മരിച്ചവരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പും ആത്മഹത്യ ചെയ്യേണ്ടവന്റെ അന്വേഷണങ്ങളും

vishadavalayangal-p
SHARE
അനീഷ് ഫ്രാൻസിസ്

ഡിസി ബുക്സ്

വില :175 രൂപ

 നീണ്ട എട്ടു മാസങ്ങൾ പിന്നിട്ട ഈ കോവിഡ് കാലത്തുനിന്ന് സംസാരിക്കുമ്പോൾ റിലേറ്റ് ചെയ്യാൻ ഏറ്റവുമെളുപ്പമുള്ള നോവലാണ് അനീഷ് ഫ്രാൻസിസിന്റെ വിഷാദവലയങ്ങൾ. മനുഷ്യരെ കാണാതെ അല്ലെങ്കിൽ കാണാൻ ആഗ്രഹിക്കാതെ, എല്ലാ യാത്രകളിൽനിന്നും സ്വയം ഉൾവലിഞ്ഞു നിൽക്കുന്ന ജോയലാണ് ഓരോ മനുഷ്യനും. വിഷാദത്തിന്റെ അങ്ങേയറ്റത്തു ചെന്ന് നിൽക്കുകയും അതിൽനിന്ന് പുറത്ത് കടക്കാനാകാതെ ആത്മഹത്യ ചെയ്യുകയും ചെയ്തവരെ ഓർക്കാറുണ്ടോ? വിഷാദരോഗികളെ ഏറ്റവുമധികം ബാധിച്ചതും ഈ കോവിഡ് കാലമാണ്. മഴയും തണുപ്പും ആ ഒറ്റപ്പെടലിന് ആക്കം കൂട്ടിയിട്ടുണ്ടാകും. അതുകൊണ്ടുതന്നെ ഈ സമയങ്ങളിൽ ‘വിഷാദവലയങ്ങൾ’ എന്ന് പേരുള്ള ഒരു പുസ്തകം വായിക്കാനെടുക്കുമ്പോൾ പരിഭ്രമം ഉണ്ടാകുക സ്വാഭാവികമാണ്. മഞ്ഞിന്റെ വെളുപ്പും തണുപ്പും ഈ വായനയിൽ നിറയെയുണ്ട്. അതുകൊണ്ടുതന്നെ ഒന്നര വർഷം മുൻപു മാത്രമിറങ്ങിയ ഈ പുസ്തകം വായനയ്ക്കായി ഒന്നെടുക്കാൻ ആരുമൊന്നു മടിക്കും. പക്ഷേ വായന തുടങ്ങുമ്പോൾ, അത് മുന്നോട്ടു നീങ്ങുമ്പോൾ മനസ്സിലാകും വിഷാദങ്ങളിൽ നിന്നുമുള്ള ഒരു രക്ഷപ്പെടലാണ് ഈ പുസ്തകത്തിന്റെ വായനയെന്ന്.

‘ആത്മഹത്യക്ക് ഒരുങ്ങുന്ന ഒരാൾ

എത്രയോ ദിവസങ്ങൾക്ക് മുൻപ്

മരിച്ചിട്ടുണ്ടാവും’ - ജിനേഷ് മടപ്പള്ളി

ഇതുപോലെയുള്ള അനേകം ക്വോട്ടുകൾ കൊണ്ട് നിറഞ്ഞതാണ് വിഷാദവലയങ്ങൾ. അവയോരോന്നും കഥയിലെ നായകനായ ജോയൽ എന്ന ചെറുപ്പക്കാരന്റെ ഹൃദയത്തെ എടുത്തു കാണിക്കുന്നുണ്ട്. വിഷാദത്തിന്റെ മുനമ്പിലാണ് ജോയൽ. കോടിക്കണക്കിനു രൂപ ആസ്തിയുള്ള ആ ചെറുപ്പക്കാരന്റെ വീട്ടിൽ ആകെയുള്ളത് ഒരു ആയ മാത്രമാണ്. അവന്റെ പിതാവ് വർഷങ്ങൾക്കു മുൻപു തന്നെ മരിച്ചുപോയിരുന്നു. അമ്മ മറ്റൊരു നാട്ടിലേക്ക് ഒളിച്ചോടിപ്പോയിരുന്നു. കോളജിൽ വച്ച് കാമുകിക്കായി സമ്മാനം വാങ്ങാനായുള്ള യാത്രയിലാണ് ജോയലിനു തന്റെ ചലനം നഷ്ടമായത്. അതിനു ശേഷം അയാൾ വീൽ ചെയറിലാണ്. ശരീരത്തിന്റെ അംഗ പരിമിതിയെക്കാൾ അയാളുടെ മനസ്സാണ് ചുരുങ്ങിപ്പോയത്. അതിൽനിന്ന് രക്ഷപ്പെടാനായി ജോയൽ മാനസിക രോഗാശുപത്രിയെയും ആശ്രയിക്കുന്നുണ്ട്. പക്ഷേ അതിലൊന്നും അവന്റെ മനസ്സ് ഉറച്ചു നിൽക്കുന്നതേയില്ല. ജീവിതത്തിന്റെ അവസാന ലക്ഷ്യം ആത്മഹത്യ മാത്രമാണെന്നാണ് അവന്റെ തോന്നൽ. 

വരകളും വർണങ്ങളും - എന്ന ഫെയ്‌സ്ബുക് പേജിൽ നിന്നാണ് ജോയലിനു തന്റെ പ്രൊഫൈലിലെ സുഹൃത്തുക്കളെ കിട്ടിയത്. ഒരു ദിവസം എങ്ങനെ പോകുമെന്നാലോചിച്ചിരിക്കവേ അവനൊരു കാര്യം കണ്ടെത്തി. തന്റെ ഫെയ്‌സ്ബുക് പ്രൊഫൈലിലെ സുഹൃത്തുക്കളിൽ നാല് പേർ മരിച്ചവരാണ്.അവരുടെ പ്രൊഫൈലിലെ ആദരാഞ്ജലി പോസ്റ്റുകൾ കണ്ടിട്ടാണ് അവർ ഇപ്പോൾ ജീവിച്ചിരുപ്പില്ല എന്ന നിഗമനത്തിൽ അവനെത്തുന്നത്. സാംസൺ മാത്യു, പ്രഫസർ ഐസക്ക് ജോൺ, ഫാദർ ജിയോ, ജൂലി ജോർജ് എന്നിവരാണ് അവർ. ഒരു കൗതുകത്തിന് അവനു സംസാരിക്കാൻ ആ നാലു പേരെയും കൂട്ടി ചേർത്ത് ജോയൽ ഒരു ഫെയ്‌സ്ബുക് ഗ്രൂപ്പ് ഉണ്ടാക്കിയെടുത്തു. കള്ളിമുൾച്ചെടി/ കാക്ടസ് എന്നാണ് ആ ഗ്രൂപ്പിന് അവൻ പേര് കൊടുത്തത്.  മരുഭൂമിയിൽ ആകെയുള്ള പച്ചപ്പ്‌ പോലെ അതിൽ ആകെ ജീവനോടെയുള്ള ജോയൽ മരിച്ചവരോട് അതിലൂടെ അങ്ങനെ സംസാരിക്കാൻ തുടങ്ങി. 

മരിച്ചവനോട് എന്താണ് ജീവിച്ചിരിക്കുന്നവർ സംസാരിക്കുക? അവരോട് എന്തും മിണ്ടാമല്ലോ, മറുചോദ്യം ചോദിക്കാനോ പൊളിറ്റിക്കൽ കറക്ട്നെസ്സ് സംസാരിക്കാനോ ആരുമുണ്ടാവില്ലല്ലോ. ആ സ്വാതന്ത്ര്യം മറ്റാർക്ക് കിട്ടാനാണ്! പക്ഷേ മരിച്ചവരുടെ ഗ്രൂപ്പിൽ ജോയലിന്റെ ആത്മഹത്യാ മോഹത്തിന്റെ പോസ്റ്റിനു താഴെ ജൂലി ജോർജ് വന്നു മറുപടി നൽകി. മരണപ്പെട്ടു എന്നു കരുതിയ ഒരാൾ വന്നു സംസാരിച്ചാലുള്ള മനസികാവസ്ഥയെന്താവും? നേരിട്ടല്ലാത്തതു കൊണ്ടു മാത്രം ഭയം അതിന്റെ അങ്ങേയറ്റത്തേയ്ക്ക് പോയിട്ടുണ്ടാവില്ല എന്നു മാത്രം. പക്ഷേ ജൂലിയുടെ ആ റിപ്ലൈ ജോയലിനെ ഭയപ്പെടുത്തുക തന്നെ ചെയ്തു. താൻ മരിച്ച ആളല്ലെന്നും അല്ലെന്നും ഫേക്ക് ആണെന്നും ജൂലി ഒടുവിൽ അവനെ അറിയിക്കുന്നു. ആത്മഹത്യയിൽനിന്നു ജോയലിനെ പുറത്ത് കൊണ്ടുവരാൻ അവൾ ജോയലിനു ഒരു ടാസ്‌കും നൽകുന്നുണ്ട്. താനൊഴികെ ഗ്രൂപ്പിൽ അവശേഷിച്ച, മരണപ്പെട്ടവരെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്തി അത് ഫെയ്‌സ്ബുക്കിൽ റിപ്പോർട്ട് ചെയ്ത ആ പ്രൊഫൈലുകൾ ഇല്ലാതാക്കുക എന്നതായിരുന്നു. മരിച്ചു പോയവർക്ക് ഫെയ്‌സ്ബുക് പ്രൊഫൈലുകളുടെ ആവശ്യമില്ലല്ലോ!

ആ അന്വേഷണത്തോടെ ജോയലിന്റെ ജീവിതവും ചിന്തകളുമെല്ലാം മാറുകയാണ്. ഗ്രൂപ്പിലുള്ള ഓരോ മനുഷ്യന്റെയും ജീവിതത്തിലൂടെ  അവൻ തുടർന്നു സഞ്ചരിക്കുമ്പോൾ കാലം അവന്റെ മുന്നിൽ ഒരു റിങ് തിയറി അവതരിപ്പിക്കുന്നു. ഓരോ മനുഷ്യനും അവന്റെ ജീവിതവുമായി എങ്ങനെയാണു ബന്ധപ്പെട്ടിരിക്കുന്നത്? യഥാർഥത്തിൽ അവർ മരണപ്പെട്ടുവോ? അവരുടെ നിഗൂഢതയെന്താണ്? എന്നിങ്ങനെ കുറെ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് അനീഷ് ഫ്രാൻസിസ് തുടർ വായനയിലൂടെ നൽകുന്നത്. ഉദ്വേഗജനകമായ കഥാ സന്ദർഭങ്ങളാണ് ഒരു പുസ്തകത്തെ പിടിച്ചിരുത്തുന്നത്. അത്തരം ഗ്രിപ്പുള്ള നോവലുകൾ വായനയെ ആസ്വാദ്യമാക്കും. അത്തരത്തിൽ നോക്കിയാൽ മികച്ചൊരു വായനയാണ് വിഷാദവലയങ്ങൾ. അനീഷ് ഫ്രാൻസിസിന്റെ ആദ്യ നോവലാണ് ഇത്. എന്നാൽ അതിന്റേതായ അമ്പരപ്പുകളൊന്നും ഒരുപാട് വായനയെ ബുദ്ധിമുട്ടിക്കുന്നില്ല. 

വിഷാദത്തിൽനിന്ന് എങ്ങനെ ഒരു മനുഷ്യൻ പുറത്തു കടക്കുന്നു എന്നതാണ് പുസ്തകത്തിന്റെ ബേസിക് ത്രെഡ് എങ്കിലും പരസ്പരം കൂട്ടിയിണക്കി കൊണ്ടുപോകുന്ന ആകാംക്ഷ തുടർന്ന് വരുന്ന ചാപ്റ്ററുകളിലുണ്ട്. ആദ്യത്തെ അധ്യായങ്ങളിൽ ജോയലിന്റെ വിഷാദവും ആത്മഹത്യാ പ്രവണതയും സൂചിപ്പിക്കുന്നുണ്ടെങ്കിലും തുടർന്നു വരുന്ന ചാപ്റ്ററുകളിൽ കഥയാകെ മാറി മറിയുന്നു. മരിച്ചവരും ജീവിച്ചിരിക്കുന്നവരും തമ്മിലുള്ള ബന്ധങ്ങൾ എങ്ങനെയാണ് അവസാനിക്കുക അല്ലെങ്കിലും! ബന്ധങ്ങൾ അടിയുറച്ചതാകുമ്പോൾ അവ ഏതെങ്കിലും വിധത്തിലൂടെ എത്തേണ്ടവരിൽ എത്തിച്ചേരുക തന്നെ ചെയ്യും. ജോയലിന്റെ ജീവിതത്തെ സംബന്ധിച്ച അത്തരമൊരു രഹസ്യമായിരുന്നു ആ മരണപ്പെട്ടവരിലൂടെ നൽകേണ്ടിയിരുന്നത്. രസകരമായൊരു വായനാനുഭവമാണ് വിഷാദവലയങ്ങൾ എന്ന് സംശയമില്ലാതെ പറയാം. മനോഹരമായ ഭാഷയും അനീഷിന്റെ കഥകളുടേത് എന്ന പോലെ നോവലിന്റെയും പ്രത്യേകതയായതുകൊണ്ട് ഒരു മനോഹരമായ സിനിമ കാണുന്നത് പോലെ നോവൽ വായനയിൽ ഒപ്പം നടക്കുന്നുണ്ട്. 

‘ഇവരെക്കുറിച്ച് മനസ്സിലാക്കാൻ തനിക്കെങ്ങനെ കഴിയും? താൻ വീൽ ചെയറിലാണ്. ഉപേക്ഷിക്കപ്പെട്ടവനാണ്. അനാഥനാണ്. തനിക്ക് കൂട്ടുകാരുമില്ല. ഫെയ്‌സ്ബുക് ഉണ്ടെങ്കിലും അതിൽ സ്‌കൂളിലോ കോളജിലോ പഠിച്ച ആരും തന്നെ ഫ്രണ്ട് ലിസ്റ്റിൽപ്പോലുമില്ല. പുറംലോകവുമായി ഒരു ബന്ധവുമില്ല. കഠിനമായ വിഷാദത്തിന്റെ ഉരുക്കു കോട്ടയിൽ നിന്ന് രക്ഷപ്പെടാൻ ആത്മഹത്യ ചെയ്യാൻ തയ്യാറെടുക്കുന്നവനാണ്. ചിറകറ്റ ഒരു തുമ്പിയാണ് താൻ. തന്നെക്കൊണ്ട് ഇത് കഴിയില്ല. തന്നെക്കൊണ്ട് ഒന്നും കഴിയില്ല.

അപ്പോൾ ശതാവരിയുടെ മഴത്തുള്ളികൾ പറ്റിപ്പിടിച്ച് നിൽക്കുന്ന ഇലകൾക്കിടയിലൂടെ ഒരു മിന്നാമിനുങ്ങ് ആ മുറിയിലേക്കു പറന്നു വന്നു. തന്റെ നീല വെളിച്ചം മിന്നിച്ച് കൊണ്ട് അത് അവന്റെ ശിരസ്സിനു ചുറ്റും വലംവച്ചു.

-നീ ഇപ്പോഴും മരിച്ചിട്ടില്ല. നിന്നെക്കൊണ്ട് അത് കഴിയും- ആ മിന്നാമിനുങ്ങ് തന്നോട് പറയുന്നത് പോലെ ജോയലിനു തോന്നി’,

ഇതിലും മനോഹരമായി ഒരുവന്റെ ആത്മഹത്യയിൽ നിന്നുള്ള തിരിച്ചു വരവിനെയും അതിജീവനത്തെയും എങ്ങനെയാണ് പകർത്തിയെഴുതേണ്ടത്.

English Summary: Vishadavalayangal Book by Anish Francis

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;