ADVERTISEMENT

കത്തെഴുത്ത് എത്ര സുഖകരമായ അനുഭവമാണ് എന്ന് അറിയുന്നവർ എത്ര പേരുണ്ടാവും? പണ്ടാണ്, പണ്ടെന്നു പറഞ്ഞാൽ വളരെ പണ്ടാണ്, അതായത് ആശയ വിനിമയത്തിന് ഗന്ധമുണ്ടായിരുന്ന കാലം. നീല മഷി പേന കൊണ്ട് കത്തെഴുതുമ്പോൾ പേപ്പറിൽ നിന്നും പ്രവഹിക്കുന്ന ആ ഗന്ധം ശ്വസന ദ്വാരങ്ങൾ തകർത്തെറിഞ്ഞ് ആത്മാവിലേക്ക് കയറി പോകുന്ന അനുഭൂതി ആ എഴുത്തിലൊക്കെ അനുഭവിക്കാൻ കഴിയുമായിരുന്നു. അതുകൊണ്ടു തന്നെയാവില്ലേ ഇന്നും പഴയ ചില എഴുത്തുകൾ നമ്മൾ ആരും കാണാതെ ഡയറിക്കുള്ളിൽ ഒളിപ്പിച്ച് വയ്ക്കുന്നതും! കാലത്തെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല, ഗന്ധങ്ങളേക്കാളുപരി കാഴ്ചകൾക്ക് പ്രസക്തി കൂടിയപ്പോൾ സോഷ്യൽ മീഡിയ മാധ്യമമാവുകയും കത്തെഴുത്തുകൾ കാലത്തിനനുസരിച്ച് രൂപം മാറി ഒഴുകുകയും ചെയ്തു. കത്തുകൾ മാത്രം എഴുതി പുസ്തകമാക്കി ആ പുസ്തകം വൻ ഹിറ്റുകളാക്കിയ എഴുത്തുകാർ നിരവധിയാണ്. കൂടുതലും കത്തെഴുത്തിന്റെ സാഹിത്യ വിക്ഷോഭ സാധ്യതകൾ മനസ്സിലാക്കി പഴയ സ്നേഹ കത്തുകളെ തിരഞ്ഞു പിടിച്ച് പുസ്തകമാക്കിയത് പുതിയ എഴുത്തുകാർ തന്നെയാണ്. 

 

ലളിതാംബിക അന്തർജനത്തിന്റെ കത്തുകൾ കൂട്ടി വച്ച് കൊച്ചു മകൾ കൂടിയായ തനൂജ ഭട്ടതിരി ഒരു പുസ്തകം പുറത്തിറക്കി. ‘‘അന്തർജ്ജനത്തിന് സ്നേഹപൂർവ്വം ബഷീർ’’, ‘‘അന്തർജ്ജനത്തിനു സ്നേഹപൂർവ്വം വയലാർ’’ എന്ന പുസ്തകങ്ങൾ എഴുത്തുകാരിക്ക് ലഭിച്ച കത്തുകളാണ്. അതുപോലെ ബഷീറിന് എഴുതിയതും ബഷീർ എഴുതിയതുമായ കത്തുകളുമായി പത്രപ്രവർത്തകയായ കെ.എ. ബീന ഇറക്കിയ എത്രയോ പുസ്തകങ്ങൾ!

 

അത്തരത്തിൽ മലയാളം എന്നും ഓർക്കുന്ന എഴുത്തുകാരനായ ഇതിഹാസ എഴുത്തുകാരൻ ഒ വി വിജയന്റെ കത്തുകളാണ് ആനന്ദി രാമചന്ദ്രൻ എഡിറ്റ് ചെയ്തു ലോഗോസ് ബുക്സ് ഇറക്കിയ ‘‘വിജയന്റെ കത്തുകൾ- വിചാര വിനിമയങ്ങൾ’’ എന്ന പുസ്തകം. ആദ്യമായി പ്രിയപ്പെട്ട ഒരു എഴുത്തുകാരന് കത്തയക്കുമ്പോൾ എത്രമാത്രമാകും വായനക്കാരി സ്വയം കൗതുകപ്പെടുക എന്നോർക്കുമ്പോൾ അതൊരു രസകരമായ അനുഭവമാണ്. ‘‘ഒരു സാഹിത്യകാരനോ കാർട്ടൂണിസ്റ്റോ മാത്രമായിരുന്നില്ല വിജയൻ. ഒരു ദാർശനികനായിരുന്നു, ബുദ്ധിജീവിയായിരുന്നു. പെരുമാറ്റത്തിൽ സത്യസന്ധതയും സുതാര്യതയും പുലർത്തി. അതിലൊക്കെ ഉപരിയായി ഒരു തപസ്വിയുടെ നന്മ വിജയനിൽ ഞാൻ കണ്ടിരുന്നു. ആനന്ദി രാമചന്ദ്രൻ അദ്ദേഹത്തെക്കുറിച്ച് എഴുതിയിരിക്കുന്നുണ്ട്. ഒരു സ്ത്രീയും പുരുഷനും എന്ന നിലയിൽ നിന്നല്ലാതെ ഒരേ ആശയത്തിൽ ചിന്തിക്കുന്ന വ്യക്തികളെന്ന നിലയിലാണ് തങ്ങളുടെ ആശയ സംവേദനം കത്തുകളിലൂടെ നിലനിന്നു പോയതെന്ന് ആനന്ദി സൂചിപ്പിക്കുന്നു. പ്രവാസ കാലത്താണ് ആനന്ദി വിജയന് ആദ്യമായി കത്തെഴുതുന്നത്. ‘മലയാള നാട്’ എന്ന മാസികയിൽ നിന്നാണ് ഒ.വി. വിജയനെന്ന എഴുത്തുകാരനെ ആനന്ദി വായിക്കുന്നതും പലർക്കുമയച്ച കൂട്ടത്തിൽ അദ്ദേഹത്തിനും കത്തുകൾ അയക്കുന്നതും. ഒരു ബൗദ്ധിക വായന ഇഷ്ടപ്പെടുന്ന വായനക്കാരിയുടെ ആകുലതകളുടെ അടയാളങ്ങളായിരുന്നിരിക്കണം അവർ പലർക്കും അയച്ച ഓരോ കത്തുകളും. എന്നാൽ വിജയൻ മാത്രമാണ് മറുപടി അയച്ചത്. 

 

ജീവിതത്തിൽ തന്റെ സർഗ്ഗാത്മകത ചോർന്നു പൊയ്ക്കൊണ്ടിരുന്ന കാലത്ത് വിജയൻ കത്തുകളിലൂടെ പകർന്നു തന്ന ഊർജ്ജമാണ് തന്നെ എഴുത്തുകാരിയാക്കിയതെന്ന് ആനന്ദി അടയാളപ്പെടുത്തിയിരിക്കുന്നു. വിജയന്റെ ഒരു കത്ത് ഇങ്ങനെയാണ്,

‘‘പ്രിയപ്പെട്ട ആനന്ദി,

 

കത്ത് ഇക്കഴിഞ്ഞത് കിട്ടി. അതിനു മുൻപ് ഒന്നയച്ചിരുന്നെങ്കിൽ അത് കിട്ടിയിട്ടില്ല. തിരക്ക് പിടിച്ച ലേഖകൻ എന്നൊക്കെ ആക്ഷേപിച്ചുവല്ലോ. ഞാനൊരിക്കലും കത്തുകൾക്ക്- ബുദ്ധിപൂർവം ആത്മാർഥവുമായവയ്ക്ക് മറുപടി അയക്കാൻ അമാന്തിക്കാറില്ല. ലേഖനവും കഥയുമൊക്കെ സത്യത്തിൽ കത്തുകൾ തന്നെയല്ലേ? വണ്ടിയുടെ കത്തുകളിലെ ഉൾക്കാഴ്ചകൾ എനിക്കിഷ്ടപ്പെട്ടു. പിന്നെ ഗൾഫ് നാടുകളിൽ ഉള്ളവർ ഒരിക്കലും ശത്രുക്കളല്ല. മാർക്സിയൻ വർഗ്ഗ വീക്ഷണത്തിന്റെ പൊട്ടിച്ചിരിപ്പിക്കുന്ന ഒരു പാരഡി ആണ് അവർ. ചിരിയുടെ ശേഷം, ദുരന്തത്തിന്റെ അസ്തിത്വ ക്ഷീണത്തിന്റെ , കരച്ചിലും.......

ഇവിടെ ഞാൻ സ്റ്റേറ്റ്സ്മാൻ എന്ന ഇംഗ്ലീഷ് പത്രത്തിന്റെ കാർട്ടൂണിസ്റ്റായി കഴിയുന്നു, കുടുംബ സഹിതം. പിന്നെ അതിപ്രധാനം, നിങ്ങൾ ആരാണ്, അവിടെ എന്ത് ചെയ്യുന്നു?

 

കത്ത് ചുരുക്കട്ടെ,

സ്നേഹത്തോടെ 

വിജയൻ ’’

 

പുസ്തകത്തിന്റെ ആദ്യം നൽകിയിരിക്കുന്ന വിജയന്റെ ഈ കത്തിൽ എല്ലാമുണ്ട്. തന്റെ പ്രിയപ്പെട്ട വായനക്കാരോടുള്ള കരുതൽ, ഒരു എഴുത്തുകാരൻ എന്ന നിലയ്ക്കുള്ള ധാർഷ്ട്യമില്ലായ്മ, അഹങ്കാരമില്ലായ്മ, സ്വയം മനസ്സിലാക്കിയ ഒരു സന്യാസി വര്യന്റെ നിർമമത എല്ലാം അതിൽ തെളിഞ്ഞു കാണാം. പരസ്പരം മനുഷ്യർ അറിയേണ്ടത് ഇങ്ങനെയൊക്കെ തന്നെയാണെന്ന് കൊതിയോടെ മനസിലാക്കി തരുന്നുണ്ട് ഇത്തരത്തിൽ ഈ പുസ്തകത്തിലെ ഓരോ കത്തുകളും. 

 

ഓരോ കത്തുകളും പ്രസിദ്ധീകരിച്ചിരിക്കുന്നതിനു മുൻപ് വിജയൻ ആ കത്തെഴുതാൻ പ്രേരിപ്പിക്കപ്പെട്ട അനുഭവം ആനന്ദി വിശദമാക്കിയിട്ടുണ്ട്. എഴുത്തുകാരിയുടെ മറുപടികത്തുകൾ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടില്ല എങ്കിലും വിജയൻ പറഞ്ഞത് പോലെ ഒരേ ആശയത്തിൽ ഊന്നി ജീവിക്കുന്ന രണ്ടു പേരുടെ കാതുകൾക്ക് മിക്കവാറും റീ ഗന്ധമായിരിക്കും, അത് ലഭിക്കാൻ അവരിൽ ആരുടെയെങ്കിലും ഒരാളുടെ വാക്കുകൾ വായിച്ചാലും മതിയാകും. വിജയൻ പലപ്പോഴും ഒരു ഫാസിസ്റ്റായി മുദ്ര കുത്തപ്പെട്ടപ്പോഴും അദ്ദേഹം അങ്ങനെ ആയിരുന്നില്ലെന്ന് ആനന്ദി വ്യക്തമാകകുന്നുണ്ട്. അദ്ദേഹത്തിന്റെ എഴുത്തുകൾ തന്നെ ഉദ്ധരിച്ചാൽ,

 

‘‘പിന്നെ ഒരു സ്വാതന്ത്ര്യമെടുക്കാൻ തോന്നുന്നു. അവിടെ കിട്ടുമെങ്കിൽ ഒരു ചെറിയ സാധനം എനിക്കായി കൊണ്ട് വരാമോ? ഖുർ ആനിൽ നിന്നുള്ള എന്തെങ്കിലും, കിട്ടുമെങ്കിൽ ആദ്യ പ്രാർത്ഥനയുടെ കാലിഗ്രാഫ്. ഇവിടെ കിട്ടും പക്ഷെ അത് ഓതെന്റിക്ക് അല്ല, ചെറിയതു മതി. ആറോ എട്ടോ അംഗുലം നീളവും വീതിയുമുള്ള , ചെമ്പിലോ മറ്റോ ഉള്ള ശില്പമായാൽ മതി. വർണശബളമല്ലാത്തത്. അധികം വിലയില്ലാത്തതും. ഈ വസ്തു കിട്ടിയില്ലെങ്കിൽ തേടാൻ വിഷമിക്കേണ്ടതെയില്ല,’’ ഇങ്ങനെ വിജയന്റെ രാഷ്ട്രീയത്തെയും ചിന്തകളെയും ആനന്ദി അദ്ദേഹത്തിന്റെ കത്തുകളിലൂടെ തിരിച്ചറിഞ്ഞിരുന്നു.

 

ഒരു മനുഷ്യനെ യഥാർത്ഥത്തിൽ തിരിച്ചറിയുന്ന എത്ര പേരുണ്ടാകും? എത്ര അടുത്ത് നിന്ന് പെരുമാറിയലും ചില മനുഷ്യരെ നമുക്ക് തിരിച്ചറിയാൻ സാധിച്ചു എന്ന് വരില്ല. എന്നാൽ കത്തുകളിൽ പരസ്പരം അടുത്ത എത്രയോ മനുഷ്യരും പങ്കു വായിക്കപ്പെട്ട സൗഹൃദങ്ങളുമുണ്ട്. ‘‘മൈ ജാപ്പനീസ് വൈഫ്’’ എന്ന അപർണ സെൻ സിനിമ കണ്ടവർക്ക് കത്തെഴുത്തിന്റെ ഏറ്റവും ആഴത്തിലുള്ള കാഴ്ചകൾ കാണാൻ സാധിച്ചേക്കും. ഇതുവരെ കാണാതെ ഒരു തൂലികാ സൗഹൃദത്തിൽ നിന്നും കത്തെഴുതി തുടങ്ങിയ ബംഗാളിയായ സ്നേഹമയി ചാറ്റർജിയും ജാപ്പനിയായ മിയാഗിയും. അവർ അകലത്തിരുന്നു തന്നെ വിവാഹിതരാകുന്നു. പരസ്പരം കാണാൻ കാത്തിരിക്കുന്നു, ഒടുവിൽ എല്ലാ ദുരിതങ്ങളെയും അതിജീവിച്ച് അവൾ എത്തുമ്പോഴേക്കും വർഷങ്ങൾ കടന്നു പ്രായമേറെയായി സ്നേഹമയി ചാറ്റർജി മരണത്തിനു സ്വയം വിട്ടു നൽകിയിരുന്നു. അതാണ് കാതുകളുടെയും അക്ഷരങ്ങളുടെയും ആഴം. സൗഹൃദവും പ്രണയവും പറയാൻ അതിലും ഉദാത്തമായ വേറെ വഴികൾ അന്നും ഇന്നും കണ്ടെത്തപ്പെട്ടിട്ടില്ല. എന്നാൽ ഇവിടെ ആനന്ദിയും വിജയനും തമ്മിലുണ്ടായിരുന്ന കത്തുകളിൽ വായനക്കാർക്ക് കാണാൻ കഴിയുക ഒരു കാലം തന്നെയാണ്. അടിയന്തരാവസ്ഥ കാലങ്ങളിലെ പത്രക്കാരുടെ അവസ്ഥകൾ ഉൾപ്പെടെയുള്ള അനുഭവങ്ങൾ, വിജയന്റെ എഴുത്ത്, ജീവിതം, അദ്ദേഹത്തിന്റെ രാഷ്ട്രീയം തുടങ്ങി എല്ലാത്തിനെക്കുറിച്ചും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വായനക്കാർക്ക് ഉൾക്കാഴ്ച കിട്ടാൻ ഈ പുസ്തകം സഹായിക്കും എന്നുറപ്പാണ്. ചിന്തിക്കുന്നവരോട് ജ്വരതുല്യമായ ഒരു സൗഹൃദം അദ്ദേഹത്തിനുണ്ടായിരുന്നു എന്ന് ആനന്ദി കണ്ടെത്തുന്നുണ്ട്. അതുപോലെയുള്ള കത്തുകൾക്ക് അദ്ദേഹം നിരന്തരം മറുപടിയും നൽകിയിരുന്നു. 

 

വിജയന്റെ കത്തുകൾ മാത്രമല്ല അദ്ദേഹവുമായി ഉണ്ടായിരുന്ന സൗഹൃദം അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ നടന്നപ്പോൾ ആനന്ദി കണ്ടെത്തിയ കാഴ്ചകൾ എല്ലാം പുസ്തകത്തിലുണ്ട്. വിജയന്റെ നിരീക്ഷണങ്ങൾ, അദ്ദേഹത്തിന്റെ ആത്മീയത, രാഷ്ട്രീയം ഉൾക്കാഴ്ചകൾ, ഇതിനൊക്കെ കൃത്യമായ തെളിച്ചം ആനന്ദി പുസ്തകത്തിലൂടെ നല്കാൻ ശ്രമിക്കുന്നുണ്ട്. ഒ.വി. വിജയനെ അറിയാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും മികച്ചൊരു അനുഭവമാണ് ഈ പുസ്തകം. 

 

English Summary : Vijayante Kathukal- Vichara vinimayangal book written by Anandhi Ramachandran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com