ജീവിതം നഷ്ടപ്പെട്ടു എന്നു തോന്നുന്നിടത്ത് നിന്നും തിരിച്ചു വരാനുള്ളൊരു മന്ത്രം

HIGHLIGHTS
  • സ്നേഹത്തെകുറിച്ച് ഒരു പുസ്തകം
book-naufal-p
SHARE
നൗഫൽ എൻ.

പ്രവദ ബുക്സ്

വില: 130 രൂപ

സ്നേഹത്തെക്കുറിച്ച് ഫെയ്‌സ്ബുക്കിൽ എഴുതിയ ഒരു കുറിപ്പിലൂടെയാണ് നൗഫൽ എന്ന ചെറുപ്പക്കാരനെ കാണുന്നത്. ആരോ ഷെയർ ചെയ്ത ഇത്തിരി വലിയൊരു കുറിപ്പ്. ഇതുമുഴുവൻ ആരാണ് വായിക്കുക എന്ന തോന്നലിൽ വായിച്ചു തുടങ്ങിയ കുറിപ്പ് മുഴുവൻ വായിക്കാതെ നിർത്താനാവുമായിരുന്നില്ല. ഒടുവിൽ കണ്ണും ഹൃദയവും നിറഞ്ഞു രണ്ടാമതും മൂന്നാമതുമൊക്കെയായി മാത്രമേ അത് വായിച്ചു തീർക്കാനായുള്ളൂ. ആ കുറിപ്പ് ഇവിടെയുണ്ട്, നൗഫൽ എൻ. എഴുതിയ അയാളുടെ പുതിയ പുസ്തകമായ, ‘‘ഇനി പറയുമോ ജീവിതത്തിൽ ഒരല്പ്പവും ജീവിതം ബാക്കിയില്ലെന്ന്?’’ എന്നതിൽ, അതിൽ ഒരു ഭാഗം ഇതാണ്,

‘‘ഒരു കൂട് അതിന്റെ കിളിയെ തേടി പോകും പോലെ ചില സ്നേഹങ്ങളെ നമ്മൾ തേടി ഇറങ്ങുന്നു.

അസാധ്യമായ ഹൃദയ വഴക്കത്തോടെ, നമ്മൾ അത് പറന്ന വഴി മുഴുവൻ തേടി നടക്കുന്നു. എന്തിനാണ് എന്നൊന്നും നമ്മുക്ക് അറിയില്ല. അറിഞ്ഞിട്ട് എന്ത്? നോക്ക്, സ്നേഹിക്കാൻ ഒരാളെ കിട്ടുക എന്നാൽ ദൈവത്തെ കൂട്ടിന് കിട്ടും പോലെയാണ്. അതിനു വേണ്ടി നമ്മൾ നമ്മളെ തന്നെ ബലി കൊടുക്കും.’’

പിന്നെയും ഒരുപാട് വാക്കുകൾ കൂട്ടി വച്ച് സ്നേഹം കൊണ്ട് വായിക്കുന്നവരെ വിശുദ്ധീകരിക്കുകയാണ് നൗഫൽ.

സ്നേഹത്തെക്കുറിച്ച് ആർക്കൊക്കെയാണ് എഴുതാനാവുക? സ്നേഹം കൊണ്ട് പൂർണത കിട്ടാതെ അലയുന്നവർക്ക്? എത്ര കൊടുത്താലും ബാക്കി എന്തൊക്കെയോ പിന്നെയുംനൽകാൻ പിന്നെയുമുണ്ടെന്ന് തോന്നുന്നവർക്ക്? നൗഫലും അത് തന്നെയാണ് പറയുന്നത്, പക്ഷേ പൂർണതയിലേക്കുള്ള യാത്രയാവാം അത്. എപ്പോഴും പാത്രം നിറഞ്ഞിരിക്കേണ്ടതിന്റെ ആവശ്യകതയാണ് നമ്മുടെയൊക്കെ ഉള്ളിലുള്ളത്, ആ തോന്നലിനെ യാഥാർഥ്യമാക്കി മാറ്റാനായി സ്നേഹത്തിനു വേണ്ടി ചിലപ്പോൾ നാം അലഞ്ഞു നടന്നേക്കാം, ചില നേരങ്ങളിൽ അപേക്ഷയുമായി നായയെപ്പോലെ കാവൽ കിടന്നേക്കാം, ഒരു പ്രയോജനവുമില്ലെങ്കിലും കരഞ്ഞു വിളിച്ചു ജീവിതത്തിൽ നിന്ന് തന്നെ ഇറങ്ങി പോയേക്കാം. അതാണ് സ്നേഹത്തിലേക്കുള്ള യാത്രയുടെ മഹത്വം. നൗഫൽ എഴുതുന്നു,

‘‘ഇന്ന് രാവിലെ പ്രിജിത് ഏട്ടൻ എഫ് ബിയിൽ അമ്മാമയോടൊപ്പം നിൽക്കുന്ന പടം ഇട്ടു കണ്ടു. അതിന്റെ ക്യാപ്‌ഷൻ എന്നെ എത്ര കൊളുത്തി വലിച്ചെന്ന് നിനക്ക് അറിയുവോ? ‘ലോകത്ത് എന്നെ ഏറ്റവും ഇഷ്ടപ്പെടുന്നവരിൽ ഒരാൾ’ എന്നാണത്.

എനിക്ക് ആ വരി കണ്ടപ്പോ ശരിക്കും പേടി വന്നു. ‘ലോകത്ത് എന്നെ ഏറ്റവും ഇഷ്ടപ്പെടുന്ന ആൾ’ എന്ന ആത്മവിശ്വാസത്തോടെ എനിക്ക് പറയാൻ ആരൊക്കെയുണ്ട്. 

ആത്മവിശ്വാസത്തേക്കാൾ വലിയ സ്‌നേഹ വിശ്വാസം ഉണ്ടെങ്കിൽ മാത്രമല്ലേ അങ്ങനെ പറയാൻ പറ്റു. എന്നെ അത്രയ്ക്ക് ഒക്കെ ലോകത്തിൽ ആരെങ്കിലും സ്നേഹിക്കുന്നുണ്ടാകുമോ?

എനിക്ക് ശരിക്കും പേടി ആവുന്നു. എത്ര കുറച്ചു പേരുകൾ. വിരലിൽ എണ്ണാവുന്നവർ. അവർ എന്നെ സ്‌നേഹിക്കുന്നു എന്നത് എന്റെ തോന്നൽ ആകുമോ. എനിക്കറിഞ്ഞൂടാ. അവർ എന്നെ സ്‌നേഹിക്കണം എന്നാഗ്രഹിക്കാൻ എന്ത് അർഹതയാണ് എനിക്കുള്ളത്. എനിക്കറിഞ്ഞൂടാ.

ഞാൻ പറഞ്ഞില്ലേ സ്‌നേഹത്തെ പറ്റി ഓർക്കുമ്പോൾ മനുഷ്യർ കൊടിയ ദുർബലർ ആവുന്നു. 

ആട്ടെ, നിന്നെ ഏറ്റവും സ്നേഹിക്കുന്ന പത്തു പേര് ആരൊക്കെയാണ്? അതിൽ ഞാനുണ്ടോ? പറയ്. രണ്ടാമത് ഒരാവർത്തി കൂടി ആലോചിച്ചുറപ്പിക്കാതെ വേഗം പറയ്..’’

എനിക്ക് സൂര്യനെ കാണാം. ഇനി സൂര്യനെക്കണ്ടില്ലെങ്കിൽത്തന്നെ അതവിടെ ഉണ്ടെന്നറിയാം. സൂര്യനവിടെ ഉണ്ടെന്നറിയുക, അതിനാണ് ജീവിക്കുക എന്ന് പറയുന്നത്-  ഫയദോർ ദസ്തേവ്സ്കിയുടെ ഈ വാചകങ്ങളെ ആമുഖക്കുറിപ്പിന്റെ ആദ്യം തന്നെ കൊളുത്തി വച്ച് നൗഫൽ എന്തിനാവും ഈ പുസ്തകം തുടങ്ങിയിട്ടുണ്ടാവുക? സ്നേഹത്തെയും സൂര്യനെയും ഒരേ വൈകാരികതയോടെ കണ്ടെത്താൻ കഴിയുന്നൊരു നിമിഷത്തിലാവണം ആ വരികൾ ഈ പുസ്തകത്തിന്റെ ആദ്യത്തെ വരിയായി തീർന്നത്. ചില സമയങ്ങളിൽ ഹൃദയം നിറഞ്ഞിരിക്കുന്ന അനുഭവങ്ങളുണ്ട്, ഒരു കാരണവുമില്ലാതെ ആനന്ദം കൊണ്ട് കണ്ണ് നിറയുന്ന അനുഭവം, സ്നേഹിക്കപ്പെടുന്ന മനുഷ്യർക്ക് അത് വ്യക്തമായും തിരിച്ചറിയാം, അവരുടെ കണ്ണുകളെപ്പോഴും ആർദ്രമായിരിക്കും. 

‘‘എത്രകോടി മനുഷ്യര്‍ വാഴുന്ന ഭൂമിയാണിത്. ഇതില്‍ നിങ്ങള്‍ക്കാരുമില്ലാ എന്നു കരയരുത്. അങ്ങനെ കരുതുന്നുണ്ടെങ്കില്‍ വിശ്വമാനവികതയുടെ ഹൃദയത്തെയാണ് നിങ്ങള്‍ ചോദ്യം ചെയ്യുക. ആരോ ഉണ്ട്... ജീവിതവുമായി നിങ്ങളെ ബന്ധിപ്പിക്കുന്ന അദൃശ്യമെങ്കിലും ദൃഢമായ ഏതോ കണ്ണി. എത്ര ദൂരെയായാലും സ്നേഹത്തിന്റെ കാന്തികഹൃദയത്തിലേക്ക് ചേര്‍ത്തു നിര്‍ത്തുന്ന ഒരു കണ്ണി...” സ്നേഹത്തെക്കുറിച്ച് ബോബി അച്ചൻ പറഞ്ഞ വാക്കുകളാണ് എല്ലായ്പ്പോഴും ഓർമ്മ വരിക. ഓർമ്മകൾ നീണ്ടു കിടക്കുന്ന ജീവിതം സ്നേഹിക്കപ്പെടാതെ തീർന്നു പോകുന്നതേയില്ലെന്ന് എത്ര പേര് മനസ്സിലാക്കുന്നുണ്ടായിരിക്കണം?

‘മിസ്റ്റർ നൗഫൽ...’

‘എന്തുവാ, പറ?’

‘അയ്യേ. ഇച്ചിരി സ്നേഹത്തിൽ മിണ്ട്. ഇങ്ങനെയാണോ ഒരാളോട് മിണ്ടുന്നത്?ഇയാൾക്ക് തള്ള് മാത്രമേയുള്ളു സ്നേഹം ഇല്ല.’

‘ഹിഹി. വൻ ഫോമിൽ ആണല്ലോ. പറ, കേക്കട്ടെ.’

‘ഒരു ചോദ്യമാണ്. ചോദിക്കട്ടെ?’

‘മ്’

‘ജീവിതത്തിൽ ഒരിക്കലും സങ്കൽപ്പിക്കാൻ ആവാത്ത ‘നീ’ ഏതാണ്?’

‘എന്നു വച്ചാൽ?’

‘എന്നു വച്ചാൽ, നിനക്ക് ജീവിതത്തിൽ ഒരിക്കലും അഭിസംബോധന ചെയ്യാൻ ഒക്കില്ല എന്നു കരുതുന്ന നീ.?’

‘അമ്മ മരിച്ചു പോയ ശേഷമുള്ള ഞാനാണത്. ആ നിമിഷത്തിലെ എന്നെ. ആ ദിവസത്തിലെ എന്നെ. അതിനു ശേഷം ബാക്കിയാവുന്ന എന്നെ. അങ്ങനെ ഒരെന്നെ എനിക്ക് സങ്കൽപ്പിക്കാൻ ആവുന്നതേയില്ല.’

‘എന്തുകൊണ്ടാണ്? അതു കൂടെ പറയ്.’

‘എനിക്ക് അറിഞ്ഞൂടാ. ജീവിതത്തിൽ ഏറ്റവും വഴക്കിട്ടിട്ടുള്ളത് അമ്മയോടാണ്. ഫോൺ വിളിച്ചാൽ ഏറ്റവും കൂടുതൽ reject ചെയ്തിട്ടുള്ള നമ്പർ അമ്മയുടേതാണ്. പിശുക്കി പിശുക്കി സ്നേഹം കാണിച്ചിട്ടുള്ളത് അമ്മയോടാണ്.

എനിക്ക് എല്ലാം സങ്കൽപ്പിക്കാൻ പറ്റുന്നുണ്ട്. കൂടെയുള്ള മനുഷ്യർ, ബന്ധങ്ങൾ, സ്നേഹങ്ങൾ, പേര്, പണം. അതെല്ലാം നഷ്ടപ്പെട്ട ശേഷമുള്ള എന്നെ എനിക്ക് സങ്കൽപ്പിക്കാൻ പറ്റുന്നുണ്ട്. പക്ഷേ അമ്മയില്ലാത്ത എന്നെ എനിക്ക് സങ്കൽപ്പിക്കാൻ വയ്യ. അമ്മ മരിച്ചാൽ ഞാൻ എന്തു ചെയ്യും. എനിക്കറിഞ്ഞൂടാ.’ അമ്മയെക്കുറിച്ച് ഇതിലും മനോഹരമായൊരു സ്നേഹക്കുറിപ്പ് എവിടെയാണ് വായിക്കാനാവുക?

‘‘അറിയാൻമേലാത്ത രണ്ടു മനുഷ്യർ ചിരി തുടങ്ങിയാൽ സൗഹൃദത്തിലോ പ്രണയത്തിലോ അവസാനിക്കും’’ എന്ന സിദ്ധാന്തത്തെ പ്രവചനാതീതമായ പ്രണയത്തിന്റെ മേമ്പൊടി കൊണ്ട് വരച്ചിട്ട പ്രണയകഥകളിലുമുണ്ട് നൗഫലിന്റെ സ്നേഹതുണ്ട്. 

‘‘പാട്ട് പാടുന്ന മനുഷ്യർക്ക് വല്ലാത്ത ഭംഗിയാണ് എന്നെനിക്ക് എപ്പഴും തോന്നാറുണ്ട്, പാട്ട് പാടുന്ന കാമുകി, പ്രണയത്തെ രാഗങ്ങളുടെ മേലാപ്പറമ്പാക്കി മാറ്റുന്നു. ഇത്ര ഈസിയാണോ പ്രേമിക്കാൻ എന്നെനിക്ക് അദ്‌ഭുതം തോന്നി. പ്രേമിക്കാൻ വേണ്ടി തെണ്ടി തിരിഞ്ഞു നടന്ന കാലത്ത് നിന്ന് പ്രേമം ഒരു കപ്പക്ക കുത്തിയിടുന്നത് പോലെ എളുപ്പമാണ് എന്ന് പിടികിട്ടുന്ന കാലത്തേയ്ക്ക് എത്ര വേഗമാണ് ജീവിതം നമ്മെ ഓടിച്ച് ഓടിച്ചു കൊണ്ട് പോകുന്നത്...’’ പ്രണയിക്കാൻ എളുപ്പമെന്നത് പോലെ അതിൽ നിന്ന് പിരിഞ്ഞു പോകാനും എളുപ്പമാണെന്നും ആർക്കൊക്കെയറിയാം? പക്ഷേ ഇറങ്ങി നടന്ന് എത്ര ദൂരത്തിൽ പോയാലും പിന്നീടൊരിക്കൽ കൂടി തിരിച്ചു വിളിക്കാൻ തോന്നുന്ന എന്തെങ്കിലുമുണ്ടോ സ്നേഹത്തിൽ? പക്ഷേ ആ പഴയ, ഉപേക്ഷിക്കപ്പെട്ട സ്നേഹത്തിന്റെ ആഴമില്ലാത്ത ഒരു പിൻവിളി മാത്രമായിരിക്കാം അത്. ജീവിതത്തെ നൗഫലിന്റെ പുസ്തകത്തിലൂടെ വായിച്ചെടുക്കുന്നു. എത്ര വായനക്കാരുടെ പൊള്ളുന്ന സ്നേഹചുംബനങ്ങളാൽ തന്നെയാവും ഈ പുസ്തകത്തിനു ഇത്രയധികം താളുകളുണ്ടായത്!

ജീവിതം ഇതാ ഇവിടെ നഷ്ടപ്പെട്ടു എന്നു തോന്നുന്നിടത്ത് നിന്നും തിരിച്ചു വരാനുള്ളൊരു മന്ത്രമുണ്ട് നൗഫൽ എഴുതിയ ഈ പുസ്തകത്തിൽ. അതെന്താണ് എന്നത് വായിച്ച് തന്നെ മനസ്സിലാക്കേണ്ടതുണ്ട്. അതുപോലെ ആത്മഹത്യ എന്ന നൂൽ വള്ളിയിൽ കൊരുത്ത് ജീവൻ തൂങ്ങിയാടി നിൽക്കാൻ കൊതിച്ച് നിൽക്കുമ്പോൾ അതിൽ നിന്ന് പോലും പിൻവിളി വിളിക്കാൻ ഈ പുസ്തകത്തിന് കെൽപ്പുണ്ടെന്നു പറഞ്ഞാൽ അതും അതിശയോക്തിയല്ല. ആത്മഹത്യയെക്കുറിച്ച് നൗഫൽ പുസ്തകത്തിലെഴുതിയിട്ടുണ്ട്, സ്നേഹത്തിന്റെ ഒരുമ്മ പോലും കിട്ടാതെ പോയവരാണ് അവർ എന്നാണ് അയാൾ പറയുന്നത്. ശരിയായിരിക്കാം, എല്ലാ വഴികളും അടയുമ്പോഴാണല്ലോ ഒരാൾ ജീവിതത്തിൽ നിന്നും ഇറങ്ങി നടക്കാൻ തീരുമാനിക്കുന്നത്. അയാളെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ തക്ക സ്നേഹമുള്ള ഒരുമ്മ അയാൾക്ക് നൽകാൻ ആരുമില്ലാത്തതുകൊണ്ടാവുമല്ലോ ആ യാത്രയാവൽ. കൊടുക്കുമ്പോൾ മാത്രം, അതും അർഹിക്കുന്നത് പോലെ കൊടുക്കുമ്പോൾ മാത്രം തിരികെ കിട്ടുന്ന സ്നേഹത്തിന്റെ പകരക്കാരിയാകാൻ മറ്റൊന്നുമില്ല എന്ന് നൗഫൽ ഉറപ്പിക്കുന്നു. ഈ പുസ്തകവും. ഉറുമ്പരിക്കുന്ന നാരങ്ങാമിട്ടായിയോട് തോന്നുന്ന അതെ നിഷ്കളങ്കമായ സ്നേഹം പുസ്തകത്തിന്റെ കവറിനോട് തോന്നുന്നുണ്ട്. ഉള്ളിൽ അതിലും തേൻ തുളുമ്പുന്ന നിലാവിന്റെ മധുരമാണ്.

English Summary: Ini parayumo jeevithathil oralpavum jeevitham backi illennu, book by Nowfal N

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;