പ്രായത്തിന്റെ അതിര്‍വരമ്പുകളെ മായിച്ചു കളയുന്ന ‘അ എന്ന വേട്ടക്കാരന്‍’

HIGHLIGHTS
  • കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന കഥകൾ
mambhazam-series-dc-books-book-review-portrait-image
SHARE
സക്കറിയ

ഡിസി ബുക്‌സ്

വില: 140 രൂപ

പത്രക്കടലാസില്‍ കപ്പളങ്ങ കെട്ടിയുണ്ടാക്കിയ ബോംബുമായി ട്രെയിന്‍ കൊള്ളയടിക്കാന്‍ പുറപ്പെടുന്ന രാജനും മകന്‍ അപ്പുവും. പട്ടിണിയില്‍നിന്നു രക്ഷപ്പെടാനാണ് രാജന്‍ ട്രെയിന്‍ കൊള്ളയടിക്കാന്‍ തീരുമാനിച്ചത്. വിജയിക്കാന്‍ ഒട്ടും സാധ്യതയില്ലാതിരുന്നിട്ടും കറിവയ്ക്കാനോ പഴുപ്പിക്കാനോ ഉള്ള ആഗ്രഹം മനസ്സിലൊതുക്കിയാണ് രാജന്‍ ട്രെയിന്‍ കൊള്ളയടിക്കാന്‍ കപ്പളങ്ങയുമായി പുറപ്പെടുന്നത്. ബോംബാണെന്ന് പറഞ്ഞ് ആളുകളെ പേടിപ്പിച്ച് കൊള്ളനടത്താനായിരുന്നു പദ്ധതി. പാര്‍ട്ടി ഓഫിസില്‍നിന്നു ചുവന്ന കൊടി സംഘടിപ്പിച്ച് ട്രെയിന്‍ തടയാനായിരുന്നു നീക്കം. കൊടി എടുക്കാനുള്ള  ശ്രമം വിഫലമായതോടെ ‘തന്നേ തീരൂ എന്റെ വിശപ്പിന്റെ പ്രശ്‌നമാണ്’ എന്ന് പറയാന്‍ തുനിയുന്ന രാജന്‍.  പട്ടിണിയും ദാരിദ്ര്യവും മനുഷ്യനെ എന്തൊക്കെ ചെയ്യാന്‍ പ്രേരിപ്പിക്കുമെന്നതിലേക്കാണ് സക്കറിയയുടെ ‘തീവണ്ടിക്കൊള്ള’ എന്ന കഥ വിരല്‍ ചൂണ്ടുന്നത്. നൊമ്പരപ്പെടുത്തുകയും ചിന്തിപ്പിക്കുകയും കുഴയ്ക്കുകയും ചെയ്യുന്ന ഒരു പറ്റം കഥകളാണ് ‘അ എന്ന വേട്ടക്കാരന്‍’ എന്ന കഥാസമാഹാരത്തിലൂടെ സക്കറിയ പറഞ്ഞുതരുന്നത്. കത്തിലൂടെയും സമയക്രമങ്ങളായും കഥയുടെ ആഖ്യാന രീതികളുടെ കൈവഴികള്‍ പലവിധ മേച്ചില്‍പ്പുറങ്ങളിലേക്ക് കയറൂരി വിടുകയാണ് സക്കറിയ. പ്രായത്തിന്റെ അതിര്‍വരമ്പുകളെ മായിച്ചു കളയുന്ന കഥകള്‍. ഡിസി ബുക്‌സ് മുദ്രണത്തില്‍ മാമ്പഴം കഥാമാലികയാണ് സക്കറിയയുടെ കഥകള്‍ പ്രസിദ്ധീകിരിച്ചിരിക്കുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന പ്രശസ്ത എഴുത്തുകാരുടെ കഥകളാണ് കഥാമാലികയിലൂടെ ഡിസി ബുക്‌സ് പുറത്തിറക്കുന്നത്.  

ബാലാസാഹിത്യ ഗണത്തിലാണ് പുസ്തകം ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ പല കഥകളും ബാലസാഹിത്യത്തില്‍ മാത്രമായി നിര്‍ത്താന്‍ സാധിക്കുന്നവയല്ല.  ജോലി തേടി അലയുന്ന  യുവത്വത്തെ 'എന്റെ കളിപ്പാട്ടങ്ങള്‍' എന്ന കഥയില്‍ കാണാന്‍ സാധിക്കും. പത്രപ്പരസ്യങ്ങളില്‍ കാണുന്ന ജോലികളില്‍ താന്‍ ഏതാണ് ആയിത്തീരുക എന്ന് ആലോചിക്കുന്നയാള്‍. ഏതു വേഷം, ഏതു ഭാഗം, ഏതു കഥാപാത്രം തുടങ്ങിയ ചിന്തകളുമായി ജീവിക്കുന്ന തൊഴിലന്വേഷകന്‍. ഒടുവില്‍ തനിക്കു ലഭിക്കാവുന്ന വേഷങ്ങളെല്ലാം ഒരു ആള്‍ക്കൂട്ടമായി വന്നു ചുറ്റും നില്‍ക്കുന്നതായി തോന്നുന്നു. കാത്തിരിപ്പിനവസാനം കളിപ്പാട്ടക്കടയിലെ വില്‍പനക്കാരനായി ജോലി ലഭിക്കുന്നു. എന്നാല്‍ ഒരു കളിപ്പാട്ടം പോലും വില്‍ക്കാതെ, വാങ്ങാന്‍ വന്ന ആളുകളെയെല്ലാം സൂത്രത്തില്‍ പറഞ്ഞയയ്ക്കുന്ന വില്‍പനക്കാരന്‍. അയാള്‍ക്ക് കളിപ്പാട്ടങ്ങള്‍ അത്രയ്ക്ക് ഇഷ്ടമായിരുന്നു. വില്‍പന നടത്തി കച്ചവടം വര്‍ധിപ്പിക്കുക എന്ന ജോലിയെ അയാള്‍ കീഴ്‌മേല്‍ മറിച്ചു. ഒന്നുപോലും തന്റേതല്ലായിരുന്നിട്ടും ആ കളിപ്പാട്ടങ്ങളത്രയും കാത്തു സൂക്ഷിച്ചുവയ്ക്കുന്ന വില്‍പനക്കാരന്‍.

12 കഥകള്‍ ഉള്‍പ്പെടുന്ന സമാഹാരത്തിലെ പല കഥകളും വായിച്ചു കഴിയുമ്പോള്‍ കഥാപാത്രങ്ങള്‍ നമ്മുടെ മുന്‍പിലൂടെ നടന്നു പോകുന്നതായി തോന്നും. ചില കഥാപാത്രങ്ങള്‍ അടുത്തു വന്നിരുന്നു ചിരിക്കും. ചില കഥാപാത്രങ്ങള്‍ നിഗൂഢമായി മന്ദഹസിക്കും.  മരണത്തെ, പ്രത്യേകിച്ച് പക്ഷികളുടെ മരണത്തെക്കുറിച്ച് അന്വേഷിച്ചു നടക്കുന്ന ശന്തനു. മറ്റു പല ജന്തുജാലങ്ങളുടെയും ജഡം കണ്ടിട്ടുള്ള ശന്തനു ഒരിക്കല്‍ പോലും ഒരു പക്ഷിയുടെ ജഡം കണ്ടിട്ടില്ല. ഈ പക്ഷികളൊക്കെ എവിടെയാണ് മരിച്ചു വീഴുന്നത് ?  അഥവാ മരിക്കുന്നുണ്ടോ. ഉത്തരം അന്വേഷിച്ചു നടക്കുന്ന ശന്തനു  വായനക്കാരനേയും കൂട്ടി ആകാശവും കടന്നു പോകുന്നു. ചത്തുകിടന്ന മീനിന്റെ ചെതുമ്പലുകള്‍ പരിശോധിക്കുന്നതിനിടെ ശന്തനുവിനടുത്തേക്ക് ചതുപ്പിന്റെ നനവിലൂടെ ദൈവം തവളയായി കടന്നു വരുന്നു. ശന്തനുവിനോട് എന്തെല്ലാമോ സംസാരിക്കുന്ന തവള. ഭാവനാ ലോകത്തില്‍ കുറ്റിയറ്റു പാറി നടക്കുന്ന അപ്പൂപ്പന്‍ താടിയെപ്പോലെ വായനക്കാരനെ പറപ്പിച്ചു വിടുന്നതില്‍ സക്കറിയയുടെ കഥകള്‍ക്ക് കഴിയുന്നു. കുട്ടികള്‍ക്കും സാധാരണക്കാര്‍ക്കും പ്രാപ്യമായ ലളിത ഭാഷയില്‍ വലിയ കഥകളാണ് സക്കറിയ അവതരിപ്പിക്കുന്നത്. 

വിവാഹത്തിന് മുന്‍പ് ഭാവി വരന്റെ വീട്ടില്‍ പോയി കുറച്ചു കാലം താമസിക്കണമെന്നും അവിടം തനിക്ക് താമസിക്കാന്‍ യോഗ്യമായ സ്ഥലമാണോ എന്ന് മനസ്സിലാക്കണമെന്നും ആവശ്യപ്പെടുന്ന പെണ്‍കുട്ടിയെ ‘മനഃശാസ്ത്രജ്ഞനോട് ചോദിക്കാം’ എന്ന കഥയില്‍ കാണാം. ആദ്യത്തെ ഒന്നുരണ്ട് കല്യാണാലോചനകള്‍ ശരിയാകാതെ പിന്നീട് മറ്റൊരു വിവാഹം ഏറെക്കുറെ ശരിയായപ്പോഴാണ് സാധാരണക്കാരിയായ പെണ്‍കുട്ടി ഇക്കാര്യം ഉന്നയിക്കുന്നത്. തെക്കന്‍ കേരളത്തില്‍നിന്നു വടക്കന്‍ കേരളത്തിലേക്ക് കുടിയേറിയ കുടുംബത്തിലെ അംഗമായിരുന്ന പെണ്‍കുട്ടി കണ്ണുംപൂട്ടി മറ്റൊരു കുടിയേറ്റത്തിന് തയാറായിരുന്നില്ല. പെണ്‍കുട്ടിയുടെ ആവശ്യമറിഞ്ഞ കുടുംബത്തിന്റെ താളം തെറ്റുന്നു. നിരീശ്വരവാദിയായ മുത്തച്ഛന്‍ പോലും പെണ്‍കുട്ടിയോട് ദൈവം അനുഗ്രഹിക്കട്ടെ എന്നു പറയുന്നിടത്തേക്കു വരെ കാര്യങ്ങള്‍ എത്തുന്നു. 

ഭൂമിയിലെ ഏതു ചരാചരങ്ങളിലും കഥയുണ്ടെന്ന് തിരിച്ചറിഞ്ഞ എഴുത്തുകാരനാണ് സക്കറിയയെന്ന് പ്രസാധകര്‍ കുറിക്കുന്നു. പത്താള്‍ക്കാര്‍ വട്ടം പിടിച്ചാലും കൂട്ടിമുട്ടാത്ത ചേനത്തണ്ടും വേട്ടയ്ക്കു പുറപ്പെടുന്ന വേട്ടക്കാരന്റെ തോക്ക് പുല്ലുകയറി മൂടിപ്പോകുന്നതുമെല്ലാം സക്കറിയയുടെ കഥകളില്‍ കാണാം. അടുപ്പിന്റെ മൂലയില്‍ പോലും ചുരുണ്ടുകൂടിക്കിടക്കുന്ന കഥകള്‍. ചിലപ്പോള്‍ കാടും കാട്ടാറും മലയും കടന്ന് ചക്രവാളങ്ങള്‍ താണ്ടുന്ന കഥകള്‍. അങ്ങനെ സക്കറിയയുടെ കഥകള്‍ മുതിര്‍ന്നവരേയും കുട്ടികളേയും കൈപിടിച്ചു പലയിടത്തേക്കും കൂട്ടിക്കൊണ്ടു പോകുകയാണ്. 

English Summary: Aa enna vettakkaran book by Paul Zacharia

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;