കടക്കാനാകുമോ അവനവന്‍ കടമ്പ; വെല്ലുവിളിച്ച് കാവാലം

HIGHLIGHTS
  • കാവാലത്തിന്റെ നാടകത്തിന് രാഷ്ട്രീയപ്രാധാന്യവുമുണ്ട്.
  • അടിയന്തരാവസ്ഥക്കാലത്താണ് നാടകം അരങ്ങിൽ എത്തിയത്
avanavan-kadamba-p
SHARE
കാവാലം

ഡിസി ബുക്സ്

വില 80 രൂപ

സകലരും തട്ടിവീണ കടമ്പയാണത്. ലോകത്തെ ജയിച്ചവര്‍ പോലും തോറ്റുപിന്‍മാറിയ കടമ്പ: അവനവന്‍ എന്ന കടമ്പ. ആ കടമ്പ അതിജീവിക്കാത്തിടത്തോളം മറ്റെല്ലാ വിജയങ്ങളും തോല്‍വികള്‍ തന്നെ. കടമ്പയെത്തന്നെ നായകസ്ഥാനത്തു പ്രതിഷ്ഠിച്ചു കാവാലം എഴുതിയ അവനവന്‍ കടമ്പ മലയാള നാടകവേദിയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട നാടകങ്ങളിലൊന്നാണ്. പുകഴ്ത്തിയവരുണ്ട്. ആസ്വദിച്ചവരുണ്ട്. മൗനം പാലിച്ചവരുണ്ട്. പരിഹസിച്ചവരും വിമര്‍ശിച്ചവരുമുണ്ട്. എന്നാല്‍ കടമ്പയില്‍ തട്ടിവീണവരും അതിജീവിച്ചവരും അത്ഭുതപ്പെട്ടവരുമെല്ലാം ഒരുപോലെ അംഗീകരിച്ചിട്ടുണ്ട് കടമ്പയുടെ പ്രാധാന്യം. അവനവന്‍ കടമ്പയ്ക്കു മുന്‍പും ശേഷവും എന്ന മട്ടില്‍ മലയാള നാടക ചരിത്രം തന്നെ വിഭജിക്കപ്പെട്ടു. 

1970-കളുടെ മധ്യത്തില്‍ എഴുതി കേരളത്തിലെ പ്രബുദ്ധ സദസ്സുകള്‍ക്കുമുന്നില്‍ അവതരിപ്പിച്ച നാടകം അരനൂറ്റാണ്ട് ആകുമ്പോഴും പ്രസക്തി നഷ്ടപ്പെടാതെ ചര്‍ച്ച ചെയ്യപ്പെടുന്നു. പുസ്തകരൂപത്തില്‍ എത്തിയ നാടകം കഥയോ നോവലോ പോലെ വായിക്കപ്പെടുന്നു. 

തുറസ്സായ സ്ഥലമാണ് നടകത്തിന്റെ രംഗവേദി. ഒരു മരം മാത്രമാണ് ഒരേയൊരു ആഡംബരം. രംഗവേദിയെ തിരസ്കരിച്ചുകൊണ്ടാണ് കാവാലം നടക സങ്കല്‍പത്തെ തിരുത്തിക്കുറിച്ചത്. എന്നാല്‍ അരങ്ങിലുണ്ട് അവനവന്‍ കടമ്പ. വലത്തുമുന്നോട്ടു നീങ്ങിയാണതിന്റെ സ്ഥാനം. കാലു കവച്ചുവച്ച് വേലി കടക്കാനുള്ള അരവേലി എന്ന കടമ്പ. 

ആട്ടവും പാട്ടും കൂത്തുമായി അരങ്ങുതകര്‍ക്കുന്ന നാടകത്തിന് രാഷ്ട്രീയപ്രാധാന്യവുമുണ്ട്. അടിയന്തരാവസ്ഥക്കാലത്താണ് അവനവന്‍ കടമ്പ അരങ്ങുകളെ തീപിടിപ്പിച്ചത്. ആട്ടത്തിനും പാട്ടിനുമിടെ അപൂര്‍വം പേര്‍ക്കുമാത്രമാണ് നാടകം മുന്നോട്ടുവച്ച രാഷ്ട്രീയ സമസ്യ മനസ്സിലായതുതന്നെ. വട്ടിപ്പണിക്കാരന്റെ തലയില്ലാതൊഴുകിയ ശവം. ശവതാളം. കാമുകനെ തേടിയിറങ്ങിയ ചിത്തിരപ്പെണ്ണ്. ജീവിതത്തിനും മരണത്തിനുമിടെ പല ജന്‍മങ്ങള്‍ ജീവിക്കുന്ന വടിവേലവന്‍. കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന എരട്ടക്കണ്ണന്‍ പക്കി. പാട്ടുപരിഷകള്‍. ആട്ടപ്പണ്ടാരം. ദേശത്തുടയോന്‍. സഹായി. അക്ഷരാര്‍ഥത്തില്‍ അരങ്ങു തകര്‍ക്കുകയാണ് അവനവന്‍ കടമ്പ. 

നാട്ടുക്കൂട്ടം മുഴുവന്‍ കടമ്പയില്‍ തട്ടിവീഴുമ്പോള്‍ ആര്‍ത്തലച്ചുവരുന്ന ഒരു കലാപത്തിന്റെ ദുരന്ത സൂചനയുമുണ്ട്. കടമ്പ കയറി വാലടിക്കാവിലെ ഉത്സവം കാണാന്‍ പോകുന്നതിന്റെ മേളം. 

വാലടിക്കാവിലെ 

ഉത്സവം കൂടാന്‍ 

പോണേ പോണേ 

ഞങ്ങളു പോണേ 

വരിനോ വരിനോ

എല്ലാരും വരിനോ 

താളം മുറുകുന്ന പാട്ടിന്റെ പശ്ചാത്തലത്തില്‍ എല്ലാവരും കൂടി പ്രേക്ഷക ഗൃഹത്തിനു പിന്നിലൂടെ പുറത്തേക്കു പോകുന്ന അവസാന രംഗത്തിലാണ് അവനവന്‍ കടമ്പ യഥാര്‍ഥത്തില്‍ തുടങ്ങുന്നത്. ഒഴിയാബാധയായി. നാടന്‍ ബോംബ് പൊട്ടുന്നതുപോലെ ആലോചനകളുടെയും ചിന്തകളുടെയും സ്ഫോടനം. 

പ്രശസ്ത ചലച്ചിത്രകാരന്‍ അരവിന്ദന്‍ സംവിധാനം ചെയ്ത്, നെടുമുടി വേണു ഉള്‍പ്പെടെയുള്ള പ്രമുഖര്‍ അഭിനയിച്ചാണ് അടിയന്തരാവസ്ഥക്കാലത്ത് കേരളത്തില്‍ അങ്ങോളമിങ്ങോളം അവനവന്‍ കടമ്പ അവതരിപ്പിച്ചത്. ഇന്ന് പുസ്തകത്തിലൂടെ നാടകം വീണ്ടും രാഷ്ട്രീയ ചര്‍ച്ചകള്‍ക്കു തുടക്കമിട്ടിരിക്കുന്നു. 

English Summary: Avanavan Kadamba drama written by Kavalam Narayana Panicker

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;