ADVERTISEMENT

കാന്‍സര്‍: ആയുര്‍വേദ ദര്‍ശനവും ചികിത്സയും 

സ്വാമി നിര്‍മലാനന്ദ ഗിരി മഹരാജ് 

അസ്പയര്‍ 

വില 200 രൂപ 

 

ഒരു വ്യക്തിയെ കര്‍മ മേഖലകളിലേക്കും സങ്കല്‍പങ്ങളിലേക്കും ജീവിതായോധനത്തിലേക്കും നയിക്കുന്നത് കോശബോധമാണ്. താന്‍ ജീവിക്കുന്ന സമൂഹ ശരീരത്തിന് അസ്വസ്ഥതയുണ്ടാക്കാതെ ഓരോ വ്യക്തിക്കും കടന്നുപോകാന്‍ കഴിയണം. അതിനുള്ള അറിവുണ്ടാകണം. അതേസമയം ഒരുവനെ അങ്ങനെ കടന്നുപോകാന്‍ അനുവദിക്കാത്തവിധത്തില്‍ സമൂഹം പരിണമിച്ചുപോയാല്‍ അവനും അവന്റെ ബന്ധങ്ങള്‍ക്കും ഒട്ടേറെ രോഗങ്ങളുണ്ടാകും; സമൂഹത്തില്‍ ഒട്ടേറെപ്പേരെ ഇന്നു കൊന്നൊടുക്കുന്ന കാന്‍സര്‍ പോലെയുള്ള രോഗങ്ങള്‍. ഇതാണു സാമൂഹിക പഠനത്തിലെ ആധുനികനും പൗരാണികനും തമ്മിലുള്ള വ്യത്യാസമെന്നു പറയുന്നത് സ്വാമി നിര്‍മലാനന്ദഗിരി മഹരാജ്. കാന്‍സറിനെ ഒരു രോഗം എന്ന നിലയില്‍ മാത്രം കാണാതെ സമൂഹത്തിന്റെയും ചരിത്രത്തിന്റെയും പശ്ചാത്തലത്തില്‍ അനാവരണം ചെയ്യാന്‍ ശ്രമിക്കുന്നു ‘കാന്‍സര്‍: ആയുര്‍വേദ ദര്‍ശനവും ചികിത്സയും’ എന്ന ഗ്രന്ഥത്തില്‍. 

 

ഒരു വ്യക്തിയുടെ ജീവിതം കുടുംബത്തില്‍, സമൂഹത്തില്‍, വൈയക്തിക തലങ്ങളില്‍, സാമൂഹിക തലങ്ങളില്‍ ഒന്നിനുപോലും പോറലേല്‍പിക്കാതെ സ്വച്ഛന്ദമായി കടന്നുപോകുകയാണു വേണ്ടത്. അങ്ങനെയുള്ളൊരു സൂക്ഷമശരീരവുമായി വ്യക്തി കടന്നുപോകുമ്പോള്‍ അതൊരു അറിവ് അഥവാ ബോധം സൃഷ്ടിക്കും. ആ അറിവാണ് വ്യക്തിക്ക് രോഗങ്ങളില്ലാത്ത ആരോഗ്യമുള്ള ശരീരവും മനസ്സും പ്രദാനം ചെയ്യുന്നത്. മറിച്ചാണു വ്യക്തിയുടെ നിലയെങ്കില്‍, വ്യക്തി തന്നില്‍തന്നെയിരുന്ന്, തനിക്കും സമൂഹത്തിനും നാശം വിതയ്ക്കുന്നയാളായിത്തീരും. 

 

സമൂഹമൊന്നാകെ ഒരേയൊരു ശരീരമാണെന്ന സങ്കല്‍പമുണ്ടാകണം. ഭാര്യ, ഭര്‍ത്താവ്, പിതാവ്, മാതാവ്, പുത്രന്‍, പുത്രി, ശത്രു, മിത്രം, രാജ്യം എന്നുതുടങ്ങിയവയെല്ലാം ഒരേയൊരു ശരീരമാണെന്നു സങ്കല്‍പിച്ചാല്‍, ആ ശരീരത്തിന്റെ ഒരംഗം മാത്രമാണു താന്‍ എന്ന അറിവുണ്ടാകും. ആ ശരീരത്തിന് ഒരു കോട്ടവുമുണ്ടാക്കാതെ, അസ്വസ്ഥയുണ്ടാക്കാതെ കടന്നുപോകാന്‍ വ്യക്തിക്കു കഴിയും. ആ അറിവും സങ്കല്‍പവുമായി ജീവിതകാലം മുഴുവന്‍ സ്വച്ഛന്ദമായി കടന്നുപോകാന്‍ അനുവദിക്കാത്ത സമൂഹമാണു ചുറ്റിനുമെങ്കില്‍, ആ ഒരേയൊരു ശരീരത്തില്‍ത്തന്നെയിരുന്ന് വ്യക്തി സമൂഹത്തില്‍ നാശം വിതയ്ക്കുന്നവനായി പരിണമിക്കും. തന്നെത്തന്നെ നശിപ്പിക്കാനുള്ള കോശസ്വഭാവത്തിന്റെ തിരഞ്ഞെടുപ്പുമുണ്ടാകും. അതാണു വ്യക്തിക്കുണ്ടാകുന്ന അര്‍ബുദം അല്ലെങ്കില്‍ കാന്‍സര്‍ എന്നാണ് പൂര്‍വികര്‍ പറയുന്നത്. 

 

ശരീരത്തിനു നാശം വിതയ്ക്കുന്ന അര്‍ബുദം വഴിമാറണമെങ്കില്‍, വ്യക്തിയുടെയും ജീവിക്കുന്ന സമൂഹത്തിന്റെയും സ്വഭാവം മാറ്റിയാല്‍മതി. അതോടെ അര്‍ബുദം വിതയ്ക്കുന്ന കോശങ്ങള്‍ ശാന്തമാകാന്‍ തുടങ്ങും. അതിനായുള്ള മാനസിക ഉല്ലാസം, മാനസികോത്തേജനം, കോശദ്രവ്യങ്ങളില്‍ പരിണാമമുണ്ടാക്കുന്ന അല്‍പമാത്രമായ ഔഷധം ഇത്രയൊക്കൊയേ വേണ്ടൂ രോഗം മാറിക്കിട്ടാന്‍. 

 

വ്യക്തിക്കുള്ളില്‍ തന്നെയിരുന്ന് സ്വന്തം നാശം വിതയ്ക്കുന്ന സ്വന്തം കോശങ്ങള്‍ എന്ന സങ്കല്‍പം മഹാഭാരത്തില്‍ പോലുമുണ്ടെന്ന് സ്വാമി ചൂണ്ടിക്കാട്ടുന്നു. ‘യുധിഷ്ഠിരാ, അമ്പുകള്‍ക്കോ ഭൃത്യന്‍മാര്‍ക്കോ ബന്ധുക്കള്‍ക്കോ നീ പഠിച്ച വിദ്യകള്‍ക്കോ ഒന്നും ചെയ്യാനാകാതെ നീ നിന്നോടുതന്നെ ഒരു യുദ്ധം ചെയ്യുന്നു’ എന്ന വാക്കുകള്‍ ഇതിനു തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

 

കാന്‍സര്‍ എന്ന മഹാവ്യാധിയുടെ കാരണവും സ്വഭാവവും മാരകശേഷിയും കണ്ടെത്താന്‍ രോഗത്തെക്കുറിച്ചു മാത്രം പഠിച്ചാല്‍ പോരാ.  വ്യക്തിയുടെ ജീവിതത്തിലെ പ്രവൃത്തിയുടെ വെളിച്ചത്തിലേക്കുള്ള വര്‍ഗീകരണത്തിന്റെയും അവനില്‍ അതുവഴിയുണ്ടാകുന്ന വിവിധങ്ങളായ കോശസമൂഹങ്ങളുടെയും പഠനം കൂടി നടത്തേണ്ടതുണ്ട്. അതിന്റെ അനിവാര്യത വിളിച്ചോതുകയാണ് സ്വാമിയുടെ വചനങ്ങള്‍. 

 

ആധുനിക ജീവിതം വിഷലിപ്തമാണെന്നു സ്വാമി ചൂണ്ടിക്കാട്ടുന്നു. ഔഷധം മാത്രം കഴിച്ചു രോഗത്തെ തോല്‍പിക്കാനാവാത്തതും ഇതുകൊണ്ടുതന്നെ. മാറേണ്ടതു ജീവിതരീതിയാണ്, സ്വഭാവമാണ്, സമീപനങ്ങളും പ്രവണതകളുമാണ്. വ്യക്തിയുടെ ആന്തരികവും ശരീരികവുമായ ജീവിതരീതിയിലെ സമഗ്രമാറ്റം കൊണ്ടുമാത്രമേ കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങളുടെ ഭീഷണി അതിജീവിക്കാന്‍ കഴിയൂ. എന്നാല്‍ അത് അസാധ്യമായ വിപ്ലവമല്ല, സാധ്യമായ മാറ്റം തന്നെയാണ്. ആ മാറ്റത്തിലേക്കു നയിക്കാന്‍ പ്രേരിപ്പിക്കുകയാണ് സ്വാമി ഈ പുസ്തകത്തിലൂടെ.

 

English Summary : Cancer Ayurveda Darshanavum Chikilsayum Written By Swami Nirmalanandha Giri Maharaj

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com