ADVERTISEMENT

അമ്മ പറഞ്ഞുകേട്ടിട്ടുണ്ട്. കുഞ്ഞിലേ മൊല കുടിച്ചുകഴിഞ്ഞാലുടനെ ഞാന്‍ കുതറിമാറുമെന്ന്. എത്ര ചേര്‍ത്തുപിടിച്ചുകിടന്നാലും ഒരുറക്കം കഴിഞ്ഞുനോക്കുമ്പോ ഞാനുരുണ്ടുമാറിക്കിടക്കുന്നതു കാണാമെന്ന്. ഇപ്പഴും എനിക്കു വേറൊരാള്‍ കൂടെക്കിടക്കുന്നത് ഇഷ്ടമല്ല. പുരുഷന്റെ ചുണ്ട് തേരട്ടപോലെ എന്റെ ശരീരത്തിലിഴയുന്നത് ഓര്‍ക്കുമ്പോള്‍തന്നെ എനിക്ക് അറപ്പാണ്. അവന്റെ നീരാളിക്കൈകള്‍ എന്നെ വരിഞ്ഞുമുറുക്കുമ്പോള്‍ എനിക്കു ശ്വാസം മുട്ടുമെന്നു തീര്‍ച്ച. അവന്റെ വിയര്‍പ്പ് എന്റെ ദേഹത്തുവീഴുന്നത് എനിക്കു സങ്കല്‍പിക്കാന്‍പോലും വയ്യ. ഞാനിങ്ങനെയങ്ങു ജീവിച്ചു ചത്തോളാം. നിങ്ങളു പോയി കല്യാണം കഴിക്ക്. കൊച്ചുങ്ങളെ ഒണ്ടാക്ക്. മക്കള് കൊളയട്ടകളെപ്പോലെ നിങ്ങടെ  ചോര മുഴുവന്‍ ഊറ്റിക്കുടിച്ച് മതിയാവുമ്പോ വിട്ടുപോകട്ടെ. ഒടുവില് ഭര്‍ത്താവും ഭാര്യേം വെറും ചണ്ടി പണ്ടാരങ്ങളായി പരസ്പരം വെറുത്ത് ഒന്നും വേണ്ടാരുന്നു! ഒന്നും വേണ്ടാരുന്നു ! എന്നു സ്വയം ശപിച്ച് നരകിക്ക് ! 

 

പെണ്ണു കാണാന്‍ വന്ന പുരുഷനെ ഒറ്റയ്ക്കു കാണുമ്പോള്‍ ഇതാണ് അവള്‍ക്ക് പറയാനുള്ളത്. അതു കേള്‍ക്കുമ്പോള്‍ അയാളുടെ കണ്ണുകള്‍ തുറിച്ചുതുറിച്ചുവന്നു. ഒടുവില്‍ അയാള്‍ തുറിച്ച രണ്ടു കണ്ണുകള്‍ മാത്രമായി. 

 

ഏകാംഗം എന്ന കഥയിലെ യുവതി ഗ്രേസിയുടെ കഥാലോകത്തെ ഒറ്റപ്പെട്ട വ്യക്തിത്വമല്ല. വ്യത്യസ്തവും വിചിത്രവുമായി ചിന്തിക്കുകയും പെരുമാറുകയും ചെയ്യുന്ന ഒട്ടേറെ സ്ത്രീകളില്‍ ഒരുവള്‍ മാത്രമാണ്. പെണ്ണനുഭവം ഗ്രേസി അവതരിപ്പിക്കുന്നത് സ്ത്രീകളുടെ കാഴ്ചപ്പാടില്‍ നിന്നു മാത്രമല്ല. കുടുവിട്ട് കൂടുമാറി പുരുഷന്റെ കാഴ്ചപ്പാടില്‍ കഥ പറയാനും ഗ്രേസിക്കു കഴിയും. അതിന്റെ മികച്ച ഉദാഹരണമാണ് രണ്ടു ചരിത്രകാരന്‍മാരും ഒരു യുവതിയും എന്ന കഥ. മദ്യക്കുപ്പിയുടെ ഇരുവശങ്ങളിലുമിരുന്ന് ഒരു യുവതിക്കു വേണ്ടി തര്‍ക്കിക്കുന്ന രണ്ടു ചരിത്രകാരന്‍മാരിലൂടെ പുരുഷ അവകാശങ്ങളുടെയും അവകാശവാദങ്ങളുടെയും തൊലിയുരിച്ചു കാണിക്കുകയാണ് ഗ്രേസി. 

 

ഉഭയം എന്ന കഥയില്‍ മുറച്ചെറുക്കനെ രതിസുഖ സാരത്തിലൂടെ തന്റെ വഴിക്കു കൊണ്ടുവരുന്ന യുവതിയാണു നായിക. യൗവ്വനത്തില്‍ ഏറ്റെടുക്കേണ്ട വെല്ലുവിളികളില്‍ നിന്ന് ഒഴിഞ്ഞുമാറുകയും സ്ത്രീകളേക്കാള്‍ പുരുഷന്‍മാരെ ഇഷ്ടപ്പെടുകയും ചെയ്യുന്ന അരവിന്ദനെ അശ്വതി പൂര്‍ണമായും കീഴടക്കുന്നതു സ്നേഹത്തിലൂടെ മാത്രമല്ല. ശരീരത്തിന്റെ കാമനകള്‍ ഉണര്‍ത്തിയുമാണ്. ഒരു യുവതിക്ക് അതിനു കഴിയുമോ എന്ന സംശയം ഒരിക്കലും തോന്നാത്ത രീതിയിലാണു അശ്വതിയുടെ പാത്രസൃഷ്ടി. 

 

പെണ്ണനുഭവത്തെ ഒന്നിലധികം കാഴ്ചപ്പാടുകളിലൂടെ നോക്കി പുരുഷന്‍മാര്‍ക്കുനേരെ മാത്രമല്ല, പുരുശാധിപത്യമുള്ള ലോകത്തിനുനേരെയും അഭിമുഖം നിര്‍ത്തി ഗ്രേസി അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ കണ്ണീരു കുടിക്കുന്നവരും പരിഭവത്തിന്റെ പാരിജാതങ്ങളുമല്ല. ജീവിതത്തനെ നേരിടാന്‍ തയാറുള്ളവരാണവര്‍. അതിനുവേണ്ട ശേഷിയും തന്റേടവും കൈമുതലായുള്ളവര്‍. ലൈംഗിക കാര്യങ്ങളില്‍പോലും മുന്‍കയ്യെടുക്കാന്‍ അവര്‍ മടി കാണിക്കുന്നില്ല. പുരുഷനൊപ്പവും ഒറ്റയ്ക്കുമെല്ലാം അവര്‍ ജീവിതത്തിന്റെ നിയന്ത്രണം 

ഏറ്റെടുക്കുന്നു. നിഷേധിക്കപ്പെട്ട സന്തോഷങ്ങള്‍ കണ്ടെത്തുന്നു. നെഞ്ചു വരിച്ചും കാലകത്തിയും ധൈര്യപൂര്‍വം നടന്നു പുതിയ മേച്ചില്‍പ്പുറങ്ങള്‍ സൃഷ്ടിക്കുന്നു. 

 

പീലിച്ചേട്ടനും അന്നംകുട്ടിച്ചേട്ടത്തിയും മരുമകളും അവരുടെ മകളുമാണ്  തെറി എന്ന കഥയിലെ കഥാപാത്രങ്ങള്‍. മകന്‍ അകാലത്തില്‍ മരിച്ചതിന്റെ പേരില്‍ പീലിച്ചേട്ടന്‍ കുറ്റപ്പെടുത്തുന്നതു മകളെ. അതും കണ്ണുപൊട്ടുന്ന തെറിയുടെ അകമ്പടിയോടെ. എന്നാല്‍ വിഷമിക്കാതിരിക്കാനല്ല അന്നംകുട്ടിച്ചേട്ടത്തി മരുമകളോട് പറയുന്നത്. തെറി പറഞ്ഞു പീലിച്ചേട്ടനോടു പിടിച്ചുനില്‍ക്കാനാണ്. അതോടെ അയാളുടെ ശൗര്യം കുറയുമെന്നും അവര്‍ ഉപദേശിക്കുന്നു. ഇനി പരസ്യമായി തെറി പറയാന്‍ മടിയുണ്ടെങ്കില്‍ അതിനുള്ള മറുമരുന്നും അന്നംകുട്ടിച്ചേട്ടത്തിയുടെ കയ്യിലുണ്ട്. 

ചെല മര്ന്ന് തൊലിപ്പുറത്തു പൊരട്ടി ഇരുട്ടത്തിരുന്നാലേ ഫലോള്ളൂ. അതുപോലാ ഇതും. പല്ല് ഞെരിച്ച് ആരും കേക്കാതെ പറഞ്ഞ്നോക്ക്. അപ്പോ അറിയാം കാര്യം ! 

English Summary: Randu Charithrakaranmarum Oru Yuvathiyum book by Gracy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com