കൂട്ടുകാരികളുടെ ശരീരങ്ങളില്‍ ആസക്തിയുടെ ഉത്തരം കണ്ടെത്തിയ ചെറുപ്പക്കാരന്റെ കഥ; ദേവീ നഗരത്തിലെ അഭയാര്‍ഥികളുടെയും...

devi-nagarathile-abhayarthikal-potrait
SHARE

ദേവീ നഗരത്തിലെ അഭയാര്‍ഥികള്‍ 

കെ. ആര്‍. സുരേന്ദ്രന്‍ 

ഭാഷ, കറന്റ് ബുക്സ് തൃശൂര്‍ 

വില 250 രൂപ 

മുംബൈയ്ക്ക് മറ്റൊരു പേരു പറയാമെങ്കില്‍ അതു ദേവീ നഗരം എന്നാണ്. മുംബൈ ദേവിയുടെ ആസ്ഥാനം. ഉപജീവനത്തിനും അല്ലാതെയും എത്തുന്ന ആയിരങ്ങളെ മടിത്തട്ടിലേക്ക് കുട്ടികളെയെന്നപോലെ ഏറ്റുവാങ്ങുന്ന ദേവി. തെക്കന്‍ മുംബൈയില്‍ ജവേരി ബസാറിലാണ് ദേവി മന്ദിര്‍. ദേവീ നഗരത്തില്‍ അഭയാര്‍ഥികളായി എത്തിയവരില്‍ എല്ലാക്കാലത്തും മലയാളികളുമുണ്ട്. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്ന് എത്തിയ സ്ത്രീപുരുഷന്‍മാര്‍. അവരുടെ കഥകള്‍ മുന്‍പും പുസ്തകമായിട്ടുണ്ട്. എന്നാലും എത്ര എഴുതിയാലും തീരില്ല മുംബൈയുടെ കഥകള്‍. എത്ര പറഞ്ഞാലും മടുക്കില്ല. ദുരന്തങ്ങളെയും ദുഃഖങ്ങളെയും അതിജീവിച്ച്, ചിരിച്ചും കരഞ്ഞും ജീവിതം തുടരുന്ന മഹാനഗരം.

കെ.ആര്‍. സുരേന്ദ്രന്‍ എന്ന എഴുത്തുകാരനും മുംബൈയെക്കുറിച്ചു തന്നെയാണ് എഴുതുന്നത്.  പല കാലങ്ങളിലായി മഹാനഗരത്തില്‍ ജീവിതം മോഹിച്ച് എത്തിയവരെക്കുറിച്ചും. അവരില്‍ പലര്‍ക്കും ജീവിച്ചിരിക്കുന്നവരുമായി അടുത്ത സാദൃശ്യം ഉണ്ടെന്ന് എഴുത്തുകാരന്‍ സമ്മതിക്കുന്നുണ്ട്. കുറച്ചൊക്കെ ഭാവനയും. എന്തായാലും ഈ അഭയാര്‍ഥികള്‍ ഒരു യാഥാര്‍ഥ്യമാണ്. അവരുടെ പ്രശ്നങ്ങളും. 

ഒരാളല്ല, ഒരാള്‍ക്കൂട്ടം തന്നെയാണ് ദേവീനഗരത്തിലെ അഭയാര്‍ഥികള്‍ എന്ന നോവലിലെ പ്രധാന കഥാപാത്രം. വി.പി. കൈമള്‍, ജോസഫ്, ബാലു, രവി.ശങ്കര്‍,വില്‍ഫ്രഡ്, വിമ്മി, നിമ്മി, ലീലാമ്മ, കൊച്ചുമോള്‍, ഹിമ്മദ് സിങ് അദ്വാനി, അലുവാലിയ. പിന്നെ, മുഖമില്ലാത്ത എല്ലാറ്റിനും സാക്ഷിയായ ദേവീനഗരവും. 

ഒരുകാലത്ത് ശരാശരി മലയാളികളുടെ ഏറ്റവും വലിയ പ്രതീക്ഷയായിരുന്നു മുംബൈ നഗരം. തൊഴില്‍ തേടിപ്പിടിക്കാന്‍. അങ്ങനെ കുടുംബത്തെ രക്ഷിക്കാന്‍. നാട്ടില്‍ നിന്നു മാറിനില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്. ഒളിച്ചോടുന്നവര്‍ക്ക്. അവരെല്ലാം നഗരത്തിലെത്തുന്നതോടെ ആള്‍ക്കൂട്ടത്തിന്റെ ഭാഗമാകുന്നു. മുഖമില്ലാതാ കുന്നു. രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ ഒഴുകിക്കൊണ്ടേയിരിക്കുന്നു. ദേവീനഗരത്തിലെ അഭയാര്‍ഥികളില്‍ എങ്ങോട്ടെന്നില്ലാതെ മറഞ്ഞുപോകുന്ന രണ്ടു കഥാപാത്രങ്ങളുണ്ട്. ബാലുവും രവിയും. 

ബാലു തൊഴില്‍ തേടി നഗരത്തിലെത്തി പടിപടിയായി ഉയര്‍ന്നങ്കിലും വഴിതെറ്റിപ്പോയ ചെകുത്താനാണ്. മദ്യത്തില്‍ അഭയം കണ്ടെത്തി, കൂട്ടുകാരികളുടെ ശരീരങ്ങളില്‍ ആസക്തിയുടെ ഉത്തരം കണ്ടെത്തിയ ചെറുപ്പക്കാരന്‍. ഇനിയും സുഖമായി മുന്നോട്ടുപോകാനാകുമെന്ന ഒരു ഘട്ടത്തില്‍ അയാള്‍ എല്ലാം മതിയാക്കുകയാണ്. എങ്ങോട്ടെന്നില്ലാതെ തിരോധാനം ചെയ്യുന്നു. കൂട്ടുകാര്‍ അയാളെ തേടുന്നുണ്ട്. ചിലരൊക്കെ ചിലപ്പോഴെല്ലാം അയാളെ കണ്ടുമുട്ടുന്നുമുണ്ട്. റെയില്‍വേ പ്ലാറ്റ് ഫോമില്‍, ബസ് സ്റ്റോപ്പില്‍, നിരത്തില്‍. ഓടി അടുത്തെത്തുമ്പോഴേക്കും എങ്ങോട്ടോ മറഞ്ഞുപോകുന്നു. അഥവാ ആള്‍ക്കൂട്ടത്തില്‍ ലയിക്കുന്നു. ചിലപ്പോള്‍ രാത്രി വാതിലില്‍ മുട്ടുകേട്ട് ഉണരുമ്പോള്‍ അയാളാണ്. വാതില്‍ തുറന്നുകൊടുത്ത് കിടക്ക കാണിച്ചുകൊടുക്കുന്നു. രാവിലെ എഴുന്നേല്‍ക്കുമ്പോഴാകട്ടെ അയാളെ കാണാനേയില്ല. 

കാമുകിയുടെ നിര്‍ബന്ധം സഹിക്കാതെയാണ് രവി മുംബൈയില്‍ വരുന്നത്. നാട്ടില്‍ സാധ്യമാകാത്ത ജീവിതം മറുനാട്ടില്‍ സഫലമാക്കാന്‍. എന്നാല്‍ നഗരത്തില്‍ വച്ച് പ്രിയപ്പെട്ടവളെ അയാള്‍ക്കു നഷ്ടമാകുന്നു. അവിശ്വസനീയമായ രീതിയില്‍. പ്രണയത്തിന്റെ പരാജയം എന്നതിനേക്കാള്‍ ജീവിത ദുരന്തമാണ് അയാളെ വേട്ടയാടുന്നത്. ഒടുവില്‍ തന്റെ പ്രതിയോഗിയില്‍ പ്രതികാരം തീര്‍ത്തിട്ട് അയാളും അപ്രത്യക്ഷനാകുന്നു. എവിടെ, എപ്പോള്‍, എങ്ങനെ എന്നിങ്ങനെയുള്ള സൂചനകളൊന്നും ഇല്ലാതെ. അയാളുടെ കാമുകിയായ കൊച്ചുമോളാണ് ദേവീനഗരത്തിലെ ദുരന്ത കഥാപാത്രം. അയ്മനത്തു നിന്നും രവിയുടെ കൂടെ മുംബൈ നഗരത്തിലേക്ക് ഒളിച്ചോടിയ അവര്‍ തിരിച്ചുവരാനാവാത്ത പതനത്തിന്റെ വാരിക്കുഴിയിലാണു പതിക്കുന്നത്. കൊച്ചുമോളുടെ ജീവിതത്തിന് അന്നും ഇന്നും മറ്റനേകം യുവതികളുടെ ജീവിതവുമായി സാമ്യമുണ്ട്. മുംബൈ ദേവിക്കു പോലും രക്ഷിക്കാന്‍ കഴിയാത്ത, വിധിയുടെ ബലിമൃഗങ്ങളാകുന്ന യുവതികള്‍. കാതോര്‍ത്താല്‍ ഇപ്പോഴും കേള്‍ക്കാം അവരുടെ പൊട്ടിച്ചിരികളും അമര്‍ത്തിയ ഗദ്ഗദങ്ങളും. 

ദേവീനഗരത്തില്‍ അഭയാര്‍ഥികളായെത്തിയ ബാലുവും രവിയുമുള്‍പ്പെടെയുള്ളവരുടെ ദുരന്തങ്ങള്‍ ഒരു ദൃക്സാക്ഷിയുടെ നിസ്സംഗതയോടെയാണു സുരേന്ദ്രന്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ നിഷ്പക്ഷവും നിര്‍വികാരവുമെന്നും തോന്നാവുന്ന ഭാഷയ്ക്കുള്ളില്‍ പൊട്ടിച്ചിതറാന്‍ കാത്തിരിക്കുന്ന ബോംബുകള്‍ പോലെ  വികാരങ്ങളെ ഉള്‍ക്കൊള്ളിക്കാനും കഴിഞ്ഞിട്ടുണ്ട്. ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങള്‍. അവരുടെ ജീവിതമാണ് നോവലിന്റെ കരുത്ത്. സഹനങ്ങളാണ് കഥാപാത്രങ്ങ ളുടെ ജീവന്‍. അനുഭവങ്ങളാണ് വായനയെ സജീവമാക്കുന്നത്. മുംബൈ ഒരത്ഭുതം തന്നെ. ദേവി സര്‍ശക്തയും ! 

English Summary : Devi Nagarathile Abhayarthikal Book By K.R Surendran

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;