ചരിത്രത്തെ വഞ്ചിച്ച പാര്‍ട്ടിക്ക് ചരിത്രം തിരിച്ചുനല്‍കിയ മധുരപ്രതികാരം

the-book-of-laughter-and-forgetting-p
SHARE
മിലന്‍ കുന്ദേര

ഫേബര്‍ ആന്‍ഡ് ഫേബര്‍

വില 599 രൂപ

ഒരു ചിത്രവും അതില്‍ ഭരണാധികാരികള്‍ നിര്‍ബന്ധിതമായി വരുത്തിയ മാറ്റവുമാണ് ബൊഹീമിയയുടെ ചരിത്രം. ചെക്കോസ്ലോവാക്യയുടെ ചരിത്രം. കമ്യൂണിസത്തിന്റെ ചരിത്രം. മിലന്‍ കുന്ദേര എന്ന എഴുത്തുകാരന്റെ ജീവിതചരിത്രം. ആധുനിക ലോകത്തിലെ വിപ്ലവത്തിന്റെയും പ്രതിവിപ്ലവത്തിന്റെയും ചരിത്രം. മുതലാളിയും തൊഴിലാളിയും തമ്മിലുള്ള വര്‍ഗസമരത്തിന്റെ ചരിത്രം. വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ ആധുനിക ചരിത്രം. 

1948 ഫെബ്രുവരിയിലാണ് വിവാദചിത്രത്തിന്റെ ജനനം. ചെക്കോസ്ലോവാക്യയില്‍ പ്രാഗിലെ ഓള്‍ഡ് ടൗണ്‍ സ്ക്വയറില്‍ 

പുരാതന കൊട്ടാരത്തിന്റെ ബാല്‍ക്കണിയില്‍. ക്ലെമന്റ് ഗോട്ട് വാള്‍ട് എന്ന കമ്യൂണിസ്റ്റ് നേതാവ് ആനുയായികളെ അഭിസംബോധന ചെയ്യുന്നു. മഞ്ഞു പെയ്യുന്നുണ്ട്. കഠിനമായ തണുപ്പും. ഗോട്ട് വാള്‍ഡിന്റെ തലയില്‍ ഒരു തൊപ്പി പോലുമില്ല. തൊട്ടടുത്തു നിന്ന ക്ലെമന്റിസിന് ആ കാഴ്ച സഹിക്കാനായില്ല. അദ്ദേഹം തന്റെ തൊപ്പി ഊരി ഗോട്ട് വാള്‍ഡിന്റെ തലയില്‍ വച്ചു. ചെക്കോസ്ലോവാക്യയെ കമ്യൂണിസം എന്ന ഭൂതം ആവേശിച്ചതിന്റെ പ്രതീകമായി ഗോട്ട് വാള്‍ഡ് അണികളെ അഭിസംബോധന ചെയ്യുന്ന ചിത്രം പ്രശസ്തമായി. ബാനറുകളില്‍. പാഠപുസ്തകങ്ങളില്‍. ഓഫിസുകളില്‍. സ്കൂളുകളില്‍. കോളജുകളില്‍. കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ രാജ്യത്തെ ഓരോ പൗരന്‍മാര്‍ക്കും പരിചിതമായ ചിത്രം. 

നാലു വര്‍ഷം കഴിഞ്ഞപ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാറിത്തുടങ്ങി. സഖാക്കളില്‍ ചിലര്‍ പാര്‍ട്ടിക്ക് അനഭിമതരായി. എതിര്‍ ശബ്ദങ്ങളെ ഒന്നൊന്നായി പാര്‍ട്ടി ഉന്‍മൂലനം ചെയ്യാന്‍ തുടങ്ങി. ഫ്യൂഡല്‍ മേധാവിത്വത്തിന്റെ സിംഹാസനങ്ങളില്‍ പാര്‍ട്ടി നേതാക്കള്‍ അവരോധിക്കപ്പെട്ടു. ഏകാധിപത്യത്തിന്റ മറ്റൊരു യുഗം തുടങ്ങുകയായി. 

ക്ലെമെന്റിസും പാര്‍ട്ടിക്ക് പുറത്തായി. വഞ്ചന ആരോപിച്ച് തൂക്കിക്കൊല്ലപ്പെട്ടു. ഗോട്ട് വാള്‍ഡ് കമ്മ്യൂണിസ്റ്റ് റിപ്പബ്ലിക്കിന്റെ ജനനം പ്രഖ്യാപിച്ച ചിത്രത്തിലും പാര്‍ട്ടി മാറ്റം വരുത്തി. ബാല്‍ക്കണിയില്‍ നില്‍ക്കുന്ന ഗോട്ട് വാള്‍ഡിനു സമീപത്തു നിന്ന് ക്ലെമന്റിസിനെ പാര്‍ട്ടി ചരിത്രകാരന്‍മാര്‍ മായ്ച്ചു. തുടച്ചുനീക്കി. പിന്നീടുള്ള കാലം കണ്ടത് ബാല്‍ക്കണിയില്‍ ഏകനായി നിന്ന് പുതുരാജ്യപ്പിറവി പ്രഖ്യാപിക്കുന്ന ഗോട്ട് വാള്‍ഡിനെ. എന്നാല്‍ അദ്ദേഹത്തിന്റെ തലയില്‍ രോമത്തൊപ്പിയുണ്ടായിരുന്നു. ക്ലെമന്റിസിന്റെ സ്നേഹത്തിന്റെ, പരിഗണനയുടെ, സഹോദര ഭാവനയുടെ മരിക്കാത്ത അടയാളം. ചരിത്രത്തെ വഞ്ചിച്ച പാര്‍ട്ടിക്ക് ചരിത്രം തിരിച്ചുനല്‍കിയ മധുരപ്രതികാരം.

കമ്മ്യൂണിസ്റ്റ് ചരിക്രം ക്ലെമന്റിസിനെ മറന്നു. ക്ലെമന്റിസ് എന്ന വിപ്ലവകാരി ഗോട്ട് വാള്‍ട് എന്ന സഖാവിന്റെ തലയില്‍ വച്ചുകൊടുത്ത തൊപ്പിയെക്കുറിച്ചു മറന്നു. ജനതയുടെ മനസ്സില്‍ നിന്ന് ആ ഓര്‍മ മായ്ച്ചുകളയാന്‍ കഴിയാവുന്നതെല്ലാം ചെയ്തു. എന്നാല്‍ വളര്‍ന്നുവന്ന തലമുറ ബോധപൂര്‍വമായ മറവിക്കെതിരെ പ്രതിവിപ്ലവത്തില്‍ അണിചേര്‍ന്നു. അവരുടെ കൂട്ടത്തിലുണ്ടായിരുന്നു മിലന്‍ കുന്ദേര എന്ന എഴുത്തുകാരനും. മറവിക്കെതിരെ പോരാടി അവര്‍. ഓര്‍മ എന്ന സമരായുധം ഉപയോഗിച്ച്. ചെക്കോസ്ലോവാക്യയിലും പിന്നീട് രാഷ്ട്രീയ അഭയം തേടിയ ഫ്രാന്‍സില്‍ വച്ചും മിലന്‍ കുന്ദേര നിരന്തരം നടത്തിയതും മറവിക്കെതിരെ ഓര്‍മ കൊണ്ടു നടത്തിയ പോരാട്ടം. അധികാരത്തിന്റെ നൃശംസതയ്ക്കതിരെ വ്യക്തി നടത്തിയ നിഷ്കളങ്കതയുടെ പോരാട്ടം. രക്തരൂഷിതമല്ലാത്ത ആ സമരത്തിന്റെ ഭാഗമാണ് ചിരിയുടെയും മറവിയുടെയും പുസ്തകം എന്ന കുന്ദേരയുടെ പ്രശസ്ത നോവലും. 1976-78 കാലത്ത് ചെക്കോസ്ലോവാക്യയില്‍ വച്ച് എഴുതിയ നോവല്‍. ഫ്രാന്‍സിലെത്തി ഫ്രഞ്ചു പൗരനായി ജീവിതം ആരംഭിച്ച കാലത്ത് ഫ്രഞ്ചിലേക്ക് അദ്ദേഹം തന്നെ മാറ്റിയെഴുതിയ ജന്‍മരാജ്യത്തിന്റെ ചരിത്രം. കുന്ദേരയുടെ ആശീര്‍വാദത്തോടെ, അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ ആരണ്‍ അഷര്‍ ഇംഗ്ലിഷിലേക്കു മൊഴി മാറ്റിയ നോവല്‍ ഇന്നും തുടരുകയാണ് മറവിക്കെതിരെ ഓര്‍മ നടത്തുന്ന പോരാട്ടം. മറവിയെ ചിരി കൊണ്ടു നേരിടുന്ന മൗലിക യുദ്ധതന്ത്രം. 

ഏഴു ഭാഗങ്ങളുണ്ട് ചിരിയുടെയും മറവിയുടെയും പുസ്തകത്തിന്. ഒരു ഭാഗത്തിനും മറ്റു ഭാഗങ്ങളുമായി പ്രത്യേകിച്ചൊരു ബന്ധമില്ല. എന്നാല്‍ എല്ലാ കഥകളെയും കോര്‍ത്തിണക്കുന്നുണ്ട് ഓര്‍മ. മറവി. ചിരി. രതി. 

ലോകത്തു മറ്റാര്‍ക്കുമില്ലാത്ത പേരിട്ടാണ് കുന്ദേര തന്റെ നായകയെ വിളിക്കുന്നത്: റ്റമിന. അവള്‍ അദ്ദേഹത്തിന്റെ സ്വന്തമാണ്. ആവളെ മറ്റാരും സ്വന്തമാക്കാതിരിക്കാന്‍ കൂടിയാണ് അദ്ദേഹം ഒരു പേര് കണ്ടുപിടിച്ചതുതന്നെ. പ്രാഗില്‍ നിന്ന് അകലെയാണ് റ്റമിന ഇപ്പോള്‍. എന്നാല്‍ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നത് പ്രാഗ് തന്നെ. ഭര്‍ത്താവുമൊന്നിച്ച് ഒരുമിച്ചു ജീവിച്ച രാജ്യം. പ്രിയപ്പെട്ടവന്‍ അധികാരികളുടെ അപ്രീതിക്ക് ഇരയായതോടെ റ്റമിനയ്ക്ക് രാജ്യം വിടേണ്ടിവന്നു. ജീവിതത്തിന്റെ പങ്കാളിയെ അധികാരത്തിന്റെ ക്രൂരതയ്ക്ക് വിട്ടുകൊടുത്ത്. എന്നാല്‍ റ്റമിനയെ പിന്‍വിളി വിളിക്കുന്നുണ്ട് ഭര്‍ത്താവുമൊന്നിച്ചു നടത്തിയ യാത്രകളെക്കുറിച്ച് ഡയറിയില്‍ എഴുതിയ കുറിപ്പുകള്‍. അയാള്‍ അവള്‍ക്കെഴുതിയ കത്തുകള്‍. ഓര്‍മക്കുറിപ്പുകള്‍. പ്രണയത്തിന്റെ, പരിഭവത്തിന്റെ, കുടുംബജീവിതത്തിന്റെ സന്തോഷ സ്മരണകള്‍. 

റ്റമിനയ്ക്ക് ആ കത്തുകള്‍ തിരിച്ചുവേണം. അധികാരികളുടെ കണ്ണുവെട്ടിച്ചുവേണം കടത്താന്‍. പാര്‍ട്ടിയെ ഒറ്റിക്കൊടുത്തവന്‍ എന്നാരോപിക്കപ്പെട്ടയാള്‍ എഴുതിയ പ്രണയ ലേഖനം പോലും പാര്‍ട്ടിക്ക് അപ്രിയം. സഖാക്കള്‍ തമ്മിലല്ലാത്ത പ്രണയത്തിനു പോലും നിരോധനം ഏര്‍പ്പെടുത്തിയ ഉട്ടോപ്പിയയില്‍ നിന്ന് നാടുവിടേണ്ടിവന്നല്ലോ കുന്ദേരയ്ക്കു പോലും. 

ഭര്‍ത്താവിന്റെ തിരോധാനത്തിനുശേഷം ഒരു പ്രണയാഭ്യര്‍ഥനെയേയും അംഗീകരിച്ചിട്ടില്ല റ്റമിന. ശരീരത്തിന്റെ വിളികളോടു പോലും പ്രതികരിച്ചിട്ടില്ല. ഒരിക്കല്‍ നിര്‍ബന്ധിത രതിക്കുപോലും റ്റമിന വഴങ്ങുന്നുണ്ട്. പ്രാഗില്‍ ഒരു പെട്ടിയില്‍ അടച്ചുസൂക്ഷിച്ച കത്തുകള്‍ തിരിച്ചുകിട്ടാന്‍വേണ്ടി. രതിയും വഞ്ചിക്കുന്ന റ്റമിനയുടെ ജീവിതനിരാസത്തിലുണ്ട് മോചനം വാഗ്ദാനം ചെയ്ത പാര്‍ട്ടി ഒരു രാജ്യത്തോട്, ജനതയോട്, ചരിത്രത്തോടു നടത്തിയ വഞ്ചന. 

യഥാതഥ കഥകള്‍ക്കൊപ്പം അസംബന്ധം നിറഞ്ഞ ജീവിത സന്ദര്‍ഭങ്ങളും കുന്ദേര അവതരിപ്പിക്കുന്നുണ്ട്. ചിരിയുടെയും രതിയുടെയും അതിപ്രസരമുണ്ട്. അധികാരം വേട്ടയാടിയവര്‍ക്ക് വേറെ എന്താണ് ആശ്രയം എന്നാണു മറുചോദ്യം. 

English Summary: The book of laughter and forgetting

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;