ADVERTISEMENT

വേലയും കൂലിയുമില്ലാതെ നടക്കുന്ന ഒരു വായിനോക്കിക്ക് ഡിറ്റക്ടീവ് ആകാന്‍ കഴിയുമോ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് പ്രഭാകരനെ നായകനാക്കിക്കൊണ്ടുള്ള ഇന്ദുഗോപന്റെ കുറ്റാന്വേഷണ കഥകള്‍. ഡച്ച് ബംഗ്ലാവിലെ പ്രേത രഹസ്യം, രാത്രിയിലൊരു സൈക്കിള്‍വാല, രക്തനിറമുള്ള ഓറഞ്ച് എന്നിങ്ങനെ പ്രഭാകരന്‍ പ്രതിനായകനും പിന്നീട് നായകനുമാകുന്ന മൂന്നു രചനകള്‍ ഒറ്റ സമാഹാരത്തില്‍ ഡിറ്റക്ടീവ് പ്രഭാകരന്‍ എന്ന പേരില്‍ എത്തിയിരിക്കുന്നു. പരമ്പരാഗത കുറ്റാന്വേഷണ കഥകളില്‍ നിന്ന് കെട്ടിലും മട്ടിലും പൂര്‍ണമായി മാറിനില്‍ക്കുന്ന, എന്നാല്‍ വായനയുടെ രസം ആവോളം പകരുന്ന രചനകള്‍. 

 

കറുത്തു കുറിയ ഒരു പ്രത്യേകതയും തോന്നാത്ത വ്യക്തിയാണ് പ്രഭാകരന്‍. എന്നാല്‍ സാമാന്യബുദ്ധി ആവോളമുണ്ടു താനും. ഏതു വേഷത്തിലും എവിടെയും എങ്ങനെയും എത്താനും ഏതു സാഹചര്യവുമായി ഇഴുകിച്ചേരാനും പ്രത്യേക കഴിവുള്ള സാധാരണക്കാരനായ അസാധാരണക്കാരന്‍.  

 

പാറശ്ശാലയക്കു സ്ഥലം മാറ്റം കിട്ടുന്ന അനന്തന്‍ എന്ന ചെറുപ്പക്കാരനായ പൊലീസ് ഓഫിസര്‍ക്കൊപ്പം പ്രഭാകരന്‍ കൂടുന്നതോടെയാണ് രഹസ്യങ്ങളുടെ ചുരുളഴിയുന്നത്. അത് അനന്തന്റെ തന്നെ കുടുംബവുമായി ബന്ധപ്പെട്ട നിഗൂഡത അനാവരണം ചെയ്യുന്നതിന്റെ കഥയാണ്. ഡച്ച് ബംഗ്ലാവിലെ പ്രേത രഹസ്യം പറയുന്നത് ആ കഥയാണ്. പിന്നീട്, അനന്തന്റെ നിര്‍ദേശ പ്രകാരം മറ്റു പല കേസുകളിലും പ്രഭാകരന്‍ ഇടപെടുന്നു. പലതും കഴിവുറ്റ പൊലീസ് ഓഫിസര്‍മാര്‍ക്കുപോലും കണ്ടുപിടിക്കാനാവാത്തവ. പ്രഭാകരന്‍ തന്റെ സാമാന്യബുദ്ധികൊണ്ട് കഥകളുടെ കുരുക്കഴിക്കുന്നു. കഥാപാത്രങ്ങളെ ചുറ്റിനില്‍ക്കുന്ന നിഗൂഡതയുടെ മറ നീക്കുന്നു. 

 

അപസര്‍പ്പക കഥകള്‍ എന്നാണ് ഇന്ദുഗോപന്‍ തന്റെ പ്രഭാകരന്‍ കഥകളെ വിശേഷിപ്പിക്കുന്നത്. വായനക്കാരുടെ മികച്ച പ്രതികരണമുണ്ടെങ്കില്‍ മാത്രം ഈ പ്രത്യേക കഥാ വിഭാഗത്തില്‍ താന്‍ തുടരുമെന്ന അവകാശവാദത്തോടെയാണ് അദ്യത്തെ കഥ അദ്ദേഹം അവതരിപ്പിക്കുന്നതു തന്നെ. 

 

നമ്മുടെ നാട്ടിലും അപസര്‍പ്പക കഥകളുടെ വലിയൊരു പാരമ്പര്യമുണ്ടെങ്കിലും വിദേശ കൃതികളോടാണു പൊതുവെ മലയാളി വായനക്കാര്‍ക്കും മതിപ്പ്. എന്നാല്‍, മണ്ണിന്റെ മണമുള്ള കഥകള്‍ അപസര്‍പ്പക കഥകളുടെ ചട്ടക്കൂട്ടില്‍ പറയാനാണ് ഇന്ദുഗോപന്‍ ശ്രമിക്കുന്നത്. വായനയുടെ രസം, ഒഴുക്ക്, ധാര മുറിയാതെയുള്ള പ്രവാഹം തുടങ്ങിയ പാരമ്പര്യരീതികള്‍ കൈവിടാതെ നടത്തുന്ന പരീക്ഷണം. ഉത്സാഹമുള്ള വായനയെ മുന്നോട്ടുകൊണ്ടുപോകാമെന്ന ഉറപ്പ്. ഓരോ കഥയെയും പുതിയ കാലത്തോട് ഇണക്കുന്ന ശൈലി. 

 

പ്രഭാകരന്‍ കഥകളുടെ പരമ്പരയില്‍ ആദ്യത്തേത് വിജയിച്ചതോടെ അതേ ഗണത്തില്‍ ചില കഥകള്‍ കൂടി പുറത്തുവരികയായിരുന്നു. അപസര്‍പ്പക കഥകളെങ്കിലും ഈ കുറ്റാന്വേഷണ കഥകളില്‍ മുന്നിട്ടുനില്‍ക്കുന്നത് കഥാപാത്ര ചിത്രീകരണത്തില്‍ ഇന്ദുഗോപന്‍ എന്ന എഴുത്തുകാരനുള്ള മിടുക്കാണ്. ഓരോ കഥാപാത്രത്തെയും വായനക്കാരുടെ മനസ്സില്‍ തറയ്ക്കാനുള്ള മികവ്. അതിനുവേണ്ടി കണ്ടെത്തി അവതരിപ്പിക്കുന്ന സൂക്ഷ്മാംശങ്ങള്‍ പോലും വിട്ടുപോകാതെയുള്ള അവതരണം. 

സവിശേഷ പശ്ചാത്തലമാണ് മറ്റൊരു പ്രത്യേകത. ഡച്ച് ബംഗ്ലാവിലെ പ്രേതരഹസ്യത്തില്‍ കേരള-തമിഴ്നാട് അതിര്‍ത്തിയാണ് കഥയുടെ പശ്ചാത്തലമെങ്കില്‍ രാത്രിയിലൊരു സൈക്കിള്‍വാല എന്ന പരമ്പരയിലെ ഓപറേഷന്‍ കത്തിയുമായി ഒരാള്‍; പല നഗരങ്ങളില്‍ എന്ന കഥയില്‍ ചെങ്ങന്നൂരാണ് കഥയിലെ പശ്ചാത്തലം. 

 

അവഗണിക്കാനോ തള്ളിക്കളയാനോ ആവാത്ത രീതിയില്‍ കഥകള്‍ കൊണ്ടു സമ്പന്നരായ മനുഷ്യരാണു നമുക്കു ചുറ്റും ജീവിക്കുന്നത്. എന്നാല്‍ അവരുടെ കഥകള്‍ കണ്ടെടുക്കാനും അവ വായനാക്ഷമമായി അവതരിപ്പിക്കാനും മികച്ച ഒരു എഴുത്തുകാരനു മാത്രമേ കഴിയൂ. ആ കര്‍ത്തവ്യമാണ് ഇന്ദുഗോപന്‍ അനുഷ്ഠിക്കുന്നത്. 

അവകാശവാദങ്ങളില്ലാതെ അദ്ദേഹം നടത്തുന്ന പരീക്ഷണം വിജയിച്ചു എന്നുതന്നെയാണ് പ്രഭാകരന്‍ കഥകള്‍ തെളിയിക്കുന്നത്. ജീവിതത്തിന്റെ അപഗ്രഥനമോ വ്യാഖ്യാനമോ ഒന്നുമല്ല എഴുത്തുകാരന്‍ എന്ന നിലയില്‍ ഈ കഥകളില്‍ ഇന്ദുഗോപന്‍ ചെയ്യുന്നത്. പകരം, രസം പിടിച്ച് കഥകള്‍ പറയുകയാണ്. കഥ കേള്‍ക്കാന്‍ ഇഷ്ടമുള്ള ആരും അവ കേള്‍ക്കും. വീണ്ടും കേള്‍ക്കാനും ആഗ്രഹിക്കും. കഥ കേള്‍ക്കാന്‍ ആഗ്രഹമുള്ളവര്‍ നിലനില്‍ക്കുന്ന കാലത്തോളം പ്രഭാകരന്‍ കഥകളും നിലനില്‍ക്കും.

 

English Summary: Detective Prabhakaran Book by G R Indugopan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com