ADVERTISEMENT

750 അടി താഴ്ചയുള്ള സമുദ്രാന്തര്‍ഭാഗത്തുനിന്ന് അതിദ്രുതം ഉയര്‍ന്ന് ഉപരിതലത്തിലെ ഓളപ്പരപ്പുകളിലേക്ക് കൂറ്റന്‍ സ്രാവിനെപ്പോലെ കുതിക്കുന്ന അന്തര്‍വാഹിനിക്കപ്പല്‍. മാസങ്ങളോളം ഭൂമിയിലെ കാറ്റും കോളും മഴയും നിറഞ്ഞ സുന്ദരജീവിതം എന്തെന്ന് അനുഭവിച്ചറിയാതെ, പവിഴപ്പുറ്റുകളും ഡോള്‍ഫിനുകളും പാഞ്ചിയോ ഭുജിയോ പോലുള്ള കുഞ്ഞന്‍ മത്സ്യങ്ങളും നിറഞ്ഞ ജലപ്പരപ്പുകളില്‍ ഭീമന്‍ നീലത്തിമിംഗത്തിന്റെ രൂപം പൂണ്ട് ഏകാന്തവാസം നയിക്കുന്ന അന്തര്‍വാഹിനി. ലോകം മുഴവന്‍ ജീവിതപ്രശ്നങ്ങള്‍ക്കുമേല്‍ ഉഴുതുമറിയുമ്പോള്‍ മണ്ണെന്തെന്ന് അറിയാതെ ഒരു കൂട്ടര്‍ ഈ അന്തര്‍വാഹിനിയില്‍ ജീവിക്കുന്നുണ്ട്. ഏതു നിമിഷവും അപ്രതീക്ഷിതമായ ആക്രമണത്തെ പ്രതിരോധിക്കാന്‍ ജാഗ്രതയോടെ കാത്തിരിക്കുമ്പോഴും സ്ഫോടനാത്മകമാണ് അവരുടെ ജീവിതം. ആ ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ ജോജിത വിനീഷ് പറയുന്ന കഥ പക്ഷേ, മനുഷ്യമനസ്സ് എന്ന അന്തര്‍വാഹിനിയെക്കുറിച്ചാണ്. കാറും കോളും നിറഞ്ഞ, മിന്നല്‍പ്പിണരുകളുടെ പ്രകാശത്തില്‍ മാത്രം അനാവരണം ചെയ്യപ്പെടുന്ന ദുരൂഹ വികാരങ്ങള്‍ നിറഞ്ഞ അന്തര്‍വാഹിനി. അപൂര്‍വവും എന്നാല്‍ അങ്ങേയറ്റം ശക്തവുമായ ഈ ഉപമ തന്നെയാണ് സബ്മറൈന്‍ എന്ന കഥയെ ശ്രദ്ധേയമാക്കുന്നത്. 

 

രണ്ടു നാവികരുടെ തിരോധാനത്തോടെയാണ് കഥ തുടങ്ങുന്നത്. എന്നാല്‍ അവരുടെ തിരോധാനത്തെ ദുരൂഹമാക്കുന്നത് അവര്‍ തമ്മില്‍ നിലനിന്ന വിചിത്രബന്ധമാണ്. അത്രയെളുപ്പം നിര്‍വചിക്കാനാവാത്ത തീവ്രമായ  ബന്ധം. 

 

ഓരോ പുരുഷന്റെയുള്ളിലും ഒരു സ്ത്രീയുണ്ട്. സ്ത്രീകളുടെയുള്ളിലുമുണ്ട് അവരറിയാത്ത പുരുഷന്‍മാര്‍. ഇവരിലൊരാള്‍ മറ്റെയാളിലെ സ്ത്രീയാല്‍ സംതൃപ്തനാവുന്ന അപൂര്‍വം നിമിഷങ്ങളില്‍ സംഭവിക്കുന്ന അതിശയകരമായ ബന്ധം. ഡോള്‍ഫിനുകള്‍ പോലും നിരര്‍ഥകമായി വെറുതെ ലംബമായും തിരഛീനമായും ചാടിരസിക്കുന്ന കടലാഴത്തില്‍വച്ച്, രണ്ട് ഒളിപ്പോരാളികള്‍ പ്രണയിതാക്കളെപ്പോലെ പരസ്പരം നിധികള്‍ തിരയുന്നത് ജോജിത വിവരിക്കുന്നത് സഹതാപത്തോടെയും എന്നാല്‍ അവരെ കാത്തിരിക്കുന്ന ദുരന്തത്തിന്റെ തീവ്രത വ്യക്തമാക്കിയുമാണ്. 

സ്വയം വിശ്വസിക്കാന്‍ പറ്റാത്ത വിധത്തില്‍ പരസ്പരം അടുത്തുപോയ രണ്ടു പുരുഷന്‍മാര്‍. അവര്‍ ജോലി ചെയ്ത അന്തര്‍വാഹിനി. അവരെ നിയമത്തിന്റെ കണ്ണില്‍ കുറ്റവാളികളാക്കിയ നിയമ സംവിധാനം. കയ്യടക്കത്തോടെ ജോജിത അവതരിപ്പിക്കുന്ന കഥ ഒറ്റവായനയില്‍ത്തന്നെ വായനക്കാരെ ആകര്‍ഷിക്കും. പെയ്തൊഴിയാത്ത അസ്വസ്ഥതയുടെ കാര്‍മേഘം മനസ്സില്‍ അവശേഷിപ്പിക്കും. 

 

വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുമ്പോഴും അധികം എഴുത്തുകാര്‍ കൈകാര്യം ചെയ്യാന്‍ മടിക്കുന്ന വിഷയങ്ങളാണ് ജോജിത പ്രഥമ കഥാ സമാഹാരത്തിലെ കഥകള്‍ക്കു വിഷയങ്ങളാക്കിയിരിക്കുന്നത്.

വിഷയത്തോടും കഥാപാത്രങ്ങളോടും എഴുത്തുകാരി പുലര്‍ത്തുന്ന പ്രതിബദ്ധത ദേജാവുവിലെ കഥകളെ സവിശേഷമാക്കുന്നു.  പുല്‍വാമയിലെ രക്തപുഷ്പങ്ങള്‍ മുതല്‍ സബ് മറൈന്‍ വരെ നീളുന്ന 12 കഥകള്‍. അപരിചിത ലോകങ്ങളിലേക്ക് അക്ഷരങ്ങളിലൂടെ നടത്തുന്ന തീര്‍ഥയാത്രകള്‍. 

English Summary: Dejavu book by Jojitha Vinish

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com