ADVERTISEMENT

മുട്ടായി പൊതിഞ്ഞ കടലാസ്

സുഗത പ്രമോദ്

മെലിൻഡ ബുക്സ്

വില 120

 

കവിത എഴുതുക എന്നത് ഒരു ബോധോദയമാണന്നു കൽപറ്റ കവിതയുടെ ജീവചരിത്രത്തിൽ പറയുന്നു . ഓരോ കവിയും കവിത എഴുതിത്തുടങ്ങുമ്പോൾ ബുദ്ധനായി മാറുന്നു. പുതിയ വെളിച്ചം. പുതിയ അനുഭൂതി. ആ വെളിച്ചത്തിലേക്ക് കൈപിടിച്ചുയർത്തിയത് ജ്ഞാനോദയത്തിലെത്തിയ ഒരു ഗുരുശ്രേഷ്ഠൻ കൂടിയാണങ്കിലോ? 

 

 

ബോർഹെസിന്റെ വാക്കുകൾ ഇങ്ങനെയാണ് ഇരുട്ടിൽ തീപ്പെട്ടിയുരച്ച് തീ കത്തിക്കുമ്പോൾ നാം ആദ്യമായി തീ കത്തിച്ച മനുഷ്യൻ കൂടിയാവുകയാണ്. വെളിച്ചം നിർമിച്ചിരിക്കുന്നു. ഇവിടെ വെളിച്ചം നിർമിക്കാൻ ഗുരുവിൽ നിന്നു തീപ്പെട്ടി വാങ്ങിയ ഒരു  കവയിത്രി. അവരുടെ കവിതകളിലൂടെ  സഞ്ചരിക്കുമ്പോൾ ഓരോ വായനക്കാരനും  അത്മീയ അനുഭൂതിയിലേക്ക് ഉയരുന്നു; ബോധോദയം പ്രാപിക്കുന്നു; ബുദ്ധനായി മാറുന്നു. സുഗത പ്രമോദിന്റെ മുട്ടായി പൊതിഞ്ഞ കടലാസ് വായിച്ചിട്ട് ഒരു കുറിപ്പെഴുതാനിരിക്കുമ്പോൾ അങ്ങനെയാണു തോന്നുന്നത്. 

 

ഗുരു നിത്യ ചൈതന്യയതിയിൽ നിന്ന് സന്യാസദീക്ഷ സ്വീകരിച്ചവരെക്കുറിച്ച് കേട്ടിട്ടുണ്ട്. നിത്യഗുരുവിൽ നിന്നു കാവ്യദീക്ഷ സ്വീകരിച്ച ഒരുവൾ – സുഗതയെ അങ്ങനെ വിശേഷിപ്പിക്കുന്നതാണു നല്ലത്. 

 

 

‘‘ഞാൻ ഉപ്പും നീ ജലവുമായിരുന്നു. നമ്മൾ പരസ്പരം അലിഞ്ഞ ദിവസമാണു കടൽ ഉണ്ടായത്’’– എന്ന് സുഗതയുടെ കവിത കീറി പുറന്താളിൽ ഒട്ടിച്ചു വച്ചിരിക്കുന്നു പ്രസാധകർ. ശിഷ്യ ഗുരുവിലലിഞ്ഞപ്പോളു ണ്ടായ കടൽ കവിതയാകുന്നു. കവിത കടലും. ആത്മീയതയും ഭക്തിയും പ്രണയവും പ്രകൃതിയും യാത്രയും കാരുണ്യവും സങ്കടങ്ങളുമെല്ലാം ഒഴുകി പരന്നു കിടക്കുന്ന ഒരു കടൽ.... ആ കടലിനെ കടലാസിൽ പൊതിഞ്ഞെടുക്കുന്നു ഇവിടെ.

 

കടൽയാത്ര കഴിയുമ്പോൾ എല്ലാ രുചിഭേദങ്ങൾക്കുമപ്പുറം മധുരമാണു മനസിൽ നിറയുന്നത്; മുട്ടായി പോലെ. തലക്കെട്ടു കവിതയാണ് മുട്ടായി പൊതിഞ്ഞ കടലാണ്. ഓർമ്മയിൽ പടികടന്നെത്തുന്ന ബാല്യമാ ണു വിഷയം. ഒന്നാം ക്ലാസിലെ ആദ്യ ദിനത്തിൽ ചുരുളൻ തലമുടിക്കാരൻ നീട്ടിയ ഓറഞ്ച്, പച്ച, മഞ്ഞ നിറമുള്ള നാരങ്ങ മുട്ടായികൾ. അറിവു നേടാനാഞ്ഞപ്പോഴുണ്ടായ സങ്കടങ്ങൾക്കപ്പുറത്ത് ആശ്വാസത്തിന്റെ കരുത്തായി നീട്ടപ്പെട്ട മുട്ടായി മധുരം. കുമാരനാശാന്റെ നളിനിയിലും  ഇതേപോലെ ഒരു വിദ്യാലയ സാന്നിധ്യമുണ്ട്. നിഷ്കളങ്ക പ്രണയത്തിന്റെ ആത്മീയ സാന്നിധ്യം.

 

‘‘ഭൂരിപൂക്കൾ വിടരുന്ന പൊയ്കയും

തീരവും വഴികളും തരുക്കളും

ചാരുപുൽത്തറയുമോർത്തിടുനതിൻ-

ചാരെ നാമെഴുമെഴുത്തുപള്ളിയും.’’

 

എന്നു തുടങ്ങുന്ന ഭാഗത്തും ഈ മുട്ടായി പൊതിഞ്ഞ കടലാസിന്റെ അതേ രുചി തന്നെ.

 

ഗുരുവിന്റെ വാത്സല്യമഴയുടെ അനുഭൂതിയാണ് ഗുരു എന്ന കവിത.. ഗുരുവിന്റെ സ്നേഹം വ്യാഖ്യാനാ തീതമാണ്..... അത് അന്തരാത്മാവിൽ ജ്വലിച്ചു നിൽക്കുന്നതാണ്. ആത്മീയാനുഭൂതി തന്നെയാണത്.  ആശാൻ പറയുന്ന പോലെ പറഞ്ഞു ഫലിപ്പിക്കാൻ ഭാഷയ്ക്ക് പരിമിതിയുണ്ടാകുന്നു. സോളമൻ, ഖലീൽ ജിബ്രാൻ, ടാഗോർ തുടങ്ങിയവരെ വായിക്കുമ്പോൾ അഭിധയിൽ പ്രണയവും ലക്ഷണയിൽ ആത്മീയനുഭൂതിയും വ്യഞ്ജനയിൽ ഈശ്വരനിറവും നിറഞ്ഞാണനുഭവിക്കുന്നത്. ഈ സമാഹാരത്തിലെ ‘അവൻ’ അത്തരമൊരു കവിതയാണ് എന്നു പറയുമ്പോൾ അതെഴുതിയയാളിന് ലോകാതീതമായ ഒരു അനുഗ്രഹം ഉണ്ടായിരിക്കു മെന്നത് ഉറപ്പ്. 

 

 

 

ബുദ്ധൻ എന്ന കവിത ഒരു ബുദ്ധനാകലാണ്. ബുദ്ധനാകണമെങ്കിൽ സങ്കടങ്ങളുടെ മാറാപ്പുകൾ ഇറക്കി വയ്ക്കേണ്ടതുണ്ട്. നിലാവു പരക്കുന്ന രാവുകളിൽ ആകാശത്തിന്റെ ചുവട്ടിലിരുന്ന് ബുദ്ധ നക്ഷത്രത്തെ തിരയുകയല്ല. ഹൃദയത്തിന്റെ ഉള്ളിൽ നിന്ന് അത് കണ്ടെടുക്കലാണ്. ഇത് കവിയുടെ ഒരു ബോധദയമാണ്. ഇതാണ് പറഞ്ഞത് ഒരു യതിസാന്നിധ്യം ഈ സമാഹാരത്തിലെ ഓരോ അക്ഷരങ്ങളിലും നിറഞ്ഞു നിൽക്കുന്നു എന്ന്. അങ്ങനെയാണ് മുട്ടായി പൊതിഞ്ഞ കടലാസ് സ്വതന്ത്ര്യത്തിന്റെ പുസ്തകമാകുന്നത്. ബുദ്ധനാകൽ സ്വതന്ത്രനാകലാണ് ... 

 

 

ഓഷോ രജനീഷ് ഇങ്ങനെ പറയുന്നു: ‘‘ബന്ധനത്തിൽ നിന്ന് മോചിതനാവുക എന്നത് ആന്തരികമായ ഒരു പ്രതിഭാസമാണ്. അസ്വതന്ത്രമായൊരു ലോകത്തിൽ നിങ്ങൾക്ക് പൂർണ സ്വാതന്ത്ര്യത്തോടെ ജീവിക്കുവാൻ കഴിയും. ഒരു തടവറയിൽ ആണെങ്കിൽപ്പോലും നിങ്ങൾക്ക് പൂർണ സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ കഴിയും. എന്തെന്നാൽ സ്വാതന്ത്ര്യമെന്നത് ആന്തരികമായ മനോഭാവമാണ്. 

 

 

നിങ്ങൾക്ക് ബുദ്ധനെ ഒരു തടവുകാരനാക്കുവാൻ കഴിയില്ല. നിങ്ങൾക്ക് അദ്ദേഹത്തെ ഒരു ജയിലിലടയ്ക്കു വാൻ കഴിഞ്ഞേക്കാം. എന്നാൽ നിങ്ങൾക്ക് അദ്ദേഹത്തെ ഒരു തടവുകാരനാക്കാൻ കഴിയില്ല. അവിടെയും അദ്ദേഹം പൂർണബോധത്തോടെ ജീവിക്കും. പൂർണബോധത്തോടെയാണ് നിങ്ങൾ ജീവിക്കുന്നതെങ്കിൽ, നിങ്ങളെല്ലായ്പ്പോഴും മോക്ഷത്തിലാണ്. ബോധമാണു സ്വാതന്ത്ര്യം, ബോധമില്ലായ്മയാണു ബന്ധനം.’’

 

 

തോരാമഴയുമങ്ങനെ തന്നെ നെഞ്ചിൻ കൂടിലെ പെയ്തൊഴിയാത്ത മഴയെക്കുറിച്ചാണങ്കിലും ഉള്ളിൽ നിറഞ്ഞു നിൽക്കുന്ന ഈശ്വരസാന്നിധ്യം തിരിച്ചറിഞ്ഞ് ബോധത്തിലേക്കുയരുന്നു ഈ കവിതയിലും.

അസ്തമിച്ചു കഴിഞ്ഞൊരു സൂര്യനെ ഉള്ളിൽ വഹിക്കുന്നവളുടെ അനുഭവമാണ് സൂര്യൻ എന്ന കവിത. ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വട്ടമെങ്കിലും കണ്ണിലില്ലാത്തവർക്ക് അസ്തമിച്ച സൂര്യനെയും അത് വഹിക്കുന്നവളുടെ ശോഭയെയും തിരിച്ചറിയാനാകില്ല.... 

 

 

ബുദ്ധനെ തേടി കണ്ടെത്തുന്ന കവിതകൾ ഇനിയുമുണ്ട്. തിരിച്ചു വരവ് എന്ന കവിതയിൽ ഗംഗയിലിറങ്ങി മുഖം കഴുകിയപ്പോഴാണ് എന്നിലെ ബുദ്ധനെ ഞാൻ തിരിച്ചറിഞ്ഞത് എന്ന് പറയുന്നു.

 

‘‘ഇപ്പോൾ

എനിക്കു പുറത്തോ

നിന്റെ അകത്തോ

ഒരു ബുദ്ധനില്ല

നിന്റെ അകം 

എന്റെ ഉള്ളിലാഴ്ന്നപ്പോൾ

നമ്മിലെ ബുദ്ധന്മാർ

രണ്ടല്ലാതെയായി ''

 

ഇതാണു യഥാർഥ ബോധോദയം. നീ എന്ന ബോധി വൃക്ഷം ഞാനെന്റെ ഹൃദയത്തിന്റെ താഴ്‌വരയിലാണ് നട്ടുവളർത്തിയത്  എന്നു പാടുന്ന ബോധിയും അതേ ആശയം തന്നെയാണ് പങ്കുവയ്ക്കുന്നത്.

സ്ത്രീയുടെ സുരക്ഷിതത്വബോധമാണ് പ്രണയമായി പരിണമിക്കുന്നത് എന്നാണോ എന്നു ചിന്തിപ്പിക്കുന്ന കവിതയാണ് പ്രളയകാലത്ത് ഒരു പട്ടാളക്കാരനെ പ്രണയിക്കുന്നത് എന്ന കവിത. 

 

 

നിസ്സഹായ അവസ്ഥയിലെ കൈത്താങ്ങലോട് ചേർത്തു വയ്ക്കുന്നു പ്രണയം. സുഭാഷ് ചന്ദ്രന്റെ ‘ബ്ലഡി മേരി’ എന്ന ചെറു നോവലിൽ ഇങ്ങനെയൊരവസ്ഥ സൂചിപ്പിക്കുന്നുണ്ട്. പ്രളയകാലത്ത് മരണത്തെ മുഖാമുഖം കണ്ടു രക്ഷിക്കാൻ വരുന്ന പട്ടാളക്കാരനു മുൻപിൽ ലൈഫ് ജാക്കറ്റ് ഉടുപ്പിക്കാൻ ശരീരത്തെ സമർപ്പിക്കുമ്പോൾ... അയാളുടെ മുതുകിൽ ചവുട്ടി ബോട്ടിലേക്ക് കയറുമ്പോൾ.... അങ്ങനെ ജീവിതത്തിലേക്ക് പിടിച്ചു കയറ്റുന്നവനെ സംരക്ഷിക്കുന്നവനെ, അംഗീകരിക്കുന്നവനെയാണ് പെണ്ണ് ഇഷ്ടപ്പെട്ടു പോകുന്നത് എന്ന് പറയാതെ പറയുന്നു. 

 

 

അയ്യപ്പനെ ഓർക്കുന്ന അന്ധബുദ്ധനിലും ബുദ്ധന്റെ കല്ലേറ് പതിച്ചിട്ടുണ്ട്. കവിയത്രിയുടെ സഹയാത്രികനും ചിത്രകാരനുമായ പ്രമോദിന്റെ വരയും രാജേഷിന്റെ പുറം ചട്ടയുമൊക്കെ ചേർന്ന് മെലിൻഡ ബുക്ക് തയാറാക്കിയ ഈ പുസ്തകം മുട്ടായി പൊതിഞ്ഞ കടലാസ് അല്ല; മുട്ടായി തന്നെ.

 

English Summary : Muttayi Pothinja Kadalas Book By Sugatha Pramod

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com