ADVERTISEMENT

53 

സോണിയ റഫീക്ക് 

ഡിസി ബുക്സ് 

വില 240 രൂപ 

 

ഇരുളിന്നിരുളില്‍ 

തെളിഞ്ഞ പകലില്‍ 

ആനന്ദത്തില്‍ 

ദുഃഖത്തില്‍ 

ഞാനുണ്ട്. 

ജീവന്‍ തോല്‍ക്കുമിടത്തെല്ലാം

ഞാനുണ്ടാകും

നിന്നെ കൂടെ കൂട്ടുവാന്‍.

 

മാധുര്യമുള്ള വരികള്‍ മരണത്തിന്റെ ഉണര്‍ത്തുപാട്ട്. മധ്യവയസ്സില്‍ മനുഷ്യര്‍ക്കെല്ലാം മരണം വിധിച്ച്, ബലപ്രയോഗത്താല്‍ ശിക്ഷ നടപ്പാക്കിയ രാജ്യത്തിന്റെ ദേശീയഗീതം. ചെന്നായയാണ് മരണത്തിന്റെ അടയാളം. അവന്‍ അകാലത്തില്‍ മനുഷ്യരെ നയിച്ചുകൊണ്ടിരുന്നു, മരണത്തിലേക്ക്. അതിനു നിശ്ചയിച്ച പ്രായമാണ് 53. അതിനു മുകളിലേക്ക് ഉള്ളവര്‍ക്ക് മരണം നല്‍കിയും 53 നു ശേഷം ഒരാളും ജീവിച്ചിരിക്കുന്നില്ലെന്ന് ഉറപ്പു വരുത്തിയും ഭരിച്ച രാജ്യത്തിന്റെ കഥയാണ് സോണിയ റഫീക്കിന്റെ പുതിയ നോവല്‍ 53. 

 

 

ഹെര്‍ബേറിയവും പെണ്‍കുരിശും എഴുതി വ്യത്യസ്തമായ എഴുത്തിലൂടെ മലയാളത്തില്‍ ഇടംപിടിച്ച യുവ എഴുത്തുകാരിയുടെ പുതിയ കൃതി. വ്യത്യസ്തത പൂര്‍ണമായും നിലനിര്‍ത്താന്‍ കഴിഞ്ഞെങ്കിലും മുന്‍ കൃതികളിലൂടെ സൃഷ്ടിച്ച പ്രതീക്ഷ നിലനിര്‍ത്തുന്നതില്‍ സോണിയ പൂര്‍ണമായി പരാജയപ്പെട്ട കൃതി കൂടിയാണ് 53. വായനയിലൂടനീളം വിരസത പകര്‍ന്നും പ്രത്യേകിച്ചൊരു ചലനവും സൃഷ്ടിക്കാതെയും അവസാനിക്കുന്ന 53 അവശേഷിപ്പിക്കുന്നത് വിഷയത്തിലെ പുതുമ മാത്രം. 

 

 

 

അവന്‍ വന്നു, പല വീടുകളിലും. പല നേരങ്ങളിലായി. അവന്‍ പട്ടാപ്പകലിലും വന്നു; നടുറോഡിലും കടല്‍ക്കരയിലും വന്നു. മെട്രോ ട്രെയിനിനുള്ളിലെ തിരക്കില്‍നിന്ന് ഒരുവനെ മാത്രം കൈക്കു പിടിച്ച് കൂടെ നടത്തിക്കൊണ്ടുപോയി. ആയിരക്കണക്കിനാളുകള്‍ നോക്കിനില്‍ക്കെ മേളകളില്‍ നിന്ന് ഒരുവനെ അഥവാ ഒരുവളെ മാത്രം തൂക്കിയെടുത്തു തോളിലിട്ടു കടന്നു. ക്ലാസ്സ് മുറികളില്‍ 53 കഴിഞ്ഞ അധ്യാപകര്‍ ചൊല്ലി ക്കൊണ്ടിരുന്ന കവിത മുഴുമിക്കാതെ അവരെ ഇറക്കിക്കൊണ്ടുപോയി. പാതി വെന്ത കറികള്‍ക്കു മുന്നില്‍നിന്ന് അമ്മൂമ്മമാരും കഥകള്‍ മുഴുമിപ്പിക്കാതെ അപ്പൂപ്പന്‍മാരും പടിയിറങ്ങി. 

 

 

53 ല്‍ നിര്‍ബന്ധിത മരണം വിധിക്കുന്ന ഭരണകൂട ഭീകരതയ്ക്കെതിരെ നടക്കുന്ന ആവേശകരമായ പോരാട്ട വും നോവലിന്റെ ഭാഗമാണ്. വസ്ത്രക്കടകളിലും മറ്റും നിരത്തിനിര്‍ത്തിയിരിക്കുന്ന മാനക്വിനുകളാണ് ആ പോരാട്ടം നയിക്കുന്നത്. മനുഷ്യരില്‍ തന്നെ എത്രയോ പേര്‍ മാനക്വിനുകളാണ്. അങ്ങനെയാകാതിരിക്കാന്‍ ശ്രമിക്കുന്നവരുമുണ്ട്. അവര്‍ക്കിടയില്‍ മനുഷ്യര്‍ക്കുവേണ്ടി മാനക്വിനുകള്‍ പോരാട്ടം ഏറ്റെടുക്കുന്നു. സമരത്തിന്റെ വിജയ പരാജയങ്ങളാണ് നോവലിന്റെ ക്ലൈമാക്സ്.

 

 

മരണഭീതി നിറ‍ഞ്ഞുനില്‍ക്കുന്ന സാമൂഹികാന്തരീക്ഷത്തിന് ഇന്നത്തെ ലോകത്തില്‍ത്തന്നെ ഉദാഹരണങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞേക്കും. ഭാവനയ്ക്കും യാഥാര്‍ഥ്യത്തിനും പകരം ഒരു ലാക്ഷണിക കഥയാണ് സോണിയ പറയുന്നത്. അതു കൃത്യമായി ലക്ഷ്യം വയ്ക്കുന്നത് നമുക്കു തന്നെ പരിചിതമായ സമൂഹങ്ങളിലേക്ക്. ഭീകരാന്തരീക്ഷം ഇന്നല്ലെങ്കില്‍ നാളെ അടിച്ചേല്‍പിക്കാവുന്ന ഭരണക്രമങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പെന്നും നോവലിലനെ വിശേഷിപ്പിക്കാം.

 

English Summary : 53 Book By Sonia Rafeek

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com