ജയിലിലേയ്ക്ക് വഴിതുറന്ന കുറിപ്പ്, ചിന്തകളിലേയ്ക്ക് തീ പടർത്തുന്ന പുസ്തകം

a-burning-p
SHARE
മേഘാ മജുംദാർ

പെൻഗ്വിൻ റാൻഡം ഹൗസ്

വില 599 രൂപ

കോലാബാഗൻ ട്രെയിൻ സ്ഫോടനത്തിനു പിന്നാലെ ജിവാൻ എന്ന 22കാരി മുസ്‌ലിം പെൺകുട്ടി തന്റെ ഫെയ്സ്ബുക്കിൽ ഇങ്ങനെ കുറിച്ചു. “If the police didn’t help ordinary people like you and me, if the police watched them die, doesn’t that mean that the government is also a terrorist?” (എന്നെയും നിങ്ങളെയും പോലുള്ള സാധാരണക്കാരെ പൊലീസ് സഹായിക്കുന്നില്ലെങ്കിൽ, മരിക്കുന്നതു പൊലീസ് നോക്കിനിന്നുവെങ്കിൽ സർക്കാരും ഭീകരപ്രവർത്തകരാണെന്നല്ലേ അതിന്റെ അർഥം). അവളുടെ ജീവിതം തന്നെ മാറ്റിമറിച്ചത് ആ ഫെയ്സ്ബുക് പോസ്റ്റായിരുന്നു. സമൂഹമാധ്യമത്തിൽ കുറിച്ചൊരു വാചകം അവളെ തീവ്രവാദിയാക്കി. കാത്തിരുന്നതു കഴുമരവും. രക്ഷപെടാനും സത്യം തെളിയിക്കാനും പല ശ്രമങ്ങളും അവൾ നടത്തുന്നുണ്ട്. മാധ്യമപ്രവർത്തകനായ പുരേന്ദുവിനോടു തന്റെ ജീവിതം പറയുന്നതും താൻ ഇംഗ്ലീഷ് പഠിപ്പിക്കുന്ന ‘ഹിജഡ’ ലൗവ്‌ലിയെയും തന്റെ അധ്യാപകൻ ‘പിടി സാറിനെയും’ സാക്ഷിയാക്കിയെത്തിക്കുന്നതുമെല്ലാം ഈ ലക്ഷ്യത്തോടെയാണ്. പക്ഷേ, എല്ലാം ജിവാനെതിരാകുന്നു. മേഘാ മജുംദാറിന്റെ ‘എ ബേണിങ്’ എന്ന ആദ്യ നോവൽ ലോകമെമ്പാടും ശ്രദ്ധ നേടുന്നതും സമീപകാല സംഭവങ്ങളുമായി ചേർത്തുവായിക്കപ്പെടുന്നതു കൊണ്ടു കൂടിയാണ്. 

കഥയാരംഭിക്കുന്നതു സ്ഫോടനത്തിൽ നിന്നാണ്. ജിവാൻ, ലൗ‍‍വ്‌ലി, പിടി സർ എന്നീ മൂവരിലൂടെയാണ് കഥ പറയുന്നത്. ഇവർ മൂവരും പരസ്പരം ബന്ധപ്പെട്ടു നിൽക്കുന്നവർ. പക്ഷേ, ജിവാൻ മരണത്തിലേക്കു നടക്കുമ്പോൾ മറ്റു രണ്ടു പേർക്ക് പുതിയ അവസരങ്ങൾ തുറന്നു കിട്ടുന്നുണ്ട്. അതിനു പകരം അവർക്കു നിശബ്ദരാകേണ്ടി വരുന്നു. 

റെയിൽവേ സ്റ്റേഷനു സമീപത്തെ ചേരിയിലാണ് ജിവാൻ താമസം. ലഹളയിൽ സ്വത്തും താമസസ്ഥലവുമെല്ലാം നഷ്ടപ്പെട്ടവർ. പിതാവും കിടക്കയിലായി. പലരുടെയും സഹായത്താൽ അവൾ സ്കൂളിലെത്തി. പിടി സാർ അവിടെ അവളെ സഹായിക്കുന്നുണ്ട്. നല്ല ഭക്ഷണം നൽകുന്നു. ഒടുവിൽ അമ്മയുടെ ക്ലേശം കാണുന്ന അവൾ പഠനം പാതിയിൽ അവസാനിപ്പിച്ച് പാന്റലൂൺസിൽ ജോലിയിൽ കേറുന്നു. അവിടെ ജോലി ചെയ്യുമ്പോഴും അവൾ ലൗ‍‍വ്‌ലിയെ ഇംഗ്ലീഷ് പഠിപ്പിക്കുന്നുണ്ട്. 

പക്ഷേ, ഒരു ഫെയ്സ്ബുക് പോസ്റ്റ് ജിവാന്റെ ജീവിതം മാറ്റുന്നു. സ്ഫോടനം നടന്ന ദിവസം കയ്യിലുണ്ടായിരുന്ന സഞ്ചിയിൽ സ്ഫോടന വസ്തുക്കളായിരുന്നുവെന്നും ഫെയ്സ്ബുക്കിലൂടെ തീവ്രവാദികളുമായി സംവദിച്ചിരുന്നുവെന്നും പൊലീസ് കണ്ടെത്തുമ്പോൾ ജിവാൻ എന്ന സാധാരണ പെൺകുട്ടി തീവ്രവാദിയെന്ന മുദ്രകുത്തലിന് ഇരയാകുന്നു. രക്ഷപെടാൻ വേണ്ടിയാണു തന്റെ കഥ മാധ്യമപ്രവർത്തകനായ പുരേന്ദുവിനോട് ഇവൾ പറയുന്നത്. പക്ഷേ, തെറ്റായ വാർത്ത വരുന്നതോടെ ജനം വീണ്ടും ജിവാന് എതിരാകുന്നു. 

വെറുമൊരു സ്കൂൾ അധ്യാപകനായ പിടി സർ, ജൻ കല്യാൺ പാർട്ടിൽ പ്രവേശിക്കുന്നതും വലിയ നേതാവായി മാറുന്നതുമെല്ലാം പുസ്തകത്തിലുണ്ട്. ലൗ‍‌വ്‍ലിയുടെ അഭിനയ മോഹം സഫലമാകുന്നതിന്റെ വഴികളും. പക്ഷേ, തങ്ങളുടെ വഴിയിൽ ഏക തടസമായി നിൽക്കുന്നതു ജിവാനാണ് എന്നു തിരിച്ചറിയുന്ന ഇവർ പാതിവഴിയിൽ പിൻമാറുന്നുണ്ട്. അഴിമതിയും സർക്കാർ സംവിധാനങ്ങളുടെ വീഴ്ചയും, അധികാരത്തിന്റെ ചരടുകളുമെല്ലാം വിവരിക്കുന്ന നോവലിനെ സമീപകാല ഇന്ത്യയിലെ പല സംഭവങ്ങളുമായി ചേർത്തുവായിക്കാൻ സാധിക്കുന്നുവെന്നതാണ് വാസ്തവം. 

കൊൽക്കത്തയിൽ ബിരുദം നേടി യുഎസിൽ ഉപരിപഠനം പൂർത്തിയാക്കിയ ശേഷം അവിടെ പ്രസാദന രംഗത്തു ജോലി ചെയ്യുന്ന മേഘാ മജുംദാറിന്റെ ആദ്യ നോവൽ ഏറെ കയ്യടിനേടിക്കഴിഞ്ഞു. രാജ്യത്തെ മികച്ച ഇംഗ്ലീഷ് നോവലിനുള്ള ജെസിബി പ്രൈസിന്റെ ഷോർട്ട് ലിസ്റ്റിലും പുസ്തകം ഇടം പിടിച്ചിട്ടുണ്ട്. 

English Summary : A Burning novel by Megha Majumdar

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;