നിയോഗങ്ങളുടെ തുടർച്ചകളിൽ ‘ഇനി’

ini-potrait
SHARE

‘ഇനി’ എന്ന പേര് ഒരു ചോദ്യചിഹ്നമായി ആദ്യമേ നമ്മളിൽ നിറയുമെങ്കിലും കവർ പേജിലെ അതിമനോഹരമായ ചിത്രത്തിന്റെ നേർക്കുനേരെയുള്ള ഇരുണ്ട കാഴ്ചകളിൽ മനസ്സുടക്കിനിന്ന് പതിയെ ഉൾതാളുകളിലേക്ക് നമ്മൾ ഊർന്നിറങ്ങുമ്പോൾ ഇനി എന്നത് ഒരു തുടർച്ചയാണല്ലോ എന്ന് നമ്മളെ  അദ്ഭുതപ്പെടുത്തുന്ന ഒരു മാന്ത്രിക കഥാശൈലി ‘ഇനി’യിലുടനീളം ഒളിപ്പിച്ചു വച്ച്  ദാസ് വടക്കാഞ്ചേരി എന്ന യുവ സാഹിത്യകാരൻ നമ്മെ ഓർമ്മകളുടെ നനഞ്ഞ തീരങ്ങളിൽ കൈപിടിച്ചു നടത്തുന്നു .

മാനുഷിക മൂല്യങ്ങളുടെ സാമ്പ്രദായിക ചുറ്റുപാടുകൾ ഒരു ആദിവാസി സമൂഹവുമായി ബന്ധപ്പെടുത്തി വേറിട്ട സംഭാഷണശൈലിയിൽ വളരെ നേർത്ത് പറഞ്ഞു പോകുമ്പോൾ നാം തിരിച്ചറിയുന്നു ഇന്നിന്റെ നാഗരികതയുടെ പതിഞ്ഞ, നിറമറ്റ പ്രാകൃത വ്യവസ്ഥിതിയുമായി കഥാകാരൻ എത്ര മാത്രം കലഹിക്കുന്നു എന്ന് . ജീവിതം അർഥമില്ലാതെ  നേർക്കുനേർ വരുമ്പോൾ നാമെല്ലാം എത്ര നിസ്സഹായർ  എന്ന സത്യം തുറന്നു കാട്ടി, അതിന് എഴുത്തുകാരന്റെ ശക്തമായ മറുപടി കൂടിയാണ് ഇനി എന്ന നോവലൈറ്റ് . 

ജീവിതങ്ങൾ ആവർത്തനങ്ങളാണെന്നും ലക്ഷ്യമില്ലായ്മകളിലും ചില ലക്ഷ്യങ്ങൾ നമ്മളറിയാതെ നമ്മെ പിന്തുടരുമെന്നും കാലാന്തരങ്ങളിൽ ചില വിയോഗങ്ങൾ നിയോഗങ്ങളായി കടന്നുവരുമെന്നും അതെല്ലാം തലമുറകളിലേക്കായി നമ്മുടെ അടയാളപ്പെടുത്തലാണെന്നും ദാസ് ഇവിടെ പ്രതിപാദിക്കുന്നു.

എഴുത്തുകാരൻ പ്രകൃതിയുമായി എത്രമേൽ ചേർന്നു നിൽക്കുന്നു എന്നതിന് അടുത്ത കാലത്തു ഞാൻ കണ്ട ഏറ്റവും  നല്ല ഉദാഹരണമാണ് ദാസ് എന്ന പച്ചയായ മനുഷ്യൻ. മനസ്സ് നിറയ്ക്കാൻ കാടും മേടും മലകളും പുഴകളും നടന്ന് കയറി നിശബ്ദതയെ പ്രണയിച്ച് ദാസ് മുൻകാലങ്ങളിൽ നടത്തിയ യാത്രകൾ എത്രത്തോളം  ആഴത്തിൽ ആ മനസ്സിൽ പതിഞ്ഞു എന്നതിനു തെളിവായി ഈ നോവലൈറ്റിൽ ഉടനീളം  പച്ചപ്പും തണുപ്പും കൊച്ചരുവികളും മഴച്ചാറലും വരാന്തകളും ഇരുണ്ടനാഥമായ ഇടനാഴികളും  പ്രകൃതിയുടെ അതിസൂക്ഷ്മ ഭാവങ്ങളും അതിന്റെ വശ്യമായ സംഗീതവും നിറവ്യത്യാസങ്ങളും. അതിലെല്ലാം എത്രമേൽ മനോഹരമായി ജീവിതം തുടിച്ചു നിൽക്കുന്നു എന്നത് നമുക്ക് ഒരു നവ്യാനുഭവമായി തോന്നും ഈ കഥയിലുടനീളം.

ഇനി എന്ന ഈ തുടർച്ച ഒരു ദാർശനികന്റെ പ്രതീക്ഷയാണ് കാത്തിരിപ്പാണ്, പ്രണയമാണ്, പൂർവ കാമനകളുടെ കാടുപൂക്കുന്ന ഓർമകളാണ്, മഞ്ഞളും അരിപ്പൊടിയും കാവാട്ടം നടത്തി നിറഞ്ഞാടിയ കൊഴിഞ്ഞുപോയ ഒരു കാലഘട്ട സംസ്കൃതിയാണ്. കഥാപാത്രങ്ങളിലേക്ക് അതീന്ദ്രീയ പ്രവചനങ്ങളുമായി കഥാകാരൻ നേരിട്ട് നടത്തുന്ന ഒരു പരകായപ്രവേശമാണ്  മാധവൻ എന്ന കഥാപാത്രം. സത്യമോ മിഥ്യയോ തുടർച്ചയോ എന്ന് തിരിച്ചറിയാനാവാതെ നാം നമ്മിലേക്ക് ചില നിമിഷങ്ങളിൽ നോക്കിനിന്ന് കാഴ്ചകളുടെ  ധ്യാനത്തിൽ സ്വയം ഒരു ചിത്രം വരച്ച് പോകുന്ന പോലെ  അനവധി ദൃശ്യങ്ങൾ ഈ കഥയിൽ ഉടനീളം നമുക്കു കാണാനാകും. 

സ്ത്രീപുരുഷ ബന്ധങ്ങളിലെ പ്രവചനാതീതമായ മാനസികാവസ്ഥകളിലൂടെ ദാസ് നടത്തിയ യാത്ര നമുക്ക്‌ ദർശിക്കാനാവും. കഥയിൽ കുറച്ച് ഭാഗത്ത് മാത്രമേ വരുന്നുള്ളൂവെങ്കിലും നാരായണിയുടെ മാനസിക വ്യാപാരങ്ങളിൽ ദാസ് നടത്തിയ പാത്രസൃഷ്ടി, നാരായണി കഥയിലുടനീളം നിറഞ്ഞ് നിൽക്കുന്ന പ്രതീതി നമ്മിൽ ജനിപ്പിക്കുന്നു അതൊരുപക്ഷേ ഭൂതകാലം മുതൽ വർത്തമാനകാലവും കടന്ന് ഭാവിയിലേക്ക് നീളുന്നുമുണ്ട്. സ്ത്രീ എന്ന പ്രകൃതിയെ കഥാകാരൻ നോക്കിക്കാണുന്ന അതിമനോഹര സ്നേഹചിത്രം ഇവിടെ നിറഞ്ഞു നിൽക്കുന്നു...

എനിക്കുറപ്പിച്ച് പറയാനാകും ഇനി എന്ന നോവലെറ്റ് ദാസിന്റെ എഴുത്തുവഴിയുടെ ആദ്യപടിയാണെങ്കിലും അതൊരു  തുടർച്ചയായിരിക്കും .... ഇനി എന്ന നോവലെറ്റ് വിരൽ ചൂണ്ടുന്നത് അതിലേക്ക് തന്നെയാണ് . അടയാളപ്പെടുത്തലുകളുടെ ചില അപൂർവ്വം കയ്യൊപ്പുകളിലൊന്നായി ഞാനിതിനെ കാണുന്നു 

നിറങ്ങളും ജീവിതവും സമദൂരത്തിൽ ചാലിച്ച്  കാൻവാസിൽ ദാസ് വടക്കാഞ്ചേരി എന്ന  പ്രശസ്തനായ ചിത്രകാരൻ വരച്ച ഒരു മനോഹര ചിത്രമാണ് ഇനി.... എഴുത്തിന്റെ  നാൾവഴികളിൽ ദാസിനും അദ്ദേഹത്തിന്റെ ഈ നോവലൈറ്റിനും മലയാള സാഹിത്യലോകത്ത് ഒരിടം  ഉറപ്പായും ലഭിക്കുമെന്ന്  ഉറച്ചു വിശ്വസിക്കുന്നു.

English Summary : Ini Book By Das Vadakancherry

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;