ADVERTISEMENT

 

മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തില്‍ പറയുന്ന കുറ്റാന്വേഷണ നോവലായ ഇന്‍സോംനിയ ആവേശകരമായ വായനയാണ് വാഗ്ദാനം ചെയ്യുന്നത്. സാധാരണ കുറ്റാന്വേഷണ നോവലുകളില്‍ അവസാന വരിയിലെങ്കിലും കുറ്റവാളി പിടിക്കപ്പെടുന്നുണ്ടെങ്കില്‍ ഇന്‍സോംനിയ അവസാനിക്കുന്നത് കുറ്റവാളി സ്വൈര്യവിഹാരം ചെയ്യുന്ന രംഗം കണ്‍ നിറയെ കാണിച്ചുകൊണ്ടാണ്. തന്റെ ധാര്‍മികയില്‍ ഉറച്ചുവിശ്വസിച്ച് കുറ്റവാളികളെ ഒറ്റ വെടിയില്‍ ഇല്ലാതാക്കാന്‍ മടി കാണിക്കാത്ത ഒരു പൊലീസ് ഓഫിസറുടെ നിസ്സഹായതയിലും. നന്‍മയുടെ വിജയം എന്ന പതിവു സങ്കല്‍പത്തില്‍ നിന്നു വിരുദ്ധമായി തിന്‍മ വിജയിക്കുകയാണ് ഇന്‍സോംനിയയില്‍. 

 

നോവല്‍ തുടങ്ങുന്നത് മുംബൈ പൊലീസിലെ കഴിവുറ്റ ഒരു യുവ ഉദ്യോഗസ്ഥയിലാണ്. അസിസ്റ്റന്റ് സൂപ്രണ്ട് മീര ദീക്ഷിതില്‍. അപ്രതീക്ഷിതമായി ഓഫിസില്‍ എത്തുന്ന ഒരു ഫോണ്‍കോള്‍ പിന്തുടരാന്‍ തീരുമാനിക്കുകയാണ് മീര. തുടക്കം മുതല്‍ വായനക്കാരെ അലട്ടുന്ന ഒരു ചോദ്യമുണ്ട്. യാദൃഛികമായ ഒരു ഫോണ്‍വിളിക്ക് ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥ ഇത്രയധികം പ്രധാന്യം കൊടുക്കുമോ എന്നതില്‍. ആദ്യ അധ്യായത്തില്‍ മീര ആ ഫോണ്‍ വിളിയോടു കാണിക്കുന്ന താല്‍പര്യത്തിന്റെ യഥാര്‍ഥ അര്‍ഥം മനസ്സിലാകണമെങ്കില്‍ നോവലിന്റെ അവസാന അധ്യായത്തിലെ അവസാന വരിയിലെത്തണം. അപ്പോഴേക്കും മീര പൊലീസ് ഉദ്യോഗം തന്നെ വിട്ട വ്യക്തിയാണ്. എന്നാല്‍ കോടികളുടെ അധിപയും. ഒരു യുവതി അവരുടെ തന്ത്രജ്ഞതയും കൗശലവും അപാരമായ മനഃസ്സാന്നിധ്യവും ഉപയോഗിച്ച് എങ്ങനെ കോടിപതിയാകുന്നു എന്നതിന്റെ കഥയാണ് ഇന്‍സോംനിയ എന്നു പറഞ്ഞാലും അധികമാകില്ല. 

പിതാവിന്റെ അപ്രതീക്ഷിത വാഹനാപകടത്തെത്തുടര്‍ന്ന് അസ്വസ്ഥയാകുന്ന ഒരു യുവതി. തന്‍വി ആചാര്യ. അവര്‍ ഒരു ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനത്തിന്റെ 15 ശതമാനം ഷെയറിന്റെ ഉടമ കൂടിയാണ്. അസ്വസ്ഥത വേദനയായി മാറുന്നതോടെ തന്‍വിയുടെ ഉറക്കം നഷ്ടപ്പെടുന്നു. രാത്രികളില്‍ അവര്‍ എഴുന്നേറ്റു നടക്കുന്നു. പകല്‍ ഒരിക്കലും ചെയ്യാത്ത കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാനും തയാറാകുന്നു. അതോടെ അപകടത്തിലാകുകയാണ് ഭര്‍ത്താവ് രോഹിത്തിന്റെ ജീവിതം. 

എന്റെ ഭാര്യ എന്നെ കൊല്ലാന്‍ ശ്രമിക്കുന്നു. ദയവു ചെയ്ത് എന്നെ രക്ഷിക്കൂ എന്ന രോഹിത്തിന്റെ ആവര്‍ത്തിച്ചുള്ള നിലവിളിയാണ് മീര പിന്തുടരുന്നത്. ഒപ്പം ആദിത്യ സച്ച്ദേവ് എന്ന പൊലീസ് ഓഫിസറും മീരയുടെ അന്വേഷണത്തില്‍ പങ്കാളിയാകുന്നു. അവര്‍ രണ്ടുപേരും തമ്മിലുള്ള ബന്ധം പ്രണയത്തിലേക്കും വിവാഹാലോചനയിലേക്കും കടക്കുന്നു. എന്നാല്‍ തന്‍വിയുടെ മനഃശാസ്ത്ര പ്രശ്നത്തിനു പരിഹാരം കണ്ടിട്ട് വിവാഹം കഴിക്കാം എന്ന ഉടമ്പടിയില്‍ അവര്‍ എത്തുന്നു. അവരുടെ മോഹം വ്യാമോഹമായി മാറുന്നുണ്ട് ഇന്‍സോംനിയ പുരോഗമിക്കുമ്പോള്‍. 

 

അശ്രദ്ധയോടെ വായിക്കാന്‍ തുടങ്ങുന്ന വായനക്കാരനെപ്പോലും പിടിച്ചിരിത്തുന്ന ഭാഷാശൈലിയാണ് ഇന്‍സോംനിയയുടെ കരുത്ത്. കുറിക്കു കൊള്ളുന്ന കൊച്ചു കൊച്ചു വാക്യങ്ങള്‍. രണ്ടും മൂന്നും പേജ് മാത്രം നീളുന്ന അധ്യായങ്ങള്‍. അനുയോജ്യമായ സംഭാഷണങ്ങള്‍. ബുദ്ധിമുട്ടിക്കാത്ത വാക്കുകളും ലളിതമായ വാക്യഘടനയും.  വായനയുടെ സന്തോഷം ആവോളം പ്രദാനം ചെയ്യുന്നുണ്ടെങ്കിലും ഇന്‍സോംനിയ മുന്നോട്ടുവയ്ക്കുന്ന ധാര്‍മിക പ്രശ്നങ്ങള്‍ ഉത്തരമില്ലാത്ത ചോദ്യങ്ങളായി അവശേഷിക്കുകയാണ്. 

 

English Summary: Insomnia: Keep your eyes open Book by Ravi Subramanian

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com