കഥയ്ക്കുള്ളിലെ ജീവിത ‘ദീർഘ’ങ്ങൾ

abu-p
SHARE
അബു ഇരിങ്ങാട്ടിരി

സൈകതം ബുക്സ്

വില: 320 രൂപ

ജീവിതത്തിന്റെ അതിർത്തി കുറിക്കുന്ന കഥകളുടെ കാലം അസ്തമിച്ചിട്ടില്ല എന്ന് പുതിയ കഥയുടെ തുറന്ന ആഖ്യാനഘടനയുടെ ചടുലത നമ്മെ നിരന്തരം ഓർമിപ്പിക്കുന്നുണ്ട്. കഥയിൽ ചരിത്രഖണ്ഡങ്ങളും ഒരു ദേശത്തിന്റെ സ്ഥിതിവിവരക്കണക്കുകളും ഇടകലർത്തുന്നതിനെ നാം എന്തു പേരിട്ടു വിളിക്കും? വായനക്കാരൻ കഥയ്ക്കുള്ളിൽനിന്നും ഒരു ദൃശ്യതലം ആവശ്യപ്പെടുന്ന കാലമാണിത്. അപ്പോൾ അതിന് നിർവ്യാജമായ പൊലിമ പകരാൻ കഥാകാരൻ നിർബന്ധിതനാകുന്നു.

ഭാഷയുടെ ഉപയോഗത്തിലൂടെ ഭാവനയ്ക്ക് ശബ്ദപഥവും ദൃശ്യപഥവും കഥയിൽ സജീവമാക്കി വയ്ക്കാൻ ഒരാൾ ഒരു പശ്ചാത്തല ദേശത്തെ കഥയിൽ കൊണ്ടുവയ്ക്കുന്നു. അങ്ങനെ കഥയിലെ രൂപകമായി ദേശം മാറുന്നു. ദേശമെഴുത്തിന്റെ തുടർച്ചകൾ ഇന്നും മലയാളത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. കഥയുടെ രംഗപശ്ചാത്തലങ്ങളിൽ ഒരുതരം പാരബിൾ സ്വഭാവമുള്ള (Parable) ഭാവനകളെ തെറുത്തു വയ്ക്കാനാണ് അബു ഇരിങ്ങാട്ടിരി എന്ന കഥാകാരൻ ശ്രമിക്കുന്നത്. അതിൽ ദേശത്തിന്റെ ആകൃതികൊള്ളൽ സംഭവിക്കുന്നു. ഭാവന ഇവിടെ കുറുകിക്കുറുകി ജീവിതത്തിന്റെ ഭാവാംശത്തെ കറന്നുവയ്ക്കുമ്പോൾ അത് ഓരോരോ മനുഷ്യരുടെ 'ജീവിതദീർഘ'ങ്ങൾ ആയിട്ടാണ് പ്രത്യക്ഷമാകുന്നത്. അബുവിന്റെ ദേശം തനി വിവരണത്തിനുള്ള കമ്പമല്ല, മറിച്ച് മാനുഷികഭാവങ്ങളിലേക്കുള്ള കയറിപ്പോക്കാണ്. അതു കഥ എന്ന മാധ്യമത്തിന്റെ വടിവൊത്ത ശിൽപനിർമാണമായി മാറുന്നു. സ്വന്തം ദേശത്തിലേക്ക് ദീപ്തി ചൊരിയാനുളള ഉപാധികളായി കഥാപാത്രങ്ങൾ മാറുന്നു.

അബുവിന്റെ കുറച്ചധികം കഥകൾ നല്ല ഒന്നാന്തരം ഗോഡ് ടോക്കുകളാണ് (God- Talks). ദൈവത്തെ അഥവാ ദൈവകൃപയെ പവിത്രമായി കൈമാറ്റം ചെയ്യുന്ന പുരോഹിതന്റെ കരങ്ങൾ അത്രകണ്ട് നിർമലമല്ലെന്ന് അബുവിലെ കഥാകാരൻ ഉച്ചത്തിൽ വിളിച്ചു പറയുന്നു. ഈ വർത്തമാനങ്ങളെല്ലാം നടക്കുന്നത് ഓരോ കുടുംബത്തിലും ഓരോരോ പള്ളികളിലുമാണ്. പക്ഷേ ഇതിനെ ഒരു സമൂഹകഥയായി പരാവർത്തനം ചെയ്തു വായിക്കാനാണ് അബു നമ്മെ ക്ഷണിക്കുന്നത്. പോത്ത് എന്ന കഥയിൽ അയമു എന്നൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മതപ്രഭാഷണം ശ്രവിക്കാൻ എത്തുന്ന വിശ്വാസികൾക്ക് പുരോഹിതൻ ഉപദേശം നൽകുകയാണ്. ഈ ലോകത്തിൽ ഇത്രയധികം സമ്പാദിച്ചിട്ട് ഒരു കാര്യവുമില്ല. മരണപ്പെടുമ്പോൾ ഇതൊന്നും കൂടെ കൊണ്ടുപോകില്ല. നഗ്നരായി വന്നു, നഗ്നരായി തന്നെ മടങ്ങുകയും ചെയ്യും. ഇത്തരം സാഹചര്യത്തിൽ പിറവിയെടുത്തു മരിക്കുന്ന ഒരാൾ നരകയാതനകളിൽനിന്നു പുറത്തുകടക്കാൻ ദേവാലയത്തിലേക്ക് നൽകിയ സംഭാവനകളേ ബാക്കിയുണ്ടാവൂ എന്നു പറയുകയാണ് പുരോഹിതൻ. സ്വർഗം കിട്ടാൻ ദേവാലയ വിഹിതം നൽകിയാൽ മതിയെന്നു പറയുന്ന ആത്മീയതത്വത്തെയാണ് അബു എതിർക്കുന്നത്.

മതത്തിന്റെ നല്ല വശങ്ങളെയും ചുമലിൽ വഹിച്ചുകൊണ്ട് കഥാകാരൻ ചിലപ്പോൾ ഉണർന്നുവരുന്നുണ്ട്. അത്തരത്തിൽ രൂപകൽപന ചെയ്ത ഒരു കഥയാണ് ‘മിനാരം’. ഈ കഥയിലെ മൊയ്തു മുസല്യാർ എന്ന പണ്ഡിതൻ പാപികൾക്ക് ഊരുവിലക്ക് കൽപിക്കുന്നുണ്ട്. ഒരു പാതിരായ്ക്ക് ആയിശക്കുട്ടി എന്ന വേശ്യ മുസല്യാരെ സമീപിച്ച് തന്റെ അവസ്ഥ പങ്കുവയ്ക്കുന്നു. ഒരു ചോരക്കുഞ്ഞിനെ സമ്മാനിച്ച് ഖൗലത്ത് മരിച്ചു. ആ കുഞ്ഞിനെ തന്നിട്ട് മരിച്ചുപോയ ഖൗലത്തിനെ ഖബറടക്കണം എന്ന ആവശ്യം ആയിശ മുന്നോട്ടുവെയ്ക്കുന്നു. മൊയ്തു മുസല്യാർ പൗരോഹിത്യം കൽപിച്ചു വച്ചിരിക്കുന്ന ഭീകരമായ എല്ലാ ആത്മീയ ശിക്ഷകളെയും പിഴുതെറിയുകയാണ്. ‘ഒരു തുള്ളി നൻമ, തിൻമയും’ എന്ന കഥ പരലോക വിചാരങ്ങളുടെ ആഴപ്പെട്ട സ്വപ്നനിർമിതിയാണ്. ലോകം ഇന്നാവശ്യപ്പെടുന്ന ഒരു സെക്യുലർ സ്പിരിച്വാലിറ്റിയുടെ നീട്ടിയെഴുത്താണ് ഇത്തരം കഥകൾ.

ശീർഷകങ്ങൾ മനുഷ്യരിലേക്ക് ചാഞ്ഞുനിൽക്കുന്ന മർദ്ദനയന്ത്രങ്ങളാണ്. അതു കാലത്തെ പ്രതിനിധീകരിക്കുകയും അതേ കാലത്തെ ശാസിക്കുകയും ചെയ്യും. അബുവിന്റെ കഥകളുടെ ശീർഷകങ്ങൾ അതിന്റെ സംവേദന രീതിയോട് നീതി പുലർത്തുകയും കാലത്തെ നേരിട്ടനുഭവിപ്പിക്കുകയും ചെയ്യുന്നു. ‘വവ്വാലുകളുടെ വഴികൾ’ എന്ന ശീർഷകം ഒരു കേവലവായനക്കാരനെ വായനയുടെ ശേഷിയിലേക്ക് നയിക്കും. കാരണം ശീർഷകം ഒന്നും മിണ്ടുന്നില്ല. അതു ശീർഷകമായിരിക്കുക മാത്രം ചെയ്യുന്നു. പക്ഷേ ഈ കഥ ഏറ്റവും ഗൗരവമുള്ള ഒരു രാഷ്ട്രീയത്തെയാണ് അവതരിപ്പിക്കുന്നത്. മതേതര ജീവിതത്തെയും മിശ്രവിവാഹത്തെയും കുറിച്ചൊക്കെയുള്ള ചില ആധികാരികമായ നിരീക്ഷണങ്ങൾ കഥയിലുണ്ട്. 

'ശാന്തിയാത്ര' എന്ന കഥാശീർഷകം കഥയിലെ സൂചനകൾ വച്ചു നോക്കിയാൽ അതിൽ ഗൗരവതരമായ സറ്റയർ കണ്ടെടുക്കാം. സമാധാനം പുലരുന്ന ഒരു പൊതുയിടം നമുക്കുണ്ടെന്ന് പറയുമ്പോഴും അത് ഏതെങ്കിലും മതവിഭാഗത്തിന്റെ പ്രതീകാത്മക നന്മകൾ (തിന്മകൾ) കൊണ്ട് ആവൃതമാണെന്ന ഓർമപ്പെടുത്തലാണ്. അപ്പോൾ പിന്നെ അബു മുന്നോട്ടുവെയ്ക്കുന്ന 'ശാന്തിയാത്രകൾ' നിറയെ ജാതിവർണ്ണ/വർഗ ചേരികൾ ഒരുക്കി കാത്തിരിക്കുന്ന ഒട്ടും വിലയില്ലാത്ത മനുഷ്യജീവിതങ്ങളെ ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുകയാണ്. 'ചേറുമ്പിലെ കാക്ക'കളിലേക്കു വരുമ്പോൾ കാമം എന്ന ശരീരത്തിലെ സായുധസേനയുടെ ഉറക്ക- ഉണർച്ചകളെക്കുറിച്ചുള്ള നിരീക്ഷണങ്ങൾ ഉയർന്നുവരുന്നു. നമ്മുടെ രതിസങ്കൽപങ്ങളോട് സമാനത വഹിക്കുന്ന പരാമർശങ്ങൾ ഇത്തരം കഥകളിൽ വന്നു പരക്കുന്നു. "തീത്തൈലം" എന്ന കഥ വായിക്കുന്ന വായനക്കാരന്റെ ബോധഞരമ്പുകൾ തീക്കട്ടകളായി പുനർജ്ജനിക്കും. ആ കഥയിലെ മദ്ധ്യവയസ്കൻ രൂപംകൊണ്ട് ഒരു പരുക്കനാണെന്നു കാണാം. പ്രായം കുറഞ്ഞ ഒരു ഗർഭിണിയേയും കൊണ്ട് അയാൾ ഹോസ്പിറ്റലിൽ എത്തുകയാണ്. ഈ പെൺകുട്ടിയുടെ ജീവചരിത്രമൊന്നും നാം കഥയിൽ കണ്ടെടുക്കില്ല. മധ്യവയസ്കൻ അവൾ പ്രസവിക്കുന്ന കുട്ടിയെ വിൽക്കാൻ തീരുമാനിച്ചിരിക്കുകയാണ്. പക്ഷേ പ്രസവാനന്തരം ആ കുഞ്ഞ് മരണപ്പെടുന്നു. അപ്പോൾ ഈ മധ്യവയസ്‌കൻ മുലപ്പാലിന്റെ വിപണന ആലോചനകളിൽ മുഴുകുകയാണ്. 'തീത്തൈലം' എന്ന കഥ വായിക്കുന്ന ഒരാൾ മധ്യവയസ്കന്റെ ഘാതകനാകാൻ അധികം നേരം ആവശ്യമില്ല. അയാളുടെ പൊള്ളിയ ശരീരം ചെന്നുവീണാൽ മതി അതു പ്രതികാരമായിക്കൊള്ളും. ഇത്തരത്തിൽ ശീർഷകങ്ങളൊരുക്കി നമ്മെ പൊള്ളിക്കുന്ന കഥകൾ അബുവിന്റേതായിട്ടുണ്ട്. 

ഒരു ചെറുകഥയ്ക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിലുമധികം ഭാരങ്ങൾ അബുവിന്റെ കഥാപാത്രങ്ങൾക്കുണ്ട്. കൂർത്തതും പൊലിമയാർന്നതും വിമലീകൃതവുമൊക്കെയായ പ്രെമിസ്സിൽ വച്ച് അബുവിന്റെ കഥാപാത്രങ്ങളെ നിരീക്ഷിക്കാനാവില്ല. അബുവിന്റെ കഥാപാത്രങ്ങൾ വലിഞ്ഞു മുറുകി പൊട്ടാറായ സമകാലിക രാഷ്ട്രീയത്തെയും ധാർമികശോഷണത്തെയും ചുമലിൽ വഹിച്ചു നിൽക്കുന്നവരാണ്. ആ കഥാപാത്രങ്ങളോട് നിങ്ങൾ (ഞാനും) പലപ്പോഴും പലരിലൂടെയും ഇടപഴകിയിട്ടുണ്ടാവാം. അത്തരത്തിൽ അബു സൃഷ്ടിച്ച ഒരു കഥാപാത്രമാണ് ‘കളിപ്പൊയ്ക’ എന്ന കഥയിലെ ലീല. ജൻമം കൊടുത്ത രക്ഷിതാക്കൾ തന്നെ മകളെ അപഥസഞ്ചാരത്തിലേക്കു നയിക്കുന്നതിന്റെ രേഖകൾ കാത്തുവച്ച കഥയാണ് ‘കളിപ്പൊയ്ക’. ‘ഭീകരജന്തു’ എന്ന കഥയിൽ ശശാങ്കനെയും കാഞ്ചനയെയും സൃഷ്ടിക്കുന്നത് ദാമ്പത്യജീവിതത്തിന്റെ ക്ഷതങ്ങളെ ചൂണ്ടിക്കാട്ടാനാണ്. അബുവിന്റെ ഓരോ കഥയിലെയും കഥാപാത്രങ്ങൾ കഥയ്ക്കുള്ളിലെ മാത്രമല്ല, നമ്മുടെ ചുറ്റിനുമുള്ള, നാം ഓരോ ദിവസവും കാണുന്ന ചില ജീവിത ‘ദീർഘ’ങ്ങൾ തന്നെയാണ്.

English Summary : Thiranjedutha Kadhakal book by Abu Iringattiri 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;