ADVERTISEMENT

പുറ്റ് 

വിനോയ് തോമസ് 

ഡിസി ബുക്സ് 

വില 399 രൂപ 

 

ഭാവന,പച്ച ഭാവന,വൃത്തികെട്ട ഭാവന. വിനോയ് തോമസ് തന്റെ നോവല്‍  ‘ പുറ്റ്’  ഭാവനയെന്ന് ആവര്‍ത്തി ക്കുന്നുണ്ടെങ്കിലും വായനക്കാര്‍ പറയുന്നത് മറിച്ചാണ്. ‘എടാ, ഇത് ഇന്ന സ്ഥലമല്ലേ ? അവിടെയൊണ്ടായി രുന്ന ആളല്ലേ ഇയാള് ? എനിക്കറിയാം മോനേ.. ’. ആളുകള്‍ മാത്രമല്ല, ആ സ്ഥലവും കുറച്ചൊക്കെ പരിചിത മല്ലാത്ത ആരുണ്ട്. പെരുമ്പാടി. കുടിയേറ്റത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷിച്ച മലയോര ഗ്രാമം. എന്നാല്‍ മലബാറിലെ മറ്റൊരു ഗ്രാമത്തിനുമില്ലാത്ത കുപ്രസിദ്ധി പെരുമ്പാടിക്കുണ്ടെന്നു മാത്രം. 

 

 

‘ മലബാര്‍ കൊള്ളുകേലാത്ത സ്ഥലമൊന്നുമല്ല. ഇരുപുഴയിലും എടൂരും ചേരാവൂരും ചെമ്പേരീലുമൊക്കെ ആളുകള്‍ അന്തസ്സായിട്ടു പണിയെടുത്തു ജീവിക്കുന്നുണ്ട്. പക്ഷേ, ഈ പെരുമ്പാടി ഞാന്‍ കേട്ടിടത്തോളം ഇതു സോദോംഗോമോറയാ. ഒള്ള പിടിച്ചുപറിക്കാരും തെമ്മാടികളും കൊലപാതകികളും മറ്റുള്ളവന്റെ പെണ്ണുങ്ങളേംകൊണ്ട് പോന്നോമ്മാരുമൊക്കെ പൊലീസിനെ പേടിക്കാതെ ഒളിച്ചുതാമസിക്കുന്ന ഇടം’.  അതറിഞ്ഞിട്ടും ചിന്ന അവിടെത്തുടര്‍ന്നു. ആദ്യകാല കുടിയേറ്റ കുടുംബത്തിലെ അംഗവും ഒരു അപവാദ കഥയിലെ നായികയുമായിരുന്നല്ലോ ചിന്ന. 

 

 

ഗര്‍ഭിണിയായ മകളുമായി പെരുമ്പാടിയിലേക്ക് ഒളിച്ചോടിയെത്തിയ ചെറുകാനാ കാരണവര്‍ തുടങ്ങിവച്ച ജീവിതകഥയിലെ നായിക. അവരുടെ പാപം അവിടെ അവസാനിച്ചില്ല. പാപത്തിന്റെ കഥകള്‍ ആവര്‍ത്തിച്ചു കൊണ്ടേയിരുന്നു. വിലക്കപ്പെട്ട കനിയുടെ സ്വാദില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ പെരുമ്പാടിയുടെ മധ്യസ്ഥനായ ജെറമിയാസിനുപോലും കഴിഞ്ഞുമില്ല. സത്യത്തില്‍ കര്‍മ്മങ്ങളെ തെറ്റും ശരിയുമായി തിരിക്കുന്നത് മനുഷ്യന്റെ കുട്ടുജീവിതമല്ലേ. അപ്പോഴല്ലേ ഒരാളുടെ ശരി മറ്റൊരാളുടെ തെറ്റായി മാറുന്നത്. അല്ലെങ്കില്‍ ഏതാണ് ശരിയായ കര്‍മം. എന്താണ് തെറ്റ്. ആര്‍ക്കറിയാം ! 

 

 

പെരുമ്പാടിയിലെ രണ്ടു തലമുറകളുടെ കഥയാണ് വിനോയ് തോമസ് പുറ്റില്‍ പറയുന്നത്. പുറ്റ് ചിതല്‍പുറ്റ് തന്നെ. ഉറുമ്പിന്റെ പുറ്റും ആകാം. ഉള്ളില്‍ അനേകം അറകളുള്ള പുറ്റ്. ഓരോ അറയിലും തിങ്ങിനിറഞ്ഞു പാഞ്ഞുകൊണ്ടിരിക്കുന്ന ജീവിതങ്ങള്‍. പുറ്റിന്റെ തലകളിലൊന്ന് മെല്ലെയടര്‍ത്തി നോക്കുന്ന എഴുത്തുകാരന്‍ കാണുന്ന കാഴ്ചകളാണ് നോവലിന്റെ ഉള്ളടക്കം. അതു മറയും മറവുമില്ലാതെ പുറ്റില്‍ വായിക്കാം. 

 

 

സെന്‍സര്‍ഷിപ്പിന്റെ കത്രികയില്‍നിന്ന് രക്ഷപ്പെട്ട ജീവിതങ്ങളുടെ കഥ. അവരുടെതന്നെ ഭാഷയില്‍. അതില്‍ പുതിയ തലമുറ രഹസ്യമായിപ്പോലും ഉച്ചരിക്കാത്ത പച്ചത്തെറികളുണ്ട്. പദപ്രയോഗങ്ങളുണ്ട്. ഇന്നത്തെ തലമുറയ്ക്ക് സ്വപ്നം കാണാന്‍പോലും കഴിയാത്ത ഹിതവും അവിഹിതവുമായ ബന്ധങ്ങളുണ്ട്. പൊരുത്ത ങ്ങളും പൊരുത്തക്കേടുകളുമുണ്ട്. അവയെല്ലാം തനിമയോടെ വിനോയ് തോമസ് അവതരിപ്പിച്ചിരിക്കുന്നു. 

 

 

ഇവയെല്ലാം കഥകളാണെന്നു പറഞ്ഞാലും ഉറപ്പ്; ജീവിതവുമാണ്. ഭാവനയാണെന്നു പറഞ്ഞാലും തീര്‍ച്ച; യാഥാര്‍ഥ്യവുമാണ്. ഒരിക്കല്‍ ഒരു തലമുറ ഇങ്ങനെയൊക്കെ ജീവിച്ചിരുന്നു. ഇന്നുമുണ്ടാകും ഇങ്ങനെയൊ ക്കെ ജീവിച്ചിക്കുന്നവര്‍. പക്ഷേ, പുറത്തു പറയുമ്പോള്‍ അതൊക്കെ മറച്ചുവയ്ക്കേണ്ടിവരും. വലിയ പാരമ്പര്യ വും അച്ചടക്കവും ദൈവഭയവും ശ്രേഷ്ഠത്വവുമുള്ള മഹത് കുടുംബങ്ങളാണ് നല്ല ഒരു സമൂഹത്തിന്റെ അടി സ്ഥാനമെന്നും നമ്മുടെ ഭൂരിഭാഗം കുടുംബങ്ങളും അത്തരത്തിലുള്ളതാണെന്നും മാത്രമേ പറയാന്‍ കഴിയൂ. അതല്ലേ സംസ്കാരം. ആ അര്‍ഥത്തില്‍ സംസ്കാരമില്ലാത്ത നോവലാണ് പുറ്റ്. ആഭാസമാണ്, അശ്ലീലമാണ്. എന്നാല്‍ അതൊട്ട് നിസ്സാരമായി തള്ളക്കളയാനുമാകില്ല. പുറ്റില്‍ തിങ്ങിനിറഞ്ഞു പാഞ്ഞുകൊണ്ടിരിക്കുന്ന ജീവിതത്തെ അങ്ങനെയങ്ങ് തള്ളിക്കളയാനുമാകുമോ. 

 

പെരുമ്പാടിയെന്ന പുറ്റിന്റെ കഥ വളരെപ്പണ്ടെന്നോ നടന്നതൊന്നുമല്ല. ആദ്യകാല കുടിയേറ്റത്തില്‍തുടങ്ങി ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്ന ഒരു ഒഴുക്കാണത്. പെരുമ്പാടിപ്പുഴ പോലെ. പുതിയ കാലത്തിന്റെ ആകുലതകളിലേക്കും ആശങ്കകളിലേക്കും തനതായ പ്രശ്നങ്ങളിലേക്കും പെരുമ്പാടി എത്തുന്നുമുണ്ട്. ട്രാന്‍സ്ജെന്‍ഡര്‍ പ്രശ്നം പോലുള്ളവയില്‍. സ്വന്തം ജീവിതം തിരിച്ചുപിടിക്കുന്ന സ്ത്രീകളുടെ അപൂര്‍വ അനുഭവങ്ങളില്‍. മറ്റുള്ളവരെ തിരുത്താന്‍ ശ്രമിച്ച് ഒടുവില്‍ സ്വന്തം തെറ്റിന്റെ മുന്‍പില്‍ വിചാരണയ്ക്കു കാത്തിരിക്കുന്ന മനുഷ്യന്റെ നിസ്സഹായതയില്‍. 

 

 

പെരുമ്പാടിക്കാര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണവിഭവങ്ങളിലൊന്നാണ് കപ്പ ബിരിയാണി. പുസ്തകങ്ങളും കപ്പ ബിരിയാണി പോലെയാകണം എന്നാണ് പെരുമ്പാടിക്കാര്‍ ആഗ്രഹിക്കുന്നത്. വായിച്ചുകഴിഞ്ഞാലും അതിന്റെ മസാല നിറഞ്ഞ എരുവങ്ങനെ ഉള്ളില്‍ കിടക്കണം. വെന്തുടഞ്ഞ വെണ്ണക്കപ്പ പോലെ വിരലില്‍ തോണ്ടി നാവിലിട്ട് അലിയിച്ചെടുക്കാന്‍ പറ്റുന്നത്ര ലഘുവായിരരിക്കണം, ഇടയ്ക്കിടയ്ക്ക് കടിച്ചുപറിക്കാനും ചവച്ചെടുക്കാനും എല്ലിനിടയ്ക്കത്തെ ഇറച്ചിപോലെയെന്തെങ്കിലും വേണമെന്നൊക്കെയാണ് അതിന്റെ അര്‍ഥം. 

 

 

പുണ്യപാപങ്ങളുടെ പെരുമ്പാടിയില്‍ ഒരു ഗ്രന്ഥാലയവുമുണ്ട് കേട്ടോ. അവിടെനിന്ന് പുസ്തകങ്ങള്‍ അചുംബിതരായ രഹസ്യകാമുകിമാരെപ്പോലെയാണ് വായനക്കാരന്റെ കൂടെപ്പോയിരുന്നത്. തിരികെവരുന്നതോ പീഡിപ്പിക്കപ്പെട്ട് മരണാസന്നരായിട്ടും. പെരുമ്പാടിയുടെ കഥ പറയുന്ന പുറ്റിന്റെ വിധിയും അങ്ങനെയായിരിക്കുമോ ? അങ്ങനെയാകാം. അങ്ങനെയല്ലാതെയുമാകാം. തീര്‍ച്ച പറയാന്‍ ആര്‍ക്കാണ് പറ്റുക. 

 

 

ജീവിതത്തില്‍ മനുഷ്യന്‍ നടത്തുന്ന നെട്ടോട്ടങ്ങളെപ്പറ്റി, വേദനകളെയും ആഹ്ലാദങ്ങളെയും കുറിച്ച് ജറമിയാസിന്റെ ഒരു സാരോപദേശ കഥയില്‍ ഇതു നിര്‍ത്താം. ബാക്കിയൊക്കെ വായിച്ചുതന്നെ അറിയൂ. 

ഉറുമ്പുകളങ്ങനെ എടുക്കാന്‍ പറ്റാത്ത ചുമടുമായിട്ട് പുറ്റിലേക്ക് പോകുന്നതിനിടയില്‍ വഴിക്കു തടസ്സമായി ഒരു കല്ലു കാണും. അതൊഴിവാക്കി ചുറ്റിയങ്ങനെ പോകാവുന്നതേയുള്ളൂ. പക്ഷേ, വിശേഷ ബുദ്ധിയില്ലാ ത്തതുകൊണ്ട് അതുങ്ങളാ വലിയ ഭാരവും വലിച്ചു കല്ലിന്റെ മുകളില്‍ക്കൂടി കയറും. എന്നിട്ട് ദിവസം മുഴുവന്‍ അവിടെകിടന്ന് വിഷമിക്കും. മനുഷ്യനടക്കമുള്ള എല്ലാ ജീവികളുടെയും കാര്യം ഇത്രേയുള്ളൂ. നിസ്സാരമായി ഒഴിവാക്കി പോകാവുന്നതേ ഉണ്ടാവൂ. പക്ഷേ, നമ്മളതേല്‍ പിടിക്കും. ങാ, പിന്നെ ജീവിതം എങ്ങനെയെങ്കിലു മൊക്കെ ജീവിച്ചുതീരണ്ടേ ! 

 

English Summary : Puttu Book By Vinoy Thomas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com