കോവിഡ് മനുഷ്യനിർമിത ദുരന്തം തന്നെ; ചൈനീസ് വൻമതിൽ ഭേദിച്ച് വുഹാൻ ഡയറി

HIGHLIGHTS
  • വാങ് ഫാങ് എന്നാണ് ഫാങ് ഫാങ്ങിന്റെ യഥാർഥ പേര്.
  • ഭരണകൂടത്തിന്റെ കണ്ണിലെ നോട്ടപ്പുള്ളിയായ നോവലിസ്റ്റ്.
wuhan-dairy-p
SHARE
ഫാങ് ഫാങ്

ഒലിവ് പബ്ലിക്കേഷൻസ്

വില 450 രൂപ രൂപ

കൊല്ലപ്പെട്ട രണ്ടായിരം പേരുടെ ആത്മാക്കൾക്കും അവരുടെ കുടുംബങ്ങൾക്കും മരിച്ചുപോയ ആരോഗ്യപ്രവർത്തകർക്കും രാപ്പകലില്ലാതെ ജോലി ചെയ്യേണ്ടിവന്നവർക്കും വീട്ടിൽ ഇരിക്കേണ്ടിവന്ന 9 ദശലക്ഷം വുഹാൻ നിവാസികൾക്കും വീട്ടിലേക്ക് വരാൻ കഴിയാതിരുന്ന 5 ലക്ഷം വുഹാൻകാർക്കും നീതി വേണം. ഉത്തരങ്ങളും വേണം. 

എന്നാൽ അതിനു പകരമായി ഞങ്ങൾക്ക് അന്തമായ കാത്തിരിപ്പ് മാത്രമാണ് ലഭിച്ചത്. 

2020 ന് ഫ്രെബ്രുവരി 27 ന് ഓൺലൈനിൽ ഇങ്ങനെ എഴുതുമ്പോഴും ഫാങ് ഫാങ്ങിന് ഉറപ്പുണ്ടായിരുന്നില്ല തന്റെ വാക്കുകൾ വുഹാൻകാർ വായിക്കുമെന്ന്. ചൈനക്കാരും  ലോകവും വായിക്കുമെന്ന്. ഓൺലൈനിലെ ഓരോ വാക്കിനും നേരെ വാളോങ്ങി നിൽക്കുന്ന സെൻസർമാരുടെ കണ്ണു വെട്ടിച്ചുവേണമായിരുന്നു എഴുതാൻ. അപ്രീതിക്ക് പാത്രമായാൽ പിന്നെ എന്തു സംഭവിക്കുമെന്ന് വ്യക്തം. എന്നാൽ ജനിച്ചുവളർന്ന വുഹാൻ നഗരത്തിനുവേണ്ടി ഫാങ് ഫാങ് വിശ്രമമില്ലാതെ എഴുതി. 

2020 ജനുവരി 25 മുതൽ മാർച്ച് 24 വരെ. കോവിഡിന്റെ പ്രഭവകേന്ദ്രം എന്ന പേരിൽ കുപ്രശസ്തമായ ചൈനയിലെ നഗരത്തിനുവേണ്ടി. ഓരോ ദിവസവും ഫാങ് ഫാങ് എഴുതുന്ന കുറിപ്പുകൾ വായിച്ചാണ് വുഹാനിൽ എന്തു നടക്കുന്നുവെന്ന് ലോകം അറിഞ്ഞത്. എന്തു നടക്കുന്നില്ല എന്നും. മാസങ്ങളോളം ക്വാറന്റീനിൽ തളച്ചിടപ്പെട്ടപ്പോൾ സ്വന്തം ആശ്വാസത്തിനും പിന്നീട് ബന്ധുക്കൾക്കുവേണ്ടിയും പിന്നെ വുഹാനും വേണ്ടി എഴുതിത്തുടങ്ങിയതോടെ ആ വാക്കുകൾക്കുവേണ്ടി കാത്തിരിക്കാൻ തുടങ്ങി ലക്ഷങ്ങൾ. 

അവരെ നിരാശരാക്കാതെ, അധികാരികളുടെ അപ്രീതി കണക്കിലെടുക്കാതെ ഫാങ് ഫാങ് എഴുതി: പൊള്ളുന്ന വാക്കുകൾ. കത്തുന്ന വാക്കുകൾ. അധിക്ഷേപിക്കപ്പെട്ട ഒരു നഗരത്തിന്റെ ആത്മാവിൽ നിന്നുള്ള വേദനകൾ. 

സിയാവോ സിയാൻവു എന്നൊരാൾ വുഹാനിൽ കോവിഡ് ബാധിച്ചു മരിച്ചു. മരണത്തിനു തൊട്ടുമുൻപ് അദ്ദേഹം പറഞ്ഞത് രണ്ടേ രണ്ടു വരികൾ. 11 വാക്കുകൾ. എന്നാൽ സിയാവോയുടെ മരണം റിപ്പോർട്ട് ചെയ്തപ്പോൾ 7 വാക്കുകൾ മാത്രമാണ് പുറത്തുവന്നത്. എല്ലാവരെയും കണ്ണീരിലാഴ്ത്തിയ 7 വാക്കുകൾ. 

ഞാൻ എന്റെ ശരീരം ഈ രാജ്യത്തിന് ദാനം നൽകുകയാണ്. അതിന്റെ ബാക്കിയായി അദ്ദേഹം പറഞ്ഞ വാക്കുകൾ തമസ്കരിക്കപ്പെട്ടു. എന്നാൽ എന്റെ ഭാര്യ എന്തു ചെയ്യും എന്ന വാക്കുകളാണ് മനഃപൂർവം പൊതുജനങ്ങളിൽ നിന്ന് മറച്ചുവച്ചത്. ഇത് ഒരുദാഹരണം മാത്രം. 

ദുരന്തത്തിനു മധ്യത്തിലും രാജ്യത്തെ പ്രകീർത്തിക്കാനും വ്യക്തികളുടെ ജീവന് പ്രധാന്യം കൊടുക്കാതിരിക്കാനും ആസൂത്രിതമായി നടക്കുന്ന ഗൂഡാലോചനയുടെ കറുത്ത അധ്യായങ്ങൾ. 

കഴിഞ്ഞ വർഷം ഡിസംബർ 31 ന് സർവകലാശാല പ്രഫസറായ ജ്യേഷ്ഠൻ ഫാങ് ഫാങ്ങിന് ഒരു ലേഖനം അയച്ചുകൊടുത്തു. ഉറവിടമറിയാത്ത പുതിയ വൈറസ് വുഹാനിൽ റിപ്പോർട്ട് ചെയ്തതായി സംശയം എന്നായിരുന്നു തലക്കെട്ട്. അപ്പോഴും വിദഗ്ധ ഡോക്ടർമാർ ഉൾപ്പെടെയുള്ള സംഘം ആവർത്തിച്ചത് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരില്ലന്നും നിയന്ത്രിക്കാനും തടയാനും സാധിക്കുന്നതാണ് വൈറസ് എന്നുമായിരുന്നു. ഇതുകൊണ്ടുതന്നെയാണ് കോവിഡ് മനുഷ്യ നിർമിത ദുരന്തം എന്ന് ഫാങ് ഫാങ് ആവർത്തിക്കുന്നതും. 

വുഹാൻ സെൻട്രൽ ആശുപത്രിയിലെ നേത്രരോഗ വിദഗ്ധനായിരുന്നു ഡോക്ടർ വെൻ ലിയാങ്. സാർസിന് സമാനമായ വൈറസ് പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്ന് ഡിംസംബർ 30 ചൈനീസ് സമൂഹമാധ്യമായ വീ ചാറ്റിൽ അദ്ദേഹം മുന്നറിയിപ്പ് നൽകി. ജനുവരി 3 ന് വ്യാജവാർത്ത പ്രചരിപ്പിച്ചതിന് ഡോക്ടറെക്കൊണ്ട് പൊലീസ് കുറ്റസമ്മതത്തിൽ ഒപ്പിടുവിച്ചു. എന്നാൽ സെൻട്രൽ ആശുപത്രിയിലെ ജോലിയിൽ തിരികെക്കയറി കർത്തവ്യനിരതനായ ഡോക്ടർക്ക് അദ്ദേഹം മുന്നറിയിപ്പ് നൽകിയ അതേ രോഗം തന്നെ പിടിപെട്ടു. ഫെബ്രുവരി 17 ന് ലിയാങ് മരിക്കുന്നു. ഒരു നഗരത്തെ രക്തവും കണ്ണീരും ചിന്തിയ ദുരന്തത്തിലേക്ക് തള്ളിട്ടത് ലിയാങ്ങിന്റെ മുന്നറിയിപ്പിനു വിലകൊടുക്കാതിരുന്നവരാണ്. അവരാണ് കുറ്റവാളികൾ. ആദ്യം വുഹാനിലും ഇപ്പോൾ ലോകത്തെ മുഴുവനായും ഭീതിയിലേക്കു തള്ളിയിട്ടവർ. അവരെക്കൊണ്ടു കണക്കു പറയിക്കുന്ന സ്തകമാണ് ഫാങ് ഫാങ്ങിന്റെ ഡയറിക്കുറിപ്പുകൾ. 

ഡയറിക്കുറിപ്പുകളുടെ ആദ്യഘട്ടം ഫാങ് ഫാങ് പൂർത്തീകരിച്ച ദിവസമാണ് ചൈനീസ് സർക്കാർ ലോക്ഡൗൺ പിൻവലിക്കുന്നത്. ഏപ്രിൽ 26 ന്. 76 ദിവസത്തെ കാരാഗൃഹവാസം. ഏപ്രിൽ 8 ന് തന്നെ വുഹാൻ ഡയറി പ്രസിദ്ധീകരിക്കുന്നതിനെക്കുറിച്ചുള്ള വാർത്തകൾ വിദേശ മാധ്യമങ്ങളിൽ ഉൾപ്പെടെ പ്രത്യക്ഷപ്പെട്ടുതുടങ്ങിയിരുന്നു.

ഫാങ് ഫാങ് എഴുതുന്നു: വുഹാനിലെ ജനങ്ങളുടേതാണ് ഈ പുസ്തകം. 

എന്റെ നഗരം ഏറ്റവും ഇരുണ്ട കാലഘട്ടത്തിലൂടെ കടന്നുപോയപ്പോൾ സഹായഹസ്തവുമായി വന്നവരുടേത് കൂടിയാണ് ഈ പുസ്തകം. ഇതിൽനിന്നു ലഭിക്കുന്ന ലാഭവിഹിതം ഈ നഗരത്തിന്റെ സംരക്ഷണത്തിനായി സ്വന്തം ജീവൻ പോലും തൃണവൽഗണിച്ച എല്ലാ മനുഷ്യരുടെയും നൻമയ്ക്കായി നീക്കിവയ്ക്കും. 

വാങ് ഫാങ് എന്നാണ് ഫാങ് ഫാങ്ങിന്റെ യഥാർഥ പേര്. ശക്തമായ രാഷ്ട്രീയ നിലപാടുകളിലൂടെ, നിർഭയ വിമർശനത്തിലൂടെ ഭരണകൂടത്തിന്റെ കണ്ണിലെ നോട്ടപ്പുള്ളിയായ നോവലിസ്റ്റ്. കോവിഡ് പൊട്ടിപ്പുറപ്പെട്ടപ്പോൾ വുഹാനിൽ എന്തു നടന്നു എന്ന് രേഖപ്പെടുത്തി ലോകത്തെ അറിയിച്ചതിലൂടെ ചരിത്രത്തിൽ ഇടംനേടിയിരിക്കുകയാണവർ. വുഹാൻ ഡയറിയും. 

ഇംഗ്ലിഷ് മൊഴിമാറ്റം മൈക്കിൾ ബറി. മലയാള വിവർത്തനം പ്രവീൻ രാജേന്ദ്രൻ, പ്രതിഭ ആർ.കെ, അനു കെ.ആന്റണി.

English Summary: Wuhan Diary Book by Fang Fang 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;