എട്ടുവീട്ടിൽ പിള്ളമാരുടെ പകയുമായി നടക്കുന്നവർ ഇപ്പോഴുമുണ്ടോ?

onpatham-veedu-p
SHARE
അനൂപ് ശശികുമാർ

മാതൃഭൂമി ബുക്സ്

വില : 170 രൂപ

ചരിത്രവും മിത്തും തമ്മിലെന്താണ് ബന്ധം? ചരിത്രം എഴുതി വച്ചത് ആരാണ്? ഓരോ കാലത്തിലുമുള്ള ഭരണാധിപന്മാർ അവരുടെ സൗകര്യമനുസരിച്ച് ക്രമീകരിച്ചതാവില്ലേ ചരിത്ര പുസ്തകങ്ങൾ? ആധുനിക ചരിത്ര പുസ്തകങ്ങൾ ചിലതൊക്കെ പഴയ ചരിത്രങ്ങളെ ഖണ്ഡിക്കുകയെങ്കിലും ചെയ്യാൻ ശ്രമിക്കാറുണ്ട്. സത്യത്തിൽ ഭയങ്കര രസമാണ് ചരിത്രത്തിലെ കഥകളെ പുനർ വായിക്കാൻ, അതും അതിൽ ഫിക്ഷന്റെ സാധ്യതകൾ ഒരുപാടുള്ളതുകൊണ്ട് തന്നെ നന്നായി ഫിക്ഷനെഴുത്ത് കൈകാര്യം ചെയ്യുന്ന ഒരാൾക്ക് ഈ പൊളിച്ചെഴുത്ത് നടത്താൻ എളുപ്പമാണ്. സത്യത്തിൽ ചരിത്രം ഫിക്ഷനാകുമ്പോൾ അതിൽ ശ്രദ്ധിക്കേണ്ട കാര്യമുണ്ടോ? പഠിപ്പിക്കുന്ന പുസ്തകങ്ങളിൽ ഉള്ളത് പോലും കാലമായിരുന്നു എന്ന് കാലങ്ങൾ കഴിയുമ്പോൾ മനസ്സിലാകുന്ന ഒരു അവസ്ഥയിൽ നിന്ന് നോക്കുമ്പോൾ ഫിക്ഷനിൽ ചരിത്രം തിരുത്തപ്പെടുന്നത് അപരാധമല്ല, എന്നാൽ ചരിത്രം ശരിയായി എഴുതുമ്പോൾ അതിന്റെ റിയാലിസ്റ്റിക്ക് അനുഭവങ്ങൾക്ക് വില കൂടുന്നുണ്ട്. അങ്ങനെ നോക്കുമ്പോൾ അനൂപ് ശശികുമാർ എഴുതിയ പുതിയ നോവൽ ‘‘ഒൻമ്പതാം വീട്’’ ഒരു ചരിത്ര നോവലുമാണ്.   

ആരാണ് മാർത്താണ്ഡ വർമ്മ? ഈ ചോദ്യത്തിന് നോവലിലെ നായകനായ അരുണിന്റെ മുത്തശ്ശൻ പറഞ്ഞ മറുപടി ഇതാണ്,

‘‘എട്ടുവീടരും എട്ടരയോഗക്കാരും ചേർന്നായിരുന്നു ഭരണം. രാജാവ്, പുഷ്‌പാഞ്‌ജലി സ്വാമിയാർ, പിന്നെ ഏഴു പൊട്ടി കുടുംബങ്ങൾ, ഇതാണ് എട്ടര യോഗം, അവർ കാര്യങ്ങൾ തീരുമാനിക്കും, അതിൽ രാജാവിനുള്ളത് ആകെ അര വോട്ട്, തീരുമാനങ്ങൾ നടപ്പിൽ വരുത്തുന്നത് പിള്ളമാർ, ഇതെല്ലാം അട്ടിമറിച്ചാണ് മാർത്താണ്ഡവർമ്മ രാജാവായത്...

...രണ്ടു കൂട്ടരും തമ്മിൽ പൊരിഞ്ഞ യുദ്ധം. ഒടുവിൽ വർമ്മ മധുരയിൽ നിന്ന് പട്ടാളത്തിന് ഇറക്കി.തമ്പിമാരെ പിടികൂടി കൊന്നു കളഞ്ഞു. എട്ടുവീട്ടിൽപ്പിള്ളമാരുടെ കുടുംബം നശിപ്പിച്ചു കുളംതോണ്ടി. ആണുങ്ങളെ കൊന്നു കളഞ്ഞു, പെണ്ണുങ്ങളെ മുക്കുവർക്ക് പിടിച്ചു കൊടുത്തു എന്ന് ചരിത്രം. എട്ടരയോഗത്തിനെ വെറും നോക്കുകുത്തികളാക്കി. അതും പോരാഞ്ഞ് എല്ലാ പ്രധാനപ്പെട്ട സ്ഥാനങ്ങളിലും പരദേശി ബ്രാഹ്മണരെ നിയമിച്ചു, ആറ്റുകാരെ വിശ്വാസമില്ലാത്ത കള്ളപ്പരിഷകൾ.’’

എന്നാൽ ഇവിടെ എട്ടു വീട്ടിൽ പിള്ളമാരുടെ പ്രതികാരത്തിന്റെ കഥയാണ്. മാർത്താണ്ഡവർമ്മയുടെ കാലവും സമകാലികമായ കാലവും തമ്മിൽ ഇഴപിരിഞ്ഞാണ് ഒൻപതാം വീട് കഥ പറയുന്നത്. ഒരു അധ്യായത്തിൽ മാർത്താണ്ഡവർമ്മയുടെ കഥയെങ്കിൽ അടുത്തതിൽ അതുമായി ബന്ധപ്പെടുത്താനാവുന്ന ഒരു കുടുംബത്തിന്റെ കഥ.

അരുൺ എന്ന കഥാനായകന്റെ വീട്ടിലെ രണ്ടു താരങ്ങളാണ് അയാളുടെ അപ്പൂപ്പനും വല്യപ്പൂപ്പനും. ഒരാൾ അധ്യാപകനും മറ്റൊരാൾ റോയുടെ ഉദ്യോഗസ്ഥനുമായിരുന്നു. ഒരാൾ രാജകുടുംബത്തോടു ഭക്തിയുള്ള ആളും അടുത്തയാൾ കമ്യൂണിസ്റ്റും. അതുകൊണ്ട് തന്നെ വീട് മിക്കപ്പോഴും യുദ്ധക്കളവുമായിരിക്കും. അതിനിടയിലേക്കാണ് അരുണിന്റെ കയ്യിൽ കൂട്ടുകാരി സമീര കൊടുക്കുന്ന താളിയോലകളെത്തുന്നത്. അത് ഡീകോഡ് ചെയ്തു വായിക്കാൻ വേണ്ടിയാണ് അരുൺ ശ്രമിക്കുന്നത്. എന്നാൽ ആ താളിയോലകൾ തെളിവുകളായിരുന്നു, മൂടിപ്പോയ ചരിത്രത്തിലേക്കുള്ള സത്യങ്ങൾ കണ്ടെത്തുന്നവയും. ഒടുവിൽ സത്യം അന്വേഷിച്ച് കണ്ടെത്താൻ അരുണിനൊപ്പം അപ്പൂപ്പന്മാരും സമീരയും ഇറങ്ങി തിരിക്കുന്നു. 

മാർത്താണ്ഡവർമ്മയുടെ കാലത്ത് ദേശത്തെ സംരക്ഷിക്കാം രാജാവ് ഉണ്ടാക്കിയ ഒരു ഗ്രൂപ്പിനൊപ്പം എട്ടു വീട്ടിൽ പിള്ളമാരുടെ അനുയായികളുടെ മറ്റൊരു ഗ്രൂപ്പുമുണ്ടായിരുന്നു. എന്നാൽ കാലക്രമേണ പിള്ളമാരുടെ ഗ്രൂപ്പ് വീണ്ടും രണ്ടായി വിഭജിക്കപ്പെട്ടു. കാലം ചെന്നപ്പോൾ രാജ കുടുംബത്തോട് ഇനി പകയൊന്നും വേണ്ടെന്നു തീരുമാനിച്ച ഒരു ഗ്രൂപ്പും ആ പക അതെ പോലെ ഇപ്പോഴും കൊണ്ട് നടക്കുന്ന ബി ഗ്രൂപ്പും. 

അവരിൽ പലരുടെയും നോട്ടപ്പുള്ളിയായി അരുൺ മാറുകയാണ്. അതുകൊണ്ട് തന്നെ ഇനി ആ യുദ്ധത്തിൽ നിന്ന് അരുണിന് പിന്മാറാനും ആകില്ല. അടിതട പഠിച്ചയാളാണ് അരുൺ, അതുപോലെ സമീരയും. യുദ്ധത്തിൽ അനുയായികളും ശത്രുക്കളും കൂടുമ്പോൾ യഥാർത്ഥത്തിൽ ചരിത്രത്തിൽ എന്തായിരുന്നു സംഭവിച്ചത്? ഇപ്പോഴും അതെ പകയ്ക്ക് വേണ്ടി തന്നെയാണോ അരുണിനെതിരെ ഒരു ഗ്രൂപ്പ് ഇറങ്ങി തിരിക്കുന്നത്? ഇത്രയും കാലങ്ങൾ കഴിഞ്ഞും പഴയ പക ആർക്കൊക്കെ ആരോടൊക്കെയാണുള്ളത്? എട്ടു വെട്ടത്തിൽ പിള്ളമാർ ശരിക്കും പ്രേത രൂപികളായി പകയുമെടുത്ത് നടക്കുന്നുണ്ടോ? ഇതിനൊക്കെയുള്ള ഉത്തരമാണ് ഒമ്പതാം വീട് നൽകുന്നത്. പുതിയ കാലത്തിന്റെ വായനയാണ് അനൂപ് നടത്തുന്നത്. അനൂപ് ശശികുമാറിന്റെ കഥകൾ വായിച്ചാൽ മനസ്സിലാകും, വേണ്ടത്ര ഗവേഷണവും അധ്വാനവും അദ്ദേഹം തന്റെ എഴുത്തുകൾക്ക് വേണ്ടി നടത്താറുണ്ട്, പലപ്പോഴും എഴുത്തുകാർ പോകാൻ ഭയക്കുന്ന വഴിയിൽക്കൂടി സഞ്ചരിക്കാൻ അനൂപ് മടി കാണിക്കാറില്ല. ആദ്യത്തെ നോവൽ ‘‘എട്ടാമത്തെ വെളിപാട്’’ ഒരു അർബൻ ഫാന്റസി ത്രില്ലർ ആയിരുന്നു. 

ഓരോ പുസ്തകവും ഒരു ഭാഷ ആവശ്യപ്പെടുന്നുണ്ടോ എന്ന ചോദ്യത്തെ പോലും പാടെ നിരാകരിക്കുകയാണ് അനൂപ് ഈ നോവലിലൂടെ. ഇന്ന വിഷയം എഴുതുമ്പോൾ അതി ഗഹനമായുള്ള വായനയ്ക്കാവശ്യമായ ആഴത്തിലുള്ള ഭാഷ എന്നൊന്നില്ല എന്ന് എഴുത്തുകാരൻ പറയുന്നുണ്ട്, ഒപ്പം ഒൻപതാം വീട് വായിക്കുമ്പോൾ മനസ്സിലാകും, ലളിതമാണ് പുസ്തകത്തിലെ ഭാഷ. 

ചരിത്രവും മിത്തും ഒക്കെയാണെങ്കിലും അതിനെ ഫിക്ഷണൈസ് ചെയ്തപ്പോൾ തിരുവനന്തപുരത്തെ ലോക്കൽ ഭാഷ വരെ നോവലിൽ കയറി വന്നിട്ടുണ്ട്. അത് സത്യത്തിൽ വായനയെ വ്യത്യസ്തമാക്കുകയും ചെയ്തിട്ടുണ്ട്. സമകാലീനമായൊരു കഥയുമായി പാരലലായി നീങ്ങുന്ന ചരിത്ര കഥയ്ക്ക് പക്ഷേ അതിന്റേതായ സീരിയസ്നെസും ഭാഷയിൽ കൊണ്ടു വന്നിട്ടുണ്ട്. എഴുതി തുടങ്ങിയപ്പോൾ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്യപ്പെട്ട നോവലാണ് ഒൻപതാം വീട്. എല്ലാ ദിവസവും കൃത്യമായി നോവൽ വായിക്കാൻ എത്തുന്നവരുമുണ്ടായിരുന്നു. ഒടുവിൽ അത് പുസ്തകമായി പ്രസിദ്ധീകരിക്കപ്പെട്ടു. ചരിത്രത്തിന്റെ പുനർ വായനകൾ എല്ലാം പ്രാധാന്യമർഹിക്കുന്നുണ്ട്, പ്രത്യേകിച്ച് നമ്മൾ വായിച്ചറിഞ്ഞ മാർത്താണ്ഡ വർമ്മയും അദ്ദേഹത്തിന്റെ പട നയിക്കലുകളുമെല്ലാം വീരാരാധനയോടെ ഒരിക്കൽ വായിച്ചെടുത്ത, പിന്നീട് സത്യങ്ങൾ മറ്റു പലതുമായിരുന്നു എന്ന് തിരിച്ചറിയുമ്പോൾ ഉണ്ടാകുന്നൊരു ഞെട്ടൽ ഈ പുസ്തകം ഉറപ്പായും വായനക്കാർക്ക് നൽകും. 

English Summary : Onpatham Veedu book written by Anoop Sasikumar

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;