ADVERTISEMENT

15 വര്‍ഷങ്ങളുടെ ഇടവേളയില്‍ ഇന്ത്യയില്‍ നടന്ന നിര്‍ണായക സംഭവങ്ങളാണ് സല്‍മാന്‍ റുഷ്ദിയുടെ പുതിയ നോവലിന്റെ ഇതിവൃത്തം. 1993 ലും 2008 നും ഇടയില്‍ നടന്ന സംഭവങ്ങള്‍. 

 

യഥാര്‍ഥത്തില്‍ 93 നും ഒരുവര്‍ഷം മുമ്പ് 92 ഡിസംബറിലാണ് സംഭവ പരമ്പരകളുടെ തുടക്കം. അയോധ്യയില്‍ പള്ളി പൊളിച്ചതുമുതല്‍ മുംബൈ ഭീകരാക്രമണം വരെ. താജ് പാലസ് ഹോട്ടലില്‍ നടന്ന ആക്രമണത്തില്‍ ഭാര്യയെ നഷ്ടപ്പെട്ട കോടീശ്വരനാണ് റുഷ്ദിയുടെ ഗോള്‍ഡന്‍ ഹൗസിലെ നായകന്‍– നീറോ. നീറോ ഗോള്‍ഡന്‍. മൂന്ന് ആണ്‍മക്കളുമായി നീറോ മുംബൈയില്‍നിന്ന് അമേരിക്കയിലേക്ക്. യുഎസില്‍ അപ്പോള്‍ ചരിത്രം ദശാസന്ധിയില്‍ എത്തിനില്‍ക്കുകയായിരുന്നു. 44-ാം പ്രസിഡന്റായി ബരാക് ഒബാമ സ്ഥാനമേല്‍ക്കുന്നു. അതേ ദിവസമാണ് നീറോ പെത്യ, അപു, ഡി എന്നീ ആണ്‍മക്കളുമായി ന്യൂയോര്‍ക്ക് നഗരത്തില്‍ എത്തുന്നത്. മൂന്ന് ആണ്‍മക്കളും പ്രായപൂര്‍ത്തിയായവര്‍. അവരുടെ പേരുകള്‍ അവര്‍ തന്നെയാണ് തിരഞ്ഞെടുത്തത്. ആദ്യ രണ്ടു മക്കളുടെ അമ്മയല്ല ഡിയുടേത്. മറ്റൊരു ബന്ധത്തില്‍ നീറോയ്ക്ക് ലഭിച്ച മകനാണ് ഡി. 

 

ഗ്രീന്‍വിച്ച് വില്ലേജില്‍ അതിസമ്പന്നര്‍ താമസിക്കുന്ന നഗരഭാഗത്ത്  ഒരു പ്രഭുമന്ദിരത്തില്‍ നീറോയും മക്കളും താമസിക്കുന്നതോടെ അവര്‍ സമൂഹത്തില്‍ സംസാരവിഷയമാകുന്നു. അയല്‍ക്കാര്‍ക്ക് നീറോയിലും മക്കളിലും ചെറുതല്ലാത്ത താല്‍പര്യം ജനിക്കുന്നു. അതിനൊപ്പം അമേരിക്കന്‍ സമൂഹത്തില്‍ സ്വന്തമായി ഒരു പേര് സൃഷ്ടിക്കാന്‍ നീറോയുടെ ശ്രമവും തുടങ്ങുന്നു. അത് അയാള്‍ പോലും ആഗ്രഹിക്കാത്ത ഒരു ബന്ധത്തിലാണ് എത്തുന്നത്; ഒരു റഷ്യന്‍ സുന്ദരിയില്‍. നീറോയുടെ ഇളയ മകനേക്കാള്‍ ഇളയ റഷ്യന്‍ സുന്ദരി നീറോയുടെ ഹൃദയം കവരുന്നു; പിന്നെ ജീവിതവും. റഷ്യക്കാരി കൂടി നീറോയുടെ പ്രഭുമന്ദിരത്തിലെത്തുന്നതോടെ സ്ഥിതി വീണ്ടും സങ്കീര്‍ണമാകുന്നു. തനിക്കിനി ഒരു കുട്ടി വേണ്ടെന്ന് നീറോ പറഞ്ഞെങ്കിലും അയാള്‍ക്ക് ഒരു കുട്ടിയുടെ കൂടി പിതൃത്വം ഏല്‍ക്കേണ്ടിവരുന്നു. കുട്ടി നീറോയുടേത് അല്ലെന്നു മാത്രം. 

 

രഹസ്യങ്ങളുടെ ചുരുള്‍ റുഷ്ദി അഴിക്കുന്നതിന്റെ സവിശേഷതയാണ് ഗോള്‍ഡന്‍ ഹൗസിനെ ആധുനിക സാഹിത്യത്തിലെ ശ്രദ്ധേയ നോവലാക്കി മാറ്റുന്നത്. ഗോള്‍ഡന്‍ ഹൗസ് ഒരു സിനിമയാണ്. ഇന്ത്യയുടെയും അമേരിക്കയുടെയും ചരിത്രം ഇഴപിരിഞ്ഞുകിടക്കുന്ന സംഭവങ്ങളുമായി മുന്നോട്ടുപോകുന്ന ത്രില്ലര്‍ സിനിമ.

 

നോവലിലെ ഓരോരുത്തരും അവരെ സിനിമയിലെ കഥാപാത്രങ്ങളായി സങ്കല്‍പിക്കുന്നുണ്ട്. കണ്ണിനു മുന്നിലെ തിരശ്ശീലയില്‍ നടക്കുന്ന സംഭവങ്ങളായി ജീവിതത്തെ നേരിട്ടുകാണുകയും ചെയ്യുന്നു. 

വൈഡ് ആംഗിള്‍ ഷോട്ടുകള്‍, ക്ലോസ് അപ്... സിനിമയുടെ എല്ലാ സങ്കേതങ്ങളും ഉപയോഗപ്പെടുത്തിയാണ് റുഷ്ദി കഥ പറയുന്നത്. അതൊഴിച്ചു നിര്‍ത്തിയാല്‍ ഗോള്‍ഡന്‍ ഹൗസ് വായനക്കാര്‍ക്ക് അധികമൊന്നും നല്‍കുന്നില്ലെന്നതാണ് സത്യം. 

 

ഇന്ത്യന്‍ ചരിത്രത്തെയും സംസ്കാരത്തെയും രാഷ്ട്രീയത്തെയും വിറ്റു കാശാക്കുന്നു എന്ന ആരോപണം നേരത്തെയും നേരിട്ടുണ്ട് റുഷ്ദി. ഭീകരവാദവും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വിഷയമാണ്. ഇവയെല്ലാം ഗോള്‍ഡന്‍ ഹൗസിലും ഉള്‍പ്പെടുത്താന്‍ അദ്ദേഹം മറന്നിട്ടില്ല. പ്രവചന സ്വഭാവത്തോടെ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഉയര്‍ന്നുവരുന്ന ഒരു കോമാളിയെക്കുറിച്ചും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. അമേരിക്കയുടെ തലപ്പത്ത് എത്തുന്ന കോമാളി. അയാളുടെ രാഷ്ട്രീയവും വിമര്‍ശന വിധേയമാകുന്നുണ്ട് ഗോള്‍ഡന്‍ ഹൗസില്‍. 

 

‘നമ്മെ അഭിമുഖീകരിക്കുന്ന രാക്ഷസീയതയെ പ്രതിരോധിക്കാന്‍ നമുക്ക് പ്രണയത്തെയും സൗന്ദര്യത്തെയും സൗഹൃദത്തെയും ഐക്യദാര്‍ഢ്യത്തെയും അണി നിരത്തേണ്ടിയിരിക്കുന്നു. എനിക്കു സ്നേഹമല്ലാതെ മറ്റൊരു പദ്ധതിയുമില്ലായിരുന്നു. കാലമാകുമ്പോള്‍ മറ്റൊരു പദ്ധതി ഉരുത്തിരിയുമെന്ന് എനിക്കറിയാമായിരുന്നു. എന്നാലിപ്പോള്‍ ഗാഢമായി പുണര്‍ന്ന് ശക്തി പകരുകയായിരുന്നു വേണ്ടിയിരുന്നത്. ശരീരം ശരീരത്തെ, വായ വായെ, ആത്മാവ് ആത്മാവിനെ, ഞാന്‍ നിന്നെ പുണരുകയായിരുന്നു. കൈകള്‍ കെട്ടുപിണയുകയായിരുന്നു. ഇരുട്ടിനെ ഭയപ്പെടേണ്ടെന്ന് അറിയുകയായിരുന്നു. 

നാവടക്കൂ... അവള്‍ പറഞ്ഞു. എന്നിട്ടവള്‍ എന്നെ അവളിലേക്ക് പിടിച്ചടുപ്പിച്ചു’. 

English Summary: The Golden House novel by Salman Rushdie

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com