ADVERTISEMENT

ആശിസ്സ്്: വെള്ളച്ചാന്തും ദീപിതക്കോലും കയ്യേല്‍പോരേ, ഇന്നു ഞങ്ങള്‍ ചൊല്ലില്‍ കുറവാളായ് വന്ന് പൊയെങ്കിലോ നാളെ നിങ്ങള്‍ ചൊല്ലില്‍ നിറവാളായ് യോഗം വരട്ടെ ! 

 

ഈ അനുഗ്രഹത്തോടുകൂടിയാണു മാക്കം തോറ്റത്തിന്റെ തെയ്യം അവസാനിക്കുന്നത്. 

വാക്കില്‍ വൈഭവമില്ലാത്തവരായി ഞങ്ങള്‍ ഭവിച്ചുപോയിട്ടുണ്ടെങ്കില്‍ ഭാവിയില്‍ നിങ്ങള്‍ക്ക് നിറഞ്ഞ വൈഭവത്തോടെ ആടാനും പാടാനും ഉരിയാടാനും സാധിക്കട്ടെ എന്ന നന്‍മ നിറഞ്ഞ ആശിസ്സ്. മാക്കം എന്ന യുവതിയായ അമ്മയും രണ്ടു പിഞ്ചുമക്കളും അനുഭവിച്ച ഹൃദയവേദനയുടെ തോറ്റം പാട്ടിന്റെ അവസാനം പറയുന്ന ഈ ആശിസ്സ് ഒരു ക്ഷണമാണ്. മാക്കത്തിന്റെ കഥയിലേക്കു മടങ്ങിപ്പോകാനുള്ള ക്ഷണം. മനസ്സര്‍പ്പിച്ചു വായിച്ച് വീണ്ടും പാടാനുള്ള ക്ഷണം. തെറ്റുകുറ്റങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍ അവ കഴിയുന്നത്ര ഒഴിവാക്കി പാടൂ വീണ്ടും. ഓരോ തവണയും പാടുമ്പോള്‍ തെറ്റുകള്‍ കഴിയുന്നത്ര കുറയട്ടെ. തോറ്റം കൂടുതല്‍ മനോഹരമാകട്ടെ. ഹൃദയത്തെ വശീകരിക്കട്ടെ. നാടും നാട്ടാരും മാലോകരും അറിയട്ടെ മാക്കത്തിന്റെ വേദന. നാത്തൂന്‍മാരുടെ ചതി. പൊന്നാങ്ങളമാരുടെ മുന്നും പിന്നുമില്ലാത്ത കോപത്തിന്റെ ക്രൂരത. തലമുറകളിലൂടെ മാക്കം പുനര്‍ജനിക്കട്ടെ. അനാഥമായ മാക്കത്തിന്റെ നിലവിളി ഏറ്റെടുത്ത് കാലം തോറ്റം കെട്ടിയാടട്ടെ !. 

 

നൂറ്റാണ്ടുകള്‍ക്കു മുന്‍പാണ് കണ്ണീരില്‍ കുതിര്‍ന്ന മാക്കത്തിന്റെ തോറ്റം ആദ്യമായി പാടി ഓലയില്‍ എഴുതിയത്. അജ്ഞാതനായ കവിവര്യന്‍. സ്വന്തം പേര് മാക്കത്തിന്റെ കഥയ്ക്കൊപ്പം ചേര്‍ത്തുവയ്ക്കാതിരുന്ന നിസ്വാര്‍ഥനായ കഥാകാരന്‍. തിരശ്ശീലയ്ക്കു പിന്നില്‍ മറഞ്ഞ്, മാക്കത്തെയും മക്കളെയും അരങ്ങിലേക്ക് ആനയിച്ച ആ കവി ആഗ്രഹിച്ചത് കഥ അന്യം നില്‍ക്കരുതെന്നു മാത്രം. ആ സ്വപ്നം സഫലമായി. ഉത്തരകേരളത്തില്‍, വിശേഷിച്ചും കണ്ണൂര്‍ ജില്ലയില്‍ വര്‍ഷംതോറും കെട്ടിയാടിച്ചുവരുന്ന തോറ്റങ്ങളാണ് മാക്കവും മക്കളും. ഈ തെയ്യങ്ങള്‍ക്കൊപ്പം കൊലചെയ്യപ്പെട്ട കാട്ടടിയാനും മാവിന്റെ ഇലകള്‍ ചുറ്റിയ അപരിഷ്കൃത വേഷത്തില്‍ തെയ്യമായി അരങ്ങിലെത്തും. കുഞ്ഞുങ്ങള്‍ പിറക്കാനുള്ള പ്രത്യേക വഴിപാടുകളുമായി മാക്കം തെയ്യത്തെ പ്രത്യേകം കെട്ടിയാടിക്കാറുമുണ്ട്. 

 

ഭഗവതിയുടെ തിരുനടയില്‍ കല്‍വിളക്കിന്റെ ചോപ്പുവെളിച്ചത്തില്‍ ഉണിച്ചെറിയയുടെ പ്രാര്‍ഥനയുടെ ഓര്‍മ. ആ പ്രാര്‍ഥനയില്‍ നിന്നാണല്ലോ മാക്കത്തിന്റെ ജനനം. 

 

ഓര് പെങ്കുഞ്ഞീന കിട്ടാന്‍ ഞാന്നി ഏടപ്പോയി വരമിരിക്കണം. പകലുദിക്കും ആദിത്യനോടോ ഞാന്നി വരമിരിക്കേണ്ടത്. രാവുദിക്കും ചന്ദ്രനോടോ ഞാന്നി വരമിരിക്കേണ്ടത്. മുമ്പ് എപ്പഴും വരമിരിക്കുന്ന വയത്തൂരെ ബലിക്കല്‍ മുരട്ടന്നെ ഞാന്‍ വരമിരിക്കാം. ഇരുഷിവനത്തില്‍ തപസ്സിയാരെ ഞാന് വരമിരിക്കാം ! 

 

ഈ പ്രാര്‍ഥനയില്‍ നിന്നാണ് മാക്കത്തിന്റെ ജനനം. മന്ത്രമൂര്‍ത്തി ഭഗവാന്‍ കിനാവില്‍ പ്രത്യക്ഷപ്പെട്ടുനല്‍കിയ വരം. എന്നിട്ടും കത്തിച്ച നിലവിളക്കുപോലെ ജ്വലിച്ച മാക്കത്തെ കാത്തിരുന്നതു ദുര്‍വിധി. ആ പൂങ്കരള് ആറുത്തതു പൊന്നാങ്ങളമാര്‍ തന്നെ. നാത്തൂന്‍മാരുടെ ഏഷണിയില്‍. എന്നാല്‍ അവിടെ മാക്കം അവസാനിക്കുന്നില്ല. മാക്കത്തിന്റെയും മക്കളുടെയും ആത്മാവ് പെരുമാളന്‍ ഭഗവതിയില്‍ കുടികൊണ്ട് മരണമില്ലാത്ത തെയ്യങ്ങളായി. അവര്‍ക്കുവേണ്ടിയാണ് ഇന്നും കാവുകളില്‍ തോറ്റം കെട്ടിയാടുന്നത്. 

 

മാക്കത്തിന്റെ തോറ്റംപാട്ട് പുതിയ തലമുറയിലെ വായനക്കാരിലേക്ക് എത്തിക്കുന്നതാണ് അംബികാസുതന്‍ മങ്ങാടിന്റെ പുതിയ നോവല്‍ എന്നോ പുനരാഖ്യാനം എന്നോ വിളിക്കാവുന്ന മാക്കം എന്ന പെണ്‍തെയ്യം. മലയാളത്തിന്റെ ഉദാത്തമായ ഒരു പഴംപാട്ടിന്റെ ചേതോഹരമായ നോവല്‍രൂപം. കാലത്തില്‍ നിന്നു തെയ്യത്തെ മോചിപ്പിക്കാതെ മാക്കത്തോട് അങ്ങേയറ്റം നീതിപുലര്‍ത്തിക്കൊണ്ടുള്ള പുനരാഖ്യാനമാണു നോവല്‍. ഭാഷയിലും ഭാവത്തിലും പൂര്‍ണമായും തോറ്റത്തിന്റെ തനിമ നിലനിര്‍ത്തുന്ന ആര്‍ജവമായ ആഖ്യാനം. 

 

English Summary: Maakkam Enna Pentheyyam, Novel by Ambikasuthan Mangad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com