ഓര്‍മകള്‍ ബാക്കിയാക്കുന്ന മറവിരോഗം; മരുന്നില്ലാത്ത മുറിവുകളുടെ വേദന

girl-in-white-cotton-p
SHARE
അവനി ദോഷി

ഫോര്‍ത്ത് എസ്റ്റേറ്റ്, ന്യൂഡല്‍ഹി

വില 399 രൂപ

കലാകാരിയായ മകള്‍ വരച്ച ചിത്രങ്ങള്‍ ഒന്നൊന്നായി അഗ്നിക്ക് ഇരയാക്കുന്ന അമ്മ. അമ്മയെ തുറന്നുകിടക്കുന്ന ജനാലയിലൂടെ പുറത്തേക്ക് എറ‍ിഞ്ഞുകളയാന്‍ ആഗ്രഹിക്കുന്ന മകള്‍. 

താരയും അന്തരയും തമ്മിലുള്ള സംഘര്‍ഷത്തിന് വാളിനേക്കാള്‍ മൂര്‍ച്ചയുണ്ട്. ഓരോ വാക്കിനും വാചകത്തിനുമുണ്ട് മുറിവേല്‍പിക്കാനുള്ള ശേഷി. കേവലം രണ്ടു വ്യക്തികള്‍ തമ്മിലുള്ള സംഘര്‍ഷം എന്ന നില വിട്ട് ജീവിതത്തിന്റെ അടിസ്ഥാന സങ്കല്‍പങ്ങളെയും പ്രണയത്തെയും ബന്ധങ്ങളെയും ചോദ്യം ചെയ്യുകയാണ് ഗേള്‍ ഇന്‍ വൈറ്റ് കോട്ടണ്‍ എന്ന നോവല്‍. ഓരോ വ്യക്തിയും മനസ്സില്‍ താലോലിക്കുന്ന പുണ്യവും പവിത്രവുമായ സങ്കല്‍പങ്ങളാണ് അവനി ദോഷി എന്ന തുടക്കക്കാരി പരിഭ്രമമില്ലാതെ, ആശങ്കകളില്ലാതെ, കീറിയെറിയുന്നത്. ബന്ധങ്ങളുടെ തകര്‍ച്ചയില്‍ നിന്നു പുതുതായി ഉയര്‍ന്നുവരുന്ന സ്നേഹ സങ്കല്‍പത്തെക്കുറിച്ചു മൗനം പാലിക്കുന്നതിലൂടെ വികാരങ്ങളുടെ, സ്നേഹവിശ്വാസങ്ങളുടെ ചുഴലിയിലേക്കാണ് അവനി ആദ്യ നോവലിലൂടെ ക്ഷണിക്കുന്നത്. 

ലോക സാഹിത്യത്തില്‍ ഇതിനകം ഇടം നേടിയെടുത്ത അവനി ദോഷി 

ഇന്ത്യന്‍ വേരുകളുള്ള, ഇന്ത്യയില്‍ ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്തിട്ടുള്ള അമേരിക്കക്കാരിയായ എഴുത്തുകാരിയാണ്. താമസം ദുബായില്‍. ബേണ്‍‍ട് ഷുഗര്‍ എന്ന പേരിലാണു നോവല്‍ വിദേശത്തു പ്രസിദ്ധീകരിച്ചതും ബുക്കര്‍ പുരസ്കാരത്തിന്റെ പരിഗണനയ്ക്ക് എത്തിയതും. 

അപാരമായ മന:സാന്നിധ്യമുള്ളവവര്‍ക്കുമാത്രം കടന്നുപോകാന്‍ കഴിയുന്ന അഗ്നിപരിക്ഷ പോലെ പൊള്ളുന്ന, വേദനിപ്പിക്കുന്ന, ഓര്‍മയില്‍ പോലും നടുക്കമുണ്ടാക്കുന്ന അക്ഷരലോകമാണ് ഗേള്‍ ഇന്‍ വൈറ്റ് കോട്ടന്റേത്. മുറിച്ചുവച്ച ഹൃദയഭാഗം പോലെ ചോര ഇറ്റുന്നത്. എവിടെയോ ഊപേക്ഷിച്ച ആത്മാവിന്റെ സത്ത പോലെ നിരന്തരം വേട്ടയാടുന്നത്. പിന്‍വിളി വിളിച്ചും മുന്നോട്ടുള്ള പാതയിലെ ചതിക്കുഴികളെക്കുറിച്ച് ഓര്‍മിപ്പിച്ചും പെട്ടെന്നുണ്ടാകുന്ന കുഴിബോംബ് സ്ഫോടനങ്ങള്‍ പോലെ വിശ്വാസങ്ങളെ  തകിടം മറിക്കുന്ന നോവല്‍. 

നാടകീയ സംഘര്‍ഷങ്ങളാല്‍  സമൃദ്ധമെങ്കിലും അക്ഷരാര്‍ഥത്തില്‍ മനഃശാസ്ത്ര പഠനമാണ് ഗേള്‍ ഇന്‍ വൈറ്റ് കോട്ടണ്‍. ഒരു മകളുടെ ചിന്തകളിലൂടെയും അമ്മയുടെ നോവുന്ന ഓര്‍മകളിലൂടെയും പുരോഗമിക്കുന്ന നോവല്‍ എത്ര വേഗമാണ് അസ്വസ്ഥതയും സംഘര്‍ഷങ്ങളും സൃഷ്ടിച്ചുകൊണ്ടു മുന്നേറുന്നതെന്നത് ഒരേ സമയം വിഭ്രമിപ്പിക്കുന്നതും അതിശയിപ്പിക്കുന്നതുമാണ്.

പുണെയില്‍ ജനിച്ചുവളര്‍ന്ന അന്തര വിവാഹിതയാണ്. അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന ദിലിപ് എന്ന യുവാവുമായി. ഭിത്തിയില്‍ നിറയെ കണ്ണാടികളുള്ള ഒരു വീട്ടിലാണ് അവര്‍ താമസിക്കുന്നത്. അര മണിക്കൂര്‍ മാത്രം സഞ്ചരിച്ചാല്‍ എത്തുന്ന ദൂരത്തില്‍ അമ്മയുണ്ട്. അന്തരയുടെ ഏറ്റവും വലിയ സുഹൃത്ത്; ഏറ്റവും ശക്തിയുള്ള ശത്രുവും. അമ്മയുടെ മറവിരോഗം അന്തരയെ അസ്വസ്ഥയാക്കുന്നു. എന്നാല്‍ ഡോക്ടര്‍മാര്‍ക്ക് അസാധാരണമായി ഒന്നും കണ്ടുപിടിക്കാനാവുന്നില്ല താരയുടെ തലച്ചോറില്‍. താരയുടെ ഓര്‍മശക്തി ദിവസേന കുറയുന്നതായി അന്തരയ്ക്ക് അനുഭവപ്പെടുന്നുണ്ട്. എന്നാല്‍ ഡോക്ടര്‍മാര്‍ക്കോ ആശുപത്രികള്‍ക്കോ കാരണം കണ്ടുപിടിക്കാനാകുന്നുമില്ല. അഭിനയിക്കുകയാണോ താര ? യാഥാര്‍ഥ്യമെന്നതിനേക്കാള്‍ അന്തര ആഗ്രഹിക്കുന്നതാണോ അമ്മയുടെ മറവി രോഗം ? ഉത്തരമില്ല ചോദ്യങ്ങള്‍ക്ക്. 

മകളുടെ മുറിവ് ശരിയായി പരിചിരിക്കപ്പെട്ടില്ലെങ്കില്‍  ഗുരുതരമായ 

മറ്റെന്തിങ്കിലുമായി മാറാമെന്ന ഒരു വാചകമുണ്ട് ഗേള്‍ ഇന്‍ വൈറ്റ് കോട്ടണ്‍ എന്ന നോവലിന്റെ ആമുഖത്തില്‍.

അന്തരയുടെ കുട്ടിക്കാലം മുതലേ തുടങ്ങിയ മുറിവ് അമ്മ താര പരിചിരിച്ചില്ലെന്നു മാത്രമല്ല, വഷളാകാന്‍ അനുവദിക്കുകയും ചെയ്തു. സുഖസമ്പൂര്‍ണമായ ദാമ്പത്യത്തില്‍നിന്ന് ഒളിച്ചോടി താര പുണെയിലെ  (കു) പ്രശസ്തമായ ആശ്രമത്തിലേക്കു ചേക്കേറുന്നതോടെ അന്തരയുടെ ജീവിതം കീഴ്മേല്‍ മറിയുന്നു. മെഴ്സിഡസ് ബെന്‍സില്‍ സഞ്ചരിക്കുന്ന. ഒന്നിലധികം കാമുകിമാരുള്ള ബാബയുടെ ഏറ്റവും പുതിയ കാമുകിയായി താര മാറുന്നതോടെ  അന്തര ഉപേക്ഷിക്കപ്പെടുന്നു. അതൊരു മുറിവായി വളരുകയാണ്. ആഴത്തിലും പരപ്പിലും. ലോകത്തെ ഒരു ഡോക്ടര്‍ക്കും ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയാത്ത മുറിവ്. ദീര്‍ഘമേറിയ ആശുപത്രിവാസം കൊണ്ടും പരിചരിക്കാനാവാത്ത ആഴമേറിയ മുറിവ്. 

ബാബ യൗവ്വന യുക്തകളായ പുതിയ സ്ത്രീകളെ പ്രണയിച്ചു തുടങ്ങിയതോടെ താര പുറത്താക്കപ്പെടുന്നു; ബാബയുടെ സ്വകാര്യ മുറിയില്‍ നിന്ന്. ക്രമേണ ആശ്രമത്തില്‍ നിന്നും. മുത്തചഛന്റെയും മുത്തശ്ശിയുടെയും വീട്ടില്‍ താര അന്തരയുമായി അഭയം പ്രാപിക്കുന്നുവെങ്കിലും അതു തല്‍ക്കാലത്തേക്കു മാത്രം. സ്വന്തമായി താമസം തുടങ്ങുമ്പോഴാകട്ടെ അവരുടെ ജീവിതത്തില്‍ യാദൃഛികമായി കടന്നുവരുന്ന പുരുഷന്‍ അമ്മയുടെയും മകളുടെയും കാമുകനായി മാറുന്നു. പെട്ടെന്നൊരു ദിവസം അയാളും അപ്രത്യക്ഷനാമ്പോള്‍ അമ്മ വിഷാദത്തിന്റെ പിടിയിലകപ്പെടുന്നുണ്ട്; അമ്മ അറിയാതെ മകളും. 

ഒരു പെണ്‍കുട്ടിയുടെയും സ്ത്രീയുടെയും വീര്‍പ്പുമുട്ടുന്ന,  തൊണ്ടയില്‍ തന്നെ നിശ്ശബ്ദമാക്കപ്പെട്ട നിലവിളിയാണ് ഗേള്‍ ഇന്‍ വൈറ്റ് കോട്ടണ്‍. 

ആ നിലവിളി വേട്ടയാടുന്നതാണ്. ഒരു മുറിയില്‍ മാത്രം ഒതുക്കപ്പെട്ടതുപോലെ ശ്വാസം മുട്ടിക്കുന്നതാണ്. സ്വന്തം മകള്‍ പോലും അന്യയാക്കപ്പെടുന്ന അമ്മയുടെ നിസ്സഹായമായ രോദനം കൂടിയാണത്. വെള്ളവസ്ത്രത്തില്‍ വീര്‍പ്പുമുട്ടിയ മകള്‍ക്ക് അമ്മ സമ്മാനമായി കൊടുക്കുന്നത് കറുത്ത ശവക്കച്ച തന്നെയാകുന്ന വൈരുധ്യം. 

ഉത്തരമില്ലാത്ത ചോദ്യങ്ങളുടെ അസ്വസ്ഥതയിലേക്കു സഞ്ചരിക്കുന്നവരെ പൂര്‍ണമായും തൃപ്തിപ്പെടുത്തുന്നുണ്ട് അവനി ദോഷിയുടെ നോവല്‍. ബന്ധങ്ങളുടെ വെളിച്ചത്തിന്റെ തരി പോലുമില്ലാത്ത കൊടുംകാട്ടില്‍ അക്ഷരങ്ങളുടെ വെളിച്ചം കാണിക്കുകയാണ് അവനി. തെളിയുന്നതാകട്ടെ വേദനയും സങ്കടങ്ങളും മോചനമില്ലാത്ത അശുഭചിന്തകളും. അമ്മയ്ക്ക് എത്രമാത്രം മകളെ സ്വാധീനിക്കാമെന്നതിന്റെ അവസാന ഉത്തരമാണ് താര. മുറിവേറ്റ മകളുടെ പ്രതികാരം അമ്മയുടെ ജീവിതത്തെ കീഴ്മേല്‍ മറിക്കുമെന്നതിന്റെ സാക്ഷ്യമാണ് അന്തര. എന്നിട്ടും അവസാനമായി അമ്മ ചിരിക്കുമ്പോള്‍, മകള്‍ക്ക് ആശ്വാസം പകരാന്‍ മറ്റൊരു മകള്‍ പോലുമില്ല. ഭര്‍ത്താവില്ല. വലിയ മുറിയിലെ കണ്ണാടി ജനാലകളിലെ സ്വന്തം പ്രതിബിബം മാത്രം കൂട്ട്. മറകളില്ലാതെ ഒരു യുവതി സ്വയം കാണുന്ന കാഴ്ചയാണ് ഗേള്‍ ഇന്‍ വൈറ്റ് കോട്ടണ്‍. ഞെട്ടിക്കുന്നത്; കലാപരപമായ സൗന്ദര്യത്തിന്റെ ഉദാത്തതയും.

English Summary: Girl in White Cotton book written by Avni Doshi

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;