാറും  കടന്നാണ് അയാൾ പ്രയാഗിലും വരണാസിയിലുമെത്തുന്നത്, അതും അതേ ബുള്ളറ്റിൽ. ഇടയ്ക്ക് വച്ച് അയാൾക്ക് നേരിടേണ്ടി വരുന്ന ഒരു ചെറിയ അപകടം അയാളെ ദിക്ഷനിലേയ്ക്ക് കൊണ്ടെത്തിക്കുന്നു. അതൊരു നിയോഗമായിരുന്നിരിക്കണം. ദിക്ഷൻ എന്ന കഥാപാത്രം അയാളുടെ ജീവിതത്തിലേയ്ക്ക് കടന്നു വരേണ്ട ഒരാൾ തന്നെയായിരുന്നു. അയാൾ കടന്നു പോകുന്ന നഗരങ്ങളിലെ കാഴ്‌ചകളും അവസ്ഥകളുമൊക്കെ വളരെ കൃത്യമായി റിഹാൻ വരച്ചിടുന്നുണ്ട്. 

മനോഹരമായ ഭാഷയിൽ ഓരോ ഇടങ്ങളും അവിടുത്തെ പ്രത്യേകതകളും ഇതൊരു മികച്ച ട്രാവലോഗ് ഫിക്ഷനാക്കി തീർക്കുന്നു. ഗോവയിലെ പള്ളി, മഹാരാഷ്ട്രയിലെ കൽക്കരിഖനികളും കാടും,ഭോപ്പാലിലെ ഫാക്ടറികളും മാൾവായിലെ കറുപ്പിന്റെ ഭ്രാന്തുകളും ഖജൂരാഹോയിലെ ചുമർചിത്രങ്ങളും എന്ന് വേണ്ട ഒടുവിൽ വാരണാസിയിലെ അഘോരികളുടെ രഹസ്യ സങ്കേതങ്ങളും ഏതു നേരവും മൃതദേഹങ്ങൾ ഒഴുകി നിറയുന്ന ഗംഗയും അതിലെ ജലം പുണ്യതീർത്ഥമായി കരുതി നാവിലേറ്റുന്ന ഭക്തരും എല്ലാം കാഴ്ചകളാണ്. ചിലപ്പോഴൊക്കെ കാഴ്ചകൾ നമ്മളെ അന്ധരാക്കിത്തീർക്കും, ഛർദ്ദിച്ചു കളയാൻ തോന്നിക്കും, അനുഭവിക്കാൻ തോന്നിക്കും. പോകുന്ന വഴിയിലൊക്കെ അയാൾ ഒരുപാട് പേരെ കണ്ടെത്തുന്നുണ്ട്, ഗോവയിലെ അലോണി, പോകുന്ന വഴിയിൽ കണ്ടെത്തിയ രുദ്ര, അവളുടെ ജീവിതം, മുകൾ കിഷൻ, പിന്നെ ദിക്ഷൻ അങ്ങനെ അങ്ങനെ...

എന്താണ് അഘോരികളെ മുന്നോട്ടു നയിക്കുന്നതെന്നും അവരുടെ ജീവിതമെന്തെന്നും ഈ നോവൽ പറഞ്ഞു തരും. എന്നാൽ ഏറ്റവുമധികം അമ്പരപ്പുണ്ടാവുക എഴുത്തുകാരൻ ഇതുവരെ ഈ ഇടങ്ങളിലൊന്നും പോയിട്ടില്ല എന്ന് കേൾക്കുമ്പോഴാണ്. ഇത്തരത്തിലാണ് ഓരോ സംസ്ഥാനങ്ങളിലെയും വളരെ സൂക്ഷമമായി ജീവിതത്തെപ്പോലും അയാൾ കണ്ടെടുത്ത് ഒരു പുസ്തകാക്കുന്നതെന്നോർക്കുമ്പോൾ എന്ത് പറയേണ്ടൂ! ഫിക്ഷനാണെന്നു സമാധാനിക്കാം, പക്ഷേ സാധാരണമായ ദൃഷ്ടിക്ക് ഗോചരമായ കാഴ്ചകളിൽ മാത്രം അഭിരമിക്കുന്ന ഒരാൾക്കൊരുപക്ഷേ എഴുത്തുകാരന്റെ ഉൾക്കണ്ണിനെ കണ്ടെത്താനാവില്ല. അത് അലൗകികമായ മറ്റൊരു കാര്യമാണ്.

ദേവദാസികൾ, അവരിലെ ഏഴു വിഭാഗങ്ങൾ, അഘോരികൾ എന്നിവയെക്കുറിച്ച് വളരെ ആഴത്തിൽ റിഹാൻ സംസാരിക്കാൻ ശ്രമിച്ചിട്ടുണ്ട്. മുൻപ് പറഞ്ഞതു പോലെ ഇതൊരു യാത്രയാണ്, കേരളത്തിൽ നിന്നും അങ്ങ് വാരണാസി വരെയുള്ള ഒരു യുവാവിന്റെ യാത്ര. മറ്റൊരു താരത്തിൽപ്പറഞ്ഞാൽ അത് അവനവനിലേയ്ക്കു ള്ളൊരു യാത്ര കൂടിയാണ്. ഓരോ തിരിച്ചറിവുകളിലൂടെയും കടന്നു പോയി പല അനുഭവങ്ങളും അനുഭവിച്ച് ഒടുവിൽ എന്താണ് ‘ഞാൻ’ എന്ന് തിരിച്ചറിയാനുള്ളൊരു യാത്ര. നോവലിലെ നായകൻ ഒടുവിൽ ആ തിരിച്ചറിവിലേക്കെത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ പുസ്തകത്തെ മെറ്റേറിയലിസ്റ്റിക്ക് ആയിട്ടും വായിക്കാം അല്ലാതെ ആത്മീയമായിട്ടും വായിക്കാം. യാത്രയെ മനനം ആയി എടുക്കാം. കണ്ടെത്തുന്ന നഗരങ്ങളെയും മനുഷ്യരെയും അനുഭവങ്ങളായി വായിക്കാം,അങ്ങനെ പോയാലും ഒടുവിലെത്തുക എന്താണ് ഞാൻ എന്നതിന്റെ ഉത്തരത്തിലേക്കാവും. റിഹാന്റെ എഴുത്ത് അതുകൊണ്ട് തന്നെ പല ലേയറുകൾ ഉള്ളതാണെന്ന് പറയേണ്ടി വരും.

മലയാളത്തിൽ അധികമൊന്നും ട്രാവലോഗ് ഫിക്ഷൻ ഇറങ്ങിയിട്ടില്ലെന്നാണ് തോന്നുന്നത്. അതുകൊണ്ട് തന്നെ സാഹിത്യത്തിൽ ഈ കൃതിയെ മാറ്റി നിർത്താനാവില്ല. 

English Summary : Aghorikalude edayil Book By Rihan Rashid

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;