കൊല്ലപ്പെട്ട മൃഗങ്ങൾക്കുവേണ്ടി വീടിനുപിന്നിൽ ശ്മശാനം ഒരുക്കിയ ഡ്യൂസെക്കോയുടെ കഥ

drive-your-plow-over-the-bones
SHARE
ഓൾഗ തൊകാർചുക്

ഫിറ്റ്സ്കറൾഡൊ എഡിഷൻസ്

വില 599 രൂപ

മനുഷ്യരുടെ പ്രത്യേകതയായ പ്രതികാരം മൃഗങ്ങൾ ഏറ്റെടുക്കുന്ന ഒരു കാലം ഉണ്ടായിക്കൂടെന്നില്ല. കല്ലേറുകൾക്കു കണക്കു പറയുന്ന കാലം. വേട്ടയാടലുകൾ തിരിച്ചടിക്കുന്ന കാലം. കണ്ണിനു കണ്ണ്. പല്ലിനു പല്ല്. അങ്ങനെയൊരു കാലം വന്നാൽ എത്ര പേർക്കായിരിക്കും ആയുസ്സ് ബാക്കിയാകുക? പേടിപ്പിക്കുന്ന, ചിന്തിപ്പിക്കുന്ന, നടുക്കമുണ്ടാക്കുന്ന ഈ ചോദ്യം ചോദിക്കുന്ന നോവലാണ് ഡ്രൈവ് യുവർ പ്ലൊ ഓവർ ദ് ബോൺസ് ഓഫ് ദ് ഡെഡ്. ഫ്ലൈറ്റ്സ് എന്ന നോവലിന് ബുക്കർ പുരസ്കാരം നേടിയ പോളിഷ് എഴുത്തുകാരി ഓൾഗ തൊകാർചുക്കിന്റെ വിവാദനോവൽ. 

ഡ്യൂസെക്കോ എന്ന മധ്യവയസ്കയാണ് നോവലിലെ നായിക. ഇംഗ്ലിഷ് കവി വില്യം ബ്ലേക്കിന്റെ ആരാധിക. അധ്യാപികയായിരുന്ന ഡ്യൂസെക്കോ തന്റെ മുൻശിഷ്യനൊപ്പം ബ്ലേക്കിന്റെ കവിതകൾ പോളിഷ് ഭാഷയിലേക്കു വിവർത്തനം ചെയ്യുകയാണ്. ചോദ്യങ്ങൾക്കു ബ്ലേക്കിന്റെ കവിത ഉദ്ധരിച്ചു മറുപടി പറയുന്ന ഡ്യൂസെക്കോ പോളണ്ടിലെ വിദൂരമായ ഒരു വനപ്രദേശത്താണ് ജീവിക്കുന്നത്. കനത്ത മഞ്ഞുവീഴ്ച പേടിച്ച് താമസക്കാർ ഒഴിഞ്ഞുപോയ വനമേഖലയിൽ രണ്ടു നായ്ക്കുട്ടികൾക്കൊപ്പം പ്രകൃതിയെ അറിഞ്ഞും അനുഭവിച്ചുമുള്ള അതിജീവനം. വിജനമായ പ്രദേശത്തെ താമസക്കാരൊഴിഞ്ഞ വീടുകളുടെ മേൽനോട്ടം എന്ന ഉത്തരവാദിത്വവുമുണ്ട്. 

നോവലിലെ ഓരോ അധ്യായത്തിന്റെയും തുടക്കത്തിൽ ബ്ലേക്കിന്റെ ഈരടികളുണ്ട്; കഥയുമായി ചേർന്നുപോകുന്ന, ഡ്യൂസെക്കോയുടെ ചിന്തകളുമായി യോജിക്കുന്ന തത്ത്വചിന്തയുടെ ആഴമുള്ള വരികൾ. വീട്ടിൽ ഓമനിച്ചു വളർത്തുന്ന നായ്ക്കുട്ടികളെ പെട്ടെന്നൊരു ദിവസം കാണാതാകുന്നതോടെ കഥ തുടങ്ങുന്നു. ഡ്യൂസെക്കോയ്ക്ക് ഒരിക്കലും യോജിക്കാനാവാത്ത അയൽവാസിയുടെ മരണം തൊട്ടുപിന്നാലെയുണ്ടാകുന്നു. മറ്റു രണ്ടു ദുരൂഹ കൊലപാതകങ്ങൾ കൂടി നടക്കുന്നതോടെ ക്രൈം ത്രില്ലറിന്റെ സ്വഭാവത്തിലേക്കു മാറുകയാണ് ഓൾഗയുടെ നോവൽ. എന്നാൽ ഇതുവരെ പരിചയിച്ച ക്രൈം സ്റ്റോറികളിൽനിന്നു തികച്ചും വ്യത്യസ്തം. അന്വേഷണവും ചുരുളഴിയലും ക്ലൈമാക്സും ഷെർലക് ഹോംസിന്റെ ശിഷ്യനു പോലും കണ്ടുപിടിക്കാനാവാത്തത്. എന്നാൽ അവയേക്കാൾ കൊലപാതകങ്ങളുടെ കാരണമായി ഡ്യുസെക്കോ നിരത്തുന്ന ന്യായങ്ങളും അന്യായങ്ങളുമാണ് നോവലിന്റെ കാതൽ. അതൊരു പോരാട്ടത്തിന്റെ കഥ കൂടിയാണ്. ഒറ്റയ്ക്കു താമസിക്കുന്ന, മനുഷ്യരേക്കാൾ മൃഗങ്ങളുടെ സഹവാസം കൊതിക്കുന്ന ഡ്യൂസെക്കോയുടെ സാഹസിക സഞ്ചാരങ്ങളുടെ ചരിത്രം. 

വീടിനു പിന്നിൽ ഒരു ശ്മശാനം തന്നെയുണ്ട് ഡ്യൂസെക്കോയ്ക്ക്. കൊല്ലപ്പെട്ട മൃഗങ്ങൾക്കുവേണ്ടിയുള്ള കല്ലറകളാണ് ആ ശ്മശാനത്തിൽ. ആഴ്ചയിൽ ഒരിക്കലെങ്കിലും കല്ലറയിലെത്തി മെഴുകുതിരിവച്ചു പ്രാർഥിക്കാറുണ്ട് ഡ്യൂസോക്കോ. ആരും കരയാതെ, കണ്ണീർ വാർക്കാതെ കൊല്ലപ്പെടുന്ന മൃഗങ്ങൾക്കുവേണ്ടി. വേട്ടയാടുന്നവർ ആ പ്രദേശത്ത് ഒട്ടേറെപ്പേരുണ്ട്. അവരൊക്കെയും ഡ്യൂസെക്കോയുടെ ശത്രുക്കളാണ്. വിചിത്രമായ മാനസികാവസ്ഥയുമായി ജീവിക്കുന്ന ഡ്യുസെക്കോ അവർക്ക് ഭ്രാന്തി മാത്രം. മൃഗങ്ങൾക്കുവേണ്ടി ഒന്നിലധികം തവണ പൊലീസ് സ്റ്റേഷനും പള്ളിയും പോലും കയറിയിറങ്ങുന്നുണ്ട് അവർ. നീതിക്കു പകരം ലഭിക്കുന്നത് ആക്ഷേപം. അവമതി. ശാപങ്ങൾ. ഭ്രാന്തിയെന്ന സ്വഭാവ സർട്ടിഫിക്കറ്റ്. എന്നാൽ അവയൊന്നും അവരെ പിന്തിരിപ്പിക്കുന്നില്ല എന്നു മാത്രമല്ല തളരാതെ പോരാടാനുള്ള വീര്യം സമ്മാനിക്കുന്നുമുണ്ട്. 

ഗ്രാമത്തിലെ കൊലപാതകങ്ങൾക്കു പിന്നിൽ ആരെന്ന അന്വേഷണം മുന്നേറുമ്പോഴാണ് അവയ്ക്കു പിന്നിൽ മൃഗങ്ങളാണെന്ന വിചിത്ര വാദവുമായി ഡ്യൂസെക്കോ എത്തുന്നത്. മരിച്ചവർ  മൃഗവേട്ടക്കാരാണെന്ന് അവർ തെളിവു നിരത്തി സ്ഥാപിക്കുന്നുമുണ്ട്. മുറിവേറ്റ മാനുകൾ. ഏറുകൊണ്ട കാട്ടുപോത്ത്. നായ്ക്കൾ. ആട്ടിയോടിക്കപ്പെട്ട പക്ഷികൾ. എന്നാൽ ഡ്യൂസെക്കോയ്ക്ക് 100 ശതമാനം ശരിയെന്നു തോന്നുന്ന വാദം വിശ്വസിക്കാൻ തയാറല്ല പൊലീസ് ഉൾപ്പെടെയുള്ളവർ. അവരുടെ സംശയം ഡ്യൂസെക്കോയിലേക്ക് നീളുമ്പോൾ യഥാർഥ കൊലപാതകിയെ കണ്ടെത്തേണ്ട ഉത്തരവാദിത്തം കൂടി അവർക്ക് ഏറ്റെടുക്കേണ്ടിവരുന്നു. അതു സാഹസികമാണ്. വേദനാപൂർണവും. എന്നാൽ തനിക്കുവേണ്ടി കാത്തിരുന്ന വലക്കണ്ണികൾ ഡ്യൂസെക്കോ മുറിച്ചുമാറ്റുന്ന കാഴ്ച ആവേശകരമാണ്. മനുഷ്യരല്ലാത്ത സഹജീവികളോടുള്ള സ്നേഹം കാത്തുസൂക്ഷിക്കുന്ന മുറിച്ചുമാറ്റാൻ മൃഗജൻമം സ്വീകരിക്കുകയാണ് 

English Summary : ‘Drive Your Plow Over the Bones of the Dead’ Novel written by Olga Tokarczuk

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;