സേതുരാമയ്യർ സിബിഐ പേരുമാറി പെരുമാളായി എത്തിയ ആ പുസ്തകമിതാണ്!

prime-witness-p
SHARE
അൻവർ അബ്ദുള്ള

മാതൃഭൂമി ബുക്സ്

വില : 230 രൂപ

അൻവർ അബ്ദുള്ള ഇന്നും ഇന്നലെയുമൊന്നുമല്ല കുറ്റാന്വേഷണ സാഹിത്യം എഴുതി തുടങ്ങിയത്. എന്നാൽ അദ്ദേഹത്തിന്റെ പുസ്തകങ്ങൾ ഇപ്പോൾ വീണ്ടും റീ പ്രിന്റ് ചെയ്യപ്പെടുകയാണ്. അവയിൽ പലതും ഇപ്പോൾ ഔട്ട് ഓഫ് സ്റ്റോക്ക് ആണ് കാണിക്കുന്നത്. ഇത്രയധികം എന്താവും വായനക്കാരെ ഒരു എഴുത്തുകാരന്റെ പുസ്തകത്തിലേക്ക് അടുപ്പിക്കുന്നത്?. അൻവർ അബ്ദുള്ളയെ വായനക്കാർ ചേർത്ത് പിടിക്കാനുള്ള കാരണം അദ്ദേഹത്തിന്റെ എഴുത്തുകളിൽ സൂക്ഷിച്ചിട്ടുള്ള അന്വേഷണാത്മകതയും ഉദ്വേഗവുമാണ്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകം കഴിഞ്ഞ മാസം പുറത്തിറക്കിയ പ്രൈം വിറ്റ്നസ് ആണ്. എന്നാൽ അതൊരു പുതിയ പുസ്തകമല്ല, പഴയതിന്റെ റീ പ്രിന്റ് തന്നെ. പതിമൂന്ന് വർഷം മുൻപ് ഒന്നാം സാക്ഷി സേതുരാമയ്യർ എന്ന പേരിൽ പ്രസിദ്ധീകരിച്ച പുസ്തകമാണ് ഇപ്പോൾ പേരും കഥാപാത്രത്തിന്റെ പേരുമുൾപ്പടെ മാറ്റി പുതുമയോടെ ഇറങ്ങിയത്. 

പഴയ പുസ്തകത്തിന്റെ പേര് പറഞ്ഞത് പോലെ സേതുരാമയ്യർ എന്ന കുറ്റാന്വേഷകന്റെ കഥയാണിത്. എന്നാൽ ഇതേ പേര് നമ്മളെവിടെയോ കേട്ടിട്ടില്ലേ? സി ബി ഐ ഡയറിക്കുറിപ്പുകളിലെ നായകനായ അതെ സേതുരാമയ്യർ തന്നെ. മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തി അനശ്വരമാക്കിയ അതെ കഥാപാത്രത്തെ തന്റെ നായകനാക്കി സങ്കൽപ്പിച്ചു കൊണ്ടാണ് അൻവർ അബ്ദുള്ള തന്റെ പുസ്തകങ്ങൾ ആ സമയത്ത് എഴുതിയത്. എന്നാൽ സിനിമയുടെ ഒരു നിർമ്മാതാവിന്റെ പരാതിയെത്തുടർന്ന് ആ പേര് തന്നെ തന്റെ നായകനിൽ നിന്നും എഴുത്തുകാരന് എടുത്തു മാറ്റേണ്ടി വന്നു. പിന്നീട് പുസ്തകം വർഷങ്ങൾക്ക് ശേഷം റീ പ്രിന്റ് ചെയ്യുമ്പോൾ നായകനും നായകന്റെ പേരുമൊക്കെ മാറ്റപ്പെട്ടു. സേതുരാമയ്യർ കുറ്റാന്വേഷകനായ ശിവശങ്കർ പെരുമാൾ ആയി അന്വേഷണത്തിനായി എത്തുന്നു. 

ഒരു കമ്പനിയുടെ സംസ്ഥാന മീറ്റിങ്ങിന്റെ ഭാഗമായി പലയിടങ്ങളിൽ നിന്നായി എത്തുന്ന ബിസിനസ് മാനേജർമാരുടെ മീറ്റിങ്ങിൽ നിന്നാണ് പ്രൈം വിറ്റ്‌നെസിന്റെ തുടക്കം. അവരിൽ പന്ത്രണ്ടു പേര് താമസിക്കുന്നത് ഒരേ റിസോർട്ടിലെ രണ്ടു കോട്ടേജുകളിൽ. പരസ്പരം അറിയാത്ത അവർ മദ്യത്തിന്റെയും മദിരാക്ഷിയുടെയും പേരിൽ പെട്ടെന്നു പരസ്പരം കൂട്ടുകാരാകുന്നു. മൂന്നു ദിവസം ഒന്നിച്ച് ഒരേ വീട്ടിലെന്നതു പോലെ അടിച്ചു പൊളിച്ചു ജീവിക്കുന്ന അവർ അവസാന ദിവസം ആഘോഷമാക്കാൻ വേണ്ടി ബീച്ചിലേക്ക് ഡ്രൈവ് ഇൻ ബീച്ചിനു തയാറാകുന്നു. അവിടെയെത്തിയ എല്ലാവരെയും കാത്തിരുന്നത് വളരെയേറെ ബുദ്ധിമുട്ടിക്കുന്ന ചില അനുഭവങ്ങളായിരുന്നു, എന്നാൽ അതിനെയൊക്കെ തരണം ചെയ്ത് തിരികെയെത്തിയ അവർ തിരിച്ചറിയുന്നു തങ്ങൾക്കൊപ്പമുണ്ടായിരുന്ന ഒരാളെ അവർക്ക് യാത്രയിൽ എവിടെയോ നഷ്ടമായിരിക്കുന്നു. പോയ വഴിയിലൂടെ തിരിച്ചു നടക്കുമ്പോൾ അവർക്ക് മനസ്സിലാകുന്നു, അജിത് എന്ന് പേരുള്ള അയാൾ മരണപ്പെട്ടു പോയി. 

പ്രാഥമിക അന്വേഷണത്തിൽ വളരെ സ്വാഭാവികമായ ഒരു മരണം. പൊലീസും ക്രൈം ബ്രാഞ്ചും എത്രയാഴത്തിൽ അന്വേഷണം നടത്തിയിട്ടും ഒരു തുമ്പ് പോലും കിട്ടാതെ പോയ ഒരു മരണം. എന്നാൽ അജിത്തിന്റെ അമ്മയുടെ രാഷ്ട്രീയ പിടിപാടിന്റെ പേരിൽ മാത്രം അല്ലെങ്കിൽ ഒരമ്മയുടെ ആധിയുടെയും വേദനയുടെയും പേരിൽ മാത്രം ഡിറ്റക്ടീവ് പെരുമാളിന്റെ അടുത്തെത്തിയ കേസ് ഒടുവിൽ അദ്ദേഹം ഏറ്റെടുക്കുന്നു. ആദ്യം അദ്ദേഹത്തിന് കണ്ടെത്തേണ്ടത് ഇതൊരു സ്വാഭാവിക മരണമാണോ അല്ലെങ്കിൽ കൊലപാതകമാണോ എന്ന് തന്നെയായിരുന്നു. എന്നാൽ ഒരു തെളിവുകളും ഇല്ലാതെയിരിക്കുന്ന ഒരിടത്ത് എങ്ങനെയാണ് പെരുമാളിനു മാത്രം തെളിവുകൾ വീണു കിട്ടുക? അത് അത്ര എളുപ്പമാണോ? ശിവശങ്കർ പെരുമാളും അദ്ദേഹത്തിന്റെ അസിസ്റ്റന്റ് അബുവും കൂടി അജിത്തിന്റെ മരണത്തിലെ ദുരൂഹതകൾ അഴിക്കാനായി യാത്ര തിരിക്കുകയാണ്. അതിലെ സങ്കീർണതകൾ അദ്ദേഹം അഴിച്ചെടുക്കുന്ന വിധം അതീവ ഉദ്വേഗ ജനകമായ അനുഭവമായി തന്നെ അൻവർ അബ്ദുള്ള എഴുതിയിട്ടുണ്ട്. അത് തന്നെയാണ് ഈ പുസ്തകത്തിന്റെ റീഡബിലിറ്റി കൂട്ടുന്നതും. 

കുറ്റാന്വേഷണ എഴുത്തുകളുടെ പരമ്പരാഗത ഭാഷയിൽ തന്നെയാണ് അൻവർ അബ്ദുല്ലയുടെ പ്രൈം വിറ്റ്നസ് ഉം വരുന്നത്. ലളിതമായ ഭാഷയും ഏറെ ആകാംക്ഷയുണർത്തുന്ന ശൈലിയുമാണ് പുസ്തകം. ഒരൊറ്റ മരണമേ ഉള്ളൂ എങ്കിലും അതിന്റെ സങ്കീർണമായ കെട്ടുകൾ വളരെ ലളിതമായി പെരുമാൾ എന്ന മിടുക്കൻ അഴിച്ചെടുക്കുന്നു. സത്യത്തിൽ എസ് എൻ സ്വാമിയുടെ സേതുരാമയ്യർ തന്നെയാണ് പെരുമാൾ എന്ന കഥാപാത്രത്തിന്റെ അന്വേഷണത്തിൽ വായനക്കാരന് ഓർമ്മ വരുക. അയാളുടെ സൂക്ഷ്മമായ ചലനങ്ങൾ വളരെ കൃത്യമായി പെരുമാളിലുമുണ്ട്. അതുകൊണ്ട് തന്നെ പ്രൈം വിറ്റ്നസിന്റെ വായന ആയാസ രഹിതവും രസകരവുമാകുന്നുണ്ട്. മലയാള സാഹിത്യത്തിൽ കുറ്റാന്വേഷണ പുസ്തകങ്ങൾ പതിവിലുമധികം പുറത്തിറങ്ങുകയാണ്, അതിനു വായനക്കാരും വർധിക്കുന്നുണ്ട് എന്നതാണ് സത്യം. പ്രത്യേകിച്ച്  ലോക് ഡൗണിൽ കഴിയുന്നവർക്ക് എന്നോ ഒരിക്കൽ നിന്ന് പോയിരുന്ന വായന തുടങ്ങാൻ പ്രേരിപ്പിക്കുന്ന ഒരു അനുഭവവുമാണ് കുറ്റാന്വേഷണ സാഹിത്യങ്ങൾ. അതുകൊണ്ട് തന്നെയാകണം പ്രമുഖ പ്രസാധകർ പോലും കുറ്റാന്വേഷണ സാഹിത്യത്തിൽ ഇത്രകണ്ടു പിടി മുറുക്കുന്നതും.

English Summary: Prime witness book written by Anwar Abdulla 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;