ADVERTISEMENT

കാലദേശങ്ങൾ അതിരിടാത്തതാണ് കഥാലോകം. വർത്തമാനകാലത്തിൽ കഥകൾ എഴുതുന്നത് ഒരു ട്രെൻഡ് ആയി വരുന്ന ഈ കാലത്ത് കഴിഞ്ഞുപോയത് എന്നു കൂടി അർഥമുള്ള കഥ എന്ന പേരുപോലും അനർഥമാണോ എന്ന് തോന്നാം ജോസഫ് ഏബ്രഹാമിന്റെ  അന്യായ പട്ടിക വസ്തു എന്ന കഥാസമാഹാരത്തിലെ ഒന്നോ രണ്ടോ ഒഴികെ എല്ലാ കഥകളും. ലോകത്ത് ദേശത്തിന്റെയും കാലത്തിന്റെയും അതിരുകൾ ഉണ്ടെന്ന വേദനാജനകമായ സത്യം കുറെ നേരത്തേക്കെങ്കിലും വിസ്മരിക്കുവാനും മനസ്സ് കൊണ്ടെങ്കിലും അങ്ങനെയല്ലാതൊരു ലോകത്തെ മാടിവിളിക്കുവാനും ഈ കഥകൾ നമ്മെ പ്രേരിപ്പിക്കുന്നു. പലദേശം, കാലം എന്നിവയൊക്കെ ഈ കഥകളിൽ വന്നുപോകുന്നതു കൊണ്ടു മാത്രമല്ല ഇങ്ങനെ ഒരു മാനസികാവസ്ഥ നമുക്ക് ഉണ്ടാകുന്നത്.

മാനുഷികതയുടെ അതിരില്ലാത്ത അനുരണനം മാത്രമല്ല വിവിധ ആഖ്യാനരീതികളും ഈ കഥകളിൽ കാണാം. മെറ്റാഫിസിക്സോ തത്തുല്യമായ മറ്റു മാനസിക അഭ്യാസങ്ങളോ ഇവിടെ പ്രതീക്ഷിക്കേണ്ടതില്ല. സുതാര്യമായ കഥകളാണ് എല്ലാം. ‘എന്താ സംഭവം?’ എന്ന് അറിയാനായി വേറെ ആരുടെയും വാക്കുകൾക്ക് കാത് കൊടുക്കേണ്ടതില്ല.

സറ്റയറും റിയലിസവും മാറിമാറി ഉപയോഗിച്ചാണ് കഥകൾ മിക്കതും എഴുതിയിരിക്കുന്നത്. പക്ഷേ ഇത് രണ്ടുമല്ല കഥാകൃത്തിന്റെ ലക്ഷ്യം എന്ന് ഓരോ കഥയും വ്യക്തമാക്കുന്നു. ആലങ്കാരികമോ അമൂർത്തമോ ആയ ഭാഷയുടെ അകമ്പടി ഇല്ലാതെ തന്നെ വായനക്കാരുടെ ഉള്ളു കിടുക്കുന്ന രചനാരീതിയാണ് ഓരോ കഥയിലും കാണുന്നത്. ലോകകഥകൾ മാത്രമല്ല ലോകകാര്യങ്ങളും ശ്രദ്ധയോടെ വായിച്ചു  മനസ്സിലാക്കുന്നത്  ജോസഫിന്റെ ശീലമാണെന്നറിയാം. സ്വന്തം ജീവിതവും ധാരാളം അനുഭവങ്ങൾ സമ്മാനിച്ചിട്ടുണ്ട്. നല്ല ഭാവനയും കലാമർമജ്ഞതയുമുണ്ട്.

Alex La Guma എഴുതിയ The Lemon Orchard, john Valey എഴുതിയ The Millennium, Ray Bradbury എഴുതിയ There Will Come Soft Rains എന്നീ ലോകോത്തരകഥകളുടെ അതേ  രീതിയാണ് ഈ സമാഹാരത്തിലെ മിക്ക കഥകൾക്കും. തന്റെ പൊതുവിജ്ഞാനം വളരെ സമർഥമായാണ് ജോസഫ് ഈ കഥകളിൽ ചേർത്തിരിക്കുന്നത്. വിശുദ്ധ പാനീയം, കാഴ്ച ബംഗ്ലാവ്, കാസാ ലോക്കോസ്, കളിപ്പാട്ടങ്ങൾ തേടുന്നവർ എന്നീ കഥകൾ നമ്മെ ഭയപ്പെടുത്തും. ഭയക്കുന്നത് നമ്മളെത്തന്നെയാണ്. 

രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചുള്ള കഥകളും ശ്രദ്ധേയമാണ്. എവിടെയൊക്കെ മാനവികത മുറിവേൽക്കപ്പെടുന്നുണ്ടോ അവിടെയൊക്കെ കഥാകൃത്തിന്റെ കണ്ണ് ചെന്നെത്തുന്നുണ്ട്. എഴുത്തുകാരന്റെ സഹജാവബോധം എങ്ങിനെ കലയായി സാഹിത്യമായി മാറുന്നു എന്ന് ഈ കഥകളിൽ കാണാം.

English Summary : Book Review : Anyana Pattika Vasthu (Short Stories) written by Joseph Abraham

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com