പ്രണയത്തെ ഭയപ്പെടുന്നവര്‍ വായിക്കരുത്, ഇത് പ്രണയത്തിന്റെ ബലിമൃഗമാകാന്‍ കൊതിക്കുന്നവര്‍ക്കുള്ളതാണ്...

identity-p
SHARE
മിലന്‍ കുന്ദേര, വിവര്‍ത്തനം: അനൂപ് ചന്ദ്രന്‍

ഡിസി ബുക്സ്

വില 125 രൂപ

എല്ലാ ദിവസവും നേരം വെളുത്താല്‍ ആദ്യം വീടുവിട്ട് വെളിയിലിറങ്ങുന്നത് അവളാണ്. അന്ന് മെയില്‍ ബോക്സ് തുറന്ന ഷാന്റല്‍ കണ്ടത് രണ്ടു കത്തുകള്‍. ഒന്ന് കാമുകന്‍ ഷോണ്‍ മാര്‍ക്കിനുള്ളത്. അദ്ദേഹത്തിന്റെ സുഹൃത്ത് ബ്രസ്സല്‍സില്‍നിന്ന് എഴുതിയത്. രണ്ടാമത്തേത് അവള്‍ക്കുള്ളത്. പക്ഷേ, അതില്‍ വിലാസമോ സ്റ്റാംപോ ഉണ്ടായിരുന്നില്ല. ആരോ നേരിട്ടുകൊണ്ടുവന്ന കത്ത് തുറന്ന ഷാന്റല്‍ കണ്ടത് ഒരേയൊരു വാചകം. അതവളുടെ ജീവിതത്തെ മാറ്റിമറിച്ചു; പ്രണയത്തെ, ഷോണ്‍ മാര്‍ക്കിനെ, ലോകത്തെത്തന്നെയും. 

‘ഒരു ചാരനെപ്പോലെ ഞാന്‍ നിന്റെ പിന്നാലെയുണ്ട്. നീ സുന്ദരിയാണ്. അതീവ സുന്ദരിയാണ്’.

ഷാന്റലിന്റെ ആദ്യ പ്രതികരണം അസ്വസ്ഥതയായിരുന്നു. അനുവാദം ചോദിക്കാതെ ആരോ ഒരാള്‍ ജീവിതത്തിലേക്കു നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നു. ശ്രദ്ധ നേടിയെടുക്കാന്‍ ശ്രമിക്കുന്നു. അയാളെ കണ്ടെത്തണം എന്നു ഷാന്റല്‍ ഉറച്ചു; കത്തിനെക്കുറിച്ച് ഷോണ്‍ മാര്‍ക്കിനോട് പറയേണ്ടെന്നും. അലമാരയില്‍ അടിവസ്ത്രങ്ങള്‍ക്കുള്ളില്‍ ഷാന്റല്‍ ആ വാചകം ഒളിപ്പിച്ചു. മാറിടത്തെ പൊതിയുന്ന വസ്ത്രങ്ങള്‍ക്കൊപ്പം. ഹൃദയത്തോടുചേര്‍ന്നു തന്നെ ഇരിക്കട്ടെ ഹൃദയം കവര്‍ന്ന വാചകവും. 

ആഗ്രഹിച്ചാലും ഇല്ലെങ്കിലും ഏതാനും ദിവസങ്ങള്‍ക്കകം അവള്‍ക്ക് അടുത്ത കത്ത് കിട്ടി. അതിലെ അവസാന വാചകങ്ങള്‍ ഷാന്റലിനെ പിടിച്ചുലയ്ക്കുക തന്നെ ചെയ്തു. 

‘ഞാന്‍ ആ മുത്തുമാല മുന്‍പൊരിക്കലും കണ്ടിട്ടില്ല. സുന്ദരമാണത്. അതിന്റെ ചുവപ്പ് നീയായി മാറുന്നുണ്ടായിരുന്നു. അതു നിന്നില്‍ വെളിച്ചം വിതറുന്നുണ്ടായിരുന്നു’. 

രണ്ടാമത്തെ കത്തും സ്വകാര്യ വസ്ത്രങ്ങള്‍ക്കിടയിലേക്ക്. അതോടെ ഷാന്റലിന്റെ ജീവിതത്തിന് പുതിയ ഒരു ലക്ഷ്യം കൂടി ലഭിച്ചു. കത്തിന്റെ ഉടമയെ കണ്ടെത്തണം. താനും കാമുകനും താമസിക്കുന്ന വീടിന്റെ മുന്നിലെ മെയ്ല്‍ ബോക്സില്‍ പ്രണയ ലേഖനങ്ങള്‍ നിക്ഷേപിക്കുന്ന പുരുഷനെ. അതിനുള്ള ശ്രമങ്ങള്‍ യഥാര്‍ഥ പ്രണയത്തെക്കുറിച്ചുള്ള തിരിച്ചറിവിലേക്കാണ് ഷാന്റലിനെ നയിക്കുന്നത്. എന്നാല്‍ യാത്ര അങ്ങേയറ്റം ഹൃദയഭേദകമായിരുന്നു. ഹൃദയത്തിന്റെ ആഴങ്ങളില്‍ നിന്ന് രഹസ്യം തുരന്നെടുക്കുന്നതുപോലെ വേദനാജനകം. പ്രണയത്തെ കണ്ടെടുക്കുന്നതിലൂടെ സ്വന്തം വ്യക്തിത്വവും ഷാന്റല്‍ കണ്ടെത്തുന്നുണ്ട്. രസകരവും ഉദ്വേഗജനകവും പ്രകോപനപരവുമായ ആ കഥയാണ് മിലന്‍ കുന്ദേരയുടെ ഐഡന്റിറ്റി. നോര്‍മാന്‍ഡി കടല്‍ത്തീരത്തിന്റെ പശ്ചാത്തലത്തില്‍ പറയുന്ന പ്രണയ വേദനയുടെ ഇതിഹാസം. 

വായിച്ചുമറന്നതും ഓര്‍ത്തിരിക്കുന്നതുമായ എല്ലാ പ്രണയ കഥകളില്‍നിന്നും വ്യത്യസ്തമാണ് കുന്ദേരയുടെ ഐഡന്റിറ്റി. സ്വന്തം ഹൃദയത്തിലേക്കു നോക്കാന്‍ പ്രണയിതാക്കളെ പ്രേരിപ്പിക്കുന്നത്. എവിടെ, എപ്പോള്‍, എങ്ങനെ സ്വന്തം പ്രണയത്തെ കണ്ടെത്താമെന്നതിന്റെ രഹസ്യക്കൂട്ട്.

പിന്നെയും പിന്നെയും കത്തുകള്‍ വന്നു. യുക്തിയുള്ള മാന്യമായ കത്തുകള്‍. അസ്വസ്ഥമാക്കുന്നതോ അവിവേകമെന്നു തോന്നുന്നുതോ ആയ ഒരു വാചകം പോലും ഉണ്ടായിരുന്നില്ല. എഴുതുന്ന ആളുടെ ജീവിതത്തെക്കുറിച്ച് ഒരു പരാമര്‍ശം പോലും അവയില്‍ ഉണ്ടായിരുന്നില്ല. അവളെക്കുറിച്ചാണ് ‘അയാള്‍’ എഴുതിയിരുന്നത്. അഭിനിവേശത്തിന്റെ വാക്കുകളായിരുന്നില്ല; ആരാധനയുടെ. 

നിന്റെ നടത്തം എന്നെ ഉലച്ചുകളഞ്ഞു. ഒട്ടും ഭാരമില്ലാതെ, ഉയരത്തിലേക്ക് പൊന്താന്‍ വെമ്പുന്നതുപോലെ. നൃത്തം ചെയ്തുകൊണ്ടിരിക്കുന്ന തീനാളങ്ങള്‍ പോലെയായിരുന്നു അപ്പോള്‍ നീ. ഇളകിയാടുന്ന തീനാമ്പുകള്‍ പോലെ. നിന്നെക്കുറിച്ചുമാത്രം ഓര്‍ത്ത് തീനാളങ്ങള്‍ കൊണ്ടു തുന്നിയെടുത്ത ഒരു മേല്‍വസ്ത്രം നിന്റെ നഗ്നമായ മേനിയിലേക്ക് ഞാന്‍ എടുത്തിട്ടു. നിന്നെ ഞാന്‍ ഒരു ചുവന്ന മുറിയിലെ ചുവന്ന കിടക്കയിലേക്ക് എടുത്തിട്ടു. എന്റെ ചുവന്ന സുന്ദരി. 

ആണുങ്ങള്‍ ഇപ്പോള്‍ തന്നെ കണ്ടാല്‍ നോക്കാറില്ല എന്ന അസ്വസ്ഥയില്‍ നീറാന്‍ തുടങ്ങിയ നാളുകളിലാണ് ഷാന്റലിന് കത്ത് കിട്ടുന്നത്. വിവാഹ മോചിതയാണവള്‍. ഒരു മകനുണ്ടായിരുന്നു. അഞ്ചാം വയസ്സില്‍ അവനെ അവള്‍ക്ക് സെമിത്തേരിയില്‍ ഉപേക്ഷിക്കേണ്ടിവന്നു. പിന്നീടാണ് ഷോണ്‍ മാര്‍ക്കിനെ കാണുന്നത്. ജീവിതം പ്രണയസുരഭിലമായി മുന്നോട്ടുപോകുന്നതിനിടെയാണ് എല്ലാം അട്ടിമറിച്ചുകൊണ്ട് കത്തുകള്‍ എത്തിത്തുടങ്ങുന്നത്. 

കൗമാരത്തില്‍ ഒരു പനിനീര്‍പ്പുവായി ഷാന്റല്‍ സ്വയം സങ്കല്‍പിച്ചിരുന്നു. പനിനീര്‍പ്പൂവിന്റെ മണമായി മാറണമെന്ന് കൊതിച്ചിരുന്നു. എല്ലായിടത്തും പടരുന്ന, എല്ലായിടത്തും നിറയുന്ന മണം. 

അതേ ഷാന്റല്‍ ഇന്ന് സ്വന്തം മണം അജ്ഞാതന്റെ വാക്കുകളില്‍ തിരയുന്നു; ഒടുവില്‍ പങ്കാളിയെ ഉപേക്ഷിച്ച് ലണ്ടനിലേക്ക് പോകുന്ന ട്രെയിനില്‍ അജ്ഞാതമായ ഭാവിയിലേക്കും. 

ഷാന്റലിന്റെ യാത്ര ഒരു തീര്‍ഥയാത്ര തന്നെയാണ്. മലമുകളിലെ മഞ്ഞില്‍, പര്‍വത ശിഖരങ്ങളില്‍, കാടിന്റെ ഇരുട്ടില്‍ തണുപ്പില്‍, പുഴയുടെ ഓളങ്ങളില്‍ ജീവിതത്തിന്റെ അര്‍ഥം തിരഞ്ഞ മഹാമുനികളുടേതിനു സമാനം. തപസ്യയായിരുന്നു ഷാന്റലിന്റെ ജീവിതം. ഇഷ്ടപ്പെട്ടതെല്ലാം ഉപേക്ഷിച്ച്, സുഖഭോഗങ്ങളെ അകറ്റിനിര്‍ത്തി കഷ്ടതയിലും സ്വയം പീഡനത്തിലും ആത്മാവിന്റെ വാക്കുകള്‍ കേള്‍ക്കാന്‍ കൊതിച്ച ഋഷിമാരുടേതിനു സമാനം. 

മിന്നല്‍പ്പിണരുകളില്‍, സാന്ധ്യാകാശത്തിലെ ചുവപ്പുരാശി ഇരുട്ടിനു വഴിമാറിക്കൊടുക്കുമ്പോള്‍, നിലാവ് ആമ്പല്‍പ്പൂവിന്റെ കാതില്‍ ആത്മരഹസ്യങ്ങള്‍ ഓതുമ്പോള്‍, സൂര്യന്റെ ആദ്യത്തെ കിരണം ഏകയായ പൂവിനെ ചുംബിച്ചുണര്‍ത്തുമ്പോള്‍, മണ്ണിലേക്കു കുനിഞ്ഞ കുഞ്ഞുചെടിയെ ആദ്യത്തെ മഴത്തുള്ളി സ്പര്‍ശിച്ചുണര്‍ത്തുമ്പോള്‍, എവിടെയും എങ്ങനെയും എപ്പോഴും അതു സംഭവിക്കാം. ആ വെളിപാട്. ജീവിതത്തിന്റെ രഹസ്യം. പ്രണയത്തിന്റെ ഉള്‍ക്കാമ്പ്. മരണത്തിന്റെ നഷ്ടബോധം. ഷാന്റല്‍ അതു കണ്ടെത്തുന്നത് കിടക്കയില്‍. മെയ്ല്‍ ബോക്സില്‍ കിട്ടിയ എല്ലാ കത്തുകള്‍ക്കുമുള്ള മറുപടി പ്രിയപ്പെട്ടവന്റെ കാതില്‍ പറഞ്ഞപ്പോള്‍.  

എനിക്കു നിന്നെ നോക്കിയിരിക്കണം. രാത്രി മുഴുവന്‍ ഞാന്‍ ഈ വിളക്ക് തെളിച്ചിടാന്‍ പോകുന്നു, ഇനിയെല്ലാ രാത്രികളിലും. 

പ്രണയത്തെ ഭയപ്പെടുന്നവര്‍ കുന്ദേരയുടെ നോവല്‍ വായിക്കരുത്. നോവലില്‍നിന്നു കഴിയുന്നത്ര അകലം പാലിക്കണം. ഐഡന്റിറ്റി പ്രണയത്തിന്റെ ബലിമൃഗമാകാന്‍ കൊതിക്കുന്നവര്‍ക്കുള്ളതാണ്. തിരിച്ചുവരവില്ലാത്ത ആ യാത്രയ്ക്ക് ഇറങ്ങിത്തിരിക്കുന്നവര്‍ക്കു മാത്രം. 

English Summary: Identity Book by Milan Kundera

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;