സൂഫിസത്തിന്റെ നിഗൂഢത പേറുന്ന കഥകൾ

100 mystic Kadhakal.qxp
SHARE
ഹസ്രത്ത് ഇനായത്ത് ഖാൻ

മാതൃഭൂമി ബുക്സ്

വില: 200 രൂപ

സൂഫി എന്ന വാക്ക് കേൾക്കുമ്പോൾ ഓർമ വരുന്ന പേരുകളിൽ മുൻപിൽ നിൽക്കുന്നത് കവിയായ ജലാലുദ്ദീൻ റൂമിയായിരിക്കും. സ്നേഹത്തെക്കുറിച്ച് മഹത്തരങ്ങളായ എത്ര വരികളാണ് അദ്ദേഹമെഴുതിയത്. നിഗൂഢമായ ജീവിതത്തെ സ്നേഹത്തിന്റെ താളുകളിൽ അലിയിപ്പിച്ചു വച്ച്, ആറ്റിക്കുറുക്കിയെടുത്തതാണ് അദ്ദേഹം എഴുതിയിരുന്നത്. സ്നേഹത്തെ സൂഫിസവുമായി ബന്ധപ്പെടുത്തി സംസാരിക്കുന്നതുകൊണ്ടു തന്നെയാവണം റൂമി എന്ന പേര് ആ വിഭാഗവുമായി ഏറ്റവും കൂടുതൽ ഉച്ചരിച്ചു കേൾക്കുന്നത്. എന്നാൽ റൂമി മാത്രമല്ല, സൂഫിസത്തെ ആരാധിച്ച നിരവധി സന്യാസികളുണ്ട്. അവർ ഓരോരുത്തരും ഓരോ വഴിയിലൂടെയാണ് നടന്നത്. കൃത്യമായി ഇന്ന വഴിയിലൂടെ മാത്രമേ നടക്കാവൂ എന്ന് സൂഫികൾക്ക് നിയമമോ ചങ്ങലകളോ ഇല്ലാത്തതു കൊണ്ടാവണം അവർ ഓരോരുത്തരും പല വഴികളാണ് സ്വീകരിച്ചത്, അതിൽ ഇനായത്ത് ഖാന്റെ വഴി സംഗീതവും തത്വചിന്തയുമായിരുന്നു. ഗുരുവിനോട് സംവദിക്കും വിധമുള്ള തത്വചിന്തകളുടെ നിരവധി കഥകൾ അദ്ദേഹം എഴുതിയിട്ടുമുണ്ട്. അതിലൊക്കെ സാഹിത്യ ഗുണം, അല്ലെങ്കിൽ കവിത്വം എന്നതിന്റെയപ്പുറം നിഗൂഢമായ ചിന്താസരണികളുടെ ഒരു ദീപ്തസൗന്ദര്യമുണ്ട്. അദ്ദേഹത്തിന്റെ കഥകളിൽ ചിലതിന്റെ വിവർത്തനം മലയാളിയായ സലാം എലിക്കോട്ടിൽ ചെയ്തിട്ടുണ്ട്. 

സൂഫിസം ഒരു മതമാണോ എന്നൊരു സംശയം പലരും ചോദിച്ച് കേട്ടിട്ടുണ്ട്, എന്നാൽ സൂഫിസം ഒരു മതമേയല്ല, അത് സ്നേഹം മാത്രമാണെന്ന തിരുത്തലാണ് സൂഫികൾ നടത്തിക്കൊണ്ടിരിക്കുന്നത്. മിസ്റ്റിസിസം ആണ് ഇതിന്റെ ആന്തരിക ധാര. നിഗൂഢത എന്നത് സത്യത്തിൽ ഒരു പൊളിച്ചെഴുത്താണ്, അതിലേക്ക് ആഴ്ന്നിറങ്ങാൻ ശ്രമിക്കുന്നവരെ അത് അക്ഷരാർഥത്തിൽ പൊളിച്ചെഴുതിക്കളയും. ഇതിന്റെ അടിസ്ഥാന തത്വം പ്രണയത്തിന്റെ വഴികളിൽ ദൈവത്തെ പ്രാപിക്കുക എന്നതാണ്. എന്താണ് പ്രണയം എന്നത് പക്ഷേ ഈ സാഹചര്യത്തിൽ പറയേണ്ടതുമുണ്ട്. അത് അനന്തമായി പടർന്നു കിടക്കുന്ന ദൈവികതയിലേക്കുള്ള ഒരു തെളിഞ്ഞ നോട്ടമാണ്. കൂടിച്ചേരാനുള്ള സംഘർഷം അത് അനുഭവിക്കുന്നുണ്ട്. ദൈവം എന്നത് ഉദാത്തമായ ഒരു സങ്കല്പവുമാണ് മിസ്റ്റിക്കുകൾക്ക്. 

വ്യത്യസ്തനായ ഒരു സൂഫിയായിരുന്നു ഹസ്രത്ത് ഇനായത്ത് ഖാൻ. സംഗീതവും തത്വചിന്തകളും സൂഫിസവും കൊണ്ട് ജീവിതം നിറച്ച അദ്ദേഹം നിരവധി മിസ്റ്റിക്ക് കഥകളെഴുതിയിട്ടുണ്ട്. വീണയായിരുന്നു അദ്ദേഹത്തിന്റെ ജീവന്റെ നാദം. നിഗൂഢത ആത്മാവിന്റെ മന്ത്രവും. ഹസ്രത്ത് ഇനായത്ത് ഖാൻ എഴുതിയ ഒരുപാട് നിഗൂഢ കഥകളിൽനിന്നു തെരഞ്ഞെടുത്ത നൂറു കഥകളാണ് സലാം എലിക്കോട്ടിൽ മലയാളീകരിച്ച് പുസ്തകമാക്കിയത്. അയ്യായിരം വർഷത്തെ മനുഷ്യന്റെ ചരിത്രവും കഥകളുമെല്ലാം അദ്ദേഹത്തിന്റെ ജീവിതത്തിന്റെയും യാത്രയുടെയും എഴുത്തിന്റെയും ഭാഗമായിരുന്നു. മതമില്ലാത്ത ആത്‌മീയതയുടെ വക്താവായിരുന്നു ഹസ്രത്ത് ഖാൻ, അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ കഥകളിൽ വിവിധ സംസ്കാരങ്ങളുടെയും മതങ്ങളുടെയും സ്വാധീനം വളരെ വ്യക്തമാണ്.

‘കഴിഞ്ഞ അയ്യായിരം വർഷത്തെ മാനവചരിത്രവും പുരാവൃത്തങ്ങളും ഇതിഹാസങ്ങളും വ്യക്തികളും അദ്ദേഹത്തിന്റെ കഥകൾക്ക് പാത്രീഭൂതമായിട്ടുണ്ട്. അവയിൽ മിക്കതും മുസ്‌ലിം പശ്ചാത്തലമുള്ളവയോ ഇസ്‌ലാമിക സാംസ്കാരിക സ്രോതസ്സുകളെ ആശ്രയിക്കുന്നവയോ അല്ല എന്നത് ശ്രദ്ധേയമാണ്. ശ്രീരാമൻ, ശ്രീകൃഷ്ണൻ, ദേവേന്ദ്രൻ, ദശരഥൻ, ഭദ്രകാളി, രാജാ ഹരിശ്ചന്ദ്രൻ തുടങ്ങി ഭാരതീയ പുരാവൃത്തത്തിന്റെ ഭാഗമായവരും ഭാരതീയ ഭക്തിയുഗത്തിന്റെ പ്രതിനിധികളായ മീരാബായ്, ജയദേവൻ, സൂർദാസ്, പൂരന് ഭഗത്ത് തുടങ്ങിയവരും എന്തിന്, മ്മുടെ രാജാ രവിവർമ വരെയും ഇനായത്ത് ഖാന്റെ കഥകൾക്ക് വിഷയീഭവിക്കുന്നു.’ എന്ന് ആമുഖത്തിൽ വിവർത്തകൻ അദ്ദേഹത്തെ അടയാളപ്പെടുത്തുന്നുണ്ട്. മതവും സാമൂഹിക, രാഷ്ട്രീയ വ്യവസ്ഥകളും ജീവിതത്തെ വല്ലാതെ താറുമാറാക്കുന്ന ഒരു പരിതസ്ഥിതിയിൽനിന്നുകൊണ്ട് ഹസ്രത്ത് ഇനായത്ത് ഖാന്റെ മിസ്റ്റിക്ക് കഥകൾ വായിക്കേണ്ടതിന്റെ പ്രാധാന്യമാണ് ഈ ആമുഖം വെളിപ്പെടുത്തുന്നത്. 

കഥകൾ തന്നെയാണ് ഇരുനൂറു പേജുകളിലായി പുസ്തകത്തിലുള്ളത്. അതിൽ പല ദേശങ്ങളുടെ കഥകളുണ്ട്. ഒരു ഗുരു കഥ പറഞ്ഞു തരുന്ന രീതിയിലാണ് അദ്ദേഹത്തിന്റെ കഥകൾ എന്നുള്ളതുകൊണ്ട് കഥപറച്ചിലിന്റെ സ്വരം വായനയിൽ ആത്മാവിന് അനുഭവിക്കാനാവുന്നുണ്ട്. കഥകൾക്കുള്ളിൽനിന്നു ചിന്തിക്കാൻ തുടങ്ങിയാൽ ജീവിതത്തിന്റെ ബൃഹത്തായ ആശയങ്ങളെ പലയിടത്തും രസകരമായി അദ്ദേഹം പറഞ്ഞു വച്ചിട്ടുണ്ട്. എന്നാൽ അത് വായിക്കാൻ വെറും കണ്ണു മാത്രം പോരാ എന്നതും സത്യമാണ്. ഉൾക്കാഴ്ചയിൽ പലപ്പോഴും സത്യങ്ങൾ തെളിയുമെന്നതു പോലെ വീണ്ടുമുള്ള ആലോചനയിൽ ഈ പുസ്തകത്തിലെ ചെറുകഥകളിൽനിന്നും വലിയ നിഗൂഢതകൾ വെളിച്ചത്ത് വന്നേക്കാം. 

സൂഫി സാഹിത്യം എഴുതിയ മഹാസന്യാസികൾ ഒരുപാടുണ്ട്, റൂമി ഉൾപ്പെടെയുള്ളവരെ ലോകം മുഴുവൻ വായിക്കുകയും ആരാധിക്കുകയും ചെയ്യുന്നുണ്ട്. ഹസ്രത്ത് ഇനായത്ത് ഖാനെപ്പോലെ മറ്റൊരു കാലത്ത് ജീവിച്ചിരുന്നവരും ഇവിടെയുണ്ടായിരുന്നു എന്നും അവരുടെ എഴുത്തുകളുടെ മഹനീയതയും മലയാളിക്ക് മുന്നിൽ ആവിഷ്കരിക്കപ്പെടണമെന്നും ഉള്ള തീരുമാനത്തിന് വിവർത്തകനായ സലാം എലിക്കോട്ടിലിനാണ് കയ്യടി നൽകേണ്ടത്. ഹസ്രത്ത് സൂഫിയുടെ ആത്മാവിലെ വാചകങ്ങളെ അതിന്റെ ശക്തി  ഒട്ടും ചോരാതെ തന്നെ അദ്ദേഹം പകർത്തിയെഴുതി തന്നിട്ടുണ്ട്. നിരവധി പുസ്തകങ്ങൾ മലയാളത്തിലും ഇംഗ്ലിഷിലും എഴുതിയിട്ടുള്ള സലാം എലിക്കോട്ടിലിന്റെ ഇത്തരത്തിലുള്ള ആദ്യ പുസ്തകമാണിത്. കഥകൾ വായിക്കാൻ ഇഷ്ടമുള്ളവർക്കും സൂഫിസത്തെ ഇഷ്ടപ്പെടുന്നവർക്കും മിസ്റ്റിക്ക് കഥകൾ കേൾക്കാൻ ആഗ്രഹമുള്ളവർക്കും തീർച്ചയായും ഈ പുസ്തകമൊരു സമ്മാനം തന്നെയായിരിക്കും.

സൂഫിസത്തെ അറിയാനുള്ള പ്രേരണ പലപ്പോഴും മനുഷ്യന്റെ ഉള്ളിലുണ്ട്. അതിന്റെ കാരണം മനുഷ്യ മനസ്സിന്റെ ചില നിഗൂഢതകൾ അന്വേഷിക്കാനുള്ള മനുഷ്യന്റെ വാസനയാവും. ഇതേക്കുറിച്ചൊക്കെ വ്യക്തമായി അറിയുന്നവരാണ് സൂഫികൾ. അതുകൊണ്ടുതന്നെ അവർ അതിലേക്ക് ആഴത്തിൽ സഞ്ചരിച്ച് മനസ്സിനെക്കുറിച്ചും ചിന്തകളുടെ ആഴത്തെക്കുറിച്ചും സംസാരിക്കുന്നു. അത്തരത്തിലുള്ള വായനയിൽ താൽപര്യമുള്ളവർക്ക് ഹസ്രത്ത് ഇനായത്ത് ഖാന്റെ മിസ്റ്റിക്ക് കഥകൾ മികച്ച അനുഭവമാണ്. സലാം എലിക്കോട്ടിൽ പുസ്തകത്തെ അറിഞ്ഞു തന്നെ അതിനെ പകർത്തി.

English Summary: 100 Mystic Kathakal Malayalam Story By Husrath Inayath Khan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;