ADVERTISEMENT

ആവര്‍ത്തിച്ചുകണ്ട പേടിപ്പിക്കുന്ന സ്വപ്നത്തില്‍ നിന്നു ഞെട്ടിയുണര്‍ന്നാണ് ഓരോ ദിവസവും തുടങ്ങിയിതെങ്കിലും സാന്ത്വനമായെത്തിയ ഓര്‍മയുടെ കൈ പിടിച്ചു സീത ജീവിതത്തെ നേരിട്ടു. അനാഥത്വത്തിന്റെ മടിയില്‍ പിറന്നുവീണു സ്നേഹിക്കുന്ന കൈകളില്‍ അഭയം കണ്ടെത്തിയെങ്കിലും മണ്ണിന്റെ മടിയില്‍ വീണു കിടക്കുന്ന സ്വന്തം രൂപത്തെ സീത പിന്നെയും പിന്നെയും കണ്ടു. സഹായത്തിനു വേണ്ടി നിലവിളിക്കുന്ന, ദാഹജലത്തിനുവേണ്ടി കരയുന്ന, ഉപേക്ഷിക്കപ്പെട്ട സ്വന്തം രൂപം. രക്ഷപ്പെട്ടെങ്കിലും എന്നുവേണമെങ്കിലും താന്‍ വീണ്ടും മണ്ണിലേക്കു തന്നെ വീണുപോയേക്കുമോ എന്ന പേടി സീതയെ വേട്ടയാടിക്കൊണ്ടിരുന്നു. എന്നാല്‍ തന്റെ കൈ പിടിച്ചു രാജകൊട്ടാരത്തിന്റെ ഇടനാഴികളിലൂടെ നടക്കുന്ന (വളര്‍)ത്തച്ഛന്റെ സ്നേഹപൂര്‍ണമായ നോട്ടത്തിലും സുരക്ഷിതത്വത്തിലും ആശ്രയം കണ്ടെത്തി. എങ്കിലും പേടിസ്വപ്നത്തെക്കാള്‍ ക്രൂരമായിരുന്നു ആ ജീവിതം. ദുഃഖപൂര്‍ണമെങ്കിലും ദുരന്ത തീവ്രമായ സീതയുടെ ജീവിതമാണു രാമായണം എന്ന ഇതിഹാസ കഥയുടെ ജീവന്‍. രാമായണം വായിച്ചവരെയും വായിക്കാത്തവരെയും ഒരുപോലെ മോഹിപ്പിച്ച സീതയുടെ ജീവിതത്തിന്റെ ആഖ്യാനവും വ്യാഖ്യാനവുമാണ് കന്നഡ സാഹിത്യത്തിലെ  അതികായന്‍ എസ്.എല്‍.ഭൈരപ്പയുടെ ഉത്തരകാണ്ഡ. മാധ്യമപ്രവര്‍ത്തക രശ്മി ടെര്‍ഡല്‍ ഇംഗ്ലിഷിലേക്കു മൊഴിമാറ്റിയ പുസ്തകം സീത എന്ന വ്യക്തിത്വത്തെ മനസ്സിലാക്കുന്നതിനൊപ്പം ഇതിഹാസത്തിലെ മൗനത്തെ വാക്കുകളിലൂടെ പൂരിപ്പിക്കുന്നു. ഒരു ആധുനിക കാല നോവല്‍ പോലെ നാടകീയവും ഉദ്വേഗജനകവുമാണ് ഉത്തരകാണ്ഡ. അപൂര്‍വ കാഴ്ചപ്പാടുകളാലും അത്യപൂര്‍വ നിരീക്ഷണങ്ങളാലും സമ്പന്നവും. ലളിതമായ ഭാഷയിലൂടെ ജീവിതത്തിന്റെ അര്‍ഥത്തെ ആത്മീയതയുടെ ആകാശത്തു കണ്ടെത്താനും ഭൈരപ്പയ്ക്കു കഴിയുന്നു. 

 

മണ്ണിന്റെ മാറില്‍ നിലവിളിച്ചുകൊണ്ടാണു സീതയുടെ ജീവിതം തുടങ്ങുന്നത്. ധര്‍മ്മത്തിന്റെ നീതിദേവന്‍ എന്നു പ്രകീര്‍ത്തിക്കപ്പെട്ട രാമനാല്‍ പരിത്യജിക്കപ്പെട്ടതോടെ വീണും മണ്ണിന്റെ മാറിലാണു സീത അഭയം കണ്ടെത്തുന്നതും. മണ്ണില്‍ നിന്നു തുടങ്ങി മണ്ണില്‍ തന്നെ അവസാനിക്കുന്ന സീതയുടെ ജീവിതമാണ് ഉത്തരകാണ്ഡ. 

 

രാജ ധര്‍മ്മത്തിന്റെ പേരില്‍ ഒരിക്കല്‍ ഉപേക്ഷിച്ച ഭര്‍ത്താവ് തിരിച്ചുവരാന്‍ ആവശ്യപ്പെട്ടിട്ടും കൂസാതെ സ്വന്തം ജീവിതം സ്വയം വിരചിച്ച സീതയില്‍ സ്ത്രീയുടെ ആത്മാഭിമാനത്തിന്റെ അഗ്നിജ്വാലയാണു കത്തുന്നത്. 16 വര്‍ഷം വളര്‍ത്തിവലുതാക്കിയ മക്കള്‍ പോലും ഒടുവില്‍ രാജകൊട്ടാരത്തില്‍ അധികാരത്തിന്റെ അധിപന്‍മാരായപ്പോള്‍ ഒറ്റയ്ക്കായിപ്പോയ സീത ഒരു മധ്യാഹ്നത്തില്‍ പകലുറക്കത്തില്‍ ഞെട്ടിയുണ്രുമ്പോള്‍ ചിന്തിക്കുന്നതു ജീവിതത്തിന്റെ അര്‍ഥത്തെക്കുറിച്ചാണ്. ഭര്‍ത്താവിനോടുള്ള സ്നേഹം കൊണ്ടല്ല ഭാര്യ ഭര്‍ത്താവിനെ സ്നേഹിക്കുന്നത്. തന്നെ സംരക്ഷിക്കുന്ന, സ്നേഹിക്കുന്ന, പരിചരിക്കുന്ന വ്യക്തിയായതിയാണെന്ന തിരിച്ചറിവിലാണു ഭാര്യയുടെ സ്നേഹത്തിന്റെ അന്തസത്ത എന്നു സീത കണ്ടെത്തുന്നുണ്ട്. ഭാര്യാ-ഭര്‍തൃ ബന്ധത്തില്‍ മാത്രമല്ല, ജീവിതത്തിലെ എല്ലാ സ്നേഹബന്ധങ്ങളിലും നിറഞ്ഞുനില്‍ക്കുന്ന സ്വാര്‍ഥതയെ മുഖാമുഖം കാണുന്നുണ്ട്. 

 

എല്ലാ സ്നേഹവും പ്രതിഫലിപ്പിക്കുന്നതു സ്വന്തം മുഖം തന്നെ. എല്ലാ കണ്ണാടികളും തിളക്കത്തോടെ കാണിക്കുന്നതു സ്വന്തം മുഖം തന്നെ. ഒരാള്‍ മറ്റൊരാളെ സ്നേഹിക്കുന്നത് ആ ആളില്‍നിന്നു ലഭിക്കുന്ന സന്തോഷത്തിനുവേണ്ടിയാണ്. സുഖത്തിനും സംതൃപ്തിക്കും വേണ്ടിയാണ്. യാജ്ഞവല്‍ക്യന്‍ മൈത്രേയിയോട് ജീവിതത്തിന്റെ അന്തരാര്‍ഥമായി പറയുന്നതും ജീവിതത്തിലെ സ്വാര്‍ഥതയുടെ ആധിപത്യത്തെക്കുറിച്ചാണ്. ബ്രിഹദാരണ്യക ഉപനിഷത്തില്‍ സീത ജീവിത പാഠങ്ങള്‍ വായിച്ചിട്ടുണ്ടെങ്കിലും എല്ലാവരാലും ഉപക്ഷിക്കപ്പെട്ട നിമിഷത്തിലാണ് യാഥാര്‍ഥ്യത്തെ സ്വന്തം ജീവിതം കൊണ്ടറിയുന്നത്. അതോടെ ജീവിതം തികഞ്ഞ അസംബന്ധം എന്ന തീരുമാനത്തില്‍ സീത എത്തുന്നു. സ്വാര്‍ഥതയില്ലാത്ത സ്നേഹം കണ്ടെത്താനാവാത്ത ഈ ജീവിതം ജീവിക്കാന്‍ തന്നെ കൊള്ളില്ലെന്നു മനസ്സിലാകുന്നതോടെയാണു സീത മണ്ണിലേക്കു മടങ്ങുന്നത്. നിലം ഉഴാനും വിത്തു വിതയ്ക്കാനും മണ്ണു കിളയ്ക്കാനും വിളവെടുക്കാനും തുടങ്ങുന്നത്. എന്നും ദുഃഖങ്ങളും അനാഥത്വവും വേട്ടയാടിയ ജീവിതത്തില്‍ സീത യഥാര്‍ഥ സന്തോഷം കണ്ടെത്തുന്നതും മണ്ണിന്റെ മകളായി ജീവിക്കുന്ന അവസാന വര്‍ഷങ്ങളില്‍ മാത്രം. 

 

സരയൂ നദിയില്‍ ജീവിതത്തിലെ പുണ്യപാപങ്ങളുടെ ചുമടിറക്കി അനാദ്യന്ത പ്രവാഹത്തില്‍ ലയിക്കുന്നതിനുമുന്‍പുള്ള രാമന്റെ അവസാന വാക്കുകള്‍ തന്നെ സീതയ്ക്കുള്ള ഏറ്റവും വലിയ ആദരവ്. 

ഭര്‍ത്താവ് ഉപേക്ഷിച്ച സ്ത്രീക്ക് ജീവിത നദി വിജയകരമായി നീന്തിക്കടക്കാനായേക്കും; എന്നാല്‍ സ്നേഹിക്കുന്ന ഭാര്യ ഉപേക്ഷിച്ച പുരുഷന് അതു കഴിയണമെന്നില്ല ! 

രാമന്റെ വാക്കുകള്‍ നേരിട്ടല്ലെങ്കിലും സീത അറിയുന്നുണ്ട്. അതുതന്നെ സീതയ്ക്കുള്ള പ്രണാമം. സ്നേഹിക്കുന്ന, സ്നേഹം നിഷേധിക്കപ്പെടുന്ന എല്ലാ സ്ത്രീകള്‍ക്കുമുള്ള പ്രണാമവും. 

 

English Summary: Book Review - Uttarakaanda Novel by S. L. Bhyrappa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com