കാലത്തിനു മുന്‍പേ സഞ്ചരിച്ച ബഷീറും കാലത്തിനൊപ്പം സഞ്ചരിക്കുന്ന കഥകളും

HIGHLIGHTS
  • ഏതു കാലത്തും ബഷീറിന്റെ കഥകളുടെ തട്ട് താണു തന്നെയിരിക്കും.
  • ആബാലവൃന്ദം ജനങ്ങള്‍ക്കും ഒരുപോലെ വായിക്കാന്‍ വേണ്ടിയാണ് ബഷീര്‍ എഴുതിയതത്രയും.
thenmavu-basheer
SHARE
വൈക്കം മുഹമ്മദ് ബഷീർ

മാമ്പഴം, ഡിസിബുക്സ്

വില: 170 രൂപ

വൈക്കം മുഹമ്മദ്  ബഷീറിന്റെ കഥകള്‍ക്ക് ആമുഖം ആവശ്യമില്ല. മലയാളം അറിയാവുന്നവര്‍ ഒരിക്കലെങ്കിലും ബഷീറിനെക്കുറിച്ച് കേട്ടിരിക്കും, ഒരു കഥയെങ്കിലും വായിച്ചിരിക്കും. സാധാരണക്കാരില്‍ സാധാരണക്കാരായ ആളുകളുടെ ഭാഷയില്‍ കഥ പറഞ്ഞാണ് ബഷീര്‍ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും നൊമ്പരപ്പെടുത്തുകയും ചെയ്തത്. അദ്ദേഹത്തിന്റെ ജീവിതം തന്നെയായിരുന്ന പല കഥകളും. സ്വാതന്ത്ര്യ സമരത്തിന്റേയും മര്‍ദനമേറ്റതിന്റേയും അലഞ്ഞു നടന്നതിന്റേയും കഥകള്‍. ആലങ്കാരിക പദങ്ങളുടെ ആര്‍ഭാടമില്ലാതെ ഏവര്‍ക്കും മനസിലാകുന്ന രീതിയില്‍, മനസിലാകുന്ന കഥകള്‍ ബഷീര്‍ പങ്കുവച്ചു. മലയാള സാഹിത്യലോകത്ത് ഒറ്റമരമായി ബഷീറിന്റെ കൃതികള്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നു. ബഷീറിന്റെ എഴുത്ത് ബഷീറിന്റെ മാത്രം എഴുത്താണ്. ബഷീറിനു  മുന്‍പോ ബഷീറിന് ശേഷമോ ആ രീതിയില്‍ എഴുതാന്‍ വേറൊരാളില്ല. കാലത്തിന് മുന്‍പേ ബഷീര്‍ സഞ്ചരിച്ചുവെങ്കില്‍ കാലത്തിനൊപ്പം അദ്ദേഹത്തിന്റെ കഥകള്‍ സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു. 

ബഷീറിന്റെ ഏതാനും കഥകള്‍, മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ സാധിക്കുന്നത് ഡിസി ബുക്‌സ് പുറത്തിറക്കിയിരിക്കുന്നു. മാമ്പഴം കഥാമാലികയിലൂടെയാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. തേന്‍മാവ്, ഭൂമിയുടെ അവകാശികള്‍, ഇദാണു പാക്യമര്‍ഗ്, വിശ്വവിഖ്യാതമായ മൂക്ക് തുടങ്ങിയ 10 കഥകളാണ് പുസ്തകത്തിലുള്ളത്. പല കഥകളും പലരും മുന്‍പ് വായിച്ചിട്ടുള്ളതായിരിക്കും. പക്ഷേ വീണ്ടും ഈ കഥകള്‍ വായിക്കുന്നത് കൊണ്ട് ഒട്ടും തന്നെ മടുപ്പ് തോന്നുകയില്ല. വായനയുടെ ലോകത്തേക്ക് കടക്കുന്ന കുട്ടികള്‍ക്ക് ബഷീറിന്റെ കൃതികള്‍ വഴിവിളക്കാണ്. കുട്ടികളെ വായനയിലേക്ക് കൈ പിടിച്ച് കൊണ്ടുപോകാന്‍ ബഷീറിന്റെ കഥകളോളം പോന്നവയില്ല, കാരണം ഭാഷ തന്നെ. രണ്ടാളുകള്‍ എത്രമേല്‍ ലളിതമായി സംസാരിക്കുന്നുവോ അത്രമേല്‍ ലളിതമായാണ് ബഷീര്‍ കഥ പറയുന്നത്. ‘ഇദാണ് പാക്യമര്‍ഗ്’ എന്ന കഥ വായിക്കാന്‍ തുടങ്ങുമ്പോള്‍ എന്താണ് ഈ പാക്യമര്‍ഗ് എന്ന് സ്വാഭാവികമായും  വായനക്കാരന്‍ സംശയിക്കും. സാധാരണക്കാരായ ആളുകള്‍ ഇതാണ് ഭാഗ്യ മറുക് എന്ന് പറയുന്നതാണെന്ന് കഥ വായിച്ചു തീരുമ്പോഴേക്കും മനസിലാകും. അച്ചടിഭാഷ സംസാരിക്കുകയോ പ്രയോഗിക്കുകയോ ചെയ്യാത്ത ഒരുകൂട്ടം മനുഷ്യരെ അതേ പോലെ ബഷീര്‍ കഥകളിലേക്ക് കൊണ്ടു വരുന്നു. 

മറ്റൊന്നിനെ നശിപ്പിക്കാതെ മനുഷ്യന് ജീവിക്കാന്‍ വല്ല വഴിയുമുണ്ടോ എന്ന് ഭൂമിയുടെ അവകാശികളിലെ ഗൃഹനാഥന്‍ ചോദിക്കുന്നു. ദൈവം തമ്പുരാന്‍ ഒരുപാട് രോഗാണുക്കളേയും സൃഷ്ടിച്ചിട്ടുണ്ട്. മരുന്നുകള്‍ മുഖേന അതിനെയൊക്കെ കൊന്നൊടുക്കുന്നു. ഇതു ന്യായമാണോ? പുതുപുത്തനായ ഒരു തത്വശാസ്ത്രം വേണ്ടിയിരിക്കുന്നുവെന്ന് ഗൃഹനാഥന്‍ പറയുന്നു. സ്വന്തമാണെന്ന് കരുതിയിരുന്ന ച്ചിരിപ്പിടിയോളം ഭൂമിയില്‍ ഒട്ടനവധി അവകാശികളുണ്ടെന്നും അവയെയൊന്നും കൊല്ലാനോ ആട്ടിപ്പായിക്കാനോ നില്‍ക്കാത്ത ഗൃഹനാഥന്‍ ഇന്നത്തെ കാലത്ത് വലിയൊരു ദൃഷ്ടാന്തമാണ്. 

പിറന്നാളിനും പട്ടിണികിടക്കേണ്ടി വന്ന മനുഷ്യന്റെ ദയനീയതയാണ് ‘ജന്‍മദിനം’ എന്ന കഥയില്‍. ഭക്ഷണം ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഒട്ടിയ വയറുമായി അയാള്‍ സഞ്ചരിക്കുകയാണ്. ഒടുവില്‍ വിശപ്പ് മൂത്ത് ഭക്ഷണം കട്ടുതിന്നേണ്ടി വന്ന പിറന്നാളുകാരന്‍. യാതൊന്നും ഈ ലോകത്തില്‍ സ്വന്തമായി ഇല്ലാത്തയാള്‍.  ആരുടെയൊക്കെയോ ആഹാരമാണ് സ്വന്തം ശശീരം പോലും എന്ന് പറഞ്ഞുവയ്ക്കുന്ന കഥാനായകന്‍.  വിശപ്പ് എത്ര വേദനാജനകമായ അവസ്ഥയാണ് മനുഷ്യനില്‍ സൃഷ്ടിക്കുന്നതെന്ന് ബഷീര്‍ ജന്‍മദിനം എന്ന കഥയിലൂടെ പറയുന്നു. 

ഒരമ്മയുടെ കാത്തിരിപ്പിന്റെ ആഴം എത്രത്തോളമെന്ന് ‘അമ്മ’ എന്ന കഥയില്‍ വായിക്കാം. കോഴിക്കോട് സ്വാതന്ത്ര്യ സമരത്തിന് പോയ ബഷീര്‍ ഏതാനും മാസം കഴിഞ്ഞ് രാത്രിയില്‍ കയറി വരുമ്പോള്‍ ഭക്ഷണവും വച്ച് കാത്തിരിക്കുന്ന അമ്മ. എല്ലാ ദിവസവും മകനെയും കാത്ത് രാത്രിയില്‍ അവര്‍ ഇരിക്കാറുണ്ടായിരുന്നു. അമ്മ എന്നെ പ്രസവിച്ചില്ലായിരുന്നെങ്കില്‍ എന്നെ സംബന്ധിച്ച് യാതൊരു കുഴപ്പവും  സംഭവിക്കില്ലായിരുന്നു. അടിമത്തവും ദാരിദ്ര്യവും ഇതുപോലെ മറ്റനേകം ഭയങ്കര വ്യാധികളും നിറഞ്ഞ ഹതഭാഗ്യയായ ഈ നാട്ടിലേക്ക് അമ്മ എന്നെ എന്തിനു പ്രസവിച്ചു? എന്ന ചോദ്യവും ഇതേ കഥയില്‍ തന്നെയാണ് ബഷീര്‍ ചോദിക്കുന്നത്. ഉമ്മാ ഞാന്‍ ഗാന്ധിയെ തൊട്ട് എന്ന് അഭിമാനത്തോടെ ബഷീര്‍ ഉമ്മയുടെ അടുത്ത് പറയുന്നു. ഗാന്ധിജി എന്തു സാധനമാണെന്നറിയാതെ എന്റെ മാതാവ് പേടിച്ച് അമ്പരന്നു പോയി ‘ഹോ എന്റെ മകനേ’ എന്ന് തുറന്ന വായോടെ നോക്കി നിന്നതും ഇതേ കഥയിലാണ്. ഒരു കാലഘട്ടത്തിന് നേരെ പിടിച്ച കണ്ണാടിയാണ് അമ്മ എന്ന കഥ. സ്വാതന്ത്ര്യത്തിന് മുന്‍പുള്ള ഇന്ത്യയുടെ അവസ്ഥയും കഥയിലൂടെ പറഞ്ഞുപോകുന്നു. 

‘വിശ്വവിഖ്യാതമായ മൂക്ക്’ പോലെ മലയാളികളെ ഇത്രമേല്‍ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത മറ്റു കഥകള്‍ മലയാളത്തില്‍  കുറവാണ്. പൊക്കിള്‍ കൊടി വരെ നീണ്ട മൂക്കുമായി  ജീവിക്കുന്ന മൂക്കന്‍ എന്ന കുശിനിക്കാരന്‍. ബുദ്ധിജീവികളുടേയും ദാര്‍ശനികരുടേയും ഇടയില്‍ മൂക്ക് വലിയ തര്‍ക്കവിഷയമാകുന്നു. ഞൊടിയിടയില്‍ മൂക്കന്‍  പ്രസിദ്ധനാകുന്നു. നല്ലവണ്ണം ഉണ്ണുക, പൊടി വലിക്കുക, ഉറങ്ങുക, കുശിനിപ്പണിയെടുക്കുക ഇതുമാത്രം ചെയ്തിരുന്ന ആള്‍ ലോകത്തു നടക്കുന്ന സകല കാര്യങ്ങളിലും പ്രതികരണം അറിയിക്കുന്നു. മൂക്കന്റെ പ്രതികരണത്തിനായി ജനം കാത്തുനില്‍ക്കുന്നു.  ഈ മൂക്കനെച്ചൊല്ലി കലാപമുണ്ടാകുന്നു. ഭരണം വരെ അട്ടിമറിക്കാനള്ള നീക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ‘മണ്ടക്കൂട്ടമല്യോ ജനം, തനി ബഡുക്കൂസുകള്‍, വിപ്ലവകാരികള്‍’ എന്നും ബഷീര്‍ ഈ കഥയില്‍ പറയുന്നു. 

ബഷീറിന്റെ ജയില്‍ വാസകാലത്തെ അനുഭവങ്ങളായിരിക്കാം ‘ഒരു ജയില്‍പ്പുള്ളിയുടെ ചിത്രം’ എന്ന കഥയിലേക്ക് നയിച്ചത്. ജയിലിനുള്ളിലെ എല്ലാ വൃത്തികേടുകളും അതേ പടി ഈ കഥയില്‍ ബഷീര്‍ വരച്ചു കാട്ടുന്നു.  കുറ്റം ചെയ്യാനുള്ള വാസന ഇല്ലാതാക്കി കുറ്റവാളിയെ ഉത്തമ പൗരന്‍മാരാക്കിത്തീര്‍ക്കാനുള്ള ഏര്‍പ്പാടാണത്രെ എല്ലാ ശിക്ഷകളും പ്രത്യേകിച്ച ജയില്‍ ശിക്ഷ എന്നാണ് ധാരണ. എന്നാല്‍ ആ ധാരണ തെറ്റാണ്. മോഷ്ടിക്കാത്തവനെക്കൂടി മോഷണം പഠിപ്പിക്കുന്ന ഇടമാണ് ജയില്‍. കുറ്റവാളികളെ സൃഷ്ടിക്കുന്ന സ്ഥലം-ബഷീര്‍ പറയുന്നു. അന്നുമിന്നും ജയിലുകള്‍ക്ക് കാര്യമായ മാറ്റമൊന്നുമുണ്ടായിട്ടില്ല. ബഷീറിന്റെ കാലത്തെ ജയില്‍ ചിട്ടവട്ടങ്ങളൊക്കെത്തന്നെയാണ് ഇന്നും തുടര്‍ന്നു പോരുന്നതെന്ന് സമീപകാല വാര്‍ത്തകളില്‍നിന്നും വ്യക്തമാണ്.  

ഏതു കാലത്തും ബഷീറിന്റെ കഥകളുടെ തട്ട് താണു തന്നെയിരിക്കും. വ്യാകരങ്ങളേയും ഭാഷാ നിയമങ്ങളേയും ചുരുട്ടിയെറിഞ്ഞ് ബഷീര്‍ പുതിയൊരു ആഖ്യാന രീതിക്ക്  മലയാളത്തില്‍ തുടക്കം കുറിച്ചു. കാലമിത്രയും കടന്നു പോയിട്ടും വായനക്കാരന് മടുപ്പു കൂടാതെ വീണ്ടും വായിക്കാന്‍ കഴിയുന്ന സാഹിത്യസൃഷ്ടികളില്‍ ബഷീറിന്റേതു തന്നെയായിരിക്കും മുന്‍പന്തിയിലുണ്ടായിരിക്കുക. നാട്ടിന്‍പുറത്തെ ചായക്കടയിലിരുന്ന രണ്ടാള്‍ക്കാര്‍ സംസാരിക്കുന്ന രീതിയില്‍ ബഷീര്‍ കഥ പറഞ്ഞു. ആബാലവൃന്ദം ജനങ്ങള്‍ക്കും ഒരുപോലെ വായിക്കാന്‍ വേണ്ടിയാണ് ബഷീര്‍ എഴുതിയതത്രയും. അതുകൊണ്ട് ആ കൃതികളെല്ലാം തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് പടരുന്നു.

English Summary: Thenmavu, Book by Vaikom Muhammad Basheer

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;