ADVERTISEMENT

ആദി കവിയുടെ ആദ്യ കവിതയ്ക്കു പിന്നിലുണ്ട് പ്രണയം. നഷ്ട പ്രണയം. പ്രണയ തീഷ്ണതയും പ്രണയ നഷ്ടവുമാണ് കവിയുടെ പിറവിക്കു കാരണമായത്; കവിതയുടെയും. കാട്ടാളന്റെ അമ്പില്‍ പിടഞ്ഞുവീണ പ്രണയത്തെ വാക്കുകളിലേക്ക് ആവാഹിക്കുകയായിരുന്നു കവി. അന്നാണു പ്രണയം കവിതയില്‍ ജനിച്ചത്; പിന്നീട് പലവട്ടം പുനര്‍ജനിച്ചതും. 

 

കവിതയുടെ ജീവനായും ജീവനാഡിയായും മാറിയത്. അന്നു മുതലിന്നോളവും ഇനി നാളെകളിലും  പ്രണയം സഞ്ചരിക്കുന്നതു വാക്കുകളുടെ ചിറകിലേറി; കവിതയുടെയും. കവിതയും പ്രണയവും തമ്മിലുള്ള പ്രണയത്തിന്റെ സദ്ഫലങ്ങളാണ് ലോകത്തെ മികച്ച കവിതകളൊക്കെയും. എത്ര എഴുതിയിട്ടും തീരാതെ. പറഞ്ഞിട്ടും ബാക്കിയായി, പ്രണയം കവിതയെ തേടുന്നതിന്റെ സാക്ഷ്യങ്ങള്‍. കവിത പ്രണയിക്കപ്പെടുന്നതിന്റെ ഊഷ്മളത. 

 

കിളി മരം പച്ച എന്ന പുസ്തകത്തിലെ 47 കവിതകളും പ്രണയത്തെ തേടുന്നവ. പ്രണയത്തില്‍ നിന്നു തുടങ്ങി പ്രണയത്തിലൂടെ തുടരുന്ന കാവ്യാക്ഷരങ്ങള്‍.  ആദ്യ കവിയുടെ പേരു തന്നെ ‘ഞാന്‍ അറിയുന്ന പ്രണയം’. ഞാന്‍ അറിയുന്നൊരു പ്രണയമുണ്ട് എന്ന വരിയിലാണ് ആദ്യ കവിത തുടങ്ങുന്നതുതന്നെ. അവസാന കവിത ‘പ്രണയ ജ്വാലയും’. 

താന്‍ അറിഞ്ഞ പ്രണയജ്വാലയുടെ വെളിച്ചത്തെ തനിക്കറിയാവുന്ന വാക്കുകളിലേക്ക് ആവാഹിക്കാന്‍ ജ്യോതി ശ്രീധര്‍ ശ്രമിച്ചതിന്റെ സാക്ഷാത്കാരം. 

 

ഇന്ന് 

ഒരു മേഘത്തെക്കണ്ട് 

ഞാന്‍ അതായെങ്കിലെന്നോര്‍ത്തു. 

നിന്റെ തലയ്ക്കു മുകളില്‍, 

കൊതി തീരെ നിന്നെക്കാണുന്ന മേഘം. 

 

പ്രണയം നിരന്തരം ആളിപ്പടരുന്ന സത്തയില്‍ നിന്നാണ് ജ്യോതിയുടെ 

വാക്കുകള്‍  ഉയിരെടുക്കുന്നത്. പ്രണയത്തിന്റെ സമസ്ത ഭാവങ്ങളെയും പ്രതിഫലിപ്പിക്കാനുള്ള ശ്രമം. സമാഗമത്തിന്റെ ഹര്‍ഷോന്‍മാദം. വിരഹത്തിന്റെ വേദന. തിരിച്ചറിയപ്പെടാത്ത പ്രണയത്തിന്റെ വിസ്മൃതിയില്‍നിന്നുയിര്‍ക്കുന്ന പറയപ്പെടാത്ത വീര്‍പ്പുമുട്ടല്‍. അപൂര്‍വ സമാഗമങ്ങളുടെ ആഹ്ലാദം. 

 

പൊട്ടിച്ചിരിച്ചു നീ മുഖമുയര്‍ത്തുമ്പോള്‍ 

നിന്നൊടൊപ്പം തെളിഞ്ഞ്, 

നിന്റെ ദുഃഖങ്ങള്‍ക്കൊപ്പം സ്വയമിരുണ്ട്, 

പിന്നെ നിന്നിലേക്കെത്തുന്നൊരു മഴവില്ലയച്ച്, 

ഒരു മഴയ്ക്കായ് നീ ദാഹിച്ചുനോക്കിയാല്‍ 

നിനക്കായ് പെയ്യാന്‍ കഴിയുന്ന മേഘം. 

 

പ്രണയ കവിതയയുടെ വിധി നിശ്ചയിക്കുന്നതു കാലമല്ല; പ്രണയിതാക്കള്‍ തന്നെ. വായിച്ച വാക്കുകള്‍ എന്നെങ്കിലും ഏതെങ്കിലും നിമിഷത്തില്‍ ഏതെങ്കിലുമൊരു പ്രണയിനിയുടെ മനസ്സില്‍ ഉദിച്ചുയരുമ്പോള്‍ കവിത പുനര്‍ജനിക്കുന്നു. പുതിയ ഉയിരില്‍ ഉടലെടുക്കുന്നു. പുനരവതാരം തേടുന്നു. അതത്രേ പ്രണയ കവിതയുടെ മോഹം; സാഫല്യവും. 

 

നീ കുട പിടിക്കുമ്പോള്‍ ,

നിന്റെ പാദത്തെ തഴുകുന്ന, 

മണ്ണിന്റെ തണുവില്‍ 

അവസാന ശ്വാസമെടുക്കുന്ന മേഘം 

അങ്ങനെയാകുമെങ്കില്‍... 

 

ജ്യോതിയുടെ പ്രണയം തീണ്ടിയ വരികള്‍ കാത്തിരിക്കുന്നതും പുതു പ്രണയികളെ; പുതു കാലത്തെ. നിരന്തരം പുതുക്കപ്പെടുന്നതാണല്ലോ കവിത; പ്രണയവും. 

 

നീ മാനത്ത് കണ്ട മേഘങ്ങളിലൊന്ന് 

മഴയായുതിര്‍ന്നു. 

നീയറിയുന്നില്ല, 

ഈ വിരഹം 

ഇങ്ങനെ വിരചിക്കപ്പെടുന്നതും. 

 

English Summary: Kilimaram Pacha book by Jyothy Sreedhar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com