ADVERTISEMENT

ഇന്ത്യ കണ്ട ഏറ്റവും വലിയ വിപ്ലവകാരി കണ്ണീരണിഞ്ഞു കാണപ്പെട്ട ഒരു സന്ദര്‍ഭം മാത്രമേ അദ്ദേഹത്തിന്റെ ജീവചരിത്രത്തില്‍ പറയുന്നുള്ളൂ. 1948 ജനുവരി 30 ന്. രാജ്യം ചരിത്രത്തിലെ അത്യാഹിതം നേരിട്ട ദിവസം. എം.എന്‍. റോയ് എന്നാണ് വിപ്ലവകാരിയുടെ പേര്. അദ്ദേഹത്തെ കരയിച്ചത് വിപ്ലവത്തെ എതിര്‍ക്കുകയും മാനസിക പരിവര്‍ത്തനത്തില്‍ വിശ്വസിക്കുകയും ചെയ്ത ഗാന്ധിജിയുടെ മരണം. 

 

ഇന്ത്യയില്‍ സായുധ വിപ്ലവം നടത്താന്‍ പൗരസ്ത്യ ദേശങ്ങളിലേക്ക് യൗവ്വനാരംഭത്തില്‍ സാഹസിക യാത്ര നടത്തിയ നരേന്ദ്ര നാഥ ഭട്ടാചാര്യ അപ്പോഴേക്കും പുതിയ പേരിന്റെ ഉടമയായിരുന്നു. മാവേന്ദ്ര നാഥ റോയ്. ഔദ്യോഗികമായി എം.എന്‍. റോയ് എന്നറിയപ്പെട്ടെങ്കിലും 12-ല്‍ അധികം മറ്റു പേരുകളിലും അദ്ദേഹം അറിയപ്പെട്ടു. ലെനിന്റെയും സ്റ്റാലിന്റെയും സുഹൃത്ത്. സോവിയറ്റ്  റഷ്യയ്ക്കു പുറത്തെ ആദ്യത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകനും ജനറല്‍ സെക്രട്ടറിയും. റഷ്യ ഉള്‍പ്പെടെ വിദേശ രാജ്യങ്ങളില്‍ തൊഴിലാളി റാലികളെ അഭിസംബോധന ചെയ്ത നേതാവ്. ഇന്ത്യയിലെ ബ്രിട്ടിഷ് ഭരണ കൂടം ഒളിഞ്ഞും തെളിഞ്ഞും നിരീക്ഷിച്ചുകൊണ്ടിരുന്ന അപകടകാരി. പതിറ്റാണ്ടുകള്‍ നീണ്ട വിദേശ വാസത്തിനും ഇന്ത്യയിലെ ദീര്‍ഘമായ ജയില്‍വാസത്തിനും ധൈഷണിക പ്രവര്‍ത്തനങ്ങള്‍ക്കും ശേഷം മനുഷ്യ സ്വാതന്ത്ര്യത്തിലധിഷ്ഠിതമായ പുതിയ ചിന്താധാരയിലേക്ക് റോയ് മാറിത്തുടങ്ങിയ സമയം. അന്നും പൊതുപ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു അദ്ദേഹം. ഒരു യോഗത്തില്‍ പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് ഗാന്ധിജിയുടെ മരണ വാര്‍ത്ത റോയ് അറിയുന്നത്. ഗാന്ധിജിയുടെ രൂക്ഷ വിമര്‍ശകനായി ലോകം മുഴുവന്‍ അറിയപ്പെട്ട റോയ് അന്നാദ്യമായും അവസാനമായും പ്രസംഗം പകുതിയില്‍ നിര്‍ത്തി. കണ്ണീര്‍ നിറഞ്ഞുനിന്നു ആ കണ്ണുകളില്‍. സാമ്രാജ്യത്തെ വിറപ്പിക്കാന്‍ ആഗ്രഹിച്ച ശബ്ദം ഇടറി. പാതിവഴിയില്‍ യോഗം നിര്‍ത്തി അന്ന് എംഎന്‍ റോയ് മടങ്ങി; അദ്ദേഹത്തിന്റെ അനുയായികളും. 

 

റോയ് നിരുദ്ധകണ്ഠനായത് ഗാന്ധിജിയുടെ വിജയമായി വ്യാഖ്യാനിക്കാം. അങ്ങനെ കരുതാനാകും പലര്‍ക്കും താല്‍പര്യവും. എന്നാല്‍ ഒരു മനുഷ്യനെന്ന നിലയില്‍ എംഎന്‍ റോയിയുടെ വിജയം കൂടിയായിരുന്നു അത്. അതറിയാന്‍ റോയിയെ അറിയണം. എംഎന്‍ റോയ്: സ്വതന്ത്രാന്വേഷിയായ വിപ്ലവകാരി എന്ന പുസ്തകം വായിക്കണം. എന്‍. ദാമോദരന്റെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ പ്രശസ്ത ഗ്രന്ഥം. 

 

ബംഗാളിലെ ഒരു ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച് 12-ാം വയസ്സുമുതല്‍ സായുധ വിപ്ലവത്തില്‍ ആകൃഷ്ടനായി ലോക വിമോചനത്തിന്റെ ചെഞ്ചോരക്കൊടിയുമായി ലോകം ചുറ്റിയ എംഎന്‍ റോയ് വിവാദങ്ങളുടെ കേന്ദ്രബിന്ദു കൂടിയാണ്. ഐതിഹാസികമായിരുന്നു അദ്ദേഹത്തിന്റെ ജീവിത യാത്ര. ബംഗാളിലെ മിഡ്നാപ്പുര്‍ ജില്ലയില്‍ 1883 ല്‍ ജനിച്ച് 1954 ജനുവരി 25 ന് ഡെഹ്റാഡൂണില്‍ അന്തരിക്കുന്നതുവരെ അദ്ദേഹം കടന്നുപോയ ജീവിതവും കാലവും വായിക്കുന്നതു തന്നെ വിപ്ലവപ്രവര്‍ത്തനമാണ്. ഇങ്ങനെയും ഒരു ജീവിതമോ. ഇങ്ങനെയും ഒരു മനുഷ്യനോ എന്ന് ആരെങ്കിലും അത്ഭുതപ്പെട്ടാല്‍ സ്വാഭാവികം മാത്രം എന്ന് എം.ഗോവിന്ദന്‍ പറഞ്ഞത് വെറുതെയല്ല എന്നു ബോധ്യപ്പെടുത്തും ദാമോദരന്റെ ജീവചരിത്രം. 

 

റോയിയുടെ ജീവചരിത്രം എഴുതാന്‍ താന്‍ ആളല്ല എന്ന വിനയവും ആരാധനയുമാണ് ദാമോദരന്റെ കൈമുതല്‍. എന്നാല്‍ ആ മനുഷ്യനെക്കുറിച്ച് ലോകം അറിയണമെന്ന അത്യാഗ്രഹവും. അത്തരമൊരു വിചിത്ര മാനസികാവസ്ഥയില്‍നിന്നുമാണ് സ്വതന്ത്രാന്വേഷിയായ വിപ്ലവകാരി എന്ന ഗ്രന്ഥം രചിക്കുന്നത്. അടിയുറച്ച റോയി അനുയായിയാണ് ദാമോദരന്‍. അതദ്ദേഹത്തിന്റെ വാക്കുകളിലും ശൈലിയിലും പ്രകടം. എന്നാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ വിപ്ലവകാരിയെക്കുറിച്ച് വ്യത്യസ്തവും സ്വതന്ത്രവുമായ ഒരു ചിന്താഗതി വായനക്കാര്‍ക്കു സമ്മാനിക്കാനും ഈ ജീവചരിത്രത്തിനു കഴിയും. സ്വതന്ത്രാന്വേഷിയായ വിപ്ലവകാരിയെക്കുറിച്ച് സ്വതന്ത്രമായ ചിന്തകളിലേക്കും വാതില്‍ തുറന്നിടാന്‍ കഴിയുന്നതാണ് ദാമോദരന്റെ പുസ്തകത്തിന്റെ മേന്‍മ. ഒട്ടേറെ ജീവചരിത്രങ്ങളില്‍ നിന്ന് റോയിയുടെ പുസ്തകത്തെ വ്യത്യസ്തമാക്കുന്നതും. 

 

അടിയുറച്ച വിപ്ലവകാരിയായിരുന്നു റോയ്. ദേശിയ സ്വാതന്ത്ര്യത്തില്‍ തുടക്കം. കമ്യൂണിസത്തില്‍ ആകൃഷ്ടനായി അടിയുറച്ച മാര്‍ക്സിസ്റ്റ് ആയി വളര്‍ച്ച. യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊണ്ട് സ്വാതന്ത്ര്യസമരത്തില്‍ കോണ്‍ഗ്രസിനു പിന്തുണ. സ്വാന്തന്ത്ര്യാനന്തരം മനുഷ്യന്റെ അന്തസ്സും സ്വാതന്ത്ര്യവും ഉയര്‍ത്തിപ്പിടിച്ച റാഡിക്കല്‍ ഹ്യൂമനിസ്റ്റ്. 

 

1952 ജൂണ്‍ 11 പ്രഭാതത്തില്‍ മുസ്സോറിയില്‍ പങ്കാളിയോടൊപ്പം മലഞ്ചെരുവിലൂടെ നടക്കുമ്പോള്‍ കാല്‍ വഴുതി അമ്പതടി താഴ്ചയിലേക്കു റോയ് വീണപ്പോള്‍ ആശ്വസിച്ചവരുണ്ട്. ജീവിച്ചിരിക്കുന്ന ഓരോ നിമിഷവും അദ്ദേഹം അപകടകാരിയാണെന്ന് അറിയാവുന്ന ഭീരുക്കള്‍. വിപ്ലവത്തെക്കുറിച്ച് ആധികാരികമായി പറയാന്‍ അവശേഷിച്ച ആള്‍ വീണുപോയല്ലോ എന്ന് ആശ്വസിച്ചവര്‍. വിപ്ലവം വിപ്ലവത്തിനു വേണ്ടിയല്ലെന്നും മനുഷ്യനു വേണ്ടിയാണെന്നും ഇനി ആരും പറയില്ലല്ലോ എന്നു ചിന്തിച്ചവര്‍. എന്നാല്‍, അവര്‍ക്കു കൂടി മോഹംഭംഗം സൃഷ്ടിക്കുന്ന വാക്കുകള്‍ ബുദ്ധനു ശേഷം ഇന്ത്യയില്‍ ജനിച്ച ഏറ്റവും വലിയ നിരീശ്വര വാദി നേരത്തെ തന്നെ പറഞ്ഞിരുന്നു: ഞാന്‍ നിങ്ങളുടെ കൂടെയുണ്ടാവണമെന്ന് നിങ്ങളാവശ്യപ്പെടരുത്. ഞാന്‍ നിങ്ങളുടെ സൃഷ്ടിയല്ല. എന്റെ സ്വതന്ത്രാന്വേഷണം തുടര്‍ന്നുകൊണ്ടേയിരിക്കും. 

English Summary : Malayalam book about MN Roy written by N Damodaran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com