ADVERTISEMENT

ജാനകി

സബാഹ്

(ബാലസാഹിത്യം–നോവൽ)

ഗ്രീൻ ബുക്‌സ്

വില: 130 രൂപ

 

‘കൂട് തുറന്ന് പുതിയ കൂട്ടുകാരനെ കൈത്തണ്ടയിലിരുത്തി പതുക്കെ അതിനുള്ളിലേക്കു വയ്ക്കുമ്പോൾ ജാനകി അവനെ എങ്ങനെ സ്വീകരിക്കും എന്ന ആശങ്കയായിരുന്നു മനസ്സു നിറയെ...’സബാഹിന്റെ ‘ജാനകി’ എന്ന കുട്ടിനോവൽ ആരംഭിക്കുന്നത് ഇങ്ങനെയാണ്. കുട്ടപ്പന്റെയും കിങ്ങിണിയുടെയും വീട്ടിലെ പ്രിയപ്പെട്ട തത്തമ്മ ജാനകിക്ക് കൂട്ടായി വന്നത് റാം എന്ന പുതിയ അതിഥിയാണ്. ജാനകിയെ ജാനുവെന്നാണ് അവർ വിളിക്കാറുള്ളത്. റാമിനെ രാമുവെന്നും. ജാനു–രാമു... നല്ല ചേർച്ചയൊക്കെയുണ്ട്. 96 സിനിമയിലെ ജാനുവും റാമും പോലെത്തന്നെ.

 

പക്ഷേ തന്റെ കൂട്ടിലേക്കു പുതുതായെത്തിയ അതിഥിയെ ആദ്യമൊന്നും ജാനു അടുപ്പിച്ചില്ല. പതിയെപ്പതിയെ ആ രണ്ടു തത്തകളും അവരുടെ കൂട്ടുകാരും ആ വീടും അതിലെ കുട്ടികളും മാതാപിതാക്കളും മുത്തശ്ശിയുമൊക്കെയായി വളരെ അടുത്ത ആത്മബന്ധം വളർത്തിയെടുക്കുകയായിരുന്നു. ആ കഥയാണ് കുട്ടികൾക്കായി എഴുത്തുകാരൻ സബാഹ് ഒരുക്കിയിരിക്കുന്നത്. 

 

ഭൂമിയിലെ സര്‍വചരാചരങ്ങളുടെയും ഭാഷ ഒന്നുതന്നെയാണെന്ന് നോവൽ പറഞ്ഞുവയ്ക്കുന്നു. സ്നേഹത്തിന്റെ ആ ഭാഷയിലാണ് ഈ കൃതി എഴുതിയിരിക്കുന്നതും. കാറ്റും മഴയും മഞ്ഞും നിലാവും പക്ഷിമൃഗാദികളും മനുഷ്യരുമെല്ലാം ഒന്നായിരിക്കുന്ന ഭാഷ. കുട്ടികളെ ആ സ്നേഹഭാഷ പഠിപ്പിക്കുന്നതിന് ഏറെ ഉപകാരപ്പെടും ഈ നോവലിന്റെ വായന.  

 

കുട്ടികൾക്കൊപ്പം മുതിർന്നവർക്കും വായിച്ചു രസിക്കാവുന്ന വിധത്തിൽ ലളിതമാണ് എഴുത്ത്. തിരുവനന്തപുരം നാവായിക്കുളം കിഴക്കനേല സ്വദേശി സബാഹിന്റെ ആദ്യ നോവലാണിത്. ഒട്ടേറെ സിനിമകളിൽ സഹസംവിധായകനായി പ്രവർത്തിച്ച സബാഹിന് ‘ടിക്..ടിക്’ എന്ന ഹ്രസ്വചിത്രത്തിലൂടെ മികച്ച ടെലിവിഷൻ സംവിധായകനുള്ള 2010ലെ സംസ്ഥാന സർക്കാര്‍ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. 

 

English Summary : Janaki Book Written By Sabah

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com