കാര്യകാരണങ്ങളിലൂടെ ‘ഇരുകാലിയുടെ അന്വേഷണം’

HIGHLIGHTS
  • കവിത പോലെ മനോഹരമാണ് ഈ കഥ
Irukaliyude-Anweshanam-1
SHARE
വി.എൻ. പ്രദീപ്

ഗ്രീൻ ബുക്സ്

വില: 140 രൂപ

കണ്ടതും കേട്ടതും അനുഭവിച്ചറിഞ്ഞതുമായ സംഭവങ്ങളുടെ ജീവിതാവിഷ്ക്കാരമാണ് കഥകൾ. അത്തരം അനുഭവങ്ങളെ ഭാവനയുടെ മൂർച്ച കൂട്ടി അവതരിപ്പിക്കുന്ന വി. എൻ. പ്രദീപിന്റെ പന്ത്രണ്ട് കഥകളുടെ സമാഹാരമാണ് ഗ്രീൻ ബുക്സ് പുറത്തിറക്കിയ ‘ഇരുകാലിയുടെ അന്വേഷണം’.

ജീവിതത്തിൽ നാം പലപ്പോഴായി കണ്ടുമുട്ടിയ യഥാർത്ഥ മനുഷ്യരുടെ പ്രതിരൂപങ്ങൾ ‘ഇരുകാലിയുടെ അന്വേഷണ’ത്തിലെ പല കഥയിലും കാണാം. ജീവിതം പകുക്കാനും പങ്കിടാനും കഴിയാതെ വീർപ്പുമുട്ടുന്ന മനുഷ്യരും ജീവിതം തേടി പരക്കം പായുന്നവരും കൈവന്ന ജീവിതം അറിഞ്ഞു കൊണ്ടല്ലാതെയെങ്കിലും തട്ടിത്തെറിപ്പിക്കുന്നവരും തരപ്പെട്ട ജീവിതം ബന്ധനമാകുമ്പോൾ അതിൽ നിന്നും .മോചനം നേടുന്നവരും ഈ പുസ്തകത്തിൽ ഇടം പിടിച്ചിട്ടുണ്ട്.

മുന്നിൽ ഒരു ചലച്ചിത്രം കടന്നു പോകുന്ന അനുഭവമാണ് ‘അഡയാറിലെ ഗണപതിവിഗ്രഹങ്ങൾ’ വായിക്കുമ്പോൾ അനുവാചകന് അനുഭവപ്പെടുക. പ്രണയം, വിരഹം, രതി എല്ലാം ഒത്തിണങ്ങിയ ഈ കഥയിൽ സ്നേഹം വിതുമ്പുന്ന കാഴ്ച വായനക്കാരൻ അറിയുന്നു. സിംഫണികളിലൂടെ വികസിക്കുന്ന കഥ, കഥാന്ത്യത്തിൽ കഥാകൃത്ത് പറയുന്നത് ഇനി ഒന്നാം സിംഫണി വീണ്ടും കേൾക്കുക; അല്ല വായിക്കുക എന്നാണ്. ജീവിതത്തിന്റെ ഇക്കോ സിസ്റ്റം പോലുള്ള തുടർച്ച തന്നെയാണ് ഇത്.

‘‘ഇത് എന്റെയും അവളുടെയും ആത്മഗതങ്ങളുടെ സ്വരൈക്യം, വിപരീതമായി ഇരു ധ്രുവങ്ങളിൽ സഞ്ചരിച്ചാലും അന്ത്യത്തിൽ നമ്മൾ ചെന്നെത്തുന്നത് ഒരു ബിന്ദുവിൽ ആയിരിക്കും.’’ ഇവിടെ ഇങ്ങനെ പ്രണയവും വിരഹവും മരണവും ഇങ്ങനെ സംഭവിച്ചു കൊണ്ടേയിരിക്കും എന്നൊരു സൂചന കൂടി കടന്നു വരുന്നുണ്ട്. മരണമില്ലാത്ത മനസ്സുകളിൽ ജീവിച്ച് പോകുന്ന അനുഭവ പ്രതീതി. കവിത പോലെ മനോഹരമാണ് ഈ കഥ എന്നു പറയാതെ വയ്യ.

‘പകലിനെ പുണരുന്ന മഞ്ഞ്’, ‘വെയിലിൽ ചൂട് കലരാൻ തുടങ്ങി’, ‘ബൈക്ക് പ്രണയ വെപ്രാളത്തിൽ ഇരമ്പിപ്പാഞ്ഞു’, ‘അവളും അവനിൽ തിളച്ച് മധുരമായി മാറി’, ‘കാമുകനും കാമുകിക്കും ഇടയിലുള്ള മറയാണ് പ്രണയം’ – ഉദാഹരണങ്ങൾ അനവധി. മലയാളത്തിലെ മികച്ച കഥകളിൽ ഒന്നായി ‘അഡയാറിലെ ഗണപതി വിഗ്രഹ’ത്തെ പ്രതിഷ്ഠിക്കാം.

ഇരുകാലിയുടെ അന്വേഷണത്തിൽ കാണപ്പെടുന്ന മറ്റൊരു കഥ ‘ചരിത്രത്തിലില്ലാത്ത യക്ഷി’ യാണ്. ഭാഗീരഥി പിള്ള എങ്ങനെ യക്ഷിയായിമാറി എന്ന ചിന്തയിൽ നിന്നും കഥ വികസിക്കുന്നു. ചരിത്രവും ഭാവനയും, മിത്തും ഇഴചേർന്ന കഥ. കഥയിൽ ചരിത്രം ഉറങ്ങുക മാത്രമല്ല; പുതു ചരിത്രം ഉണരുന്ന കാഴ്ചയും വായനക്കാരന് കാണാം.‘ആരും തുറിച്ച് നോക്കാത്ത ഉന്നതമായ കാലത്ത് ജീവിച്ച ഭാഗീരഥിപ്പിള്ള’ - തുറിച്ച് നോക്കാൻ ആളില്ലാതിരുന്നിട്ടും അവളിലെ സ്ത്രീത്വത്തെ കിണറിന്റെ ആഴങ്ങളിൽ തള്ളാൻ ആളുണ്ടായിരുന്നു, എന്നത് ശ്രദ്ധേയമത്രേ!

irukaliyude-anweshanam2

നാട്ടറിവിന്റെ ചന്തവും ഭാഷാമണവുമുള്ള ‘മുത്തുവമ്മ- ഇരട്ടപ്പേര് തീപ്പൊരി’ എന്ന കഥ ആഗ്രഹങ്ങളും സ്വപ്നങ്ങളുമെല്ലാം, പണിശാലയിലെ കനലിലും നെരിപ്പോടിലും എരിച്ചു തീർത്ത മുത്തുവമ്മ എന്ന കഥാപാത്രത്തെ ഹൃദയത്തിൽ വരച്ചുകാണിക്കുന്നു. നെയ്യാറും നെയ്യാറിന്റെ കരയും മുത്തുവമ്മയുടെ ഓർമ്മകളിലൂടെ ഈ കഥയിൽ ലയിച്ച് ചേർന്നിരിക്കുന്നു. കൊഴുന്നിന്റെയും ഭസ്മത്തിൻ്റേയും മണമുള്ള കഥയാണ് മുത്തുവമ്മ.

‘ഇരുകാലിയുടെ അന്വേഷണ’ത്തിലെ എല്ലാ കഥകളും ആഖ്യാന മികവും ഭാഷാ മികവും പുലർത്തുന്നവയാണ്. അടിച്ചമർത്തപ്പെട്ട രതി 

കാമനകളുടെ വിഭ്രമാത്മകതയിൽപ്പെട്ടുഴലുന്ന മനുഷ്യരെ ഈ പുസ്തകത്തിലെ കഥകളിൽ കാണാം.‘അഷ്ടാവക്രന്റെ ആത്മഗതങ്ങളും’, ‘രാവോളം രാധയും’, ‘ഫ്ലോറൻ്റീന ഗ്രൂഷ’യും ഉദാഹരണങ്ങൾ. തെക്കൻ ഭാഷയുടെ ചൂരും ചൂടും എടുത്തു പറയേണ്ടതു തന്നെ. മികച്ച ഒരു വായനാനുഭവമാണ് ‘ഇരുകാലിയുടെ അന്വേഷണം’.

English Summary: Book Review on 'Irukaliyude Anweshanam'(Short Stories) written by VN Pradeep

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;