കേരള ചരിത്രത്തില്‍ നിന്നു തന്നെ അസ്തമിച്ച ഒരു തലമുറയുടെ കഥകൾ

HIGHLIGHTS
  • പട്ടിണിയും പരിവട്ടവും നിറഞ്ഞ നാളുകളുടെ കഥ
  • ദൈനംദിന ജീവിതം പോലും പോരാട്ടമായിരുന്നവരുടെ കഥ
njattuvela-p
SHARE
പി.ശങ്കരനാരായണന്‍

കറന്റ് ബുക്സ്, തൃശൂര്‍

വില 365 രൂപ

കുട്ടീ, നീ വളരേണ്ടവളാണ്. 

ടാറിട്ട റോഡിലേക്ക് കയറിനിന്നു. അവസാനത്തെ ബസ് പോയിരിക്കില്ല. വികൃതമായൊരു സന്ധ്യ- സന്ധ്യയുടെ പ്രാകൃതവേഷങ്ങള്‍ കണ്ടുകൊണ്ട് അവസാനബസ്സ് കാത്തുനിന്നു. 

അവസാനബസ്സ് കടന്നുപോയിരിക്കില്ല. 

മലയാളിയുടെ ജീവിതത്തെയും സംസ്കാരത്തെയും പുഷ്കലമാക്കിയ ഒരു തലമുറ; അവര്‍ മാറിനില്‍ക്കാന്‍ തയാറായിരുന്നു. കാത്തുനില്‍ക്കാന്‍ തയാറായിരുന്നു. അവര്‍ അക്ഷമരായിരുന്നില്ല. കടമ പൂര്‍ത്തിയാക്കിയിട്ടാണവര്‍  കാത്തുനിന്നതുപോലും. എന്നിട്ടും അവരില്‍ പലര്‍ക്കും അര്‍ഹമായതൊന്നും ലഭിച്ചില്ല. ആവശ്യക്കാരുടെ അണിയില്‍ അവരുണ്ടായിരുന്നില്ല. സ്നേഹിച്ചു നല്‍കിയതു മാത്രം സ്വീകരിച്ച് നിറയെ സ്നേഹവുമായി നിരാധാരരായി നിന്നു. വിശാലമായ പറമ്പിന്റെ ഒത്തനടുക്ക് പഴയകാല പ്രൗഡിയുടെ പ്രതീകമായി ചിതലരിച്ചു നിന്ന നാലുകെട്ടുകള്‍ പോലെ. കഥകളിലൂടെയാണവര്‍ കാലത്തില്‍ അടയാളപ്പെടുത്തപ്പെട്ടത്. സ്നേഹത്തിന്റെ, നിഷ്കളങ്കതയുടെ, സുന്ദരമുഖങ്ങള്‍. അവരുടെ കഥകള്‍ക്കെന്നും വിഷാദത്തിന്റെ മൂവന്തിഛായയാണ്. നോക്കിനില്‍ക്കുമ്പോഴേക്കും നാട്ടുവഴിയില്‍ നിന്നു പിന്‍വാങ്ങുന്ന അന്തിവെളിച്ചം. ഞാറ്റുവേല. തേക്കുപാട്ട്. കേരള ചരിത്രത്തില്‍ നിന്നു തന്നെ അസ്തമിച്ച ഒരു തലമുറ. ഗൃഹാതുരതയോടെ അവരുടെ കഥകളിലൂടെ വീണ്ടും കടന്നുപോകാന്‍ അവസരമൊരുക്കുകയാണ് പി.ശങ്കരനാരായണന്‍. കഥയുടെ വഴിയിലെ 

ഒറ്റയാന്‍. ഞാറ്റുവേല എന്ന തിരഞ്ഞെടുത്ത കഥകളുടെ സമാഹാരത്തിലൂടെ. 

ജനനം മുതല്‍ മരണം വരെ നമ്മുടെ നാടിന്റെ പഴയൊരു തലമുറയെ അടയാളപ്പെടുത്തിയത് പട്ടിണിയും പരിവട്ടവും. മുന്നോട്ടു നയിച്ചത് അധ്വാനം. എന്നാല്‍ ജീവിതത്തില്‍ ഒരിക്കല്‍പ്പോലും അവര്‍ക്കു ലഭിച്ചില്ല ശാന്തി. സന്തോഷം. സമാധാനം. അതൊന്നും അവരുടെ ആഗ്രഹങ്ങളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നില്ല എന്നും പറയാം. ദൈനംദിന ജീവിതം പോലും അവര്‍ക്ക് പോരാട്ടമായിരുന്നു. എടുത്താല്‍ പൊങ്ങാത്ത ചുമടായിരുന്നു. 

കുഞ്ഞുണ്ണിമാഷിന്റെ കഥ തന്നെ നോക്കുക. എന്നിലേക്ക് എന്നാണു കഥയുടെ പേര്. പരേതനായപ്പോഴാണ് കുഞ്ഞുണ്ണിമാഷ് ഉറ്റവരുടെ സംസാരത്തില്‍ നിറയുന്നതുതന്നെ. ഭാഗ്യവാനായിരുന്നു. ഉപകാരിയായിരുന്നു. എല്ലാംകൊണ്ടും കുഞ്ഞുണ്ണിമാഷ് ഭാഗ്യവാനായിരുന്നുവോ? ആയിരുന്നേക്കാം-അല്ലായിരുന്നേക്കാം. 

അവിവാഹിതനായിരുന്നു. നല്ല കാലത്ത് മോഹങ്ങളില്ലാതിരുന്നതുകൊണ്ടല്ല. തന്റേതായി ഒന്നും ചെയ്തുതീര്‍ക്കാന്‍ കഴിയാതെപോയി. മറ്റുള്ളവരുടെ ഗുണങ്ങള്‍ക്കുവേണ്ടി നടന്നു. നടന്നുനടന്ന് ഒടുവില്‍ ഒരിടത്തിരുന്നപ്പോഴേക്കും കാലം കുറെയൊക്കെ കടന്നുപോയി. ഒടുവില്‍ പോയതു പോയതു പോകട്ടെയെന്നു സമാധാനിച്ചു. എങ്കിലും ഒരു സമാധാനമുണ്ടല്ലോ ?. 

എഴുത്തച്ഛന്‍ മരിക്കുമ്പോള്‍ മക്കള്‍ എട്ടായിരുന്നു. കുഞ്ഞുണ്ണിക്ക് പ്രായം 19 ഉം. കുടുംബത്തിന്റെ ഭാരം ചുമലില്‍. ോരോരുത്തരെയായി ഒരോ വഴിക്കാക്കി. കുഞ്ഞുണ്ണി ഏകാനായിക്കൊണ്ടിരുന്നു. അയാള്‍ മാത്രം അതറി‍്ഞില്ലെന്നു മാത്രം. 

ചിലരൊക്കെ സഹതപിച്ചിട്ടുണ്ട്. ചെയ്യേണ്ടതൊക്കെ ചെയ്യേണ്ട കാലത്തു ചെയ്യേണ്ടതാണെന്ന് ഓര്‍മിപ്പിച്ചു. 

ചെയ്തതൊന്നും ചെയ്യേണ്ട കാര്യങ്ങളായിരുന്നില്ലേ എന്ന സംശയം കുഞ്ഞുണ്ണിമാഷ് ആരോടും പറഞ്ഞില്ല. 

അവസാനം ഒരു രാത്രി. നല്ല നിലാവുള്ള രാത്രി. 

എനിക്കിന്ന് തീരെ സുഖം തോന്നുന്നില്ല. ഓപ്പയോട് കുഞ്ഞുണ്ണിമാഷ് പറഞ്ഞു. മറുപടി കേട്ടില്ല. നിലാവ് കണ്ടുകൊണ്ട് കുഞ്ഞുണ്ണിമാഷ് കിടന്നു. 

ആ കിടപ്പില്‍തന്നെ കുഞ്ഞുണ്ണിമാഷ് കിടന്നു. നടുമുറ്റം നിറയെ നിലാവ്. 

ചടങ്ങുകള്‍ എല്ലാം കഴിഞ്ഞപ്പോള് അകത്ത് വട്ടമിട്ടിരുന്ന സ്ത്രീകള്‍ തങ്ങളുടെ ഭര്‍ത്താക്കന്‍മാരോടായി പറഞ്ഞു 

അപ്ലേ, ഓപ്പ ഞങ്ങള്ക്കുവേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടേ- അതിന്റെ ഭാഗ്യാ- നാലു ദിവസം കിടന്ന് കഷ്ടപ്പെട്ടില്ല-അതാ ഭാഗ്യം. 

ജീവിതം സഹോദരിമാര്‍ക്കു വേണ്ടി ഉഴിഞ്ഞുവച്ച കുഞ്ഞുണ്ണിമാഷിനു കിട്ടിയ ബഹുമതിയായിരുന്നു അത്. 

തെളിമയും ആര്‍ദ്രതയും പരാധീനതയല്ല, ചൈതന്യമാണെന്നു ശങ്കരനാരായണന്റെ കഥകള്‍ ബോധ്യപ്പെടുത്തുന്നുവെന്ന് മുഖവുരയില്‍ സാക്ഷ്യപ്പെടുത്തുന്നത് എം.ടി.വാസുദേവന്‍ നായര്‍. 

English Summary: Njattuvela book by P. Sankaranarayanan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;