പ്രേത ഭവനത്തിലെ മരണത്തിന്റെ പിന്നിലെന്ത്? ഭീതിയുടെ മനഃശാസ്ത്രം പറയുന്ന കഥകൾ

maria
SHARE
മരിയ റോസ്

മാതൃഭൂമി ബുക്സ്

150 രൂപ

എങ്ങനെയാണ് ഭയത്തെ മറികടക്കേണ്ടത്? അത്ര എളുപ്പമാണോ അതിനെ മറികടക്കാൻ? ഭീതി എന്ന അടിസ്ഥാന മനുഷ്യ വികാരത്തെ ഇളക്കി മറിക്കുന്ന കഥകൾ പണ്ടും ഉണ്ടായിട്ടുണ്ട്, അതിൽ പ്രധാനമായും കണ്ടിരുന്നത് മരണശേഷമുള്ള ഭീതിജനകമായ അവസ്ഥകളായിരുന്നു. മരിച്ചതിനു ശേഷം 

എന്താണ് സംഭവിക്കുക എന്നത് എന്നും അജ്ഞാതവും നിഗൂഢവുമായി നിലനിൽക്കുന്നതു കൊണ്ട് തന്നെ അതിൽ ഭയത്തിന്റെ എലെമെന്റുകൾ വളരെ വൃത്തിയായി വിന്യസിക്കും എന്നതുകൊണ്ടാണ് ആ വിഷയത്തിൽ ഇത്രയധികം കഥകൾ എഴുതപ്പെട്ടതും. ഹൊറർ കഥകൾ എന്നാൽ ശ്രദ്ധിച്ചാൽ മനസ്സിലാകും അതിൽ പ്രേതം, യക്ഷി എന്നിവയ്ക്കപ്പുറം ഭീതിയുടെ രസതന്ത്രത്തെ കണ്ടെടുക്കുന്ന വായനകൾ എത്രയോ കുറവാണ് മലയാളത്തിൽ. 

ആരോ എഴുതിയ ഒരു കഥയുണ്ട്, ലോകം അവസാനിക്കുകയാണ്, ഭൂമിയിലെ സർവ്വ മനുഷ്യരും മൃഗങ്ങളും ജീവിവർഗ്ഗങ്ങളെല്ലാം നശിക്കപ്പെട്ടിരിക്കുന്നു, എന്നാൽ ഒരേ ഒരു മനുഷ്യൻ നശിച്ചു പോകാതെ അയാളുടെ വീട്ടിൽ വാതിലുകൾ എല്ലാം അടച്ചു സുരക്ഷിതനായി ഇരിക്കുകയാണ്. എന്നാൽ ഒരു രാത്രിയിൽ അയാളുടെ വാതിലിൽ ആരോ മുട്ടുന്നു- കഥ അവിടെ തീർന്നു. ആരും ഇല്ലാത്ത ഒരിടത്ത് ആരാവും അയാൾക്ക് വന്ന അതിഥി? അവിടെ ഭീതി ഉണ്ടായിത്തുടങ്ങുകയാണ്. അതുവരെ അങ്ങനെയൊന്നു ഉണ്ടാകേണ്ട സാധ്യത അയാൾക്ക് ഉണ്ടായിരുന്നിരിക്കില്ല. എന്നാൽ ആകസ്മികമായി കേൾക്കുന്ന ഒരു ശബ്ദത്തിൽ നിന്നും അയാളുടെ അബോധ താളം ഉണരുകയും അവിടെ കാലങ്ങളായി കേട്ട കഥകളുടെയും കൽപ്പിച്ചു കൂട്ടുന്ന ചിന്തകളുടെയും പ്രതിഫലനം ഭീതിയായി അയാളിൽ ഉണ്ടാവുകയും ചെയ്യുന്നു. കേട്ട ഏറ്റവും ഭീതിതമായ കഥയിലൊന്നാണിത്. അത്തരത്തിൽ ഭീതിയെ വലയം ചെയ്യുന്ന കഥകളാണ് മരിയ റോസിന്റെ പുതിയ പുസ്തകമായ ‘‘ഗ്രന്ഥകാരന്റെ മരണവും മറ്റു ഭീതികഥകളും’’.

ഏഴു കഥകളാണ് പുസ്തകത്തിലുള്ളത്. പ്രേതം അല്ലെങ്കിൽ മരണാനന്തരമുള്ള നിഗൂഢതകൾ അല്ലാതെയുള്ള ഭീതികളെ കുറിച്ച് സംസാരിക്കുന്ന പുസ്തകങ്ങളിലൂടെ സഞ്ചരിച്ച മലയാളിക്ക് ഈ വായന വളരെ പുതുമയുള്ള ഒരു അനുഭവമായിരിക്കും. 

ഭയം എന്ന അവസ്ഥയെ പലപ്പോഴും ലോജിക്കോടെ സമീപിക്കാൻ ശ്രമിക്കുമ്പോൾ കിട്ടുന്ന ചില ഉത്തരങ്ങളുണ്ട്, ആദ്യമായാണ് ഒരു കഥയിൽ അതെ ഉത്തരങ്ങളെ തൃപ്തിപ്പെടുത്തുന്ന വായന ലഭിക്കുന്നത്. പൊതുവെ പ്രേത കഥകൾ വായിക്കുമ്പോൾ അതിൽ ലോജിക് എന്നത് ഉപയോഗശൂന്യമായ ഒരു വാക്കാണ്. ഹൊറർ സിനിമ കാണുമ്പോഴോ നോവൽ വായിക്കുമ്പോഴോ പ്രത്യേകിച്ച് മലയാളം സംതൃപ്തി നല്കിയവ വളരെ കുറവാണ്, അങ്ങനെ നോക്കിയാൽ മലയാറ്റൂരിന്റെ യക്ഷി അതിൽ മുന്നിലുണ്ട്. എത്ര ഗംഭീരമായാണ് രാഗിണിയെന്ന യക്ഷിയെ മലയാറ്റൂർ അവതരിപ്പിച്ചത്. ഇത്രയും ലോജിക്കലായുള്ള ഒരു ഭീതി കഥ അതിനു മുൻപോ അതിനു ശേഷമോ മലയാളത്തിൽ വായിച്ചതായും ഓർമ്മ കുറവാണ്. 

ആ ഒഴിഞ്ഞു കിടന്ന ഇടത്തേയ്ക്കാണ് അജയൻ എന്ന ഗ്രന്ഥകാരൻ എത്തുന്നത്. സാനഡു എന്ന ബംഗ്ളാവിൽ തന്റെ റൈറ്റേഴ്‌സ് ബ്ലോക്കിൽ പെട്ട് ഉഴലുന്ന അവസ്ഥയിലാണ് അജയൻ എത്തിയത്. സാനഡുവിനു ഒരുപാട് പ്രത്യേകതകളുണ്ട്. ആത്മാക്കളുടെ വിഹാര കേന്ദ്രമാണ് അവിടം. ഒരുപാട് കഥകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന നിഗൂഢമായ ഒരു കെട്ടിടം. കഥകളൊക്കെയറിയുമ്പോൾ അതിനെ മനസ്സിലേക്കാവാഹിക്കുന്ന അജയൻ പിന്നീട് ആ ബംഗ്ലാവിൽ അനുഭവിക്കുന്ന ഭീതി വിവരണാതീതമാണ്. ഒറ്റയ്ക്കാവുന്ന അയാൾ രാത്രികളെ അതിജീവിക്കുന്നത് അത്ര സുഖകരമായല്ല. ഭീതിദമായ പല അനുഭവങ്ങളും അയാൾ നേരിടുന്നു. ഒടുവിൽ അജയന് എന്താണ് സംഭവിക്കുന്നത്? ആ അനുഭവങ്ങളുടെ കാരണമെന്താണ്? മനസ്സിന്റെ ആഴത്തിലുള്ള ബോധം നയിക്കുന്ന വഴികൾ സത്യത്തിൽ അപകടകരമാണോ? ചോദ്യങ്ങൾക്കെല്ലാം ഉത്തരം കഥ നൽകുന്നുണ്ട്.

‘‘കാലിൽ കുളമ്പുള്ള മനുഷ്യൻ’’, എന്ന കഥ ഒരു മിത്തിന്റെ സഞ്ചാര വഴികളിൽ ചോദ്യമുയർത്തുന്നു. വർഷങ്ങളായി ആ ഗ്രാമത്തിൽ ചില ശാപങ്ങളുണ്ട്. അവിടെ വളർന്നു വരുന്ന ഓരോ കുഞ്ഞുങ്ങളുടെ പോലും മുഖം ഭീതി കൊണ്ട് കരുവാളിച്ചിരിക്കും. കഥ കേട്ട് കേട്ട് അവർ എല്ലാം സ്വീകരിക്കാൻ തയ്യാറായി നിൽക്കും. കാലിൽ കുളമ്പുള്ള ഏതോ ഒരു രൂപം അവിടുത്തെ മനുഷ്യരെ കൊന്നൊടുക്കുന്നത് അവർ ഭീതിയോടെയാണ് അടുത്ത തലമുറയ്ക്ക് പറഞ്ഞു കൊടുക്കുന്നത്. സത്യത്തിൽ ആ കഥ ആര് പറഞ്ഞു എവിടെ നിന്നാണ് ആ രൂപമുണ്ടായത് എന്നൊക്കെ പറയണമെങ്കിൽ ആ സ്ഥലത്തിന്റെ ചരിത്രം കൂടി പഠിക്കണം. അതിൽ നിന്നാണ് എല്ലാമുണ്ടാകുന്നത്. അവിടെയും എഴുത്തുകാരൻ വ്യക്തമാക്കുന്നത് ഭീതിയുടെ മനഃശാസ്ത്രവും സത്യവുമാണ്. 

ബെറ്റി എന്ന കഥ മാനസികമായ ചില അവസ്ഥകളുടെ ഭ്രാന്തമായ അവസ്ഥകളെ വരച്ചു കാണിക്കുന്നുണ്ട്. വാടക വീട് അന്വേഷിക്കുന്ന അധ്യാപകൻ ഒരു പ്രേത ഭവനത്തിലെത്തുന്നു. എന്താണ് പ്രേതങ്ങളുടെ വീടുകൾ എന്നൊരു സങ്കല്പം വായനക്കാർക്കുണ്ട്. സ്വാഭാവികമായി അവിടെയുള്ള നിഗൂഢത, മരണം എന്ന യാഥാർഥ്യത്തെ കുറിച്ചുള്ള ബോധമില്ലായ്മ, എല്ലാം മനസ്സിനെ കൊണ്ടെത്തിക്കുന്നത് മറ്റേതോ തലത്തിലേക്കാണ്. അങ്ങനെയുള്ള ഒരു വീട്ടിൽ ഒരാൾ താമസിക്കാൻ വരുമ്പോഴോ? അയാൾ അവിടെ പാതി രാവിൽ കേൾക്കുന്ന ഉച്ചത്തിലുള്ള കരച്ചിൽ ആരുടേതാണ്? അതിന്റെ അന്വേഷണവുമായി അയാൾ നടത്തുന്ന യാത്രകൾ സാഹസികമാണ്. യുക്തി സഹമായ ഉത്തരങ്ങൾ ഒടുവിൽ കണ്ടെത്തുമ്പോൾ ഏറ്റവും സംതൃപ്തി നൽകിയ കഥയും ഒരുപക്ഷേ ഇത് തന്നെയാകും. 

കെ നഗരത്തിന്റെ പതനം, ചുരങ്ങളിൽ ഒരു ദുരൂഹ മരണം, സേതുവിന്റെ മരണം ഒരു കേസ് സ്റ്റഡി എന്നീ കഥകളും പല തരത്തിൽ ഭീതിയെ ഉണർത്തുന്നതാണ്. ഇതിൽ സേതുവിന്റെ കഥയെക്കുറിച്ച് കുറച്ചു കൂടി പറയേണ്ടതുണ്ടെന്നു തോന്നുന്നു. സിദ്ധിക്ക് ലാൽ സംവിധാനം ചെയ്ത ഇൻ ഹരിഹർ നഗർ എന്ന ഹിറ്റ് സിനിമയിലെ കഥാപാത്രമായ സേതുവിനെ ആരും മറക്കാൻ വഴിയില്ല. ആൻഡ്രൂസിന്റെ  അമ്മച്ചിയുടെ കയ്യിൽ രഹസ്യങ്ങളടങ്ങിയ പെട്ടി നൽകി ലോകത്തിൽ നിന്നും മായ്ഞ്ഞു പോയ സേതുവിന്‌ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചിരിക്കുക എന്ന് വ്യക്തമായ തെളിവുകളും കഥകളും നിരത്തി മരിയ റോസ് സമർത്ഥിക്കുന്നു. വളരെ രസകരവും കൗതുകകരവുമായ ഒരു അനുഭവം ആ കഥയ്ക്ക് നൽകാൻ കഴിയുന്നുണ്ട്, സിനിമയുടെ ഉള്ളിൽ കണ്ട ഒരു കഥാപാത്രത്തെ കണ്ടെടുത്തത് അതിനെ വിശദീകരിച്ചു കൊണ്ട് അയാളുടെ ആത്മഹത്യയ്ക്ക് പിന്നിലെ രഹസ്യം കണ്ടെത്താൻ ശ്രമിക്കുന്നത് തീർച്ചയായും കൗതുകമല്ലെങ്കിൽ മറ്റെന്താണ്!

ഓരോ കഥകളും ഭീതിയോടൊപ്പം ഉദ്വേഗവും നൽകുന്നുണ്ട്. സാഹിത്യ ഗുണവും ഒപ്പം മിസ്റ്റിക് അനുഭവവും പകർന്നു നൽകുന്ന ചുരങ്ങളിലെ നിഗൂഢ മരണം വായിക്കുമ്പോൾ ഒരിക്കൽ സഞ്ചരിച്ച ഗൂഡല്ലൂർ- ഊട്ടി- പാതയിലെ വന്യത ഓർത്തു പോയി. തീർച്ചയായും ഇനി ആ വഴി ഊട്ടിയ്ക്ക് പോകുമ്പോൾ പ്രൊഫസർ തോമസ് ഐസക്ക് കണ്ട കാഴ്ചകൾ ഓർമ്മയിൽ ഭയമുളവാക്കും. യാത്രയ്ക്കുള്ള വന്യത ആ കാടിനും വഴിക്കുമുണ്ട്. വായനയിലൂടെ ബോധത്തിലേക്ക് കൂട്ടിനെത്തിയ പ്രൊഫസറുടെ കഥ ആ വന്യതയ്ക്ക് കൂടുതൽ ആഴം നൽകും. മരിയ റോസ് പറയുന്ന ഈ കഥകളിലെല്ലാമുള്ള മനസ്സിന്റെ മാജിക് തന്നെയാണത്. സത്യത്തിൽ മനസ്സിനെക്കുറിച്ചാണ് അദ്ദേഹം പറയാൻ ആഗ്രഹിക്കുന്നത്. ഭീതി അലട്ടുന്ന മനുഷ്യർ തീർച്ചയായും ഇത് വായിക്കേണ്ടതാകുന്നു. ഒപ്പം ഭയപ്പെടാൻ ആഗ്രഹിക്കുന്നവരും.

English Summary : Grandhakarante Maranavum Mattu Bheethikathakalum book by Mariya Rose 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;