ADVERTISEMENT

നിലാവിന്റെ പെണ്ണുങ്ങൾ

ജോഖ ആൽഹാർതി

ഒലിവ് പബ്ലിക്കേഷൻസ് 

 

പലകാരണങ്ങൾ കൊണ്ടും നോവൽ ചരിത്രത്തിൽ ഇടം പിടിച്ച നോവലാണ് ജോഖ ആൽഹാർതിയുടെ ‘നിലാവിന്റെ പെണ്ണുങ്ങൾ’. ഒരു ഒമാനി വനിതയുടെ, ഇംഗ്ലിഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ആദ്യത്തെ നോവൽ, അറബിയിൽ മാൻ ബുക്കർ ഇന്റർനാഷനൽ പ്രൈസ് നേടിയ ആദ്യ നോവൽ എന്നിങ്ങനെ വിശേഷണങ്ങൾ നിരവധിയാണ്. 1950 കളോടെ ബ്രിട്ടനിൽനിന്നു സ്വാതന്ത്ര്യം നേടിയതിനു ശേഷമുള്ള തുടർവർഷങ്ങളിൽ ആൽ അവാഫിയെന്ന ഗ്രാമത്തിലെ മൂന്നു സഹോദരിമാരുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിതങ്ങളുടെയും കഥയാണ് നോവൽ പറഞ്ഞു വയ്ക്കുന്നത്. 

 

അബ്ദുല്ലയെ കല്യാണം കഴിക്കുന്ന മയ്യാ, തന്റെ ഉത്തരവാദിത്തബോധം ഉൾക്കൊണ്ട് വിവാഹം കഴിക്കുന്ന അസ്മ, കാനഡയിലേക്ക് കുടിയേറിയവളും താൻ  സ്നേഹിക്കുന്ന പുരുഷനുമായി വീണ്ടുമൊരു ഒത്തുചേര ലിനായി കാത്തിരിക്കുന്നവളുമായ ഖൌല. 

 

 

മൂന്നുപേരും ഒരു ഉയർന്ന കുടുംബത്തിൽ ജനിച്ചുവെങ്കിലും ഓരോരുത്തരും വ്യത്യസ്തവും വ്യക്തിപരവും സാമൂഹികവുമായ പ്രചോദനങ്ങളിൽ പെട്ട് വിവാഹിതരാകുന്നു. അവരുടെ ആ ജീവിതം ചുറ്റുമുള്ള മറ്റ് ആളുകളുടെ ജീവിതത്തെയും സ്വാധീനിക്കുന്നുണ്ട്.

 

 

ഒരേസമയം ശക്തരും ദുർബലരുമായ സ്ത്രീകൾ; എന്നാൽ അവർ സ്വന്തം മണ്ണിൽ എങ്ങനെ അന്യവൽക്കരി ക്കപ്പെടുന്നുവെന്ന് നോവലിൽ കാണാം. ഓരോ സ്ത്രീകഥാപാത്രവും മറ്റൊന്നിൽ നിന്നു തികച്ചും വ്യതസ്ത മാണ്. അവരുടെ വ്യക്തിത്വവും അതിന്റെ വിവിധ വശങ്ങളും സൂക്ഷ്മതയോടെ നോവലിൽ കൈകാര്യം ചെയ്തിരിക്കുന്നു. അത്തരം വിഷയങ്ങളാണ് നോവലിനെ മുന്നോട്ട് കൊണ്ടുപോകുന്നതും.

 

 

 

1950 കൾ മുതലുള്ള സംഭവങ്ങളാണ് നോവലിനെ മുന്നോട്ടുകൊണ്ടുപോകുന്നതെങ്കിലും 1880 മുതലുള്ള ഒമാനി കുടുംബങ്ങളുടെയും പിൻതലമുറക്കാരുടെയും  കഥയാണിത്. 58 അധ്യായങ്ങളിലായി അവ പരന്നു കിടക്കുന്നു. നോവലിലെ പ്രധാന കഥാപാത്രമായ ദരീഫ ആഫ്രിക്കൻ വംശജരായ അടിമകളുടെ കുടുംബ ത്തിൽ ജനിച്ച ഒരു അടിമസ്ത്രീയാണ്. അവർക്ക് ആൽ അവാഫി ഗ്രാമമല്ലാതെ മറ്റൊരിടത്തേക്കുറിച്ചും അറിയില്ല. ഒമാന്റെ ചരിത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ നോവലിൽ പലയിടങ്ങളിലായി ചിതറിക്കിടക്കുന്നുണ്ട്. 1970 ൽ അവസാനിച്ച ഒമാനിലെ അടിമത്തത്തെ കുറിച്ചും നോവലിൽ പരാമർശമുണ്ട്. അതുപോലെ 1920 ലെ സിബ് ഉടമ്പടിയെക്കുറിച്ചും പറയുന്നു. 

 

 

 

നോവൽ എഴുതപ്പെട്ടത് 2010 ലാണ് .സയ്യിദാത്തുൽ ഖമർ എന്ന നോവൽ പേര് നേരെ ഇംഗ്ലിഷിലേക്കാക്കിയാ ൽ ലേഡീസ് ഓഫ് മൂൺ എന്നാകും. പക്ഷേ മർലിൻ ബൂത്ത് അതിന്റെ ഇംഗ്ലിഷ് വിവർത്തനം ചെയ്തപ്പോൾ ഇട്ട പേര് Celestial Bodies എന്നായിരുന്നു. നോവലിന്റെ അറബിപ്പേരിൽ നിന്നു  മലയാളത്തിലേക്ക് വിവർത്തനം ചെയ്താൽ ചന്ദ്രന്റെ പെണ്ണുങ്ങൾ എന്നർഥം വരും. അത്തരമൊരു പേര് ഉള്ളടക്കത്തിനെ ചൊല്ലിയുള്ള വായനക്കാരുടെ പ്രതീക്ഷകളെ തകിടം മറിച്ചേനെ ! മലയാളത്തിലേക്കെത്തിയപ്പോൾ നോവലിന്റെ പേര് നിലാവിന്റെ പെണ്ണുങ്ങൾ എന്നായി. മനോഹരമായ തലക്കെട്ട്.

 

 

മലയാള വിവർത്തനം ചെയ്തിരിക്കുന്നത് ഡൽഹി സർവകലാശാലയിലെ ഇംഗ്ലിഷ് ഗവേഷണ വിദ്യാർഥി ഇബ്രാഹിം ബാദ്ഷ വാഹിയാണ്. മറ്റൊരു പ്രധാന കാര്യം, ഇത് അറബിയിൽനിന്നു നേരിട്ടുള്ള മൊഴിമാറ്റമാ ണ്. അതുകൊണ്ടുതന്നെ നോവലിന്റെ ആത്മാവിനെ അതേപടി പറിച്ചു നടാൻ ഗ്രന്ഥകർത്താവിന് കഴിഞ്ഞിട്ടുണ്ടെന്നു കാണാം. 

 

 

ഇത് ജോഖയുടെ രണ്ടാമത്തെ നോവലാണ്. മറ്റൊരു പ്രധാന സംഗതി, നോവലിൽ അൽ-മുത്താനബി, ബുഹ്‌ത്രുയി, പേർഷ്യൻ കവി നിമി ഗഞാവി എഴുതിയ ലൈല മജ്നു  എന്നിവരുടെ  നൂറ്റാണ്ടുകൾ പഴക്കമുള്ള പരമ്പരാഗത അറബി പ്രണയ കവിതകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നുള്ളതാണ്. 

 

 

ഒരുപക്ഷേ പുസ്തകം വായിച്ച് മടക്കി കഴിയുമ്പോൾ ചിലരെങ്കിലും ഒമാനി ചരിത്രവും അതിന്റെ സാംസ്കാ രികപാരമ്പര്യങ്ങളും തേടി പോയാൽ അദ്ഭുതമൊന്നുമില്ല. ഒലിവ് ബുക്ക്സ് ആണ് മലയാള പരിഭാഷയുടെ പ്രസാധകർ.

 

English Summary : Nilavinte Pennungal Book By Jokha Al Harthi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com