ADVERTISEMENT

ഒരു കഥയിൽ എത്രകഥകൾ അടക്കം ചെയ്തിട്ടുണ്ടാവാം? ഒന്നോ ഒരായിരമോ അതോ എണ്ണിയാൽ ഒടുങ്ങാത്തത്രയോ...

 

വായിച്ചു തീരാത്ത കഥകളുമായി എത്തുന്ന ഏകാന്തതയുടെ മ്യൂസിയം, ഒരു കഥമുളച്ചി ചെടിയാണ്. നുള്ളിവെക്കുന്ന ഓരോ ഇലയും മറ്റൊരു ചെടിയായി വളരുന്ന ഇളമുളച്ചി ചെടിയെ പോലെ, ഒരു കഥയിൽ നിന്നും ഒരായിരം കഥയിലേക്ക് തൊടുത്തു കേറുന്നു. പക്ഷേ ഒരു നാണയത്തിന്റെ ഇരു വശങ്ങൾ എന്ന പോലെ ഓരോ കഥക്കും രണ്ടു പാഠഭേദങ്ങളുമുണ്ട്. ഈ നോവലിനു പോലും രണ്ടു ഭാഗങ്ങൾ ആണ്- ചടുലമായ ഇന്നിന്റെ പരിഛേദമായി ഒന്നാം ഭാഗവും, ഉറക്കച്ചടവോടെ ഇന്നലെകളെ പറയുന്ന,  സങ്കല്പലോകത്തിൽ എത്തിക്കുന്ന രണ്ടാം ഭാഗവും. രണ്ടാം ഭാഗത്തിൽ പറയുന്നതോ, വെള്ളയെന്നും മഞ്ഞയെന്നും പേരുള്ള ഇരട്ട ഗ്രാമങ്ങളുടെ കഥ - ഒന്ന് ഇന്നും നിലനിൽക്കുന്നത്, മറ്റൊന്ന് എന്നോ മറഞ്ഞു പോയത്.  കോഴിക്കോടിന്റെ അതിരുകളിൽ എവിടെയൊ ഭൂപടത്തിൽ രേഖപ്പെടുത്താത്ത വിധം പുറം ലോകത്തിൽ നിന്നും മറഞ്ഞിരിക്കുന്ന ഒരിടത്താണ് ഇരട്ടഗ്രാമങ്ങൾ ചിത്രീകരിക്കപ്പെടുന്നത്.    വായിച്ച് കഴിയുമ്പോൾ അവിടം വരെ ഒന്നു പോയാലൊ എന്ന് ആർക്കെങ്കിലും തോന്നിയാൽ കുറ്റം പറയാൻ ആവില്ല. 

 

കണ്ടമ്പററി ന്യൂസിലെ  ജേർണലിസ്റ്റ് ആയ സിദ്ധാർത്ഥൻ കാണുന്ന സ്വപ്നവും, അതിലേക്ക് ഇഴചേർക്കുന്ന യഥാർഥസംഭവങ്ങളുമായാണ് നോവലിന്റെ തുടക്കം. റിമ തോബിയാസ് എന്ന മേധാവിയുടെ കീഴിൽ പത്രസ്ഥാപനത്തിൽ ജോലിചെയ്യുന്ന വർഷയും സിദ്ധാർത്ഥനും തമ്മിൽ പ്രണയമാണോ എന്ന് തിരിച്ചറിയാനാവാത്ത നല്ലൊരു സൗഹൃദമുണ്ട്. സ്വപ്നത്തിന്റെ പുറകേ പോവാനും അതിൽ  യാഥാർത്ഥ്യത്തിന്റെ പങ്ക് തിരയാനും സിദ്ധർത്ഥനെ പ്രേരിപ്പിക്കുന്നത്, വർഷ നൽകുന്ന ഒരു ബ്ലോഗ് ലിങ്ക് ആണ്. 

 

ഇരയെ മാറി പോവുന്ന ഒരു വാടക കൊലപാതകത്തിന്റെ ദൃക്സാക്ഷിയാവാനുള്ള നിയോഗമാവുന്നു ആ യാത്ര. എന്നാൽ ശരിയായ ഇര വെളിപ്പെടുന്നത് നോവലിന് അവസാനം മാത്രമാണ്. കളഞ്ഞു കിട്ടിയ  നോവലിന്റെ രക്തം പുരണ്ട കയ്യെഴുത്തു പ്രതിയുടെ ഉടമ ആരാവാമെന്ന ചോദ്യം ആരിലും ജിജ്ഞാസ ഉണർത്തുന്നതാണ്. അത് ബ്ലോഗിൽ ഇടുന്ന ഗോകുൽ, അതിലെ കഥയുടെ പുറകേ അയസ്കാന്തത്താൽ എന്ന പോലെ ആകർഷിക്കപ്പെട്ടു പോകുന്ന സിദ്ധാർത്ഥൻ, സിദ്ധാർത്ഥനെ തിരയുന്ന വർഷ,  തൻ്റെ നോവലുമായി അതിനുള്ള സാമ്യം കണ്ട് പരിഭ്രാന്തനായി തിരഞ്ഞെത്തുന്ന മറ്റൊരു എഴുത്തുകാരൻ, എവിടെയൊ അപ്രത്യക്ഷയായ വിവർത്തകയായ  മൃണാളിനി സുഭാഷ് - ഒന്നിൽ നിന്നും ഒന്നിലേക്ക് ബന്ധപ്പെട്ട് ചങ്ങലക്കണ്ണികൾ പോലെ  കഥാപാത്രങ്ങൾ നീണ്ട് കിടക്കുകയാണിതിൽ. ആദ്യഭാഗത്തിൽ യഥാർത്ഥത്തിൽ ഉള്ള സിദ്ധാർത്ഥൻ പിന്നെ കഥാപാത്രമാവുകയും, സിദ്ധാർത്ഥനു പകരം വർഷയുടെ കൂടെയുണ്ടാവുന്നത് ഗോകുൽ ആവുകയും ചെയ്യുന്നു. 

 

പല കഥാപാത്രങ്ങളും ഇതിൽ ഇരട്ട സ്വഭാവവുമായാണ് എത്തുന്നത്; അതിൽ മുന്നിൽ നിൽക്കുന്നത് ചോരയുടെ കയ്യറപ്പു തീർന്ന വാടകകൊലയാളിയായ ടെറിൻ ജോസഫ് എന്ന തമ്പാൻ തന്നെ. അയാൾ ശയ്യാവലംബിയായി പോവുന്ന റിമയെ ഒരു കുഞ്ഞിനെ എന്ന പോലെ നോക്കുന്ന കരുണ നിറഞ്ഞ കാമുകനും കൂടിയാണ്. എന്നാൽ ആഴ്ചയുടെ ഓരോ രാവും ഓരോരുത്തർക്കായ് പങ്കുവെക്കുന്ന  റിമ ആരുടെ കാമുകിയായിരുന്നു? തമ്പാൻ റിമയെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ് - ‘‘ഏകാന്തത, വിജനമായ ഒരിടത്തെ ഏകാന്തതപോലെയാണവൾ’’

 

യുക്തിയുടെ വഴിയേ പോവരുതെന്ന് മനസ്സിനോട് പറഞ്ഞു മാത്രം രണ്ടാം ഭാഗത്തിലേക്ക് കടക്കുക. അത് മുത്തശ്ശിക്കഥകളൂടേതാണ്. ഗബ്രിയേല്‍ ജോസഫ് കട്ടക്കാരന്‍ എന്ന എഴുത്തുകാരൻ താമസിക്കുന്ന ഇരട്ട ഗ്രാമത്തിൽ എത്തുന്ന സിദ്ധാർത്ഥനും അയാൾ എഴുത്തുകാരനിൽ നിന്നും ദേശവാസികളിൽ നിന്നുമായി കണ്ടും കേട്ടും അറിയുന്ന കഥകളുമാണ് ഇതിൽ നിറയുന്നത്. കഥയും യാഥാർഥ്യവും തിരിച്ചറിയാൻ അവസാനം വരെ കാത്തിരിക്കണമെന്നു മാത്രം. കഥകൾ മാത്രമല്ല ചരിത്രവും സംസ്കാരവും സാഹിത്യവും കലയും എല്ലാം ഒരോ കാലഘട്ടത്തിൻ്റെയും അടയാളപ്പെടുത്തലുകളുമായി എഴുതപ്പെടുന്നു.  സാമൂതിരിയും ബ്രിട്ടീഷ് ഭരണവും സ്വാതന്ത്ര്യസമരവും തുടങ്ങി ഇങ്ങേ അറ്റത്തെ മാവോയിസ്റ്റ് ഇടപെടലുകൾ വരെ ഇതിൽ വരച്ചുവെക്കുന്നു. കഥകൾകൊണ്ട് കല്ലറ പണിത് അതിൽ കുടിയിരിക്കുന്ന ഗ്രാമീണമനസ്സ്, പാതിരിമാരുടെ കയ്യേറ്റത്തിൽ കഥയില്ലായ്മയായി മാറുകയാണ്. 

 

എന്നോ ഒരിക്കൽ ആരോ വായിക്കുമെന്ന് കരുതി എഴുതപ്പെടുന്ന കഥയാണ്. പക്ഷേ ആ കഥാകാരനെ കാണാൻ വരുന്ന ആൾക്ക് മുന്നിൽ  കഥക്കുള്ളിലെ ആയിരം കഥകളാണ് നിവർന്നു വിരിയുന്നത്. ആരും വായിക്കില്ലെന്ന് അറിഞ്ഞിട്ടും അവനവൻ്റെ പേരിൽ കത്തുകൾ എഴുതി അയച്ചിരുന്ന ഒരു അച്ഛൻ്റെ മകനാണ് കഥയെഴുത്തുകാരൻ. എന്നാൽ കഥ പറഞ്ഞ് കുട്ടികളെ മയക്കിയിരുന്ന ഒരു  മുത്തശ്ശികൂടി കുടുംബചരിത്രത്തിൽ ഉണ്ട്. കൂട്ടിചേർക്കുന്ന കഥകൾ സുന്ദരമായവ മാത്രമല്ല; ക്രൂരതയുടെയും ദാരിദ്ര്യത്തിന്റെയും യുദ്ധങ്ങളുടെയും ഉന്മാദത്തിന്റെയും കൂടിയാണ്. 

 

അരയിൽ ഒറ്റക്കൊമ്പുള്ള ഒരു വല്ല്യപ്പാപ്പനും അയാളുടെ ഉന്മാദവും ക്രൂരതയും അയാൾ അടക്കപ്പെടുന്ന മുറി പോലെ ഇരുണ്ടതാവുന്നു.  പക്ഷേ കാലങ്ങൾക്കിപ്പുറം അതേ മുറി സ്വയം തേടി ചെല്ലുന്നവൾ കഥ തീരുമ്പോഴും ഉന്മാദത്തിന്റെ പിടിയിൽ ആണ്. സിദ്ധർത്ഥനെ മോഹിപ്പിച്ചു കൊണ്ട് പോവുന്നതിൽ ഒരു ഘടകം  മഗ്ദലേന സലോമി എന്ന സ്വപ്നസുന്ദരിയാണ്. എന്നാൽ അവൾ മനം മടുത്ത് മരണത്തെ തേടിയ വഴി ഒന്നുമല്ലാതായി തീരുന്ന ഒരു അവസാനം ആണ്.  കണ്ണീരാൽ കാഴ്ച മറക്കുന്ന ഉന്മാദികളുടെ ഭവനം താഴ്വരയിൽ അവസാനം കാത്തു നിൽക്കുന്നുണ്ട്. സുന്ദര സ്വപ്നങ്ങൾ തന്ന് സുഖനിദ്ര നൽകുന്ന സത്രവും, ശാപത്താൽ മരമായി മാറുന്നവളും അവളുടെ കണ്ണീരാൽ നിറയുന്ന ബാഗ്മനദിയും ഇനിയും എത്ര എത്ര കഥകൾ വേണം! നീണ്ടു പോവുന്ന കഥകൾ പോലെ നാളുകൾ നീളുന്ന ഉറക്കക്കാരനായ എഴുത്തുകാരൻ്റെ കയ്യിൽ തുറക്കുന്ന ആളുടെ മാത്രം മരണം വായിക്കാവുന്ന മാന്ത്രിക പുസ്തകമുണ്ട്; കയ്യിൽ കിട്ടിയാൽ പോലും ആരും തുറന്നു നോക്കുന്നില്ല. മരണം അടുത്തു എന്ന് ഉറപ്പുള്ള എഴുത്തുകാരൻ പോലും അതിനു മടിക്കുന്നു.

  

കൊളോണിയൽ ഭവനത്തിലെ കഥകൾ മടക്കിവെക്കുമ്പോൾ എത്ര കഥാപാത്രങ്ങളുടെ പേരുകൾ ഓർത്തുവെക്കുന്നെന്ന് കൂടിഓർക്കുക. വർഷ എപ്പോഴാണ് കണ്ടമ്പറി ന്യൂസിൽ നിന്നും സണ്ടേ ന്യൂസിൽ എത്തിയത്? ഗോകുൽ ഗവേഷണത്തിൽ നിന്നും കളം മാറിയൊ? മഗ്ദലേന സലോമി എന്തിനാണ് ജീവിതം മടുത്തത്? മൃണാളിനി സുഭാഷ് എവിടെയാണ് അപ്രത്യക്ഷയായത്? പച്ചപക്ഷി എത്രമരണങ്ങൾ ഒരു വരവിൽ പ്രവചിക്കും? നിധികളുടെ ഭൂപടങ്ങൾ ആരെങ്കിലും കണ്ടെടുക്കുമൊ? ഉത്തരമില്ലാതെ കുറെ ചോദ്യങ്ങൾ വരികൾക്കിടയിൽ ഒളിച്ചിരിപ്പുണ്ട്. എന്തുകൊണ്ടാവാം  ഒരേ കഥയെഴുതിയ രണ്ടു പേരും തങ്ങളുടെ മരണം കാത്തിരിക്കുന്നത്?   ക്രൈം തില്ലർ എന്നതിനേക്കാൽ ഒരു മിസ്റ്റിക് നോവൽ പോലെയാണ് പലപ്പോഴും തോന്നുക. 

 

ഏകാന്തതയെന്നത് ഒരു തോന്നലാണ്. തനിച്ചൊരു ആൾക്കൂട്ടമാവുന്നവരും ആൾക്കൂട്ടത്തിലും തനിച്ചാവുന്നവരുമില്ലെ? ഏകാന്തതയുടെ മ്യൂസിയം കാഴ്ചകളാൽ സമ്പന്നമാണ്. എങ്കിലും ചില താളുകളിൽ ഓടി പോവാൻ തോന്നും; മറ്റു ചിലപ്പോൾ പഴയ കഥകൾ ഒന്നുകൂടെ കേൾക്കാനും; ചില കാഴ്ചകളിൽ ഒന്നുകൂടെ മുഴുകാനും തോന്നിയാലും അത്ഭുതമില്ല. ഒരു കാഴ്ചയിൽ ഒരു വായനയിൽ, ഈ മ്യൂസിയം തീരില്ലെന്ന് തോന്നിയാൽ, അവർക്ക് ഒപ്പമാണ് ഞാൻ. എഴുനൂറ്റി നാൽപ്പത്തിയൊന്നു താളുകൾ- ഇത്രയും വലുപ്പത്തിൽ നിങ്ങൾ ഇതിനു മുമ്പ് വായിച്ച മലയാളം നോവൽ ഏതാണ് ?

 

English Summary: Ekanthathayude Museum book by M R Anilkumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com