ADVERTISEMENT

പ്രാര്‍ഥനയ്ക്ക് ഒരു പ്രത്യേക മനശാസ്ത്രമുണ്ട്. അതു ഭക്തരുടെ മാത്രം ആചാരമല്ല. നിരീശ്വരവാദികള്‍ പറയുന്ന അനാചാരവുമല്ല. മനസ്സിന്റെ സ്വാഭാവിക പ്രവര്‍ത്തനങ്ങളില്‍ ഒന്നാണ്. ദിവസം തുടങ്ങുമ്പോഴോ അവസാനിക്കുമ്പോഴോ ഒരു പ്രധാന പ്രവൃത്തിക്കു തുടക്കം കുറിക്കുമ്പോഴോ പ്രാര്‍ഥന ഉരുവിടുന്നവരാണ് അധികവും. മിക്കവരും അവരവുരുടെ ദൈവത്തെ മനസ്സില്‍ ധ്യാനിച്ച്. ദൈവത്തിന്റെ അസ്തിത്വത്തെ നിഷേധിക്കുന്നവര്‍ ചില ലക്ഷ്യങ്ങളായിരിക്കും മനസ്സില്‍ കാണുന്നത്. ദൈവങ്ങളില്ലെങ്കില്‍പ്പോലും അവരെയും നയിക്കുന്നുണ്ട് ചില ആശയങ്ങള്‍, ആദര്‍ശങ്ങള്‍, മഹത്തായ ലക്ഷ്യങ്ങള്‍. പ്രാര്‍ഥന ഉരുവിടുമ്പോള്‍ മനസ്സില്‍ ആ ലക്ഷ്യം തെളിയുന്നു. ആശയമോ ആദര്‍ശമോ ദൈവമോ ഈശ്വരചിന്തയോ. പ്രാര്‍ഥന മനസ്സിനെ വിശുദ്ധമാക്കുന്നു. ലക്ഷ്യത്തില്‍ ഉറപ്പിച്ചു നിര്‍ത്തുന്നു. ഏകാഗ്രമാക്കുന്നു. മനസ്സിലൂടെ ശരീരവും പ്രവര്‍ത്തന സന്നദ്ധമാകുന്നു. 

 

ഓരോ പ്രാര്‍ഥനയ്ക്കും പിന്നില്‍ ഓരോ കഥയുണ്ട്. ലോകം മുഴുവന്‍ പ്രചരിച്ച ഒരു പ്രാര്‍ഥനയുടെ കഥയാണ് വെങ്കടേഷ് പാര്‍ഥസാരഥിയുടെ വെങ്കടേശ സുപ്രഭാതം എന്ന ഇംഗ്ലിഷ് പുസ്തകം. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ പ്രാര്‍ഥനയുടെ കഥ. തിരുമല ദേവസ്ഥാനത്ത് എല്ലാ പ്രഭാതങ്ങളിലും മുഴങ്ങിക്കേള്‍ക്കുന്ന ആ പ്രാര്‍ഥന രാജ്യത്തിന്റെ മുക്കിലും മൂലയിലും ലോകമെങ്ങുമുള്ള ഇന്ത്യക്കാരുടെ വസതികളിലും കൂട്ടായ്മകളിലും എത്തിച്ചത് എം.എസ്.സുബ്ബലക്ഷ്മിയുടെ ആലാപന മാധുര്യമാണ്. ക്ഷേത്രത്തിലെ ഒരു പ്രഭാത പ്രാര്‍ഥന എന്ന തലത്തില്‍ നിന്നു മാറി തിരക്കേറിയ ട്രാഫിക് ബ്ലോക്കില്‍പോലും ഇടയ്ക്കു മുഴങ്ങാറുണ്ട് സുപ്രഭാതം. എവിടെ, എപ്പോള്‍, എങ്ങനെ കേട്ടാലും പെട്ടെന്നു ശ്രോതാക്കളുടെ ശ്രദ്ധ പിടിച്ചെടുക്കുന്ന, മനസ്സിനെ വ്യാമുഗ്ധമാക്കുന്ന മാന്ത്രികതയുണ്ട് സുപ്രഭാതത്തിന്. ഈ പ്രശസ്തി തന്നെയാണ് ഗാനത്തിന്റെ കഥ അന്വേഷിച്ചറിയാന്‍ ബെംഗളൂരുവില്‍ താമസിക്കുന്ന വെങ്കടേഷ് പാര്‍ഥസാരഥിയെ പ്രേരിപ്പിച്ചത്. വര്‍ഷങ്ങള്‍ നീണ്ട ഗവേഷത്തിലൂടെയും സംസ്കൃത പഠനത്തിലൂടെയും അദ്ദേഹം കണ്ടെത്തിയ പാട്ടിനു പിന്നിലെ കഥയാണ് വെങ്കടേഷ സുപ്രഭാതം. ചരിത്രാന്വേഷികള്‍ക്കും സാധാരണക്കാര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന വിശിഷ്ട കൃതി. 

 

പ്രതിവാദ ഭയങ്കര അണ്ണയാണ് വെങ്കടേശ സുപ്രഭാതം എഴുതിയത്. പ്രഭാതത്തില്‍ ഈശ്വരനെ വിളിച്ചുണര്‍ത്തി ദൈനംദിന കൃത്യങ്ങളില്‍ മുഴുകാന്‍ ആഹ്വാനം ചെയ്യുന്ന കീര്‍ത്തനം. ഈശ്വരനെ ആരും ഉണര്‍ത്തേണ്ടതില്ലെന്നിരിക്കെ, ദൈനംദിന കൃത്യങ്ങളിലേക്ക് ഈശ്വരനെ നയിക്കേണ്ടത് മറ്റാരുടെയും കര്‍ത്തവ്യമല്ലെന്നിരിക്കെ വെങ്കടേശ സുപ്രഭാതത്തിന്റെ പ്രാരംഭത്തിലെ ആഹ്വാനം ഓരോ വ്യക്തിയോടുമുള്ള ആഹ്വാനം തന്നെയാണ്. ഉള്ളിന്റെ ഉള്ളിലെ ഈശ്വരനോട് സ്വയം നടത്തുന്ന പ്രാര്‍ഥന. സ്വയം നടത്തുന്ന ഓര്‍മപ്പെടുത്തല്‍. പരമ പവിത്രമായ പ്രാര്‍ഥന ഈ സുപ്രഭാതത്തിലൂടെ കര്‍ത്തവ്യങ്ങളിലേക്ക് ഉണരാനും ഉയരാനുമുള്ള ഓര്‍മപ്പെടുത്തലാണ്. പ്രാര്‍ഥന എത്രമാത്രം വിശുദ്ധമായിരിക്കുന്നോ അത്രമാത്രം പ്രധാനപ്പെട്ടതാണ് ദൈനംദിന കൃത്യങ്ങളും. ഓരോ ദിവസവും ചെയ്യേണ്ട പ്രവൃത്തികള്‍ യഥാവിധി ചെയ്യുന്നതിലൂടെമാത്രമാണ് ദൈവത്തിന്റെ സവിധത്തില്‍ മനുഷ്യര്‍ എത്തുന്നത്. മനുഷ്യനെന്നപോലെ ദൈവത്തിനുമുണ്ട് തീര്‍ത്താല്‍ തീരാത്ത ജോലികള്‍. 

 

വെങ്കടേശ സുപ്രഭാതവും എംഎസും സുപരിചിതമാണെങ്കിലും കീര്‍ത്തനം എഴുതിയ പി.ബി.അണ്ണ എന്ന ഗാനരചയിതാവിനെ  പലര്‍ക്കും അറിയില്ല. അദ്ദേഹത്തിന്റെ ജീവിതകഥയും ഈ കീര്‍ത്തനം എഴുതാനുണ്ടായ കഥയും അറിയേണ്ടത് അത്യാവശ്യമാണ്; സുപ്രഭാതം പൂര്‍ണമായി, അര്‍ഥഗംഭീരമായി അറിയാനും ആസ്വദിക്കാനും. 

 

സുപ്രഭാതത്തിന്റെ പിന്നിലെ കഥ അറിയാന്‍ ഭക്തനായും ഗവേഷകനായും കൂടുമാറി നടത്തിയ വെങ്കടേഷ്  പാര്‍ഥസാരഥിയുടെ യാത്ര തിരുമലയില്‍ എത്തുന്നുണ്ട്. ഒരു തണുത്ത പ്രഭാതത്തില്‍ സുപ്രഭാതം കേട്ട് എല്ലാം മറന്നു നില്‍ക്കുന്ന ഭക്തനാകുന്നുണ്ട് അദ്ദേഹം. മനസ്സു നിറഞ്ഞു മടങ്ങുന്നുണ്ട്. അതേ അനുഭൂതിയിലൂടെ കടന്നുപോകാന്‍ അദ്ദേഹം വാനയക്കാരെയും ക്ഷണിക്കുകയാണ് ഈ പുസ്തകത്തിലൂടെ. 

 

ദിവസവും പ്രഭാതത്തില്‍ എംഎസിന്റെ മാസ്മരിക ആലാപനത്തിലൂടെ, സ്വരശുദ്ധമായ ശ്രുതികീര്‍ത്തനത്തിലൂടെ മനസ്സിനെ തഴുകിയൊഴുകിയ സുപഭാതത്തിന്റെ പിന്നിലെ അറിയാക്കഥകളാണ് വെങ്കടേഷ് പാര്‍ഥസാരഥി എഴുതുന്നത്. സുപ്രഭാതത്തിലെ ഓരോ വരികളുടെയും സംസ്കൃത മൂലവും ഇംഗ്ലിഷ് മൊഴിമാറ്റവും എഴുതി അര്‍ഥം വിശദീകരിച്ച് വ്യാഖാനം പൂര്‍ത്തിയാക്കുകയാണ് അദ്ദേഹം. ഈ പുസ്തകം വായിച്ചുകഴിഞ്ഞു സുപ്രഭാതം കേള്‍ക്കുമ്പോള്‍ അത് ഇതുവരെ കേട്ട കീര്‍ത്തനം മാത്രമായിരിക്കില്ല. ആലാപനത്തിന്റെ, ആരാധനയുടെ മറ്റൊരു സ്ത്രോത്രഗീതം മനസ്സില്‍ വിരിയും. അതുന്നെയാണ് ഈ പുസ്തകത്തിന്റെ ധന്യത. 

 

English Summary: Venkatesa Suprabhatam by Venkatesh Parthasarathy, The Story of India’s Most Popular Prayer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com