മരണം കാത്തുകിടന്ന അമ്മ; അമ്മയുടെ മരണം എഴുതിയ മകന്‍

sorrow-beyond
SHARE
പീറ്റര്‍ ഹാന്‍ഡ്കെ

പുഷ്കിന്‍ പ്രസ്

വില 299 രൂപ

ശ്മശാനത്തെ ചുറ്റിയുള്ള മതിലിനോടു ചേര്‍ന്നു തുടങ്ങുകയാണ് കാട്. കുത്തനെയുള്ള ചരിവുകളില്‍ നിറഞ്ഞുനില്‍ക്കുന്ന മരങ്ങള്‍. ശ്മശാനത്തില്‍നിന്നു നോക്കുമ്പോള്‍ മരത്തലപ്പുകള്‍ മാത്രമാണു കാണാനാകുന്നത്. നിരനിരയായി നില്‍ക്കുന്ന മരങ്ങളുടെ ഉയരത്തിലുള്ള ശിരസ്സുകള്‍. ഓരോരുത്തരായി വേഗം ശ്മശാനത്തിനു പുറത്തേക്കു നടന്നുതുടങ്ങി. ഞാന്‍ ഏകനായിരുന്നു.  നിശ്ചലമായ മരങ്ങളിലേക്കു ഞാന്‍ നോക്കി. പ്രകൃതിയുടെ കാരുണ്യമില്ലായ്മ ആ നിമിഷത്തിലാണ് ജീവിതത്തിലാദ്യമായി ഞാന്‍ തിരിച്ചറിഞ്ഞത്. അപ്പോള്‍, ഇതൊക്കെയാണ് യാഥാര്‍ഥ്യങ്ങള്‍. കാട് കാടിനു വേണ്ടി നിലകൊള്ളുന്നു, സംസാരിക്കുന്നു. ഏകാന്തതയില്‍ പരിഹസിക്കപ്പെട്ടതുപോലെ എനിക്കു തോന്നി. നിസ്സഹായനായതുപോലെയും. ഒന്നും ചെയ്യാനാകാതെ നിന്ന ആ നിമിഷത്തില്‍ എനിക്ക് ഒരു ഉള്‍വിളിയുണ്ടായി. അമ്മയെക്കുറിച്ച് എഴുതണം.  എന്നെ തനിച്ചാക്കിയ അമ്മയെക്കുറിച്ച്. 

ആത്മകഥയിലും കഥകളിലും അമ്മയെക്കുറിച്ച് പരാമര്‍ശം നടത്തിയവരും അമ്മയ്ക്കുവേണ്ടി അധ്യായങ്ങള്‍ മാറ്റിവച്ചവരുമുണ്ടെങ്കിലും അമ്മയെക്കുറിച്ച് നോവല്‍ എഴുതിയ അപൂര്‍വം പേരില്‍ ഒരാളാണ് പീറ്റര്‍ ഹാന്‍ഡ്കെ. ഇക്കഴിഞ്ഞ വര്‍ഷം നൊബേല്‍ പുരസ്കാരം നേടിയ ഓസ്ട്രിയന്‍ എഴുത്തുകാരന്‍. 1972-ലാണ് ഹാന്‍ഡ്കെയുടെ ‘ സോറോ ബിയോണ്ട് ഡ്രീംസ്’ എന്ന നോവല്‍ പുറത്തുവരുന്നത്. മരണത്തെക്കുറിച്ചുള്ള ലോക സാഹിത്യത്തിലുണ്ടായ മഹത്തായ കൃതികളിലൊന്ന്. 

ഒരു പത്രവാര്‍ത്തിയിലാണ് സോറോ തുടങ്ങുന്നത്. പ്രാദേശിക വാര്‍ത്ത എന്ന തലക്കെട്ടിനു താഴെവന്ന ഒരു വാര്‍ത്തയില്‍. വെള്ളിയാഴ്ച രാത്രി ജീവനൊടുക്കിയ വീട്ടമ്മയെക്കുറിച്ചായിരുന്നു ആ വാര്‍ത്ത. 51-ാം വയസ്സില്‍ അമിതമായി ഉറക്കഗുളിക കഴിച്ച് ജീവനൊടുക്കിയ സ്ത്രീയെക്കുറിച്ച്. 

അടുത്ത ഏതാനും ആഴ്ചകളില്‍ ഹാന്‍ഡ്കെ അസ്വസ്ഥനായിരുന്നു. പ്രത്യേകിച്ചും വെള്ളിയാഴ്ചകളില്‍. സംസ്കാരം കഴിഞ്ഞയുടനെ ശ്മശാനത്തില്‍ നില്‍ക്കുമ്പോള്‍ അമ്മയെക്കുറിച്ച് എഴുതണം എന്ന ശക്തമായ തോന്നല്‍ ഉണ്ടായെങ്കിലും എങ്ങനെ എവിടെനിന്ന് എഴുതണമെന്ന അസ്വസ്ഥതയിലായുരുന്നു അദ്ദേഹം. കഥയെഴുതാനുള്ള അസ്വസ്ഥതയല്ല. നാടകം എഴുതുമ്പോഴുള്ള കഥാപാത്രങ്ങളുടെ സൂക്ഷ്മമായ മനസിക നിലയില്ല അദ്ദേഹത്തെ കുഴക്കിയത്. എഴുതേണ്ടത് അമ്മയെക്കുറിച്ച്. 51-ാം വയസ്സില്‍ തന്റെ ജോലി ഏറെക്കുറെ പൂര്‍ത്തിയാക്കി, വില്‍പത്രം എഴുതി ഹാന്‍ഡ്കെയ്ക്ക് അയച്ചുകൊടത്തിട്ട്, ഏറ്റവും നല്ല വസ്ത്രത്തില്‍ കിടക്കയില്‍ മരണം കാത്തുകിടന്ന സ്ത്രീയെക്കുറിച്ച്. അത് സ്വന്തം അമ്മയാണെന്ന ബോധം മനസ്സില്‍ ഉദിക്കുമ്പോഴെല്ലാം അദ്ദേഹത്തിന്റെ കൈ വിറച്ചു. മനം തുടിച്ചു. കണ്ണുകള്‍ ആര്‍ദ്രമായി. ഒടുവില്‍ മനസ്സിനെ പൂര്‍ണമായും നിയന്ത്രിച്ചുനിര്‍ത്തിയാണ് ഹാന്‍ഡെ എഴുതിത്തുടങ്ങിയത്. രണ്ടാം ലോക മഹായുദ്ധത്തിന്റെ കെടുതികള്‍ക്കിടെ സ്വന്തം കുടുംബത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ ബുദ്ധിമുട്ടിയ ഒരു സ്ത്രീയെക്കുറിച്ച്. നാസി പ്രചാരണങ്ങളെക്കുറിച്ച്. കോണ്‍സെന്‍ട്രേഷന്‍ ക്യാംപുകളെക്കുറിച്ച്. ജീവിതം ക്രൂരമായി പെരുമാറിയിട്ടും പരാതികളും പരിഭവങ്ങളുമില്ലാതെ ജീവിച്ച ഒരു സ്ത്രീയെക്കുറിച്ച്. 

മരണത്തെക്കുറിച്ചെഴുതിയ ഹന്‍ഡ്കെയുടെ നോവലില്‍ നിറഞ്ഞുനില്‍ക്കുന്നത് ജീവിതമാണ്. സ്വന്തം ഇഷ്ടപ്രകാരം ജീവിച്ച ഒരു ജീവിതം. കഷ്ടിച്ച് 65 പേജ് മാത്രമുള്ള സോറോ ബിയോണ്ട് ഡ്രീംസ് വായിച്ചുനിര്‍ത്തുമ്പോള്‍ മനസ്സില്‍ നിറയുന്നതും ജീവിതം തന്നെ. വേദനകള്‍ക്കും കുറയ്ക്കാന്‍ കഴിയാത്ത ജീവിതാസക്തി. ദുരന്തങ്ങളുടെ കറുപ്പിലും നിറം മങ്ങാത്ത ജീവിതത്തിന്റെ തെളിച്ചം. 

പല്ലവിയിലും അനുപല്ലവിയിലും ദുഃഖം നിറ‍ഞ്ഞുനില്‍ക്കുന്ന ഒരു ശോകഗാനത്തിന്റെ ശ്രുതിയെങ്കിലും സോറോ അവശേഷിപ്പിക്കുന്ന ധീരയായ സ്ത്രീയുടെ ചിത്രത്തിന് മിഴിവേറെയാണ്. 

വെള്ളിയാഴ്ച രാവിലെ ഡോക്ടറുടെ കുറിപ്പടിയുമായി മെഡിക്കല്‍ സ്റ്റോറില്‍ പോയി ഹാന്‍ഡ്കെയുടെ അമ്മ വാങ്ങിയത് 100 ഉറക്കഗുളികകള്‍. മനോഹരമായ പിടിയുള്ള ഒരു ചുവന്ന കുടയും അന്നവര്‍ വാങ്ങി. അതിനു തലേദിവസമാണ് അവര്‍ നഖങ്ങള്‍ വെട്ടി വൃത്തിയാക്കിയത്. 

ഹാന്‍ഡ്കെയ്ക്കുള്ള അവസാനത്തെ എഴുത്തില്‍ അമ്മ എഴുതിയിരുന്നു തനിക്ക് ആശ്വാസമാണെന്ന്. സന്തോഷമാണെന്ന്. സമാധാനത്തോടെ താന്‍ മരിക്കുകയാണെന്ന്. എന്നാല്‍ ഹാന്‍ഡ്കെയുടെ വാക്കുകള്‍ തെളിവു നിരത്തുന്നു: അമ്മ സമാധാനം അറിഞ്ഞിട്ടേയില്ലെന്ന്്. സ്വപ്നങ്ങള്‍ക്കപ്പുറം ആ വേദന അദ്ദേഹത്തെ വേട്ടയാടുകയാണ്. സന്തോഷം മാത്രമല്ല, ദുഃഖവും സ്വപ്നങ്ങള്‍ക്കപ്പുറമാണ്; ചിലപ്പോഴെങ്കിലും. അതിന്റെ തെളിവാണ് ഈ മരണപുസ്തകം. 

English Summary : A Sorrow Beyond Dreams book by Peter Handke

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;