ADVERTISEMENT

‘ദൂരെയെവിടെയോ ഒരു വീട്ടമ്മ അലമുറയിട്ട് പൊട്ടിക്കരയുന്നുണ്ടാവും...’ 

കോഴിയെപ്പോലും അറക്കാൻ ഭയമുള്ളവന്റെയടുക്കൽ വാൾ കൊടുത്ത് ഒരു നിരപരാധിയുടെ തല വെട്ടാൻ പറഞ്ഞപ്പോൾ കഥാനായകൻ മുഹമ്മദ് റഫീഖിന്റെ മനസ്സിൽനിന്നു ചിതറിത്തെറിച്ച വരികളാണിത്. വിട്ടുമാറാത്ത ഭയത്തിന്റെയും ആശങ്കയുടെയും പേരാണ് ദാഇശ് എന്ന ഐഎസ്. 

 

നാടു വിട്ട് ഐഎസിൽ ചേരാൻ പോയ മലയാളികളുടെ വാർത്തകൾ മലയാളികൾ ഇപ്പോഴും ചർച്ച ചെയ്തുകൊണ്ടിരിക്കുന്നു. ഐഎസ്, ദമ്മാജ്, ഇറാഖ്, സിറിയ എന്നൊക്കെയുള്ള പേരുകൾ മാധ്യമങ്ങളിൽ കണ്ടും കേട്ടും പരിചയിച്ചവരാണ് മലയാളികൾ. 

മലയാള മനോരമ സീനിയർ സബ് എഡിറ്റർ കൂടിയായ ശംസുദ്ദീൻ മുബാറകിന്റെ ഇസ്‌ലാമിക് സ്റ്റേറ്റ് പ്രമേയമാക്കിയുള്ള ‘ദാഇശ്’ എന്ന നോവൽ യാഥാർഥ്യങ്ങളോട് സംവദിക്കുന്നുണ്ട് എന്നതിനാൽതന്നെയാവാം അത് ഏറെ ചർച്ചയാവുന്നത്. 

 

കേരളത്തിൽനിന്നു ദമ്മാജിലേക്കും ഇറാഖിലേക്കും അവിടെനിന്ന് സിറിയയിലേക്കും യാത്രപോയ യുവാക്കളുടെ വഴികളിലൂടെയാണ് നോവലിന്റെ സഞ്ചാരം. മലയാളം പിജി വിദ്യാർഥി മുഹമ്മദ് റഫീഖിലൂടെയാണ് എഴുത്തുകാരൻ കഥ പറയുന്നത്. നമ്മുടെ ചിന്തകൾക്കും കരുതലുകൾക്കുമപ്പുറം എത്രയോ വിശാലമാണ് ലോകക്രമവും തീവ്രവാദ സംഘടനകളുടെ കൃത്യമായ വളർച്ചയുമെന്ന് ഈ നോവൽ വരച്ചു കാണിക്കുന്നു.

കഥാനായകൻ റഫീഖിനെയും സുഹൃത്ത് അഷ്ക്കറിനെയും ഷക്കീൽ എന്ന ഏജന്റ് എത്ര സമർഥമായാണ് തെറ്റിദ്ധരിപ്പിച്ചതെന്നും അവരിൽ സ്വാധീനം ചെലുത്തിയതെന്നും മനസ്സിലാക്കിയാൽ മാത്രം മതിയാവും തീവ്രവാദത്തിന്റെ അതിക്രമിച്ച വളർച്ചയെ മനസ്സിലാക്കാൻ. 

 

പ്രണയവും ഭീകരതയും ഒരുപോലെ ഒഴുകുന്ന കഥയാണ് താൻ വായിക്കാൻ പോകുന്നതെന്ന് പുറംചട്ടയിലൂടെത്തന്നെ പുസ്തകം വായനക്കാരനോട് പറയുന്നുണ്ട്. ഏറ്റവും മനോഹരമായി ബഹുസ്വരതയും സ്നേഹവും പഠിപ്പിക്കുന്ന ഒരു മതത്തെയും അതിന്റെ അധ്യാപനങ്ങളെയും പറ്റി എത്രമാത്രം വിദഗ്ധമായാണ് തെറ്റിദ്ധാരണ പരത്തുന്നതെന്ന് നോവൽ വരച്ചുകാണിക്കുന്നു. 

 

എല്ലാത്തിലുമുപരിയായി മനുഷ്യനെ ബന്ധസ്ഥനാക്കുന്ന പ്രണയത്തിനു പോലും റഫീഖിന്റെ യാത്രയെ തടയാനായില്ലയെന്നതാണ് യാഥാർഥ്യം. എന്നാൽ തിരിച്ചറിവിന്റെയും തിരിച്ചുവരവിന്റെയും പാതയിലേക്ക് റഫീഖിനെ നയിച്ചതിൽ ജന്നയെന്ന കാമുകിക്കുള്ള പങ്കും പ്രണയത്തിന്റെ തീക്ഷ്ണതയും നോവലിൽ കാണാം. 

 

ശംസുദ്ദീൻ മുബാറക്കിന്റെ ‘മരണപര്യന്തം–റൂഹിന്റെ നാൾമൊഴികൾ’ എന്ന ആദ്യനോവലിന്റെ വായനാനുഭവത്തോടെയാണ് ഞാൻ ദാഇശും വായിക്കാനൊരുങ്ങിയത്. തികച്ചും വ്യത്യസ്തമായ ആഖ്യാനം. ഒന്നാമത്തെ നോവലിൽ മരണം എന്ന പ്രതിഭാസമായിരുന്നു കേന്ദ്രകഥാപാത്രമെങ്കിൽ ദാഇശിൽ ഐഎസ് എന്ന ഭീകര സംഘടനയാണ് കേന്ദ്ര വിഷയം. രണ്ടിടത്തും അനുഭവപ്പെട്ട പ്രത്യേകത മലയാളത്തിൽ ആരും സ്പർശിക്കാത്തതും ആരും എഴുതാൻ ശ്രമിക്കാത്തതുമായ വിഷയങ്ങളാണ് എന്നതാണ്. 

 

മരണപര്യന്തം വായിക്കുമ്പോൾ, മരിക്കുന്നത് വായനക്കാരനാണെന്നു തോന്നിപ്പിക്കുന്നതു പോലെതന്നെ ദാഇശിൽ യാത്രപോകുന്ന റഫീഖ് വായനക്കാരൻ തന്നെയാണ്. നോവൽ 71 അധ്യായങ്ങളിലായി 392 പേജുകളിൽ വികസിക്കുമ്പോഴും വായനക്കാരനെ പിടിച്ചുനിർത്തുന്നത് കഥാതന്തുവിന്റെയും ഭാഷയുടെയും അവതരണത്തിന്റെയും വ്യത്യസ്തതയാണ്. 

 

കേരളത്തിൽനിന്ന് യാത്ര പുറപ്പെടുന്ന രണ്ടു സുഹൃത്തുക്കൾ ആദ്യമെത്തുന്നത് ദമ്മാദിലാണ്. ആശ്രമങ്ങൾ കയറിയിറങ്ങി ഒരുപാട് ക്ലാസ് മുറികൾ പിന്നിട്ടിട്ടാണ് ദാഇശിൽ എത്തിച്ചേരുന്നത്. കൃത്യമായ പ്ലാനിങ്ങുകൾക്കൊടുവിലാണ് ദാഇശ് ഭീകരർ രണ്ടു പേരെയും ഭീകരസംഘടനയുടെ ഭാഗമാക്കുന്നത്. 

‘ജനാധിപത്യം പൈശാചികമാണ്, ദാഇശാണ് യഥാർഥ മുക്തിമാർഗം’ എന്ന് തുടങ്ങി ദാഇശിലെത്തുമ്പോഴേക്കും രണ്ടു പേരെയും അവർ ഭീകരതയുടെ പാഠങ്ങളെല്ലാം പഠിപ്പിച്ചു കഴിഞ്ഞിരുന്നു. 

ദാഇശാണ് അറവുശാല...

 

കൊന്നും രക്തം ചിന്തിയും വ്യഭിചരിച്ചും അറപ്പു തീർന്ന അറവുശാല, ഒരുപാട് മുനുഷ്യർക്ക് പുറത്തു പോവാനാവാതെ ജീവിതം ഹോമിക്കേണ്ടി വരുന്ന തടങ്കൽ പാളയങ്ങൾ, ചെന്നെത്തിയവർക്ക് ഫിദാഈൽ സേനയുടെ നേതൃത്വത്തിൽ ആയുധ പരിശീലനം, തോക്കും വാളും ബോംബ് നിർമാണവും തുടങ്ങി ഭീകരമായ അന്തരീക്ഷം, ക്രൂരവും ഭീതിദവുമായ ജീവിതാവസ്ഥകൾ.. എല്ലാം അതിന്റെ പൂർണ്ണമായ വികാരത്തോടെതന്നെ കുറിച്ചിടാൻ എഴുത്തുകാരന് സാധിച്ചുവെന്നതാണ് ദാഇശിന്റെ വലിയ വിജയം. മലയാളികൾക്ക് തികച്ചും വ്യത്യസ്തവും നവീനവുമായ വായനാനുഭവമാകും ദാഇശ് നൽകുക എന്നതിൽ സംശയമില്ല.

 

ശംസുദ്ദീൻ മുബാറക്ക് എഴുതിയ നോവൽ ‘ദാഇശ്’ വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

English Summary: Daesh novel written by Shamshudheen Mubarak

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com