വൈരുധ്യങ്ങളുടെ നൂലിൽ കോർത്ത രചനാ സൗന്ദര്യം

HIGHLIGHTS
  • ശംസുദ്ദീൻ മുബാറക്കിന്റെ പുതിയ നോവൽ
  • ഒരൊറ്റ നൂലിൽ പ്രണയവും, യുദ്ധവുമെല്ലാം ചേർത്തുവയ്ക്കപ്പെട്ട രചന
Daesh.p
SHARE
ശംസുദ്ദീൻ മുബാറക്ക്

മനോരമ ബുക്‌സ്

വില 270 രൂപ

കാര്യങ്ങളൊന്നും നമ്മൾ വിചാരിക്കുന്നതുപോലെ ലളിതമല്ല എന്നതാണ് നോവലുകളുടെ ഭാഷ്യം എന്ന മിലൻ കുന്ദേരയുടെ വാക്കാണ് ശംസുദ്ദീൻ മുബാറക്കിന്റെ ‘ദാഇശ്’ എന്ന നോവൽ വായിച്ചുകൊണ്ടിരിക്കേ മനസ്സിലേക്ക് വന്നത്. മനോഹര മൂല്യങ്ങളെ ഡിസ്‌പ്ലേയിലേക്ക് ഉയർത്തിവയ്ക്കുകയും, അതിനകത്തെ വൃത്തികേടുകളെ മുഴുവൻ കണ്ണുചിമ്മി ന്യായീകരിക്കുകയും ചെയ്യുന്ന അതിഭീകര സ്ഥിതിവിശേഷത്തെയാണ് ഈ നോവൽ ചോദ്യം ചെയ്യുന്നത്. കഥയും ചിത്രവുമെല്ലാം ഉള്ളിൽ നിറഞ്ഞ് തെളിഞ്ഞു തുടങ്ങുമ്പോൾതന്നെ ഞാനും നമ്മളും പറയാൻ ഉറച്ചുവച്ച നൈതിക ദർശനങ്ങൾ തന്നെയെല്ലോ ഇതെന്ന ആത്മബോധം വായനയുടെ തുടക്കം മുതൽ നമ്മെ അനുഗമിക്കുന്നു.

ഭാഷയേക്കാൾ, കഥാപാത്ര വിന്യാസ മികവിനെക്കൾ നോവലിന്റെ പ്രമേയമാണ് ഇരുത്തി വായിപ്പിച്ചത്. ‘മരണപര്യന്തം റൂഹിന്റെ നാൾമൊഴികൾ’ എന്ന നോവലിലൂടെ അനുവാചകന് അത്ഭുതങ്ങളുടെ അദൃശ്യ ലോകം കാണിച്ചുകൊടുത്ത ശംസുദ്ദീന്റെ പുതിയ നോവൽ അനിശ്ചിതത്വങ്ങളുടെ വഴിയിൽ സാഫല്യത്തിന്റെ തീരം തേടിയലയുന്നവരുടെ കഥയാണ്. ആദ്യത്തേത് മരണത്തിനു ശേഷമെങ്കിൽ, രണ്ടാമത്തേത് മരണത്തിന്റെ വാതിൽപ്പടിയിലേക്ക്.. 

തിരുത്തപ്പെടാതെ കിടക്കുന്ന എഴുതാപ്പുറം വായനയുടെ സങ്കൽപ്പ നിഗമനങ്ങളെ ചോദ്യങ്ങൾ കൊണ്ട് പ്രധിരോധിക്കുകയും തിരുത്തിയെഴുതുകയും ചെയ്യുക എന്ന ധർമ്മം ഈ നോവലിൽ സാധ്യമാവുന്നു. പബ്ലിക് ഓഡിയൻസിന് മുന്നിലേക്ക് വെക്കാൻ ഇതാ ഉത്തരങ്ങളെന്ന വിളിയാളമുയർത്തുകയും ചെയ്യുന്നു.

മാർക്കറ്റിൽ പരിചയപ്പെടുത്തപ്പെട്ടതല്ല, അതിനേക്കാൾ ഗുണമേന്മയുള്ളതാണ് ഈ ദർശനം എന്ന തിരിച്ചറിവിലേക്ക് കഥാപാത്രം മടങ്ങിയെത്തുന്നിടത്ത് ഈ രചനയ്ക്ക് ഫുൾസ്റ്റോപ്പ് വീഴുന്നു. നടന്നുവന്ന വഴികളിലെ കാഴ്ചകളും ബോധ്യങ്ങളും അടുക്കിവച്ച് അവയെ മറ്റൊരു ശിൽപമാക്കുന്നതിലും, ക്രമങ്ങൾക്കുള്ളിൽനിന്ന് കഥാ സന്ദർഭങ്ങളെയും അതിന്റെ പടർപ്പുകളെയും വച്ച് ആ ശിൽപ്പത്തെ ഭംഗിയാക്കുന്നതിലും എഴുത്തുകാരന്റെ കയ്യടക്കം ശ്രദ്ധേയമാണ്. ഒഴിഞ്ഞുകിടക്കുന്ന ഭാഗങ്ങളെ ഫിൽ ചെയ്യാൻ ജീവിതാനുഭവങ്ങളുടെ ഒഴിഞ്ഞ ഫ്രെയിമുകൾ അദ്ദേഹം എടുത്തുപയോഗിച്ചു. മറ്റൊരു നാടിന്റെ, അവിടത്തെ സംസ്കാരങ്ങളുടെ നിറവുകൾ കൊണ്ട് ഭദ്രമായി അവയെല്ലാം അടുക്കിവയ്ക്കുകയും ചെയ്തു.

നോവൽ ഭാഷയുടെ പാരമ്പര്യ വഴിയിൽനിന്നുള്ള ഒഴിഞ്ഞു നടത്തം ഈ പ്രമേയത്തെ അവതരിപ്പിക്കാനുള്ള എളുപ്പ വഴിയായി തോന്നി. കഥയും കഥേതരവും എന്ന വ്യത്യാസങ്ങളില്ലാതെ പല ദേശങ്ങളും രാഷ്ട്രീയ ചലനങ്ങളും ചരിത്ര വേരുകളും നോവലിൽ കയറിയിറങ്ങി. 

മതം, അതിന്റെ മൂല്യ സ്വരൂപത്തെ മാറ്റിവച്ച് പ്രകടനപരതയിലേക്ക് വളരുന്നതിലെ പോരായ്മകളെയാണ് ഐഎസ് എന്ന ഡിസ്‌പ്ലെഡ് പ്രൊഡക്ടിനെ ഉദാഹരിച്ച് നോവൽ പരിചയപ്പെടുത്തുന്നത്. അതിനു പിന്നിലെ സജീവ അന്തർധാരകളുടെ കറുത്ത കൈകളെ വെളിച്ചത്തേക്ക് കൊണ്ടുവരുന്ന നന്മയാണ് ഈ ഉദ്യമം. 

സ്വർഗം മോഹിച്ച് സ്വന്തം ഉടലിനെ വലിച്ചെറിയുന്ന വികാരാധിഷ്ഠിത തത്വത്തെ ലളിതമായ അധ്യാപനങ്ങൾ കൊണ്ട് നോവൽ ബ്ലോക്ക് ചെയ്യുന്നു. രാജാവ് നഗ്നനെന്ന് അവർ കേൾക്കെ വിളിച്ചു പറയുന്ന ധീരമായ നിലപാടുകൾ നോവലിലെ ഓരോ വരികളിലും നിറഞ്ഞു കാണുന്നു. ‘‘മക്കളും കൊച്ചുമക്കളുമൊക്കെയായി സന്തോഷത്തോടെ കഴിഞ്ഞിരുന്ന ഈ വീടല്ലേ സ്വർഗം. പിന്നെ അവർ വേറൊരു സ്വർഗം തേടി പോയതെന്തിനാണ് ?’’

ചോദ്യങ്ങളെ ഭയപ്പെടുകയും, ഓർമ്മകളെ ഇല്ലായ്മ ചെയ്യുകയും ചെയ്യുന്ന ഫാസിസ്റ്റ് രീതിശാസ്ത്രം എങ്ങനെയാണ് മനുഷ്യനെ വലയിട്ടു പിടിക്കുന്നതെന്നതിന് ഈ പുസ്തകം ഉത്തരം പറയും. പുറത്തൊരു വേഷവും ഉള്ളിൽ നിറയെ വിഷാംശവുമുള്ള ഷക്കീലിന്റെ കഥാപാത്രരൂപം അതിന്റെ ആമുഖമാണ്. 

വിവേകത്തിന് പാർക്കാൻ ഇടമില്ലാത്ത ഇടങ്ങളിൽ, തിളയ്ക്കുന്ന ധമനികളിലേക്ക് വീണ്ടും ഇൻജെക്റ്റ് ചെയ്യപ്പടുന്ന വർഗീയ വിചാരങ്ങൾ കൊടിപിടിക്കുന്നു. ഇതല്ലാതെ വേറെ ഒന്നുമല്ല ഐഎസ് എന്ന തുറന്നെഴുതു തന്നെയാണ് ഈ പുസ്തകം.

കണ്ണടച്ചു വിശ്വസിക്കുന്ന ഭ്രാന്തന്മാരെ മോഹന വലയത്തിനുള്ളിൽ ഒരുക്കി നിർത്തുകയും, തിരിച്ചു ചോദ്യം ചെയ്യുന്നവരെ ഇല്ലാതെയാക്കുകയും ചെയ്യുന്നു അവർ. പിടികൂടപ്പെട്ട സബായകളെ- അടിമപ്പെണ്ണുങ്ങളെ- ചന്തയിൽ കൊണ്ടുപോയി വിൽപ്പന നടത്തുന്ന, പോരാളികൾക്ക് കാഴ്ചവയ്ക്കുന്നവരെ, കുഞ്ഞുമക്കളെ ചാവേറുകളാക്കി   ആശയ പ്രചാരണത്തിനിറങ്ങുന്നവരെ മതാനുയായികൾ എന്ന് വിളിക്കാൻ സൗകര്യമില്ല എന്ന നിലപാടാണ് എഴുത്തുകാരൻ പറയുന്നത്.

‘‘അദ്നാന്റെ കയ്യിൽ പിടിച്ച അടച്ചുവച്ച ഖുർആനിലേക്ക് ക്യാമറ വീണ്ടും സൂം ചെയ്താണ് വീഡിയോ അവസാനിപ്പിച്ചത്. ഖുർആനിലുള്ളത് വായിക്കാതെ അടച്ചുവച്ച ഖുർആൻ ദൃശ്യങ്ങൾ എന്ത് സന്ദേശമാണ് കാണുന്നവർക്ക് നൽകുന്നതെന്ന് ചിന്തിക്കുകയായിരുന്നു ഞാൻ. 

ഓരോ കുറ്റവാളിയും അവനെ തിരിച്ചറിയാനുള്ള ഒരു തെളിവെങ്കിലും അവനറിയാതെ ബാക്കിയാക്കുമെന്ന് കേട്ടിട്ടുണ്ട്. ദാഇശ് എന്ന വലിയ കളവിന് തെളിവായി ഈ ദൃശ്യം മാത്രം മതിയാകും..’’

ഉൾസാരങ്ങളെക്കാൾ, അതിന്റെ അന്തസത്തയേക്കാൾ കൂടുതൽ, തങ്ങൾക്കിഷ്ടമുള്ളതിനെ മാത്രം തിരഞ്ഞെടുത്തത് വ്യക്തി വ്യാപാര രാഷ്ട്രീയ താല്പര്യൾക്ക് കാവലിരിക്കുന്നവരുടെ എംപ്റ്റി ലോകത്തിലേക്കാണ് ഈ നോവൽ നമ്മെ കൊണ്ടുപോകുന്നത്. സിറിയ, ഇറാഖ് തുടങ്ങിയ രാഷ്ട്രങ്ങളുടെ ഉൾവഴികളിൽ, അവിടെ ജനിച്ചു വളർന്ന അനേകായിരങ്ങളുടെ സ്വപ്നങ്ങളിളെ അറുത്ത് കളഞ്ഞ് ഇല്ലാകഥകൾ കൊണ്ട് കെട്ടിയുണ്ടാക്കിയ ഒരു പ്രമാണത്തെയാണ് ഐഎസ് എന്ന പ്രത്യക്ഷ ബിംബത്തെ ഭീകരർ സ്ഥാപിക്കുന്നത്. 

അക്ഷരങ്ങൾ കൈപിടിച്ച് കൊണ്ടുപോയി എഴുത്തുകാരൻ കാണിച്ചു തന്ന ഓരോ കാഴ്ചകളും വേദനാജനകമാണ്. 

ദയയും മനുഷ്യത്വവും ഇന്നുവരെ നടന്നെത്തിയിട്ടില്ലാത്ത കില്ലിങ് ഫീൽഡ്, അനുസരിക്കാത്തവർക്ക് ജീവി എന്ന പരിഗണ പോലും കിട്ടാത്ത ഇടങ്ങൾ, കച്ചവട ചരക്കുകളായി മാത്രം ഇറക്കുമതി ചെയ്യപ്പെട്ടവരെ വരിക്കു നിർത്തിയ

അടിമച്ചന്തകൾ.. 

ഇതിനിടയിലും, കാലുഷ്യങ്ങളുടെ കനൽവഴിയിൽ ഇ മെയ്​ലിലേക്ക് നിശബ്ദയായി വിരുന്നുവരുന്ന നാട്ടിലെ പ്രണയിനി-ജന്ന. ഒരൊറ്റ നൂലിൽ പ്രണയവും പൂക്കളും, യുദ്ധവും നിലവിളിയും, മുറിവും മോചനവുമെല്ലാം ചേർത്തുവയ്ക്കപ്പെട്ട രചന. 

വിപരീതങ്ങൾ നിറഞ്ഞുനിൽക്കുന്ന ആദർശത്തിന്റെ ലക്ഷ്യവും മാർഗവുമെല്ലാം ഞാൻ തിരഞ്ഞു നടക്കുന്ന സ്വസ്ഥ ശാന്ത സുന്ദര തീരമല്ല എന്ന തിരിച്ചറിവിലേക്ക് റഫീഖ് മടങ്ങിയെത്തുന്നു, അവസാനം. ഈ പുസ്തകം നമ്മുടെയെല്ലാം കൈ പിടിക്കുമെന്ന ഒരു വാക്ക് മാത്രമാണ് ഈ നോവലിന്റെ സന്ദേശം.

ശംസുദ്ദീൻ മുബാറക്ക് എഴുതിയ നോവൽ ‘ദാഇശ്’ വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക

English Summary: Daesh novel written by Shamshudheen Mubarak

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;