വൃദ്ധസദനത്തിൽ നടക്കുന്ന കൊലപാതകങ്ങളുടെ പൊരുൾ തേടി റെസ്റ്റ് ഇൻ പീസ്

RIP
SHARE
ലാജോ ജോസ്

മാതൃഭൂമി ബുക്സ്

വില: 230 രൂപ

റെസ്റ്റ് ഇൻ പീസ്. -സമാധാനമായി വിശ്രമിക്കുക. ഒരു ഓൾഡ് ഏജ് ഹോമിൽ പ്രായമെത്തിയ മനുഷ്യർ അത്ര സമാധാനത്തോടെയാകുമോ ജീവിക്കുക? പൊതുവെ നാശബോധം തോന്നുന്ന ഒരു അന്തരീക്ഷമാകാമത്. എന്നാൽ വീട്ടിൽ ഒറ്റയ്ക്ക് അരക്ഷിതാവസ്ഥയനുഭവിക്കുന്ന വാർദ്ധക്യം ബാധിച്ച മനുഷ്യർക്ക് എല്ലാ വിധത്തിലും അവരെ നോക്കുന്ന ഒരു വീട് പോലെ ഒരു അന്തരീക്ഷമാണെങ്കിലോ? അതുപോലെയൊരു ഓൾഡ് ഏജ് ഹോം ആണ് ഗോൾഡൻ റിട്ടയർമെന്റ് ഹോം. എന്നാൽ ഇവിടെ ജീവിക്കുന്നവർ ആകെ പരിഭ്രമത്തിലാണ്. ഓൾഡ് ഏജ് ഹോമിലെ ഒരു അന്തേവാസി മരണപ്പെട്ടിരിക്കുന്നു. അയാളുടെ പ്രേതത്തെ മറ്റു പല അന്തേവാസികളും കാണാൻ ആരംഭിക്കുന്നു. അതിനു ശേഷം അവിടെ ആവർത്തിക്കപ്പെടുന്ന മരണങ്ങൾ. എല്ലാം സ്വാഭാവികമായുള്ള മരണങ്ങളാണോ അതോ കൊല്ലപ്പെടുന്നതോ? ഇതിന്റെ ഉത്തരം തിരയുന്ന മിസ്റ്ററി നോവലാണ് ലാജോ ജോസിന്റെ റെസ്റ്റ് ഇൻ പീസ് എന്ന കോസി മിസ്റ്ററി നോവൽ. 

എന്താണ് കോസി മിസ്റ്ററി?

ത്രില്ലർ വിഭാഗത്തിന്റെ സബ് ജോണറിൽപ്പെടുന്ന ഒന്നാണ് ഇത്തരം എഴുത്തുകൾ. മുഖ്യമായും ലോക പ്രശസ്ത എഴുത്തുകാരി അഗത ക്രിസ്റ്റിയുടെ ത്രില്ലറുകളെ ഈ ഒരു വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്. അതായത് പൊലീസോ രക്ത ചൊരിച്ചിലോ അമിതമായ വയലൻസോ ഒന്നുമില്ലാതെ കുറ്റം കണ്ടു പിടിക്കുന്ന രീതിയാണിത്. അന്വേഷണം നടത്തുന്നത് ആരുമാകാം, പ്രൊഫഷണൽ ആയ ആൾ പോലും ആകണമെന്നുമില്ല. ഇവിട ലാജോ എഴുതിയിരിക്കുന്ന റെസ്റ്റ് ഇൻ പീസ് ക്ളോസ്ഡ് ആയ ഒരു സ്പെയിസിൽ നടക്കുന്ന കുറച്ചു മരണങ്ങളും അതിനെ തുടർന്ന് അതിൽ ഇടപെട്ട ഒരാളുടെ മകൾ നടത്തുന്ന അന്വേഷണവുമാണ്. ഇന്ന് ഞാൻ നാളെ നീ എന്നതാണ് നോവലിന്റെ ഏറ്റവും ഭീതിപ്പെടുത്തുന്ന ടാഗ് ലൈൻ എന്നുള്ളതും പുസ്തകത്തിന്റെ നിഗൂഢത വർധിപ്പിക്കും.

ലിജോയുടെ ഇതിന് മുൻപിറങ്ങിയ നോവലുകളിലുമുള്ളത് പോലെ ക്രൂരമായ കൊലപാതകങ്ങളോ രക്തച്ചൊരിച്ചിലോ ഭീതിപ്പെടുത്താലോ റെസ്റ്റ് ഇൻ പീസിൽ ഇല്ല. വളരെ ശാന്തമായി പോകുന്ന ഒരു കഥയാണ് ആർഐപി. ഫ്രഡറിക്ക് ദേവസ്സി, ബ്രിട്ടോ, അന്നമ്മ സൈമൺ, ജെസ്സിക്ക ഫ്രഡറിക്ക്, നതാഷ എന്നിങ്ങനെ നിരവധി കഥാപാത്രങ്ങൾ നോവലിൽ പരിചയപ്പെടേണ്ടവരായി ഉണ്ട്. ഒരിക്കൽ ഗോൾഡൻ റിട്ടയർമെന്റ് ഹോമിൽ നിന്നും വിദേശത്തുള്ള ജെസീക്കയ്ക്ക് ഒരു ഡയറി ലഭിക്കുന്നു. അതിലുള്ളത് ഒരു ചെറു നോവലാണ്. പേര്, ‘‘വൃദ്ധസദനത്തിലെ കൊലപാതകം’’, അതിലെ കഥാപാത്രങ്ങളുടെ പേരുകൾ അവരെ അക്ഷരാർത്ഥത്തിൽ അമ്പരപ്പിക്കുന്നുണ്ട്. കാരണം അതിലെ ഒരു കഥാപാത്രം അവളുടെ ആത്മഹത്യ ചെയ്ത അപ്പനാണ്, അതായത് ഫ്രഡറിക്ക് ദേവസ്സി തന്നെ. വായനയിലേക്കിറങ്ങുമ്പോൾ അതിൽ പറഞ്ഞിരിക്കുന്നതെല്ലാം അതേപോലെ നടന്നതാണെന്നും മറ്റെന്തോ ഉദ്ദേശവുമായാണ് ആ ഡയറി തന്നെ തേടി എത്തിയതെന്നും ജെസീക്കയ്ക്ക് ബോധ്യപ്പെടുന്നു. അതോടു കൂടെ നിരന്തരം വിവാഹമോചനത്തിന് വേണ്ടി ബഹളം വച്ചിരുന്ന ഭർത്താവ് ജോയെ ഉപേക്ഷിച്ച് അവൾ മരണങ്ങളുടെ ഉത്തരമന്വേഷിച്ച് നാട്ടിലേയ്ക്ക് വണ്ടി കയറുകയാണ്. 

നാട്ടിൽ ജെസീക്കയെ കാത്തിരുന്നത് ഒരുപിടി കഥകളും നിഗൂഢതകളുമാണ്. അതിലൂടെയൊക്കെ സഞ്ചരിച്ച് ഒടുവിൽ ഉത്തരങ്ങൾ കണ്ടെത്താൻ ജെസീക്കയ്ക്ക് ആകുമോ എന്നാണു റെസ്റ്റ് ഇൻ പീസ് അന്വേഷിക്കുന്നത്. രക്തച്ചൊരിച്ചിൽ ഒന്നും ഇല്ലെങ്കിൽപ്പോലും ആകാംക്ഷയുടെ അസ്വസ്ഥത പേറുന്ന വായനയാണ് പുസ്തകം നൽകുന്നത്. പുസ്തകത്തിന്റെ ടാഗ് ലൈൻ ഓർമ്മിപ്പിക്കുന്ന വലിയൊരു സത്യവുമുണ്ട്, ഇന്ന് ഞാൻ നാളെ നീ എന്നതാണ് അത്. പ്രത്യേകിച്ച് അതൊരു ഓൾഡ് ഏജ് ഹോമിന്റെ സാന്ദർഭികമായി പിന്നാമ്പുറങ്ങളിലാകുമ്പോൾ സ്വാഭാവികമായും ഉണ്ടാകുന്ന ഒരു ഭീതിയുണ്ട്. ആ ഭീതി തുടക്കം മുതൽ ഒടുക്കം വരെ പുസ്തകം നിലനിർത്തിയിട്ടുണ്ട്. ഒരു ഡയറിയുടെ സ്വഭാവം പല ഭാഗത്തും പുസ്തകത്തിനുണ്ട്. ജെസീക്ക വായിക്കുന്ന ഫ്രഡറിക്കിന്റെ കഥ പോലും ആ ഒരു ശൈലിയിലാണ്. എന്നാൽ അധ്യായങ്ങൾ എല്ലാം തന്നെയും റീഡബിലിറ്റി നൽകുന്ന ചെറിയ ഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. അതായത് സോകോൾഡ് ജനകീയമായ ശൈലിയിൽ അല്ല ലാജോ എഴുതുന്നത്. ജനകീയ സാഹിത്യമെഴുത്തിൽ വിദേശ കൃതികളോട് കിടപിടിക്കുന്ന രീതിയിൽ സ്വന്തമായി ഒരു ശൈലി ഓരോ പുസ്തകത്തിലും ലാജോ കൊണ്ട് വരാൻ ശ്രമിക്കുന്നത് മലയാളത്തിലെ കുറ്റാന്വേഷണ സാഹിത്യത്തെ തീർച്ചയായും മറ്റൊരു കാലത്തു ഓർമ്മിക്കപ്പെടാൻ സഹായിക്കും. 

മലയാളത്തിൽ കുറ്റാന്വേഷണ എഴുത്തുകളുടെ വസന്തകാലമാണ് ഇനിയുള്ള കുറച്ചു നാളുകൾ എന്ന് ഓർമ്മിപ്പിക്കുന്നതാണ് മുൻ നിര പ്രസാധകർ ഇത്തരം പുസ്തകങ്ങൾക്ക് നൽകുന്ന സ്വീകാര്യത. വലിയൊരു നിര പുസ്തകങ്ങൾ മുഖ്യധാരാ പ്രസാധകരുടേത് താനെ ഇറങ്ങാനുമിരിക്കുന്നു. ഈ വഴിയിൽ ആദ്യമായി മുന്നിട്ടിറങ്ങിയ ആളെന്ന നിലയിൽ ലാജോയ്ക്ക് തീർച്ചയായും അഭിമാനിക്കാം, കാരണം മലയാള സാഹിത്യത്തിൽ ജനകീയ സാഹിത്യത്തിനും സ്വന്തമായി എന്തെങ്കിലും പറയാനുണ്ടെന്ന് ബോധ്യപ്പെടുത്തിയത് അയാളാണ്. അതിൽ പരമ്പരാഗതമായ കുറ്റാന്വേഷണ രീതിയിൽ നിന്നും പൂർണമായി വിടുതൽ നേടി ഒരു വൈദേശിക രീതിയിൽ മർഡർ മിസ്റ്ററി കൈകാര്യം ചെയ്ത റെസ്റ്റ് ഇൻ പീസ് ഒരു പ്രധാനപ്പെട്ട കാര്യമായി നിൽക്കുന്നു. 

പുസ്തകം ഒരാഴ്ചയ്ക്കുള്ളിൽ മൂന്നാമത്തെ എഡിഷനാണ് റെസ്റ്റ് ഇൻ പീസ് ഇപ്പോൾ. ഫ്രഡറിക്കിനും അന്നമ്മ ദേവസ്സിയ്ക്കും അവരുടെ ബുദ്ധിമാന്ദ്യമുള്ള മകൻ ബ്രിട്ടോയ്ക്കും റീനയ്ക്കും നതാഷയ്ക്കുമൊക്കെ എന്ത് സംഭവിച്ചു എന്നത് ഓരോ അധ്യായങ്ങളിലായി പതിയെ പതിയെ ചുരുളുകൾ നിവർന്നു വരുന്ന അനുഭവമാണ് ഈ വായന. കാലത്തിനനുസരിച്ചുള്ള ത്രില്ലറുകളുടെ വസന്തകാലത്തിനു തീർച്ചയായും മുതൽക്കൂട്ട് തന്നെയാകട്ടെ ഈ റെസ്റ്റ് ഇൻ പീസ്. 

English Summary: ‘Rest in Peace’ is the fourth crime thriller penned by Lajo Jose.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;